വന്നു കുടുങ്ങിയവര്‍

2011, സെപ്റ്റംബർ 15

പോക്കര്‍ഹാജിയും പ്രോഗ്രസ്സ് കാര്‍ഡും

വര :അഫ്സല്‍ മിഖ്ദാദ്
പോക്കരാജിയുടെ ഏക മകനാണ് ആലി, ഒന്ന് മുതല്‍ എല്ലാ ക്ലാസ്സിലും ഓരോ കൊല്ലം കൂടുതല്‍ ഇരുന്നാണ് ആലി ഹൈസ്കൂള്‍ വരെ എത്തിയത്..ബപ്പാക്ക് ആലിയെ നോക്കാനോ, ആലിക്ക് ബാപ്പാനെ നോക്കാനോ നേരമില്ല, ഹാജിയാര് ഹാജിയാരെ വഴിക്ക് അങ്ങനെ പാടത്തും പറമ്പിലും ഒക്കെയായി പണമുണ്ടാക്കാന്‍ നാട്ടപ്പാചിലില്‍ ആണ്.  ആണ്ടോടാണ്ട് തേങ്ങയിടാനും, അടക്ക വാരാനും, കുരുമുളക് പറിക്കാനും ഒക്കെയുള്ളതിനാല്‍ പോക്കരാജിക്ക് മകനെ കുറിച്ച് ആലോചിക്കാനോ തല പുണാക്കാനോ  ഒന്നും നേരമില്ല..എങ്കിലും ആലിയെ പഠിപ്പിച്ചു നല്ല നിലയില്‍ എത്തിക്കണമെന്ന അതിയായ ആഗ്രഹം മനസ്സിലുണ്ട് ഹാജിയാര്‍ക്ക് .

ശോശാമ്മ ടീച്ചറുടെ സ്വന്തം ക്ലാസ്സായ  പത്തു  എഫില്‍ മീശ മുളച്ച ഒരേ ഒരു പയ്യന്‍ ആലിയാണ് .. ആലിയുടെ അത്ര ഉയരമുള്ളവരും ക്ലാസ്സില്‍ വേറെയില്ല. അതുകൊണ്ട് തന്നെ ക്ലാസ്സില്‍ ഏറ്റവും പിറകിലെ സീറ്റില്‍ തന്നെ ആലിക്ക് ഇത്തവണയും സ്ഥാനം കിട്ടി. എന്നാല്‍ താന്‍ പിറകിലാണ്  എന്നാ ഒരഹങ്കാരവും ആലിക്കില്ല. ആലി സ്കൂളിലേക്ക് വരുന്നതിനു പിന്നില്‍ ഒറ്റ ലക്ഷ്യമേയുള്ളൂ...പഞ്ചാരടി ഇതില്‍ കവിഞ്ഞു ഒരു  ലക്ഷ്യവും ആലിക്കില്ല. അത് കൊണ്ട് തന്നെ രാവിലെ സ്കൂള്‍ ഗേറ്റ് തുറക്കുന്നതിനും മുമ്പ് തന്നെ ആലി സ്കൂളിന്റെ മുമ്പിലെത്തുക പതിവാണ്..പിന്നെ പത്തു മണിക്ക് സ്കൂള്‍ തുടങ്ങുന്നത് വരെ എട്ടു മുതല്‍ പത്തു വരെയുള്ള എല്ലാ ക്ലാസുകളിലും പോയി ലൈനടി തന്നെ പ്രധാന പണി...

അതിനിടക്കാണ് ഓണപ്പരീക്ഷ എത്തിയത്, ശോശാമ്മ ടീച്ചര്‍ ആലിയെ ഒരുപാട് ഉപദേശിച്ചു നോക്കി, എന്നിട്ടെന്തു, ഓണപ്പരീക്ഷ കഴിഞ്ഞു..ആകെയുള്ള 48 കുട്ടികളില്‍ ആലിക്ക് റാങ്ക് 48 , ആ പതിവില്‍ ഇത്തവണയും മാറ്റമൊന്നും ഉണ്ടായില്ല. ശോശാമ്മ ടീച്ചര്‍ പ്രോഗ്രസ്സ് കാര്‍ഡ് കൊടുക്കുകയാണ്, ശരാശരിക്കു പിറകിലുള്ളവരെയും, നന്നേ പിറകിലുള്ളവരെയും ഒക്കെ വേറിട്ട്‌ തന്നെ നിറുത്തിയിട്ടുണ്ട്, അവര്‍ക്ക് കാര്‍ഡില്ല, അവരുടെ കാര്‍ഡുകളില്‍ രക്ഷിതാക്കള്‍ നേരിട്ട് വന്നു ഒപ്പിടണം, ഒപ്പിടാന്‍ രക്ഷിതാകള്‍ വന്നില്ലെങ്കില്‍ കുട്ടികളെ ക്ലാസ്സില്‍ ഇരുതുന്നതല്ലെന്നുമാണ് ടീച്ചറുടെ നിര്‍ദേശം. ആലി കുടുങ്ങിയത് തന്നെ.

മൂന്നു ദിവസമായി ആലി സ്കൂളില്‍ പോയിട്ട്.. എന്ത് ചെയ്യാനാ, മേലെ തോടുവിലും, പുഞ്ചപ്പാടതും ഒക്കെ കറങ്ങി നടക്കുന്ന ബാപ്പയുണ്ടോ സ്കൂളിലേക്ക് വിളിച്ചാല്‍ വരുന്നു, ഉമ്മയാണെങ്കില്‍ അങ്ങനെ പുറത്തൊന്നും വല്ലാതെ ഇറങ്ങാത്ത ടൈപ്പും, സ്കൂളില്‍ പോകാതെ അലഞ്ഞു നടക്കുന്ന ആലിയെ കണ്ട പാടെ അബൂബക്കര്‍ മാഷിനു കാര്യം പിടി കിട്ടി, മാഷ്‌ നാട്ടിലെ പ്രമാണിയായ കലന്തന്‍ ഹാജിയോടു കാര്യങ്ങള്‍ അവതരിപ്പിച്ചു, എങ്ങനെയെങ്കിലും പോക്കരാജിയെ ഒന്ന് സ്കൂള്‍ വരെ എത്തിച്ചു തന്നാല്‍ മതി ബാക്കി അബൂബക്കര്‍ മാഷ്‌ ഏറ്റിരിക്കുകയാണ്.

അബൂബക്കര്‍ മാഷിന്റെ തന്ത്രം ഫലിച്ചു, കലന്തന്‍ ഹാജി പറഞ്ഞ പ്രകാരം പോക്കര്‍ഹാജി ഇന്ന് സ്കൂളില്‍ പോകുകയാണ് , മകന്‍ ആലിയുമുണ്ട്‌ കൂടെ,  സ്കൂള്‍ ഗേറ്റ് ആദ്യമായി കടക്കുകയാണ്  പോക്കര്‍ ഹാജി, നേരെ ഓഫീസ് റൂമിലെത്തി ശോശാമ്മ ടീച്ചറെ കണ്ടു, തൊട്ടപ്പുറത്ത് തന്നെ അബൂബക്കര്‍ മാശുമുണ്ട്, ഹാജിയാരെ ഒന്ന് ബഹുമാനിച്ച  ശേഷം ശോശാമ്മ ടീച്ചര്‍ക്ക് ഹാജിയാരെ പരിചയപ്പെടുത്തി അബൂബക്കര്‍ മാഷ്‌.

ഇതാണ് നിങ്ങളുടെ മകന്റെ പ്രോഗ്രസ്സ് കാര്‍ഡു , ശോശാമ്മ ടീച്ചര്‍ മുഖവുരയില്ലാതെ തന്നെ കാര്യത്തിലേക്ക് കടന്നു. ക്ലാസീലെ ആകെയുള്ള 48  കുട്ടികളില്‍ 48 -മത്തെ റാങ്ക് ആണ് നിങ്ങളുടെ മകന്‍ ആലിക്ക്..പഠനത്തില്‍ ഏറ്റവും പിറകിലാണ് ആലി .. ടീച്ചര്‍ ഇത് പറഞ്ഞ പാടെ ഹാജിയാര്‍ ഇടപെട്ടു, ഹല്ലാ ടീച്ചറെ ഇത്ര തോനെ കുട്ടിയെള് ഉണ്ടോ ഈ ക്ലാസ്സില്..അങ്ങനെങ്കില്‍  ഒനെങ്ങിനെ പഠിക്കും, ഇങ്ങള് ഒരു കാര്യം ചെയ്യി, കുട്ടിയേളെ എണ്ണം ലെശോന്നു കൊറക്കീ, ഇന്നട്ടു  ഞമ്മക്ക്  നോക്കാന്നു, ഹാജിയാരുടെ മറുപടിയില്‍ ശോശാമ്മ ടീച്ചര്‍ക്ക് ഉത്തരം മുട്ടിപ്പോയി, അതിനിടക്ക് അബൂബക്കര്‍ മാശ്  ഇടപെട്ടു, അല്ല ഹാജിയാരെ അതങ്ങനെ കുട്ടികളെ പെട്ടന്ന് എണ്ണം കുറക്കാനൊന്നും ഞങ്ങള്‍ക്കാവില്ല, നിങ്ങള്‍ ആലിയോടു നന്നായി പഠിക്കാനും, ക്ലാസ്സില്‍ നന്നായി ശ്രദ്ധിക്കാനും പറയണം, അതിനാണ് ഞങ്ങള്‍ നിങ്ങളെ വിളിപ്പിച്ചത്. മാഷേ ഇങ്ങള് ഞമ്മളെ അയല്‍വാസിയാണ്, ഇങ്ങള് ഞമ്മളെ കലന്തന്ഹാജീനോടു പറഞ്ഞിട്ടാ ഞമ്മള് ഇബടെ ബന്നത്.. കാര്യങ്ങള്‍ ഞമ്മളെക്കാളും  അറിയും ഇങ്ങക്ക്, ഇത്ര തോനെ കുട്ടിയേളെ ബെച്ചാണ് ഇത്രയും കാലം ഇങ്ങള് ഞമ്മളെ മോനെ പഠിപ്പിച്ചത് , ബല്ലാത്ത കഷ്ടായിട്ടോ...ഹാജിയാര്‍ക്ക് തൊണ്ടയിടറി..

ഹാജിയാരുടെ പരാതിയില്‍ കഴംപോന്നും ഇല്ലെങ്കിലും മറ്റു ഡിവിഷനുകളിലെ കുട്ടികളുടെ എണ്ണം പരിശോധിച്ച് വേണ്ടത് ചെയ്യാന്‍ തന്നെ സ്കൂള്‍ സ്ടാഫ്‌ തീരുമാനിച്ചു, തൊട്ടടുത്ത പത്തു  ജിയില്‍ ആകെ 30  കുട്ടികളെയുള്ളൂ. 10 കുട്ടികളെ അങ്ങോട്ട്‌ മാറ്റാനാണ് തീരുമാനം... ഹാ ഹാജിയാരെ ഞങ്ങള്‍ ആലിയുടെ ക്ലാസില്‍ നിന്നും പത്തു കുട്ടികളെ തൊട്ടടുത്ത ക്ലാസിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട് അബൂബക്കര്‍ മാഷാണ്  ഇത് പറഞ്ഞത്..ഓ ആയിക്കോട്ടെ ഞമ്മക്ക് പെരുത്ത്‌ ഇഷ്ടായി ഇഞ്ഞി ഞമ്മളെ മോന്‍ പഠിക്ക്നുണ്ടോന്നു ഞമ്മള്‍ ഒന്ന്  നോക്വ..
ഹാജിയാര്‍ക്ക് ആവേശമായി. ...

ആലി അങ്ങനെ വീണ്ടും ക്ലാസിലെത്തി, ശോശാമ്മ ടീച്ചര്‍ അവനോടു അനിഷ്ടം ഒന്നും പ്രകടിപ്പിച്ചില്ല, ഒരു തലമുറ വിദ്യ അഭ്യസിക്കാതത്തിന്റെ കുറവാണെന്ന് നന്നായിട്ട് അറിയാം ശോശാമ്മ ടീച്ചര്‍ക്ക്, ക്ലാസിലെ മറ്റു 37  കുട്ടികളോടും പെരുമാറുന്ന പോലെ തന്നെ ആലിയോടും  ടീച്ചര്‍ പെരുമാറി.

അങ്ങനെ മൂന്നു മാസം കഴിഞ്ഞു, ക്രിസ്മസ് പരീക്ഷയെത്തി..പതിവ് പോലെ ടീച്ചര്‍ ഇത്തവണയും എല്ലാവരെയും നന്നായി ഉപദേശിച്ചു.  പത്താം തരാം പാസ്സായാലേ ഗള്‍ഫില്‍ പോലും ജോലി സാധ്യത ഉള്ളൂ എന്നൊക്കെ ടീച്ചര്‍ അടിച്ചു വിട്ടു. എന്നിട്ടെന്തു, പരീക്ഷ കഴിഞ്ഞു, ആലി ഇപ്പോഴും പഴയ പോലെ തന്നെ, ആകെയുള്ള 38  കുട്ടികളില്‍ ആലിക്ക് 38 -മത് റാങ്ക്.

ആലിയില്‍ നിന്നും വിവരങ്ങള്‍ ഒക്കെയറിഞ്ഞ പോക്കരാജിക്ക് പെരുത്ത്‌ സന്തോഷായി, കുട്ടിയെലെ എണ്ണം കൊറചപ്പം ഇന്റെ മോന്‍ ഉഷാറായി, ഞാന്‍ അങ്ങട്ട് സ്കൂളിലേക്ക് ബരുനുണ്ട്..പോക്കര്‍ഹാജി പറഞ്ഞു.

അന്ന് തിങ്കളാഴ്ച ആലിയോടൊപ്പം സ്കൂളിലേക്ക് വീണ്ടും വന്നു പോക്കരാജി, നേരെ ഓഫീസ് റൂമിലെത്തി അധ്യാപകരോക്കെ എത്തുന്നെയുള്ളൂ, ശോശാമ്മ ടീച്ചര്‍ നേരത്തെ തന്നെ എത്തിയിട്ടുണ്ട്, ഹാ ടീച്ചറെ ഇപ്പം ഞമ്മളെ മോന് റാങ്ക് കൂടീലെ...ഞമ്മള് പറഞ്ഞത് എങ്ങനെണ്ട്..ഇങ്ങള് കുട്ടിയേളെ എണ്ണം ഇഞ്ഞും കൊറചാല് ഒന് ഇഞ്ഞും നല്ലോണം പഠിക്കും, ഞമ്മക്ക് നല്ല ഒറപ്പ്ണ്ടുന്നു..ഹാജിയാരുടെ വാക്കുകള്‍ അവിടെയുള്ള എല്ലാ അധ്യാപകരിലും ചിരി പടര്‍ത്തി, താന്‍ പറഞ്ഞതിനെ അധ്യാപകര്‍ കളിയാകി ചിരിക്കുകയാണെന്നു പോക്കര്‍ ഹാജിക്ക് മനസ്സിലായി, കയ്യിലുണ്ടായിരുന്ന പ്രോഗ്രസ്സ് കാര്‍ഡില്‍ ഒപ്പിട്ടു  ശോശാമ്മ ടീച്ചറുടെ മേശ പ്പുറത്ത് വെച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, ഇങ്ങളും ഇങ്ങളെ ഒരു കൊണ്ഗ്രെസ്സ് കാര്‍ഡും, ഇതാ പിടിചോളി...

പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് ആലി, അവധിക്കാലം ആയതിനാല്‍
മുഴുവന്‍ സമയവും ആലി ബാപാന്റെ കൂടെ തന്നെയാണ്, പാടത്ത് വെള്ളം നനക്കുന്നതിനിടയിലാണ് അബൂബക്കര്‍ മാഷ്‌ അത് വഴി വന്നത്, ഹല്ലാ ആലി ഇന്ന് പത്താം ക്ലാസ് ഫലം വന്നിട്ടുണ്ട്, നീ സ്കൂളിലൊന്നും പോയില്ലേ? മാഷെ ചോദ്യം കേട്ട പാടെ പോക്കര്‍ ഹാജിയും, ആലിയും കൂടി പണിയൊക്കെ അവിടെയിട്ട് നേരെ സ്കൂളിലേക്ക് വിട്ടു.

സ്കൂളിലെ നോടീസ് ബോര്‍ഡില്‍ ജയിച്ച കുട്ടികളുടെ നമ്പര്‍ ഇട്ടിട്ടുണ്ട്, പോക്കര്‍ ഹാജിയും, ആലിയും കൂടി ആ നോടീസ്  ബോര്‍ഡില്‍ ആകെ  പരതി നടക്കുകയാണ്, എങ്ങനെയെങ്കിലും ഒന്ന് ജയിച്ചിരുന്നെങ്കില്‍ എന്ന് ആലിക്കും വല്ലാത്ത ആശയുണ്ട്, പക്ഷെ  ആലിയുടെ നമ്പറില്ല, സ്കൂളിലെ ഓഫീസ് സ്റാഫ് വന്നു പോക്കര്‍ഹാജിയോടായി   പറഞ്ഞു. ഹാജിയാരെ ആലിയുടെ നമ്പറില്ല, തൊട്ടു മുമ്പത്തെ നമ്പരും, ശേഷമുള്ള നമ്പരും ഉണ്ട്...

ഛെ ഒറ്റ നമ്പരിനാണ് ഞമ്മളെ മോന് തോറ്റത് എന്നും പറഞ്ഞു ഹാജിയാര്‍ ആലിയെയും കെട്ടിപ്പിടിച്ചു കരയുമ്പോള്‍ സ്കൂള്‍ വരാന്തയില്‍ കുട്ടികള്‍ ഒന്നാകെ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു...


10 അഭിപ്രായങ്ങൾ:

  1. "മാഷേ ഇങ്ങള് ഞമ്മളെ അയല്‍വാസിയാണ്, ഇങ്ങള് ഞമ്മളെ കലന്തന്ഹാജീനോടു പറഞ്ഞിട്ടാ ഞമ്മള് ഇബടെ ബന്നത്.. കാര്യങ്ങള്‍ ഞമ്മളെക്കാളും അറിയും ഇങ്ങക്ക്, ഇത്ര തോനെ കുട്ടിയേളെ ബെച്ചാണ് ഇത്രയും കാലം ഇങ്ങള് ഞമ്മളെ മോനെ പഠിപ്പിച്ചത് , ബല്ലാത്ത കഷ്ടായിട്ടോ...ഹാജിയാര്‍ക്ക് തൊണ്ടയിടറി.."
    ...മലബാര്‍ മലയാളത്തിന്റെ കലര്‍പ്പില്ലാത്ത നന്മ.നല്ലൊരു വായനാനുഭവത്തിനു നന്ദി...

    മറുപടിഇല്ലാതാക്കൂ
  2. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. അടിപൊളി സ്റ്റോറി എനിക്ക് ഒത്തിരി ഇഷ്ടായി. ഇനിയും വരട്ടെ ഒത്തിരി നല്ല രാജനകള്‍.
    http://ftpayyooby.blogspot.com/2011/09/miracle-of-prophet-sallallahu.html

    മറുപടിഇല്ലാതാക്കൂ
  4. എത്ര നിഷ്കളങ്കനായ ഹാജ്യാര്‍.
    കൊള്ളാട്ടോ. ചരട് പൊട്ടാതെ എഴുതിയിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.