വന്നു കുടുങ്ങിയവര്‍

2011, നവംബർ 6

പരപ്പനങ്ങാടിയിലെ നഹമാര്‍...

ക്ഷണികമായ ജീവിതത്തിന്റെ ഓളങ്ങളില്‍ അലക്ഷ്യമായി തുഴഞ്ഞു കൊണ്ടിരിക്കുന്ന പുതിയ തലമുറയ്ക്ക് ഒരു പക്ഷെ, പോയ്‌ മറഞ്ഞ ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ പോലും അന്യമായി കൊണ്ടിരിക്കുകയാണ്, മുന്‍ഗാമികളുടെ നന്മയുടെ നാട്ടുവഴികളില്‍ നിന്നും മാറി, വേഗത്തിലോടുന്ന ലോകത്തിന്റെ  തീവ്ര സന്ചാരങ്ങളിലേക്ക്, ആധുനികതയുടെ ആഴപ്പരപ്പിലേക്ക്  പറക്കുന്നവരോട് കുടുംബങ്ങളുടെയും ,ബന്ധങ്ങളുടെയും പവിത്രമായ ഊടുവഴികളെ കുറിച്ചോ, വേരുകളെ കുറിച്ചോ പറഞ്ഞിട്ടെന്തു കാര്യം? എങ്കിലും സാംസ്കാരിക കേരളത്തിന്റെ ചരിത്രത്തില്‍ ഉന്നതമായ സ്ഥാനമുള്ള നഹ കുടുംബങ്ങളെ കുറിച്ച് ഒരന്വേഷണം നടത്തുകയാണിവിടെ..

'നഹമാര്‍ സ്ഥാനികള്‍, പരപ്പനങ്ങാടിയിലോഴികെ മറ്റൊരിടത്തും നഹ എന്ന സ്ഥാനപ്പേരുള്ള മുസ്ലിംകള്‍ ഇല്ലല്ലോ, അവര്‍ എങ്ങനെ വന്നു? ചരിത്ര രേഖകള്‍ കൈമലര്‍ത്തുന്നു. അവര്‍ക്ക് ആണ്ടോടാണ്ട് തേങ്ങയിടാനുണ്ടാകും, കുടിയാന്മാര്‍ പാട്ടം അളക്കും. കാര്യസ്തന്മാര്‍ ഭരിച്ച കാലമായിരുന്നു, അവര്‍ അലസരായിരുന്നു. ചിലര്‍ക്ക് രാഷ്ട്രീയമുണ്ടായിരുന്നു......' പ്രസിദ്ധനായ സാഹിത്യകാരന്‍ എന്‍ പി മുഹമ്മദ്‌ മുമ്പ് മാതൃഭൂമിയില്‍ എഴുതിയ പരപ്പനങ്ങാടി എന്ന ലേഖനത്തിലെ വരികള്‍ ആണിത്... നഹ കുടുംബാംഗം എന്ന നിലയില്‍ ഒരന്വേഷണത്തിന് എന്നെ പ്രേരിപ്പിച്ചതും ഈ ലേഖനമാണ്.

പായക്കപ്പലിലെ നഹൂദയില്‍ നിന്നുമാണ് നഹ എന്ന വാക്കുണ്ടായതെന്നു അനുമാനിക്കുന്നു, 1917 ല്‍ ദിവാന്‍ ബഹദൂര്‍ സി ഗോപാലകൃഷ്ണന്‍ നായര്‍ എഴുതിയ മലയാളത്തിലെ മാപ്പിളമാര്‍ എന്ന ഗ്രന്ഥത്തില്‍ നഹ കുടുംബത്തെ കുറിച്ച് ഒരു അദ്ധ്യായം തന്നെയുണ്ട്‌. ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ചു മക്കയിലേക്ക് പോയപ്പോള്‍ തന്റെ കീഴിലായിരുന്ന നാടുരാജ്യങ്ങളുടെ ഭരണം അവിടുത്തെ സാമന്തന്മാരെ എല്പ്പിച്ചതായി ഈ ഗ്രന്ഥത്തില്‍ പറയുന്നു. അതില്‍ പെട്ട ഒരു നാട്ടു രാജ്യമായിരുന്നു വെട്ടത്ത് നാട്. മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് വെട്ടത്ത് പുതിയങ്ങാടിയില്‍ ആയിരുന്നു ഈ നാട്ടു രാജ്യത്തിന്റെ ആസ്ഥാനം. ഈ രാജകുടുംബത്തിലെ ഒരു പെണ്‍കുട്ടി വിദേശിയായ ഒരു മുസ്ലിം കച്ചവടക്കാരനില്‍ നിന്നും പട്ടു വാങ്ങിയതോടെ, ആചാരപ്രകാരം  പെണ്‍  കുട്ടിയെ ആ കച്ചവടക്കാരന് വിവാഹം ചെയ്തു കൊടുക്കേണ്ടി വന്നു. ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ആ പെണ്‍ കുട്ടിയെ കൊട്ടാരത്തില്‍ നിന്നും ബ്രഷ്ടു കല്‍പ്പിച്ചു, എങ്കിലും ജീവിക്കാന്‍ ആവശ്യമായ വിഭവങ്ങളും വസ്തു വകകളും   നല്‍കി തൊട്ടടുത്ത താനൂരില്‍ രാജമാളിക പണിതു  അവിടെ താമസിപ്പിച്ചുവെന്നും നഹ എന്ന സ്ഥാനപ്പേര് നല്‍കി ആധരിച്ചുവെന്നും ഈ ഗ്രന്ഥത്തില്‍ കാണാം. ഈ കുടുംബത്തില്‍ നിന്നാണ് നഹകുടുംബ പരമ്പര തുടങ്ങുന്നതെന്ന് മലയാളത്തിലെ മാപ്പിളമാര്‍ എന്ന ഗ്രന്ഥം സാകഷ്യപ്പെടുത്തുന്നു. വെട്ടത്ത് നാട്ടിലെ ആയുധാഭ്യാസികളായ ചങ്ങമ്പള്ളി ഗുരുക്കന്മാരെ ഇസ്ലാം മതത്തില്‍ ചേര്‍ത്ത് നഹ കുടുംബത്തിനു സംരക്ഷണം നല്‍കാനും രാജാവ് ഏര്‍പ്പാടാക്കിയത്രേ..വെട്ടത്ത് രാജാവിന്റെ കീഴിലെ രണ്ടു മന്ത്രിമാര്‍ അക്കാലഘട്ടത്തില്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നു, അവര്‍ക്ക് രാജാവ് മൂപ്പന്‍ എന്ന സ്ഥാനപ്പേര് നല്‍കിയതായും ഗ്രന്ഥം പരാമര്‍ശിക്കുന്നു. ഈ മൂപ്പന്മാരെ നഹ കുടുംബത്തിന്റെ ഗുമാസ്തന്മാരായും വെട്ടത് രാജാവ് നിയോഗിച്ചതായും പറയുന്നു.  കല്പകന്ചെരിയില്‍ ഇന്ന് കാണുന്ന മണ്ടായപ്പുറത്തു മൂപ്പന്‍ കുടുംബം ഈ വംശീയ പരമ്പരയില്‍ നിന്നാണെന്നും പുസ്തകം പരിചയപ്പെടുതുന്നു.

1793 മേയ് 24 നു വെട്ടത്ത് രാജാവ് തീപെട്ടതോടെ അനന്തരാവകാശികളില്ലാതെ സ്വത്തുക്കള്‍ എല്ലാം ബ്രിട്ടീഷ് ഗവന്മേന്റ്റ് ഏറ്റെടുക്കുകയും ചെയ്തു.പിന്നീട് പിന്‍ തലമുറയില്‍ പെട്ട അവുക്കാദര്‍കുട്ടി മരക്കാരുടെ മകന്‍ മൊയ്ദീന്‍ കുട്ടി നഹയാണ് ഈ രാജ സ്വത്തുക്കള്‍ ഗവണ്മെന്റില്‍ നിന്നും തിരിച്ചു പിടിക്കുന്നത്‌...വെട്ടത്ത് രാജാവിന്റെ അധീനതയില്‍ നടത്തി വന്നിരുന്ന താനൂരിലെ ശോഭപറമ്പ് ക്ഷേത്രത്തിലെ ആഴ്വെന്‍ സ്ഥാനാരോഹണ ചടങ്ങ് പിന്നീട് നഹ കുടുംബത്തിന്റെ താനൂരിലെ ആസ്ഥാനമായ കിഴക്കിനിയകതെക്ക് ( ഇപ്പോള്‍ ഇത് പഴയകം എന്ന പേരില്‍ അറിയപ്പെടുന്നു ) വന്നു ചേരുകയും ഇന്നും ആ പാരമ്പര്യം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു. പൂര്‍വ്വ പിതാവ് വിദേശിയായതിനാല്‍ പൂര്‍വ്വ മാതാവായ രാജകുമാരിയുടെ മേല്‍ വിലാസത്തിലാണ് നഹമാര്‍ അറിയപ്പെടുന്നത്, നഹ കുടുംബത്തിന്റെ ആസ്ഥാന വീടായ കിഴക്കിനിയകത് എന്ന മേല്‍ വിലാസം സ്വീകരിക്കുകയും, മരുമക്കത്തായ സമ്പ്രദായം ഇന്നും തുടരുകയും ചെയ്യുന്നു നഹമാര്‍.

രാജസ്വതുക്കള്‍ കൈവശം വന്നതോടെ ഭൂപ്രഭുക്കളായ അന്നത്തെ നഹമാര്‍ സ്വന്തം മക്കളെ കുടുംബാംഗങ്ങള്‍ക്ക് തന്നെ വിവാഹം കഴിച്ചു കൊടുത്ത് ഈ ഭൂസ്വത് പുറത്തേക്കു പോകാതെ സംരക്ഷിക്കാനും നോക്കി, കാര്‍ഷിക നാണ്യ വിളകളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് പുറമേ, പാട്ടപ്പിരിവും, വാടകപ്പിരിവുകളുമായി നഹമാര്‍ സ്ഥാനികളായി..അധ്വാനിക്കാതെ തന്നെ സമ്പാദ്യം ഉണ്ടായതോടെ പലരും അലസരുമായി,  ഈ കാലഘട്ടത്തിലാണ് എന്‍ പി മുഹമ്മദ്‌ പരപ്പനങ്ങാടിയില്‍ ബാല്യ കാലം ചെലവഴിക്കുന്നത്. അത് കൊണ്ടായിരിക്കാം നഹമാരെ കുറിച്ച് എന്‍ പി അങ്ങനെ എഴുതിയത് എന്ന് കരുതുന്നു.

 കോഴിക്കോട് സാമൂതിരിയുടെ നാവിക തലവനായിരുന്ന കുഞ്ഞാലി മരക്കാരുടെ കുടുംബ പരമ്പരകളുമായും, പരപ്പനാട് കോവിലകവുമായി ബന്ധമുള്ള മേലെവീട്ടില്‍ കുടുംബംങ്ങളുമായും , തലശ്ശേരിയിലെ അതി പുരാതനമായ കേയി കുടുംബാങ്ങളുമായും നഹ കുടുംബാംഗങ്ങള്‍  വൈവാഹിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. നഹ കുടുംബങ്ങള്‍ക്ക് കേരളത്തിലെ പുരാതനമായ കുട്മ്ബങ്ങളുമായി ബന്ധങ്ങളുണ്ടായത്തോടെ കുടുംബത്തിന്റെ വേരുകള്‍ കേരളം മൊത്തം പടരുകയും ചെയ്തു.

ബ്രിട്ടീഷ് ഗവണ്മെന്റില്‍ നിന്നും ഭൂസ്വത്തുക്കള്‍ തിരിച്ചു പിടിച്ച മോയ്ദീന്കുട്ടി നഹയുടെ പിന്‍ഗാമികള്‍ രാജ്യ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടം നയിച്ചവരാണ്. മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ രാജ്യ ദ്രോഹിയായി മുദ്ര കുത്തി നാട് കടത്താന്‍ തീരുമാനിച്ചപ്പോള്‍ അദ്ധേഹത്തെ ഒളിവില്‍ പാര്‍പ്പിച്ചു സ്വന്തമായി ഉരു നിര്‍മ്മിച്ച്‌ ഇറാഖിലേക്ക് രക്ഷപ്പെടുത്തിയത് വലിയ കൊയക്കുഞ്ഞി നഹ എന്ന സമര നായകനായിരുന്നു.
ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരഭാഗമായി കീഴ്രിയൂരില്‍ പാലത്തിനു  ബോംബു വെച്ച കേസില്‍ മുഖ്യ പ്രതി മുഹമ്മദ്‌ നഹയും, ഇ എം എസിനും എ കെ ജിക്കും ഒപ്പം ജയില്‍വാസം വരെ അനുഷ്ടിച്ച കൊയക്കുഞ്ഞി നഹയും ഒക്കെ ഈ കുടുംബംഗങ്ങളാണ് . മലബാര്‍ ലഹള നടക്കുമ്പോള്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കില്‍ നിന്നും തലനാരിഴക്കാന് കൊയക്കുഞ്ഞി നഹ രക്ഷപ്പെട്ടതെന്ന് ചരിത്ര രേഖകളില്‍ കാണാം. ഇ എം എസിനെ പര്‍ദ്ദ ധരിപ്പിച്ചു ഒളിവില്‍ താമസിപ്പിച്ചതിലൂടെയും പ്രസിദ്ധനായ കൊയക്കുഞ്ഞി നഹ ഈ കഴിഞ്ഞ ആഗസ്തിലാണ് മരണമടഞ്ഞത്.

മുസ്ലിം ലീഗിന്റെ അമരത്തിരുന്നു ഫിഷറീസ്, പൊതുമരാമത്, തദ്ദേശസ്വയംഭരണം, തുടങ്ങിയ വകുപ്പുകളില്‍ മന്ത്രിയാവുകയും, ഉപമുഖ്യമന്ത്രി സ്ഥാനം വരെ അലങ്കരിക്കുകയും ചെയ്ത അവുഖാദര്‍കുട്ടി നഹ തന്നെയാണ് നഹമാരില്‍ ഏറ്റവും ഉന്നത സ്ഥാനതെത്തിയ മഹാന്‍. കേരള രാഷ്ട്രീയത്തിലെ സൌമ്യ സാന്നിധ്യമായി കാല്‍ നൂറ്റാണ്ട് ഒരു മണ്ഡലത്തെ പ്രധിനിധീകരിച്ച നഹാസാഹിബ് ഇന്നും ഈ കുടുംബത്തിനു മാര്‍ഗദര്‍ശിയാണ്..നഹാസാഹിബിന്റെ  മകനും ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായ പി കെ അബ്ദുറബ്ബും പിതാവിന്റെ പാത പിന്തുടര്‍ന്ന് സൌമ്യ സാന്നിധ്യമാവുമ്പോള്‍   നഹ കുടുംബം അതിന്റെ മഹത്തായ കുടുംബ മഹിമയും, പാരമ്പര്യവുമാണ് കാത്തു പോരുന്നത്. മുന്‍മന്ത്രിയും ഉജ്ജ്വല പ്രാസംഗികനുമായ ടി കെ ഹംസയും, മുസ്ലിം ലീഗിലെതിയ മഞ്ഞളാം കുഴി അലി എം എല്‍ എ യും ഈ കുടുംബത്തില്‍ നിന്നും വിവാഹം കഴിച്ചവരാണ്. ഷോര്‍ന്നൂര്‍-നിലമ്പൂര്‍ റെയില്‍ പാത നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത കുഞ്ഞിക്കൊയാമുട്ടി നഹ, ദി ഹിന്ദു പത്രത്തിലെ ബ്യൂറോ ചീഫ് അബ്ദുല്‍ ലത്തീഫ് നഹ, ലോക പ്രശസ്ത ന്യുറോളജിസ്റ്റ് അബ്ദുല്‍സലാം നഹ തുടങ്ങി നിരവധി പ്രശസ്തരായ നഹമാരെ പരിചയപ്പെടുത്താന്‍ ഈ പോസ്റ്റ്‌ പരിമിതമാണ്.


നഹ കുടുംബത്തിന്റെ അടിവേരുകള്‍ തേടിയുള്ള അന്വേഷണം നടത്തുകയും, കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും കൂട്ടി ചേര്‍ത്ത് കുടുംബ സംഗമം നടത്തുകയും ചെയ്ത നഹ അനുബന്ധ കുടുംബ സമിതി പരപ്പനങ്ങാടിയില്‍ ഇപ്പോഴും സജീവമാണ്, അവുക്കാദര്‍കുട്ടി നഹയുടെ സഹോദരപുത്രനും, മരുമകനുമായ കെ മഹ്മൂദ് നഹയും , കൊയക്കുഞ്ഞി നഹയുടെ മകനും, സി പി ഐ നേതാവുമായ പ്രൊഫ. ഇ പി മുഹമ്മദ്‌ അലിയുമാണ് ഈ കുടുംബ സമിതിയുടെ നായകത്വം വഹിക്കുന്നത്. കുടുംബാംഗമായ വിദ്യഭ്യാസമന്ത്രിക്കു സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് നഹ കുടുംബ സമിതി.

16 അഭിപ്രായങ്ങൾ:

  1. ഈ വിവരങ്ങള്‍ പകര്‍ന്നു നല്‍കിയതിനു ഏറെ നന്ദി.....
    പരപ്പനാടാ ... ഇത് പോലുള്ള പോസ്റ്റുകള്‍ ഇനിയും വരട്ടെ
    ആശംസകളോടെ ..... (തുഞ്ചാണി)

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2011, നവംബർ 6 10:13 PM

    Really informative. Good work!

    മറുപടിഇല്ലാതാക്കൂ
  3. ആരും പറഞ്ഞില്ലെങ്കിൽ ഇതൊക്കെ ആരറിയുന്നു പരപ്പനാടാ.... !!! ആശംസകൾ..!!

    മറുപടിഇല്ലാതാക്കൂ
  4. It's great work, Pleasent to know more about Naha family, I am looking forword to here frm u More...

    മറുപടിഇല്ലാതാക്കൂ
  5. ഇത്രയും വിവരങ്ങള്‍ എന്റെ കൂടുംബത്തെ കുറിച്ചു പകര്‍ന്നു നല്‍കിയതിനു ഏറെ നന്ദി.....

    മറുപടിഇല്ലാതാക്കൂ
  6. പരപ്പനാടന് എവിടുന്നുവോ ഈ വിവരങ്ങൾ കിട്ടിയത് ?

    ബി പി അങ്ങാടിയിലെ ആ തറവാടിന്റെ peru akayil എന്നായിരുന്നു... Athu ലോപിച്ചു ഒറ്റയിൽ aayi തീർന്നു... ആ kudumbamgaman സുഹൃത്തേ ഞാൻ

    മറുപടിഇല്ലാതാക്കൂ
  7. I have evidence... And willing to provide guidance regardibg vettath nadu as i am one who had detailed research on it

    മറുപടിഇല്ലാതാക്കൂ
  8. നിങ്ങളുടെ ഫോണ്‍ നമ്പര്‍ തരൂ

    മറുപടിഇല്ലാതാക്കൂ
  9. നഹ കുടുംബവുമായി ഏറെ അടുപ്പം ഉള്ളവരായിരുന്നു എന്റെ വലിയുപ്പ.
    മൈമിറ്റിക്ക എന്ന് പറഞ്ഞാൽ മിക്കവർക്കും അറിയും. തെക്കേപ്പാട്ട്, മേൽവീട്ടിൽ, ചുണ്ടൻവീട്ടിൽ പുതിയ നാലകത്ത്, മരക്കാരകം, തുടങ്ങിയ തറവാടുകളുമായി അദ്ദേഹത്തിനുണ്ടായിരുന്നു ഹൃദയബന്ധം(തിരിച്ചിങ്ങോട്ടും) എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
    കോയക്കുഞ്ഞി നഹ അവർകളും വലിയുപ്പയും തമ്മിൽ ഏറെ ആത്മ ബന്ധമുള്ളവരായിരുന്നു. കോയക്കുഞ്ഞി നഹ നിര്യാതനായ ദിവസം വലിയുപ്പ ഏറെ പ്രയാസപ്പെടുകയും അവർക്ക് അന്ന് വൈകുന്നേരം പക്ഷാഘാതം ഉണ്ടാവുകയും ചെയ്തു.

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.