വന്നു കുടുങ്ങിയവര്‍

2011, നവംബർ 2

മൂസാക്കയുടെ റാഡോ വാച്ചും, ആയിശുവിന്റെ പൂവന്‍ കോഴിയും


ഉച്ചവെയിലില്‍ തിളങ്ങുന്ന പാടപ്പച്ചക്ക് നടുവിലൂടെ മൂസാക്ക ആഞ്ഞു നടന്നു,
മുട്ടി തുന്നിയ കള്ളിത്തുണി മടക്കിപ്പിടിച്ചപ്പോള്‍ കയ്യിലെ റാഡോ വാച്ചിന് പൊന്‍തിളക്കം!
ഗള്‍ഫില്‍ നിന്നും വന്ന മൂത്ത മകന്‍ അയൂബ് തന്ന സമ്മാനമാണ് ആ വാച്ച്,
മൂസാക നല്ല ഗമയോടെ തന്നെ നടന്നു;
ഇടയ്ക്കിടെ വാച്ചിലേക്കും നോക്കി കൊണ്ടേയിരുന്നു..

പാടവരമ്പത്ത് നിന്നും റോഡിലേക്ക് കയറിയ പാടെ നിറഞ്ഞ വയറുമായി
അതാ വരുന്നു പരപ്പനങ്ങാടിയിലെക്കുള്ള ട്രക്കര്‍,
വാച്ച് കെട്ടിയ കൈകള്‍ തന്നെ മൂസാക്ക റോഡിന്റെ നടുവിലേക്ക് നീട്ടി,
വാച്ചില്‍ നിന്നും പ്രതിഫലിച്ച സൂര്യരശ്മികളില്‍ ട്രക്കര്‍ യാത്രക്കാരുടെ കണ്ണുകള്‍ ഉടക്കി..
'ഹാ മൂസാക്ക എന്താ പെണ്ണ് കാണാന്‍ പോവ്വാ?'
പച്ചക്കറിക്കച്ചവടക്കാരന്‍ അയമുദുവിന്റെ കമന്റ് മൂസാക്കാക്ക് തീരെ പിടിച്ചില്ല.
'ആടാ അന്റെ ഉമ്മാനെയാണ്‌ പെണ്ണ് കാണാന്‍ പോണത്..'
ക്ഷിപ്രകോപിയായ മൂസാക്ക ഇത് പറഞ്ഞപ്പോള്‍ ട്രക്കര്‍ യാത്രക്കാരില്‍ കൂട്ടച്ചിരി പരന്നു.
അയമുദുവിന്റെ നാവിറങ്ങിപ്പോയ പോലെ..

മൂസാക വീണ്ടും  വാച്ചിലേക്ക് നോക്കി, സമയം പന്ത്രണ്ടു മണി,
ജുമുആ തുടങ്ങുന്നതിനു മുമ്പേ പനയത്തില്‍ പള്ളിയില്‍ എത്തണം,  മൂസാക്കയുടെ മനസ്സ് മന്ത്രിച്ചു.

'അല്ല മൂസാക്ക അയൂബ് വന്നക്ക് ണല്ലേ'
ആയിശുവിന്റെ ആ റൊമാന്റിക് ചോദ്യത്തിന് മുമ്പില്‍ മൂസാക്ക ഒന്ന് തണുത്തു..
'ഹും' എന്ന് മറുപടിയും പറഞ്ഞു..
വെള്ളിയാഴ്ചയായതിനാല്‍ ട്രക്കരില്‍ നല്ല തിരക്കാണ്,
പിന്‍ സീറ്റില്‍ ഞെരിഞ്ഞാണ് ആയിശു ഇരിക്കുന്നത്,
മൂസാക ട്രക്കരിന്റെ പിറകില്‍ തൂങ്ങുകയാണ്..
ഒരിക്കല്‍ കൂടി വാച്ചിലേക്ക് നോക്കിയ മൂസാക്ക സ്തബ്ധനായി..
റാഡോ വാച്ച് കാണാനില്ല...

ഡ്രൈവറെ വണ്ടി നിര്‍ത്..എന്റെ വാച് കാണാനില്ല..
മൂസ്സാക്കയുടെ നിലവിളി, ഡ്രൈവര്‍ ട്രക്കര്‍ മെല്ലെ സൈഡാക്കി,
ട്രക്കര്‍ മുഴുവന്‍ അരിച്ചു പെറുക്കി, പക്ഷെ മൂസാക്കയുടെ വാച്ച് മാത്രം കാണാനില്ല,
നിലവിളിയും ബഹളവും കൂടി കൂടി വന്നു, മൂത്ത മകന്റെ ആദ്യ സമ്മാനം
നഷ്ടപ്പെട്ടോ എന്നോര്‍ത്ത് മൂസാക്കയുടെ നെഞ്ചിടിപ്പ് ഏറി...
'യാത്രക്കാര്‍ ആരും തന്നെ മൂസ്സാക്കാന്റെ വാച്ച് എടുത്തിട്ടില്ല'
ട്രക്കര്‍ ഡ്രൈവര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ മൂസാക്കയുടെ അരിശം കൂടി..
'ഇജ്ജു വണ്ടി പോലീസ് സ്റ്റേശനിലേക്ക് വിട് ബാക്കി അവിടുന്ന് കാണാ..
ആരാണ്  വാച്ച് എടുത്തതെന്ന് പോലീസുകാര് കണ്ടോളും..ഹാ'
മൂസ്സക്കയുടെ വാക്കുകളില്‍ യാത്രക്കാര്‍ ആകെ അമ്പരന്നു.

ഉച്ച മൂത്ത വെയിലും, ജുമുആ തുടങ്ങാന്‍ ആയെന്ന ഓര്‍മ്മയും എല്ലാവരും മറന്നു.
പോലീസ് സ്റ്റെഷനിലെക്കാണ് യാത്ര.
ആയിശു നന്നായി പരുങ്ങുന്നുണ്ടായിരുന്നു...
നാളിതു വരെ പോലീസ് സ്റ്റേഷന്‍ കണ്ടിട്ട് പോലുമില്ല.
ട്രക്കര്‍ സ്റ്റേഷന്‍ വളപ്പിലേക്ക് കയറിയപ്പോള്‍ തന്നെ പലരും വിയര്‍ക്കുന്നുണ്ടായിരുന്നു.

സ്റ്റേഷന്‍ മുറ്റത്തേക്കിറങ്ങി വന്ന എസ് ഐ കുമാരന്‍ ട്രക്കര്‍ യാത്രക്കാരെ മുഴുവന്‍ പുറത്തെക്ക് ഇറക്കി. ഓരോരുത്തരെയും പരിശോധിക്കാന്‍ തുടങ്ങി. ബാഗുകളും, സഞ്ചിയും ഒക്കെ പരിശോധിക്കാനാണ് കൊന്‍സ്ടബ്ള്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആയിശുവിന്റെ ബേജാര് കൂടി കൂടി വന്നു.

ഇനി അടുത്തത് പരിശോധിക്കാന്‍ പോകുന്നത് തന്റെ സഞ്ചിയാണല്ലോ എന്നോര്‍ത്ത് ആയിശു തളര്‍ന്നു. കൊന്‍സ്ടബ്ള്‍ വിജയന്‍ ആയിശുവിന്റെ സഞ്ചിയുടെ കെട്ടഴിക്കുകയാണ്,
പെട്ടന്ന്... ചുവന്ന പൂവുകളുള്ള ഒരു പുള്ളിപ്പൂവന്‍കോഴി കൂകി  വിളിച്ചു കൊണ്ട്
സഞ്ചിയില്‍ നിന്നും പുറത്തേക്കു ചാടി..
സ്വാതന്ത്ര്യം കിട്ടിയ പാടെ കോഴി പറന്നുയര്‍ന്നു,
സ്റ്റേഷന്‍ മുറ്റത്തെ മാവിന്‍ കൊമ്പത്തിരുന്നു ആയിശുവിന്റെ കോഴി മുദ്രാവാക്യം വിളിക്കുംപോളും മൂസ്സാക്കയുടെ റാഡോ വാച്ച് കൊന്‍സ്ടബ്ള്‍മാര്‍ തെരയുകയായിരുന്നു...
'മൂത്ത മോളെ കുട്ടിന്റെ സുന്നത് കയിഞ്ഞ്ക്കണ് , ഒന്ക്ക് സൂപ്പ് ബെക്കാനുള്ള കോയി ആണത് ..അയിനെ  എങ്ങനെങ്കിലും പിടിചെരിയോയ്' ..ആയിശുവും നിലവിളിക്കാന്‍ തുടങ്ങി.
പോലീസുകാര്‍ ആകെ പൊരുതി മുട്ടി!

വാച്ച് പോയ ദുഃഖത്തില്‍ സ്റ്റേഷന്റെ ഉമ്മറപ്പടിയില്‍ തളര്‍ന്നു ഇരിക്കുകയാണ് മൂസ്സാക്ക..
ആശ്വാസ വചനങ്ങള്‍ കൊണ്ടൊന്നും മൂസാക്ക അടങ്ങിയില്ല,
മൂസാക്കയുടെ ഗദ്ഗദം തേങ്ങലായി മാറി, പിന്നെ പിന്നെ അത് നിലവിളിയായി...
എസ് ഐ കുമാരന്‍ മൂസാക്കയെ  രണ്ടു തോളിലും പിടിച്ചു മെല്ലെ എഴുന്നേല്‍പ്പിച്ചു.
മൂസ്സക്ക മെല്ലെ സ്റ്റേഷന്‍ മതിലിന്മേല്‍ ചാരി നിന്നു..
എന്തോ കിലുങ്ങുന്ന ശബ്ദം കേട്ട പാടെ എസ് ഐ ഒന്ന് കൂടി മൂസ്സാക്കയുടെ തോളില്‍ തൊട്ടു നോക്കി,
അതാ വാച്ച്...റാഡോ വാച്ച്..തോളില്‍ കുടുങ്ങി ക്കിടക്കുന്നു.

എസ് ഐ ആഞ്ഞു തട്ടിയപ്പോള്‍ റാഡോ വാച്ച് കൈതണ്ടയിലേക്ക് ഊര്‍ന്നിറങ്ങി വന്നു.
ട്രക്കരില്‍ തൂങ്ങുമ്പോള്‍ വാച്ച് താഴേക്കു ഇറങ്ങി തോളില്‍  കുടുങ്ങിപ്പോയതാണെന്ന്
മൂസാക്ക തിരിച്ചറിയുമ്പോഴും
ആയിശുവിന്റെ പുള്ളിപ്പൂവന്‍ സ്റ്റേഷന്‍ മുറ്റത്തെ മാവിലിരുന്നു ഉച്ചത്തില്‍ കൂവുന്നുണ്ടായിരുന്നു..
ദൂരെ പനയത്തില്‍ പള്ളിയില്‍ നിന്നും ബാങ്കും കേള്‍ക്കാമായിരുന്നു...






19 അഭിപ്രായങ്ങൾ:

  1. ഐഷുവും, കുഞ്ഞക്കായും, കോഴിയും എസ് ഐയും എല്ലാം കൂടി ജോറായ്ക്കിണ്..

    ആശംസകൾ

    മംഗലത്തോപ്പ്

    മറുപടിഇല്ലാതാക്കൂ
  2. അങ്ങനെ കോഴിന്റെ ബിര്യാണി വെള്ളത്തിലായി.... :P

    മറുപടിഇല്ലാതാക്കൂ
  3. ഗംഭീരമായി പരപ്പനാടാ .. ഇനിയും എഴുതൂ......!

    മറുപടിഇല്ലാതാക്കൂ
  4. അവസാനം കോഴിക്ക് സ്വതന്ത്രം കിട്ടിയല്ലോ :)

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2011, നവംബർ 3 10:00 AM

    കൊള്ളാം, അവതരണം ഗംഭീരം..

    മറുപടിഇല്ലാതാക്കൂ
  6. പരപ്പനാട .... നല്ല പോസ്റ്റ്‌ ... അധികം വലിച്ചു നീട്ടാതെ ഹാസ്യം ശരിയാം വിധം ചേര്‍ത്ത് എഴുതി .... ആയിശൂനു പുള്ളി പൂകനെ തിരിച്ചു കിട്ട്യോ റബ്ബേ ...?
    ആശംസകളോടെ (തുഞ്ചാണി)

    മറുപടിഇല്ലാതാക്കൂ
  7. നന്നായിട്ടുണ്ട് പരപ്പനാടാ. നാട്ടിന്‍പുറത്തിന്റെ നൈര്‍മ്മല്യമുള്ള ഒരു നിഷ്കളങ്കമായ പോസ്റ്റ്.

    മറുപടിഇല്ലാതാക്കൂ
  8. ഹ ഹ....
    വളരെ നന്നായി....
    ആ കോഴിയുടെ ആയസ്സ് നീട്ടി കിട്ടി...

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍2011, നവംബർ 3 6:56 PM

    നല്ല അവതരണം ,
    ഒരു കാലഘട്ടത്തിന്റെ കാഴ്ചയും ,
    സുന്ദരം

    മറുപടിഇല്ലാതാക്കൂ
  10. റാഡോ വാച്ച് വരുത്തിയ വിനയേ....................

    മറുപടിഇല്ലാതാക്കൂ
  11. ഹഹഹ..റാഡോ വാച്ചിന്റെ ഒരു കാര്യേ...പോസ്റ്റിഷ്ടായീട്ടാ.... :)

    മറുപടിഇല്ലാതാക്കൂ
  12. ജോറായി പരപ്പനാടാ.. എല്ലാം സമം ചേർന്നിരിക്കുന്നു. :) കലക്കൻ....

    മറുപടിഇല്ലാതാക്കൂ
  13. നല്ല നിരീക്ഷണം, പരപ്പനാടാ.. സാധാരണ, സമ്മാനമായി കിട്ടുന്ന റിസ്റ്റ് വാച്ചുകളുടെ സ്ട്രാപ് നീളം കുറയ്ക്കാൻ മിനക്കെടാതെ നേരിട്ട് ഉപയോഗിയ്ക്കുമ്പോൾ, സംഭവിയ്ക്കാവുന്നത് വളരെ രസകരമായി എഴുതി..അഭിനന്ദനങ്ങൾ!

    മറുപടിഇല്ലാതാക്കൂ
  14. 'ഹാ മൂസാക്ക എന്താ പെണ്ണ് കാണാന്‍ പോവ്വാ?'
    പച്ചക്കറിക്കച്ചവടക്കാരന്‍ അയമുദുവിന്റെ കമന്റ് മൂസാക്കാക്ക് തീരെ പിടിച്ചില്ല.
    'ആടാ അന്റെ ഉമ്മാനെയാണ്‌ പെണ്ണ് കാണാന്‍ പോണത്..'

    ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് എല്ലാരും ഇങ്ങനെയേ പറയൂ... അതെന്താ ആവോ..?

    പോസ്റ്റ്‌ നന്നായി...

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.