വന്നു കുടുങ്ങിയവര്‍

2014, നവംബർ 14

കാന്തപുരത്തിന് പത്മശ്രീയോ ?



വഹാബികളുടെ  മയ്യത്ത് നമസ്കരിക്കരുത്, പള്ളിക്കാട്ടിൽ  ഖബർ അടക്കരുത്, അവർക്ക് വിവാഹം കഴിച്ചു കൊടുക്കരുത്, അവരോടു സലാം പറയരുത്, അവരെ തൊട്ടവരെ  തൊട്ടാൽ പോലും കുളിക്കണം എന്നിത്യാതി ചേട്ടകൾ ഒക്കെ ഇന്ന് കാന്തപുരം ഉസ്താദിൽ നിന്നും ഒഴിഞ്ഞു പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ദേഹത്ത് നിന്നും ഒഴിഞ്ഞു പോയ ബാധയാണോ  ഇപ്പോൾ നാട്ടിലെ നവോത്ഥാന മുല്ലമാരുടെ  ദേഹത്ത് കേറി ഞരങ്ങുന്നതു എന്ന് തോന്നിപ്പോകുന്നുണ്ട്. അത്രയ്ക്ക് അറപ്പും , വെറുപ്പുമാണ് ഇപ്പോൾ ഇക്കൂട്ടർ പരസ്പരം പ്രകടിപ്പിക്കുന്നത്. 

പണ്ടെന്നോ ഗൾഫിൽ നിന്നും വിസയെടുത്ത് നാട്ടിലെത്തിയ ജിന്നുകളും, ശൈത്വാനുകളും യാഥാസ്ഥിതികരിൽ  നിന്നും ഇപ്പോൾ തനാസിൽ വാങ്ങി എന്നും തോന്നുന്നു. നവോത്ഥാനത്തിന്റെ അട്ടിപ്പേർ അവകാശപ്പെടുന്ന മൊത്തക്കച്ചവട കേന്ദ്രത്തിലേക്ക്  കൂട്ടം കൂട്ടമായാണ് ഇവരുടെ കഫാലത്ത് മാറ്റം. പടച്ച റബ്ബേ കാക്ക്‌..



പണ്ട് മുതലേ അഫ്സലുൽ ഉലമ  കഴിഞാൽ നേരെ    ഗൾഫിലേക്ക് പ്രബോധകരായി കേറി പോരാറുണ്ട് പലരും.  ഇവരാകട്ടെ  ഗൾഫിലെത്തിയതോടെ ആദ്യമായി കാണുന്നത്  വിശാലമായി പരന്നു കിടക്കുന്ന മരുഭൂമിയും.. ഇജ്തിഹാദിന്റെ വാതിൽ മരുഭൂമി പോലെ വിശാലമാണ് എന്ന് അതോടെ അവർക്കു  ബോധ്യമാകുന്നു. ചിലരുടെ ഗവേഷണം പിന്നെ പശുവിനെ വിട്ടു തെങ്ങിനെയും, കയറിനെയും, തേങ്ങയെയും വർണ്ണിച്ചത്  പോലെ  ആ മരുഭൂമിയെ കുറിച്ചായി. മരുഭൂമിയെ കുറിച്ചുള്ള കിട്ടിയ ഹദീസ് വെച്ച് മുടിനാരിഴ കീറി ഗവേഷണം പിന്നീട്  പൊടി പൊടിച്ചു, ഫെയ്സ് ബുക്ക് കൂടി വന്നതോടെ  പ്രബോധനവും, പോസ്റ്റർ ഒട്ടിക്കലും ഒക്കെ ഫെയ്സ്ബൂക്കിലായി. , നെറ്റ് ലോഗിൻ ചെയ്യുമ്പോഴേക്കു 'യാ ഇബാദള്ളാ'  എന്ന ഹദീസ് അല്ലെങ്കിൽ ജിന്ന്, ശൈത്വാൻ !! കഴിഞ്ഞ അഞ്ചെട്ടു വർഷമായി ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ സ്റ്റേജിൽ , പേജിൽ , സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഒക്കെ മറ്റൊന്നും ഇടം പിടിക്കാത്ത വിധം ജിന്ന് കൂട് കെട്ടി കിടന്നു.. പശുവിനെ കെട്ടിയ കയറും, തെങ്ങും, തേങ്ങയും , തെങ്ങാക്കൊലയും ഒക്കെ കേട്ടു കേട്ട് മടുത്തു  എന്നല്ലാതെ പശുവിനെ കുറിച്ച് ഒന്നും മനസ്സിലായില്ല എന്ന അവസ്ഥയിലാണ്  പലരും.


ചേമ്പിന് വിത്ത്‌ മുളക്കുന്നത്‌ പോലെ പ്രസ്ഥാനം ഗ്രൂപ്പുകളായി പിരിഞ്ഞു. ഓരോരോ ഗ്രൂപുകളും പരസ്പരം പാരപണിയെ പ്രബോധനത്തിന്റെ ഏട്ടിൽ എഴുതി ചേർത്തു . സാക്ഷാൽ ഹുസൈൻ മടവൂരിനു മാത്രമല്ല അദ്ദേഹം പങ്കെടുക്കുന്ന സൗദി മലയാളി സമ്മേളനത്തിന് പോലും അനുമതി അങ്ങനെ നിഷേധിക്കപ്പെട്ടു.   നാടൊട്ടുക്ക് അമ്പലങ്ങളിൽ കയറിയിറങ്ങി ഇസ്ലാമിക സന്ദേശം പ്രസംഗിക്കുന്ന യുവ പ്രാസംഗികനു പോലും സൗദിയുടെ തലസ്ഥാനത്ത് പ്രസംഗിക്കാതെ തിരിച്ചു പോകേണ്ടി വന്നു. സലഫി ഗ്രൂപ്പുകൾ  പരസ്പരം കൊമ്പ് കോർക്കുന്നതിനിടയിൽ ചിതൽ പറ്റുന്ന പോലെ  സൗദിയോടു മെല്ലെ അടുക്കുകയാണ് കാന്തപുരം എന്ന് ആർക്കാണറിയാത്തത്!!  നനഞ്ഞിടം കുഴിക്കാനും, ഉറവയുള്ളിടത്തു ഊറ്റാനും കാന്തപുരത്തെ ആരും പഠിപ്പിക്കേണ്ടല്ലോ.അതിനു വേണ്ടി അദ്ദേഹം ഒരു ഫെയ്സ്ബൂക് പേജ് വരെ തുടങ്ങി.

വിദ്യഭ്യാസത്തോട് പുറം തിരിഞ്ഞു നിന്ന സമുദായത്തെ കൈപിടിച്ച് മുന്നോട്ടു നയിച്ചവർ എന്ന് അഹങ്കരിച്ചിട്ടെന്തു കാര്യം  ഫെയ്സ്ബൂക്ക് ഇടങ്ങളിൽ ഇടപെടേണ്ടത്‌ എങ്ങനെയെന്നു  പോലും നവോത്ഥാന മുല്ലമാർ പഠിക്കാതെ പോയി. ആ ശൂന്യതയാണ് ഇന്ന് പലരും മുതലെടുക്കുന്നതും.
കഫാലത്ത് മാറിയ ജിന്നുകളും, ശൈത്വാൻമാരും ഇൻസുകളോടൊപ്പം ചേർന്നതോടെ  നവോത്ഥാനത്തിന്റെ പതനം  പൂർണ്ണവുമായി !! തൊണ്ണൂറു കൊല്ലം മുന്നോട്ടോടിയ നവോത്ഥാന വണ്ടി കഴിഞ്ഞ പത്തു കൊല്ലം അതിലിരട്ടി ദൂരത്തെക്കാണ് പിന്നോട്ടോടിയത് എന്നും ആർക്കാണറിയാത്തതു! വിടെയാണ്‌ കാന്തപുരത്തെ കുറിച്ചും അദ്ദേഹം പൊതു സമൂഹത്തിലുണ്ടാക്കുന്ന അലയൊലികളെ കുറിച്ചും ചർച്ച  ചെയ്യപ്പെടേണ്ടതും.


മാറുന്ന കാലത്തിനനുസരിച്ച് ഓടാനറിയുന്ന കേരളത്തിലെ ഏകമതപുരോഹിതനാണ് കാന്തപുരം ഉസ്താദ്. അദ്ദേഹത്തെ ആരും നീന്താൻ പഠിപ്പിക്കേണ്ട. രണ്ടു  കേരളയാത്രകൾ,ഒരു കർണ്ണാടക യാത്ര, അതിനൊക്കെ പുറമേ  എണ്ണിയാൽ തീരാത്തത്ര ലോകയാത്രകളും. 

ഇത്തരം ഒരു ലോകയാത്രക്കിടെയാണ് മുമ്പ് ശൈഖുന ബഹറിനിലെത്തിയത്.  സ്ത്രീ പള്ളിപ്രവേശനത്തെ എതിർത്തു സംസാരിച്ചിരുന്ന അദ്ദേഹം  അവിടെ ഖുതുബ പറഞ്ഞതാവട്ടെ സ്ത്രീകളടക്കം പങ്കെടുത്ത ഒരു പള്ളിയിലും. സംഗതി വിവാദമായെങ്കിലും  എത്ര സുന്ദരമായാണ് അദ്ദേഹം ആ വിവാദത്തിൽ നിന്നും തടിയൂരിയത്. ഒറ്റക്കാലിലായാലും , ഇരുകാലിലായാലും നില്ക്കാൻ പഠിച്ച മതനേതാക്കളിൽ കാന്തപുരത്തിന് തന്നെയാണ് ഫുൾമാർക്ക്. സൗദിയായാലും, മോദിയായാലും പഴയത് പോലെ ബലം പിടിച്ചു നിന്നാൽ കാര്യമില്ലല്ലോ ..ല്ലേ 


മുടിക്കച്ചവടവും, മുടിവെള്ളക്കച്ചവടവും നടത്തിയതോടെയാണ് ഉസ്താദിനു ഇത്  കൂടുതൽ ബോധ്യമായത്. അത്തരം ഉടായിപ്പുകൾ നേരിട്ട് ഇറക്കുമതി ചെയ്യാൻ യു എ ഇ  യേക്കാൾ നല്ലത് പ്രവാചകന്റെ നാടുമായി നല്ല ബന്ധമുണ്ടാക്കലാണ് എന്നും  കാന്തപുരത്തിനറിയാം . കഅബ കഴുകിയ ചടങ്ങിൽ പങ്കെടുത്തു തിരിച്ചു പോകുമ്പോൾ ഉസ്താദ് ആ കഴുകിയ വെള്ളവും കുപ്പിയിലാക്കിയോ എന്നൊക്കെ ശങ്കിക്കുന്നവരോട് നല്ല നമസ്കാരം. 

പല കമ്പനികളും കൂടുതൽ ലാഭകരമായ രാജ്യങ്ങളിൽ  നിന്നും തങ്ങളുടെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ ശ്രമിക്കാറുണ്ട്, ഇതൊക്കെ കച്ചവടതന്ത്രങ്ങളിൽ പെട്ട കാര്യവുമാണ്.  ശത്രുവിനെ പോലും മിത്രമായി കണ്ടതാണ് കാന്തപുരം ചെയ്ത തെറ്റെങ്കിൽ ശത്രു രാജ്യങ്ങൾ  പോലും ചൈനയുമായും, അമേരിക്കയുമായും വ്യാപാര കരാർ  ഒപ്പിടുന്നതും തെറ്റല്ലേ! എന്റെ ഒരു സംശയം ഇവിടെ കുറിച്ചു എന്ന് മാത്രമേയുള്ളൂ..  

 കാന്തപുരത്തെ കുറിച്ച് അന്ന് പറഞ്ഞത്..
നിത്യ ശത്രുത എന്തായാലും നന്നല്ല, കാന്തപുരം ഇക്കാര്യത്തിൽ വല്ലാത്ത ഒരു മാതൃക തന്നെയാണ്. സ്വന്തം മർക്കസിലേക്ക് രാജഗോപാലിനെ കൈപിടിച്ച് ആനയിച്ചപ്പോൾ നമ്മൾ കണ്ടതാണ് അദ്ദേഹത്തിന്റെ ശുഷ്കാന്തി. ബാബറി  പള്ളിയെക്കാൾ തങ്ങൾക്കു പ്രധാനം പാലപ്പറ്റ പള്ളിയാണ് എന്ന് പറഞ്ഞപ്പോൾ നമ്മൾ കേട്ടതാണ് അദ്ദേഹത്തിന്റെ കർമ്മബോധം.   അതിപ്പോൾ മോഡിയെ പുകഴ്ത്തുന്നതിലും , ഗുജറാത്തിനെ വാഴ്ത്തുന്നതിലും എത്തിയപ്പോഴേക്കു അസൂയാലുക്കൾ അസഹ്യത വെളിവാക്കാൻ തുടങ്ങി. മോഡിയെ വാഴ്ത്തി പത്മശ്രീ നേടാൻ കാന്തപുരം എന്താ പ്രാഞ്ചിയേട്ടനോ .. ഒന്ന് പോ മക്കളെ... (മുന്നീന്ന്)


രണ്ടു വർഷം മുമ്പാണ് ഉത്തരേന്ത്യയിൽ ചേർന്ന സുന്നി സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് കാന്തപുരം ഉസ്താദ് പറഞ്ഞതായി മാതൃഭൂമി പത്രം വെണ്ടക്കാ നിരത്തിയത്, സലഫികളും, വഹാബികളുമാണ് ആഗോള തലത്തിൽ ഭീകരവാദം വളർത്തുന്നത് എന്ന്.. 2013 ഏപ്രിലിൽ   അതെ വഹാബി നാട്ടിൽ വന്നു മക്കാ ഗവർണറെ കണ്ടപ്പോഴും , വിശുദ്ധ ഹറം മേധാവി ഷെയ്ഖ്‌ സുദൈസിനെ കണ്ടപ്പോഴുമൊക്കെ പലർക്കും കാന്തപുരത്തെ കുറിച്ച് സംശയമായിരുന്നു. അടുത്ത കആബാ കഴുകൽ ചടങ്ങിനു പങ്കെടുക്കാൻ വേണ്ടിയാണ്  കാന്തപുരം സൗദിയിൽ  വന്നതു എന്നും, കേരളത്തിൽ മുട്ടിപ്പടിയിൽ നടക്കുന്ന രണ്ടാമത്തെ ലോകമഹാ സ്വലാതിന്റെ പ്രചാരണത്തിനാണ്  എന്നും  വരെ അന്ന് ഫെയ്സ് ബുക്ക് വഴി ലുങ്കി ന്യൂസ് ഓടി കൊണ്ടിരുന്നു.


ചർമ്മം കണ്ടാൽ പ്രായം തോന്നുകയില്ല എന്നതൊരു പരസ്യ വാചകമാണ്. അത് കാന്തപുരത്തിന്റെ ചർമ്മ സൌഭാഗ്യത്തെ കുറിച്ചാണ് എന്ന് വിമർശിക്കുന്നവരുണ്ട്. ഉസ്താദിന് യു എ ഇ യിൽ നിന്നും  ഒരു മുടിയും, ചട്ടിയും കിട്ടിയതാണ് ഇവരുടെ കണ്ണുകടിക്കുള്ള പ്രധാന കാരണം. കാന്തപുരം സൗദിയിലേക്ക്  ഒന്ന് കണ്ണ് വെച്ചപ്പോഴേക്കാവട്ടെ  ചിലർക്കുള്ള ഭയം ഇനി എല്ലാ ആസാറുകളും കരിപ്പൂര് വഴി കാരന്തൂരിലേക്ക്  ഇറങ്ങുമോ എന്നതാണ്.  

കാന്തപുരത്തെ കുറിച്ച് കേട്ട ലുങ്കി ന്യൂസുകളൊക്കെ യാഥാർത്യമായതോടെ വിമർശകർ അങ്കലാപ്പിലാണ്!! കാന്തപുരത്തെ കുറിച്ച് ഹദീസ് വരെ ഉണ്ടെന്നു ഒരു സഖാഫി പ്രസംഗിക്കുന്ന വീഡിയോയും കണ്ടതോടെ സലിം കുമാർ പറഞ്ഞതാണ്‌ ഇപ്പോൾ ഓര്മ്മ വരുന്നത്..  'ഇനി ബിരിയാണി എങ്ങാനും കൊടുക്കുന്നുണ്ടെങ്കിലോ'  



പരപ്പനാടൻ മുറ :


യൂസുഫലിയെ പോലെ എന്നെയും ആക്കണേ എന്ന് കാന്തപുരം പ്രാർത്ഥിക്കാറുണ്ടോ എന്നെനിക്കറിയില്ല .. പക്ഷെ യൂസുഫലിയെ പോലെ പരിശുദ്ധ കആബാലയം കഴുകാൻ പങ്കെടുത്ത സ്ഥിതിക്ക് ഇനി പത്മശ്രീ കിട്ടില്ലെന്നാരു കണ്ടു...പ്ലിം 












2014, ഒക്‌ടോബർ 13

മദായിൻ സ്വാലിഹിന്റെ ചരിത്ര ഭൂമിയിലൂടെ...


ഒറ്റപ്പെടലിന്റെ വിരഹത്തിൽ നിന്നും, നീണ്ട പെരുന്നാൾ അവധി നൽകുന്ന   ആലസ്യത്തിൽ നിന്നും , മുഖം പൂഴ്ത്തിയുള്ള ഉറക്കങ്ങളിൽ  നിന്നുമൊക്കെ   ഊളിയിടാൻ ദൂരയാത്രകൾ കൊണ്ടാവും. അത്തരത്തിൽ ഒരു ദൂരയാത്രയിലായിരുന്നു   ഈ ബലിപെരുന്നാളിന് ഞങ്ങൾ...  പൗരാണികതയുടെ ഉൾതുടിപ്പുകൾ തൊട്ടറിയാൻ അറഫയുടെ തലേന്ന് തന്നെ തുടങ്ങി ഞങ്ങളുടെ പെരുന്നാൾ യാത്ര. പലപ്പോഴും കാതങ്ങൾ താണ്ടിയുള്ള യാത്രയിൽ മനസ്സ് മരുഭൂമികളോട് ചേർന്നിട്ടുണ്ടാവും. നാടോർമ്മകളിൽ വരണ്ടു നിൽക്കുന്ന മനസ്സുകളിൽ പിന്നെ  ഒട്ടകങ്ങളാണ്  വരി വരിയായി കാഫിലകൾ തീർക്കുക . മരുഭൂമികൾക്കിടയിൽ  മരുപ്പച്ചകൾ ആഘോഷത്തിന് നേരിയ നിറം  പകരും.. അത്തരം ഒരാനന്ദവും നിർവൃതിയും അനുഭവിക്കാനായി എന്നതിനെക്കാളേറെ ചെറുപ്പം മുതൽ കേട്ട് പതിഞ്ഞ ചില ചരിത്ര പ്രദേശങ്ങൾ നേരിട്ടു കാണാനായ ചാരിതാർത്യത്തിലാണ് ഞങ്ങൾ.

മദീന, മദായിൻ സ്വാലിഹ്, തബൂക്, ഹഖ്ൽ തുടങ്ങി സൗദി അറേബ്യയിലെ ചരിതപ്രദേശങ്ങൾ ലക്ഷ്യമാക്കിയായിരുന്നു യാത്ര.  കൂട്ടുകാരായ  ഫസൽ, ഷാഫി, അഷ്‌റഫ്‌ വടക്കുമ്പാട്, സബീൽ, ഷിബിൻ അങ്ങനെ ആറു പേരുമായി ഞങ്ങളുടെ ജീ എം സി യുകോണ്‍ അറഫയുടെ തലേ ദിവസം തന്നെ യാത്ര തുടങ്ങി. വണ്ടിയോടിക്കുന്നവർ ഉറങ്ങാതിരിക്കാനുള്ള പരപ്പനാടൻ മരുന്ന്  കയ്യിൽ കരുതിയതിനാൽ ഞാൻ മുൻസീറ്റിൽ തന്നെയിരുന്നു. സൗദി അറേബ്യയിലെ ഏതൊരു ഹൈവേയിലും  ഒട്ടകത്തെ മാത്രം പേടിച്ചാൽ പോരല്ലോ.. സാഹിർ കാമറകളും പേടിക്കണമല്ലോ. മൊബൈൽ കാമറക്ക് മുന്നിൽ ചിരിച്ചു നിന്ന് ശീലമുള്ള ഷാഫിയും ഷിബിനും സാഹിർ കാമറ ഫ്ലാഷ് അടിച്ചപ്പോളും ഇരുന്നു ചിരിക്കുന്നു.  അങ്ങനെ മദീനയെത്തും മുമ്പ് വഴിയരികിൽ നിർത്തി അത്താഴം കഴിക്കുമ്പോഴാണ് ഷാഫിയുടെ ഡ്രസ്സ്‌ ശ്രദ്ധയിൽ പെട്ടത്. ഫുൾ ഫ്രീക്കായിട്ടാണ് മൂപ്പര് വണ്ടിയിൽ കയറി പ്പറ്റിയത്. അതും മദീനയിലേക്ക് . അവസാനം അഷ്‌റഫ്‌കയുടെ നിരന്തരമായ അഭ്യര്ത്ഥന മാനിച്ചു ആ ട്രൌസർ മാറ്റി അവൻ പാന്റിട്ടു.

ശാന്തമായ മദീന നഗരത്തിലെത്തുമ്പോൾ പാൽ നിലാവിന്റെ പ്രഭ ചൊരിഞ്ഞു നിൽക്കുന്നു   പ്രവാചകന്റെ പള്ളി. ശ്രവണമനോഹരമായ സുബഹിന്റെ ബാങ്കൊലി കേൾക്കും മുമ്പേ തന്നെ വിശ്വാസികൾ അറഫ യുടെ വ്രതശുദ്ധിയോടെ മസ്ജിദുൽ ഹറമിലേക്ക് ഒഴുകുന്നു. അങ്ങകലെ അപ്പോൾ അറഫയുടെ മൈതാനങ്ങളിലേക്ക് വിശ്വാസി സാഗരം ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. സുബഹി നമസ്കാരത്തിനു ശേഷം പുണ്യ റസൂലിന്റെ ഖബർ സ്ഥിതി ചെയ്യുന്ന  റൗള യിൽ    ചെന്ന് സലാം പറഞ്ഞായിരുന്നു പിന്നീടുള്ള യാത്ര.

മദീനയിൽ  നിന്നും  നേരെ മദായിൻ സ്വാലിഹായിരുന്നു അടുത്ത  ലക്ഷ്യം..സൗദിയിൽ വന്നത് മുതൽ മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളിൽ ഒന്നായിരുന്നു മദായിൻ സ്വാലിഹ് ഒന്ന് കാണുക എന്നത്.  ഭൂമിയിൽ എന്നെന്നും ജീവിക്കാമെന്ന് അഹങ്കരിച്ചിരുന്ന ഥമൂദ്‌ ഗോത്രത്തെ അല്ലാഹു നശിപ്പിച്ച മണ്ണിലേക്ക് നീങ്ങുമ്പോൾ എല്ലാവർക്കും ആകാംക്ഷയായിരുന്നു. പാറകളും , മലകളും തുരന്നു വീടുണ്ടാക്കിയ ആ ഗോത്രക്കാർ അതീവശക്തരായിരുന്നു എന്ന് ഖുർആനിൽ വ്യക്തമാക്കുന്നുണ്ട്. മദീനയിൽ നിന്നും 374 കിലോമീറ്റർ അകലെയാണ്  മദായിൻ സ്വാലിഹ്.


മദീന വിട്ടു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ആ ഒറ്റവരിപ്പാതയിൽ പിന്നെ ഞങ്ങൾ മാത്രമായി. കിലോമീറ്ററുകളോളം വിജനമായി കിടക്കുന്ന മരുഭൂമിയിൽ ഒട്ടകങ്ങളും, ഏതാനും ഗ്രാമീണരും മാത്രമുണ്ട് വല്ലപ്പോഴും കൂട്ടിന്. റോഡിനു കുറുകെ വരുന്ന ഒട്ടകങ്ങളെ പോലും തടയുന്നതിനുള്ള കമ്പിവേലികൾ ആ റോഡിനിരുവശവുമില്ല. വരണ്ടു കിടക്കുന്ന മലമടക്കുകൾക്കിടയിലൂടെ ചെത്തി മിനുക്കിയുണ്ടാക്കിയ ആ ഒറ്റവരിപ്പാതയിൽ ഒറ്റക്കുള്ള യാത്ര അപകടകരമാണ്. വണ്ടിയോടിക്കുന്നതാവട്ടെ  ഷാഫിയും, സ്റ്റിയറിംഗ് കയ്യിൽ കിട്ടിയാൽ പിന്നെ ആക്സിലേറ്ററിൽ പാറക്കല്ല് കയറ്റി വെച്ച പോലെയാണ് അവന്റെ ഡ്രൈവിംഗ്. വെള്ളിയാഴ്ചയായതിനാലും പ്രഭാതമായതിനാലുമാവാം തികച്ചും ഒറ്റപ്പെട്ട പോലെ, ഹൃദയമടക്കി പിടിച്ച ഒരു യാത്ര...    ആകാംക്ഷാഭരിതമായ ഈ നിമിഷങ്ങൾ എല്ലാവരുടെയും മനസ്സില് തീക്കനൽ നിറച്ചെന്നു പറയാം.


അൽ ഉലയിൽ  എത്തും മുമ്പേ തന്നെ  പച്ച പിടിച്ചു നിൽക്കുന്ന കൃഷി തോട്ടങ്ങളും, തടാകങ്ങളും സന്ദർശകർക്ക് സ്വാഗതമരുളുന്നു , ജനവാസം അടയാളപ്പെടുത്തി ഏതാനും വീടുകളും, കെട്ടിടങ്ങളും, പള്ളികളും   ഒക്കെ കണ്ടതോടെ എല്ലാവരും ശ്വാസം നേരെ വിട്ടു.  അൽ ഉല പട്ടണത്തിൽ തലയുയർത്തി നിൽക്കുന്ന മനോഹരമായ ആ പള്ളിയിലെ ജുമുഅക്ക് ശേഷം വീണ്ടും യാത്ര തന്നെ.. റോഡിനു രണ്ടു വശങ്ങളിലും ശിൽപങ്ങൾ പോലെ കൊത്തി വെച്ച മലനിരകൾ മദായിൻ സ്വാലിഹിലേക്കുള്ള യാത്രയെ അനുഗമിക്കുന്നു. സൗദിയുടെ  വടക്ക് പടിഞ്ഞാറൻ മരുപ്പച്ച എന്നറിയപ്പെടുന്ന   അൽ ഉല താഴ്വര മുതൽ  മദായിൻ സ്വാലിഹ് വരെയുള്ള 22 കിലോമീറ്റർ  വശ്യമായ  മലനിരകളും ,ശിൽപങ്ങളും ചാരുതയേകുന്നു, പക്ഷെ ദൈവീകശിക്ഷയുടെ ബാക്കിപത്രമെന്ന നിലയിൽ ഭയന്ന് കൊണ്ടല്ലാതെ വിശ്വാസികൾ ഈ പ്രദേശത്തേക്ക് പ്രവേശിച്ചു കൂടായെന്നും  വേഗം സന്ദർശിച്ചു മടങ്ങണം എന്നും തബൂക് യുദ്ധ വേളയിൽ ഇവിടെ എത്തിയ പ്രവാചകൻ അനുചരന്മാർക്ക് നിർദേശം നൽകിയിരുന്നത്രെ.        


യൂനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സൗദി അറേബ്യയിലെ ഏക സ്ഥലം എന്ന പ്രത്യേകതയെക്കാളേറെ ദൈവീക ശിക്ഷയിറങ്ങിയ ഒരു സമൂഹത്തിന്റെ ശേഷിപ്പുകൾ കണ്ടറിയുക എന്നതാവാം സഞ്ചാരികളെ മദായിൻ സ്വാലിഹിലേക്ക് അടുപ്പിക്കുന്നത്. ആജാനുബാഹുക്കളായ ഥമൂദ്‌ ഗോത്രം  മലതുരന്നു വീടുണ്ടാക്കിയത് തന്നെ ഭൌതീകശിക്ഷകളിൽ നിന്നും രക്ഷപ്പെടാനായിരുന്നുവെന്ന്  ചരിത്രം പറയുന്നു. അല്ലാഹുവിന്റെ ദൂതനായ സ്വാലിഹ് നബിയിൽ വിശ്വസിക്കുന്നതിന് വേണ്ടി   ഈ ജനതയ്ക്ക് ദൃഷ്ടാന്തമായി അല്ലാഹു ഒരു ഒട്ടകത്തെ ഇറക്കിയതായി ഖുർആനിൽ കാണാം. ഈ ഒട്ടകം വെള്ളം കുടിച്ച കിണർ പോലും കാലങ്ങൾക്ക് ശേഷവും സന്ദർശകർക്ക് ദൃഷ്ടാന്തമാവുകയാണ്. പതിനഞ്ചു കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്ന ഈ പാറക്കൂട്ടങ്ങൾ പൗരാണിക നിർമ്മിതിയുടെ പ്രൌഡി വിളിച്ചോതുന്നു. കാലപ്രവാഹത്തിൽ ഭംഗി ചോരാതെ ഈ പ്രദേശം സംരക്ഷിച്ചു നിർത്തുന്നതിൽ സൗദി അറേബ്യൻ ഗവണ്‍മെന്റ് അതീവശ്രദ്ധ ചെലുത്തുന്നുണ്ട്.  ചരിത്ര വിദ്യാർത്ഥികൾക്ക് തിരിച്ചറിയാനും, വഴി അറിയിക്കുന്നതിനുമായി അങ്ങിങ്ങായി മാർഗനിർദേശങ്ങൾ അടങ്ങുന്ന ഫലകങ്ങൾ കാണാം.   ഏകദേശം അയ്യായിരത്തോളം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന  ഒരു സമൂഹത്തിന്റെ ശേഷിപ്പായി പാറ തുരന്നുണ്ടാക്കിയ 132 വീടുകൾ ഇപ്പോഴും.  ദൃഷ്ടാന്തമായി അവശേഷിക്കുന്നു.                              

കല്ല്‌ എന്നർത്ഥം വരുന്ന അൽഹിജ്ർ എന്നാണ് മദായിൻ സ്വാലിഹ് ആദ്യം അറിയപ്പെട്ടിരുന്നത്. ധിക്കാരികളായ സമൂഹം അല്ലാഹുവിന്റെ കൽപ്പനകളെ ധിക്കരിച്ചു തന്നെ ജീവിച്ചു. സ്വാലിഹ് നബിയുടെ ഒട്ടകത്തെ അറുക്കുകയും സ്വാലിഹ് നബിയെ തന്നെ കൊല്ലാൻ പദ്ധതിയിടുകയും ചെയ്തു. ഘോരമായ ശിക്ഷയെ കുറിച്ചുള്ള അല്ലാഹുവിന്റെ മുന്നറിയിപ്പിനെ തുടർന്ന് സ്വാലിഹ് നബിയും അനുയായികളും അവിടെ നിന്നും രക്ഷപ്പെടുകയുണ്ടായി. ശേഷമാണ് ഏഴു ദിവസത്തോളം നീണ്ടു നിന്ന ഭയാനകമായ ശബ്ദവും, ഭൂചലനവും വഴി ആ മണിമേടകൾ  നിലം പൊത്തി. അതോടെ  ഥമൂദ്‌ ഗോത്രം നാമാവശേഷമാവുകയും ചെയ്തു.                                                                              

മധ്യപൗരസ്ത്യ ദേശങ്ങളിലേക്ക് പണ്ട് മുതലേ കച്ചവട സംഘങ്ങൾ യാത്ര ചെയ്തിരുന്ന മദായിൻ സ്വാലിഹ് ജോർദാനിലെ പെട്ര ആസ്ഥാനമായി വസിച്ചിരുന്ന നബ്തിയൻ വർഗക്കാരുടെ രണ്ടാം പട്ടണമായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. വിശിഷ്യാ പെട്ര - മക്ക വ്യാപാരബന്ധത്തിനിടയിലെ ഒരു താവളം എന്ന നിലയിലാണ്  മദായിൻ സ്വാലിഹ് നല്ല ശ്രദ്ധയാകർഷിച്ചത്. പഴയ ഹിജാസ് തീവണ്ടിപാതയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു  മദായിൻ സ്വാലിഹ്. ഗൃഹാതുരത്വവും പേറി തലമുറകൾക്ക് ചൂണ്ടു പലകയായി ആ മീറ്റർഗേജ് ട്രെയിനിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും സഞ്ചാരികളെ ആകർഷിക്കുന്നു.    

പെട്ര ..ജോർദാൻ 
ഭീമാകാരമായ തൂണുകളിൽ  കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികളുമായി ജോർദാനിലെ പെട്രയിൽ ഉയർന്നു നിൽക്കുന്ന മണിമേടകൾ മദായിൻ സ്വാലിഹുമായി ആ ജനതക്കുണ്ടായിരുന്ന ബന്ധത്തെ സാക്ഷ്യപ്പെടുത്തുന്നു. എ ഡി 106 ൽ പെട്ര നഗരം റോമാ സൈന്യം കയ്യടക്കിയതോടെയാണ് മദായിൻ സ്വാലിഹിനും അതിന്റെ പ്രതാപവും തലയെടുപ്പും നഷ്ടമായത്. പക്ഷെ ആധുനികതയുടെ അതിപ്രസരത്തിൽ പഴമ നഷ്ടപ്പെടുത്താതെ പെട്രയിലെ പോലെ തന്നെ മദായിൻ സ്വാലിഹിലും  പൈതൃകാവഷിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നു..ലോകാത്ഭുതങ്ങളിൽ ഒന്നായി പെട്ര സഞ്ചാരികളെ ആകർഷിക്കുമ്പോൾ യൂനെസ്കോയുടെ അംഗീകാരത്തിന്റെ നിറവിൽ മദായിൻ സ്വാലിഹും ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്. പ്രൊഫഷനൽ ഫോടോഗ്രാഫർമാരും, ടൂറിസ്റ്റുകളുമടക്കം  നിരവധി വിദേശികളാണ് അന്നവിടെ കാണാനെത്തിയിരുന്നത്.

മദായിൻ സ്വാലിഹിലെ ആ സായാഹ്നം ഓർമ്മകളിൽ നിറച്ചു വെച്ച് തബൂകും, അഖബ കടലിടുക്കും  ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി.ആ യാത്രയെ കുറിച്ച് അടുത്ത ഭാഗത്തിൽ.








2014, ഓഗസ്റ്റ് 19

സ്കൂളുകൾ പൂട്ടട്ടെ, ബാറുകൾ തുറക്കട്ടെ!!!

വിദ്യാര്‍ഥി ഐക്യം സിന്ദാബാദ് 


പുതുതായി അനുവദിച്ച 700  പ്ലസ്‌ ടൂ ബാച്ചുകളും റദ്ദാക്കി ,  അടച്ചിട്ട 418 ബാറുകളും  തുറന്നു കൊടുക്കണം. ലതാണ് മര്യാദ. കുറെ സ്കൂളുകള്‍ തുറന്നിട്ട്‌ എന്ത് കാര്യം ഉള്ള സ്കൂളുകള്‍ക്ക് മുന്നില്‍ തന്നെ ബാറുകള്‍ സ്ഥാപിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സൗകര്യം ചെയ്‌താല്‍ നന്നാവും. കാരണം പ്ലസ്‌ ടൂവിനു ആഴ്ചയില്‍ ആകെ അഞ്ചു അദ്ധ്യയന ദിവസങ്ങളെ ഉള്ളൂ. ഉള്ള അദ്ധ്യയന ദിനങ്ങളില്‍ തന്നെ വളരെ കുറച്ചു സമയം മാത്രമേ ഇടവേളകളുള്ളൂ. ഈ ഇടവേളകളില്‍ വളരെ ദൂരം പോയി ബാറില്‍ കയറുക പ്രയാസം സൃഷ്ടിക്കും. ആ സ്ഥിതിക്ക് ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ പ്ലസ് ടൂ സ്കൂളുകള്‍ക്ക് മുന്നിലും ഓരോ ബാറുകള്‍ പോരട്ടെ.. ലാഭകരമല്ല എന്ന കാരണത്താല്‍ പൂട്ടാന്‍ പോകുന്ന സ്കൂളുകള്‍ക്ക് മുന്നില്‍ സ്ഥാപിക്കാന്‍ മുന്‍ഗണന നല്‍കിയാല്‍ നന്നാവും 

വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്....

പരപ്പനാടന്‍ മുറ :

മൂത്താപ്പാനെ ഞമ്മക്ക് കാണും ചെയ്യാം , എന്നും അര ലിറ്റര്‍ പാലും കിട്ടും 

       *******************************************************

അതി രൂപതാ 


വിദ്യാഭ്യാസ വകുപ്പ് ഒരു പാര്‍ട്ടി കുടുംബ സ്വത്തായി കൈകാര്യം ചെയ്യുന്നു എന്ന്നമ്മുടെ തൃശൂര്‍ അതിരൂപതക്ക് നല്ല പരാതിയുണ്ട്. കാലങ്ങളായി ഒരു കത്തോലിക്കന്‍ ആ വകുപ്പ് കൈകാര്യം ചെയ്തിട്ട് , ആശ അവര്‍ക്കുമുണ്ടാകും , ഈ പ്ലസ്ടൂ സ്കൂളുകള്‍ക്ക് വേണ്ടി ആരൊക്കെയോ രൂപ താ, രൂപ താ എന്ന്  പറഞ്ഞു തുടങ്ങിയപ്പോള്‍ തോന്നിയതാവാം രൂപതയുടെ ആ പൂതി. ഏതായാലും പരാതി എഴുതി തയ്യാറാക്കി അയച്ചിരിക്കുന്നത് അങ്ങ് ഡല്‍ഹിയിലേക്കാണ്, കത്തോലിക്കര്‍ കാലാ കാലം കോണ്ഗ്രസ്സിനെ പിന്തുണക്കണമെന്നില്ല എന്ന മുന്നറിയിപ്പും കത്തിലുണ്ട്. പള്ളി അരമനകളില്‍ കയറി ഇറങ്ങുന്ന ഹൈകമാണ്ട് ശിങ്കിടികളുടെ കയ്യില്‍ കത്ത്കൊടുത്തിരുന്നെങ്കില്‍ തപാല്‍ ചാര്‍ജെങ്കിലും ലാഭിക്കാമായിരുന്നു . അല്ല പിന്നെ 

ഹയര്‍സെക്കന്‍ഡറി ഡയരക്ടര്‍ തയ്യാറാക്കിയ ലിസ്റ്റ് മറി കടന്നു മന്ത്രിസഭാ ഉപസമിതി തയാറാക്കിയ പ്ലസ്‌ ടൂ സ്കൂള്‍ ലിസ്റ്റില്‍ ഒന്ന് കണ്ണോടിച്ചാല്‍ ഒരു കാര്യം മനസ്സിലാവും ഇടതന്‍ വന്നാലും വലതന്‍ വന്നാലും തൃശൂര്‍ മുതല്‍ അങ്ങോട്ട്‌ അരമനകള്‍ക്ക് എന്നും ബിരിയാണി തളികയില്‍ തന്നെ.  സ്കൂള്‍ കിട്ടി വിശപ്പടങ്ങിയ ബിഷപ്പുമാര്‍ക്ക് ഏമ്പക്കം വന്നപ്പോള്‍ തോന്നിയ ഉള്‍വിളിയാണ്  ഈ പരാതിക്കെട്ട് എന്നത് സത്യം .

പരപ്പനാടന്‍ മുറ : 

വിദ്യാഭ്യാസ വകുപ്പ് എന്നാല്‍ പാലായിലെയോ,തൃശൂരിലെയോ പുണ്യാളന്‍മാര്‍ക്ക്  സ്ത്രീധനം കിട്ടിയതൊന്നുമല്ലല്ലോ .. 




         ***********************************************************


കച്ചവടക്കാര്‍ക്ക് എന്താ കാര്യം   


നമ്മുടെ യുവ എം എല്‍ എ ഹൈബി ഈഡനും പ്രമുഖ വ്യവസായി സണ്ണി ആലപ്പാട്ടും തമ്മില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ അകത്തളത്തില്‍ വെച്ച് നടന്ന ഉഗ്രന്‍ പോര് ചാനലുകളില്‍ കാണാന്‍ ഫാഗ്യം ലഭിച്ചു. ഹൈബി ആളൊരു സംഭവം  തന്നെ, കിണ്ണം കാച്ചിയ ആ ഡയലോഗ് ഇപ്പോഴും മനസ്സിലുണ്ട് ' കച്ചവടക്കാര്‍ക്ക് എന്താ യൂനിവേര്‍സിറ്റിയില്‍ കാര്യം' ഹോ ഞെരമ്പും രോമവും ഒക്കെ തരിച്ചു പോയി!!!!

ഒന്നല്ല ഒരുപാട് തവണ സുരേഷ്ഗോപി സ്റ്റൈലില്‍ സണ്ണി ആലപ്പാട്ടിനെ നോക്കി ഹൈബി ഈ ഡയലോഗ് അടിച്ചതായി കണ്ടു. 

പരപ്പനാടന്‍ മുറ :

  'കച്ചവടക്കാര്‍ക്ക് എന്താ യൂനിവേര്‍സിറ്റിയില്‍ കാര്യം' അവര്‍ക്ക് ഇന്ദ്രപ്രസ്ഥത്തിലും , അനന്തപുരിയിലും  കോണ്ഗ്രസ് ആസ്ഥാനങ്ങളില്‍ സൗകര്യം ചെയ്തിട്ടുണ്ടല്ലോ .


   ***********************************************



പള്ളിക്കുള്ളിലെ അകലം കൂടിക്കൂടി വരുന്നു.


2002 ല്‍ മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ  ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിനു ശേഷം രണ്ടു വിഭാഗങ്ങളും  കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രഭാഷണങ്ങളുമായി നടന്ന ഒരു ഘട്ടമുണ്ടായിരുന്നു . അന്ന് ഒരു സുന്നീ സുഹൃത്ത് പറഞ്ഞത് ' ഇപ്പൊ ഞങ്ങള്‍ക്ക് രണ്ടു കൂട്ടര്‍ക്കും മറുപടി പറയണം ' എന്നായിരുന്നു 
മറ്റൊരു സുഹൃത്ത് ആ പിളര്‍പ്പിനെ വിശേഷിപ്പിച്ചത്‌ സെന്റ്‌ ജോര്‍ജ് കുട രണ്ടായത് പോലെ എന്നായിരുന്നു .സെന്റ്‌ ജോര്‍ജ് പിളര്‍ന്നു  പോപ്പിയും , ജോണ്‍സും ആയതോടെ മറ്റു കുട കമ്പനികളെ കേള്‍ക്കാന്‍ തന്നെയില്ലായിരുന്നല്ലോ . 
എന്നാല്‍ ഇന്ന് മുജാഹിദ് പ്രസ്ഥാനത്തിന്റെ അവസ്ഥ കേരള കോണ്ഗ്രസ്സിനെയാണ് ഓര്‍മ്മിപ്പിക്കുന്നത് . നാട്ടിലെ മുജാഹിദ് പള്ളികളില്‍ ജുമുഅക്ക് പോകുന്നവര്‍ക്ക് കയ്യില്‍ ബാഗോ സഞ്ചിയോ കരുതേണ്ട ഗതികേടുണ്ടായിരുന്നു. അതിനു മാത്രം നോട്ടീസും പ്രസിദ്ധീകരണങ്ങളും, ഇടയ ലേഖനങ്ങളും  പള്ളിപരിസരങ്ങളില്‍ വിതരണത്തിനുണ്ടാവും. ഇപ്പോള്‍ തിരൂരങ്ങാടിയില്‍ നടന്ന വാര്‍ത്ത കേട്ടപ്പോള്‍ ഇനി ബാഗും സഞ്ചിയും പോരാ ഹെല്‍മറ്റും വേണം എന്ന് തോന്നിപ്പോകുന്നു.

പരപ്പനാടന്‍ മുറ :

പള്ളികൾ തമ്മിലുള്ള അകലം കുറഞ്ഞു...പക്ഷെ പള്ളിക്കുള്ളിലെ അകലം കൂടിക്കൂടി വരുന്നു.







2014, ജൂലൈ 3

മതപരമായ തര്‍ക്കങ്ങളിലെ പോലീസ് പരിഹാരക്രിയ


  
  മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ  പ്രധാന തര്‍ക്കങ്ങളില്‍ ഒന്നായിരുന്നു മൊയ്ദീന്‍ ഷെയ്ഖിനെ വിളിച്ചാല്‍ കേള്‍ക്കുമോ ഇല്ലേ എന്നത്. മൊയ്ദീന്‍ ഷെയ്ഖു എന്നല്ല മണ്മറഞ്ഞു പോയ എല്ലാ മഹാന്മാരും അവരോടു സഹായം തേടിയാല്‍ കേള്‍ക്കും എന്ന പക്ഷക്കാരായിരുന്നു നാട്ടിലെ ഭൂരിപക്ഷം വരുന്ന സുന്നികള്‍ . അല്ലാഹുവല്ലാത്തവരോട് സഹായം തേടാന്‍ പാടില്ല എന്നും, അവര്‍ വിളിക്ക് ഉത്തരം നല്‍കില്ല എന്നുമായിരുന്നു മുജാഹിദുകളുടെ വാദം. . അങ്ങാടികളില്‍ ആളുകള്‍ കൂടുന്നിടത്തൊക്കെ ഈ വിഷയത്തില്‍ തര്‍ക്കങ്ങള്‍ അടിപിടികളിലേക്ക് വരെ നീണ്ടു. രണ്ടു വിഭാഗവും മൈക്ക് കെട്ടി തങ്ങളുടെ വാദങ്ങള്‍ നിരത്തി പൊതു പരിപാടികള്‍ നടത്തുക പതിവായി. 

  നാട്ടില്‍ കുറെ കാലങ്ങളായി പിന്തുടര്‍ന്ന് വരുന്ന ആചാരങ്ങളെ എതിര്‍ക്കുവാന്‍ മുജാഹിദുകള്‍ പലപ്പോഴും ഖുര്‍ആന്‍ വചനങ്ങളും, പ്രവാചക വചനങ്ങളും ഉദ്ധരിച്ചാണ് മറുപടി പറയാറുള്ളത്. ആയിടക്കാണ് ഒരു മുജാഹിദ് പൊതുപരിപാടി എതിര്‍വിഭാഗം കയ്യേറാന്‍ കാരണമായത്‌. അങ്ങനെ പോലീസിനും പണിയായി. രണ്ടു കൂട്ടരും പോലീസില്‍ വെവ്വേറെ  പരാതികള്‍ നല്‍കി.

  രണ്ടു വിഭാഗത്തോടും പോലീസ് കാര്യങ്ങള്‍ ഓരോന്നായി ചോദിച്ചറിഞ്ഞു. മുജാഹിദ് വിഭാഗം നേതാവ് പറഞ്ഞു തങ്ങള്‍ മൊയ്ദീന്‍ ഷെയ്ഖിനെ വിളിച്ചാല്‍ കേള്‍ക്കില്ല എന്ന് പ്രസംഗിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ്‌ അവര്‍ പരിപാടി കയ്യേറിയത് എന്ന്. 

'മൊയ്ദീന്‍ ഷെയ്ഖിനെ വിളിച്ചാല്‍ കേള്‍ക്കും എന്നിരിക്കെ ഇവര്‍ എന്തിനാ അതിനെ എതിര്‍ക്കുന്നത് ? അതാണ്‌  എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം സാര്‍..' എന്ന് സുന്നി നേതാവും.

  എസ് ഐ കൃഷ്ണപിള്ള ആകെ ധര്‍മ്മ സങ്കടത്തിലായി, കുറെ ആലോചിച്ച ശേഷം എസ് ഐ ഇരുന്നിരുന്ന കസേരയില്‍ നിന്നും എഴുന്നേറ്റ് കൊണ്ട് രണ്ടു കൂട്ടരോടുമായി പറഞ്ഞു ...

  മൊയ്ദീന്‍ ഷെയ്ഖ് ഇല്ലാതെ ഈ പ്രശ്നം ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. അദ്ദേഹത്തെ വിളിക്കാന്‍ ഞാന്‍ പി സി യെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. നിങ്ങള്‍ രണ്ടു കൂട്ടരും ഇപ്പോള്‍ സമാധാനപരമായി പിരിഞ്ഞു പോണം,

  എസ് ഐ യുടെ നിര്‍ദേശം കേട്ട് രണ്ടു കൂട്ടരും സ്തബ്ധരായി.  മറ്റുള്ളവര്‍ ഊറി ചിരിച്ചു. 

                        XXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXX 



തര്‍ക്കം രണ്ട്


   ഇഷാ നമസ്കാരം കഴിഞ്ഞയുടനെ പള്ളിയിൽ നിന്ന് പുറത്തിറങ്ങിയ ചില ചെറുപ്പക്കാരോട് മഹല്ല് കാരണവന്മാരുടെ വക ചോദ്യം 'എന്തെ തറാവീഹ് നമസ്കരിക്കുന്നില്ലേ...
' ഹാജ്യാരേ ആദ്യം ങ്ങള് പതിനൊന്നോ, ഇരുപത്തിമൂന്നോ ഏതെങ്കിലും ഒന്ന് ഉറപ്പിക്കി എന്നട്ട് ഞമ്മള് ബരാ..' ചെറുപ്പക്കാരുടെ മറുപടി കാരണവന്മാരുടെ നെഞ്ചത്താണ് തറച്ചത്.

   മഹല്ല് പള്ളിയിലെ ചില പ്രധാനികൾ പുത്തനാശയക്കാർ ആയതോടെയാണ് തറാവീഹ് നമസ്കാരം സംബന്ധിച്ച് തർക്കം ഉടലെടുത്തത്. പള്ളിയിൽ റമദാനിൽ സ്ഥിരമായി ഇരുപത്തിമൂന്ന് റകഅത്താണ് നമസ്കരിക്കുന്നതെന്നും, അത് തന്നെ തുടരണമെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ പ്രവാചകൻ (സ) റമദാനിൽ പതിനൊന്ന് റകഅത്താണ് നമസ്കരിച്ചതെന്ന പ്രവാചകപത്നി ആയിഷ (റ ) യുടെ റിപ്പോര്ട്ട് ആണ് മറു വിഭാഗം ഉദ്ധരിക്കുന്നത്.

   തർക്കം നീണ്ടു. വാദ കോലാഹലങ്ങൾ വീണ്ടും തെരുവിലെക്കായി. ഓരോ വിഭാഗവും മൈക്ക് കെട്ടി തങ്ങളുടെ വാദങ്ങൾ നിരത്താൻ തുടങ്ങി. മൈക്ക് സെറ്റ് ഉടമക്ക് കുശാലായി. അവസാനം വീണ്ടും  പോലീസ് തന്നെ രംഗത്ത്‌ വരേണ്ടി വന്നു..

   നാട്ടിലെ ക്രമസമാധാനം തകരുമോ എന്ന് ഭയന്ന എസ് ഐ കൃഷ്ണൻ പിള്ള തർക്കത്തിൽ ഇടപെടാൻ തന്നെ  തീരുമാനിച്ചു. മഹല്ല് വാസികളെ ഒന്നടങ്കം അദ്ദേഹം ഒരിടത്തേക്ക് വിളിച്ചു കൂട്ടി .  മഹല്ലിലെ ഭൂരിപക്ഷം ഏതു പക്ഷത്താണ് എന്ന് നോക്കാനാണ് എസ് ഐ യുടെ പരിപാടി.

 പതിനൊന്നു നമസ്കരിക്കുന്നവരോട് ഒരു ഭാഗത്തും, ഇരുപത്തിമൂന്ന് നമസ്കരിക്കുന്നവരോട് മറുഭാഗത്തും നില്ക്കാൻ വേണ്ടി പറഞ്ഞു.രണ്ടു കൂട്ടരും വെവ്വേറെയായി മാറി മാറി നില്‍ക്കാന്‍ തുടങ്ങി . രണ്ടു കൂട്ടരും ഏകദേശം തുല്യ നിലയിലാണ്. 

രണ്ടു വിഭാഗങ്ങള്‍ക്ക് പുറമേ മറു വശത്ത്‌ മാറി നിന്നിരുന്ന  കുറെ പേരുണ്ടായിരുന്നു ,മൂന്നാമതൊരു വിഭാഗമോ , അവര്ക്കിനി ഇതെത്രയെണ്ണം വേണമാവോ ന്റെ ...............,!!!! അവരായിരുന്നു ഭൂരിപക്ഷം. അന്വേഷിച്ചപ്പോൾ അവര്‍ തറാവീഹ് നമസ്കരിക്കാത്തവരായിരുന്നത്രേ!!! 

ഭൂരിപക്ഷവും തറാവീഹ് നമസ്കരിക്കാത്തവരാണ് എന്ന് ബോധ്യമായ എസ് ഐ ഉടനെ തന്നെ തന്റെ തീരുമാനവും പറഞ്ഞു. 'ഇനി മുതൽ ഈ മഹല്ലിൽ തറാവീഹ് നമസ്കാരം വേണ്ട...!!!

   എസ് ഐ യുടെ തീരുമാനം കേട്ട് മൂന്നു കൂട്ടരും അന്ധം വിട്ടു പോയി.                                                                                                               

പിന്കുറി: മതകാര്യങ്ങളിൽ പോലീസ് വക  പരിഹാരക്രിയകള്‍  ഇങ്ങനെയൊക്കെയാണ് .