വന്നു കുടുങ്ങിയവര്‍

2012, ജനുവരി 20

ബലിക്കാക്കകള്‍

ഇരുട്ടില്‍ കുടഞ്ഞിട്ട
തിരശീലകളിലേക്ക്
വാതായനം തുറന്നു വെച്ചവര്‍ ,
തൂവെള്ള വസ്ത്രങ്ങളില്‍
അലയുന്ന മാലാഖമാരെ
അതിഥിയായി കൊതിച്ചവര്‍ ,
കയ്യിലെ കൊലചോറ്
പാഥേയമെന്നും, വിഷപാനങ്ങള്‍
അമൃതെന്നും വൃഥാ ധരിച്ചവര്‍ ...
നിശ്വാസമായി ലഭിക്കുന്ന
ഇടവേളകളില്‍ പറന്നു
വീടണയുന്നവര്‍ , 
സ്നേഹം പകര്‍ന്നു
തീരാതെ തന്നെ തിരിച്ചു
പറക്കാന്‍ വിധിക്കപ്പെട്ടവര്‍
ബലിമൃഗങ്ങള്‍ ...
തകര്‍ന്നു പോവുന്നില്ലേ
കഥയില്ലാത്ത ഈ  ജീവിതങ്ങള്‍
പ്രവാസം എന്ന  കാണാകയറില്‍ ...

കരകാണാ  കയറില്‍ ഊഞ്ഞാല് കെട്ടി
ആനന്ദിക്കുന്നവരുണ്ട്‌.
കെട്ടി പിണഞ്ഞു കുടുങ്ങിയവരുമുണ്ട്..
കയറുകളില്‍  തന്നെ
ഒടുങ്ങിയവരുമുണ്ട്‌.
നൂല്പാലങ്ങളില്‍ നീങ്ങുന്ന
ഉറുമ്പിന്റെ ലക്‌ഷ്യം പോലും
ഇല്ലാതെ  കാത്തിരിക്കുന്നവര്‍ ..
അക്കരെപ്പച്ചകള്‍ കണ്ട് കൂട്
വിട്ടു, കൂട് തേടുന്നവര്‍ -
ദാഹം തേടിയലയുന്നില്ലേ  മരുഭൂമിയില്‍ ..
തണുപ്പിനു ജീവിതത്തിന്റെ
പുതപ്പും, ചൂടില്‍
സ്നേഹത്തിന്റെ വിശറിയുമില്ലാത്തവര്‍ ,
ഒഴുകിയെത്തുന്ന വാക്കുകളെ
ചെവിയിലൂടെ കേട്ട് മാറോടണക്കു -ന്നവര്‍  
ചുളിഞ്ഞ കിടക്ക വിരിപ്പുകള്‍
ഓര്‍മ്മകളിലൂടെ മാടി വിളിക്കുമ്പോള്‍
നിറമിഴികള്‍ തലയിണകളില്‍
പൂഴ്ത്തി വെച്ച് മിഴിനീരു ചിതറു -ന്നവര്‍


മരുപ്പച്ചകളിലേക്ക്
ധൃതിയില്‍  പാലായനം ചെയ്യുന്നവര്‍
ദൂരേക്ക്‌ നോക്കും തോറും
ദൂരങ്ങള്‍ കൂടിക്കൂടി വരുന്ന
മരീചികയിലകപ്പെട്ടവര്‍  ,
യാത്രകളില്‍ പ്രതീക്ഷകളുടെ
ഭാണ്ഡങ്ങള്‍ വെറുതെ പേറു -ന്നവര്‍ 
വരികളെ എവിടെയോ
മറന്നു വെച്ച കവികളെ പോലെ
ജീവിക്കാതെ ജീവിതം തേടുന്നവര്‍ ..
ഒട്ടിയ വയറിനെ  മറന്ന്
അകലങ്ങളിലെ വയറുകളെ
കുറിച്ചോര്‍ക്കുന്നവര്‍ ,  
ഭിക്ഷാംദേഹികള്‍ .. പാവങ്ങള്‍ ,
മണല്‍ വീശിയെത്തുന്ന 
മരുക്കാറ്റിന്റെ സംഗീതത്തില്‍  
വിശപ്പടങ്ങാതെ ,
വരികളും, കവിതയും തമ്മില്‍
ഇനിയും ദൂരം ബാക്കിയെന്നു
തിരിച്ചറിയുമ്പോള്‍
ഉധരങ്ങളില്‍ , അന്തരാളങ്ങളില്‍
രോഗം പേറുന്നവര്‍ ..
കാത്തു കൊതിച്ച വിരിപ്പും, കിടക്കയും
ആശുപത്രിക്കകത്താവും, പിന്നെ
മടക്ക ടിക്കറ്റ്  നാല്
ചുവരിനുള്ളിലേക്കാവും..
കൈകളില്‍ തൂങ്ങിയാടുന്ന
ബാല്യങ്ങള്‍ കളിപ്പാട്ടങ്ങള്‍ക്കും,
ചോക്ലേറ്റുകള്‍ക്കും വേണ്ടി
വട്ടമിടുമ്പോള്‍ ,
നാല് മണി വറ്റിനായി
ബലിക്കാക്കകളും 
വട്ടമിടുന്നുണ്ടാവും...
ആയുസ്സിന്റെ പാതയിലെ,
സ്വപ്നങ്ങളുടെ ബലിക്കല്ലില്‍
നിന്നും പതിയെ ബലിചോറും
കൊത്തി അവ പറക്കുന്നുമുണ്ടാവും...

  
  


21 അഭിപ്രായങ്ങൾ:

 1. പരപ്പനാടാ .....
  സംഗതി ജോറായിട്ടുണ്ട്....
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. പ്രവാസത്തിന്റെ വേദനകള്‍ മുഴച്ചു നില്‍ക്കുന്നുണ്ടല്ലോ ...എല്ലാ പ്രവാസികളും ഇങ്ങനെ തുടങ്ങിയാല്‍ ഇനി ആരും പ്രവാസത്തിനു ഒരുങ്ങുമെന്നു തോന്നണില്ല ...നന്നായിട്ടുണ്ട് ട്ടോ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അനുഭവത്തിന്റെ തീവ്രതയില്‍ എഴുതിയതാണ്..നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളെ മനസ്സിനുള്ളില്‍ ഒതുക്കാനാവാത്ത ഓരോ പ്രവാസിയും ഇതൊക്കെ തന്നെയാണ്..നന്ദി വായനക്കും അഭിപ്രായത്തിനും...

   ഇല്ലാതാക്കൂ
 3. കവിത ഇഷ്ട്ടമായി..
  ഒന്ന് കൂടി കുറുക്കിയാല്‍ ഒന്നൂടെ മിനുങ്ങുമായിരുന്നു..
  എന്റെ വീക്ഷണമാണ് ...
  :)
  തിരിച്ചും ആകാം...
  അത് കവിയുടെ സ്വാതന്ത്ര്യം !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയാണ്, ചുരുക്കി അവതരിപ്പിക്കേണ്ടിയിരുന്നു..പ്രവാസത്തിന്റെ അനുഭവതീക്ഷ്ണമായ വരികള്‍ കുറുക്കി ചുരുക്കാമായിരുന്നു, പക്ഷെ പരിചയക്കുറവോ, അതല്ലെങ്കില്‍ പരന്ന വായനയുടെ കുറവോ ആയിരിക്കാം. വായനക്കും, അഭിപ്രായത്തിനും നന്ദിയുണ്ട്..അലിഫ്

   ഇല്ലാതാക്കൂ
 4. എന്റെ നഷ്ടങ്ങളെനിക്കുള്ള നേട്ടങ്ങളായ്‌
  സ്വപ്നങ്ങൾ അവരെക്കുറിച്ചുള്ള യാഥാർത്യങ്ങളും
  സ്വന്തമായതോ!! എനിക്കെന്റെ പ്രാരാബ്ധങ്ങളും... അതെ ആ പ്രവാസി.. പാവം പിടിച്ചവൻ.. പരപ്പനാടാ നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ജെഫു എപ്പോഴുമുള്ള ഈ തലോടലിനും, അകമഴിഞ്ഞുള്ള പ്രോത്സാഹനത്തിനും..

   ഇല്ലാതാക്കൂ
 5. ഒരര്‍ത്ഥത്തില്‍ എല്ലാരും പ്രവാസികള്‍ ആണ് ,ആര്‍ക്കൊക്കെയോ വേണ്ടി ചുമട് ചുമക്കുന്നവര്‍,,നന്നായി ,ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. നല്ല കവിത..ആ ചിത്രങ്ങള്‍ ആവശ്യമായിരുന്നോ...

  മറുപടിഇല്ലാതാക്കൂ
 7. പ്രയാസതിന്റെ തിക്ഷണത നല്ല പ്രതിഫലനമുണ്ട് കവിതയില്‍
  വരികള്‍ പലഇടത്തും സ്പാര്‍കിങ്ങാല്‍ തിളങ്ങി

  മറുപടിഇല്ലാതാക്കൂ
 8. വരികളെ എവിടെയോ
  മറന്നു വെച്ച കവികളെ പോലെ
  ജീവിക്കാതെ ജീവിതം തേടുന്നവര്‍ പ്രവാസത്തിന്റെ നൊമ്പരങ്ങളെ അക്ഷരങ്ങളില്‍ പ്രതിഫലിപ്പിച്ചത് നന്നായി നല്ല വരികള്‍ ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  മറുപടിഇല്ലാതാക്കൂ
 9. പ്രവാസത്തിന്റെ പ്രയാസം.... വേദന നിറഞ്ഞ വരികള്‍...
  നന്നായിട്ടുണ്ട്....
  സ്നേഹാശംസകളോടെ....

  മറുപടിഇല്ലാതാക്കൂ
 10. നന്നായിരിക്കുന്നു ട്ടോ കവിത. അതിനിട്യ്ക്ക് ആ ചിത്രങ്ങൾ വേർതിരിക്കാൻ ഉണ്ടായോണ്ട് പറയാൻ എളുപ്പമായി. അതിൽ എനിക്കേറ്റവും ഇഷ്ടായത് രണ്ടാമത്തേ ട്ടോ. കൂട്ടത്തിൽ ഏറ്റവും ആകർഷിച്ച വരികൾ
  ഒട്ടിയ വയറിനെ മറന്ന്
  അകലങ്ങളിലെ വയറുകളെ
  കുറിച്ചോര്‍ക്കുന്നവര്‍, എന്നതും. അസ്സലായിരിക്കുന്നു, ഇനി ആ 'പണി' പോസ്റ്റ് നാളെ വായിച്ചേക്കാം. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 11. ഹോ പാവം പാവം പ്രവാസി...

  കേട്ടിട്ട് ഞാന്‍ ഗദ്ഗദ കണ്ഠനായി..
  (ഓ പിന്നേ)

  മറുപടിഇല്ലാതാക്കൂ
 12. ഒട്ടിയ വയറിനെ മറന്ന്
  അകലങ്ങളിലെ വയറുകളെ
  കുറിച്ചോര്‍ക്കുന്നവര്‍ ,
  ഭിക്ഷാംദേഹികള്‍ .. പാവങ്ങള്‍ ,

  CONGRATS

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.