വന്നു കുടുങ്ങിയവര്‍

2012, ഫെബ്രുവരി 3

നിങ്ങള്‍ യേശുവിനെ കമ്മ്യുണിസ്റ്റാക്കി....

പാര്‍ട്ടി ആപ്പീസിലെ കാറല്‍ മാര്‍ക്സിന്റെ പടത്തിലേക്ക് തന്നെ നോക്കിയിരിക്കുമ്പോള്‍ ഏതു സഖാവിനും പെട്ടന്ന് കൃസ്തു ദേവനെ ഓര്‍മ്മ വന്നു പോകും, ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ , വരുന്നതെല്ലാം അവനെന്നു തോന്നും എന്നാണല്ലോ. എനിക്ക് ശേഷം ഒരാള്‍ വരും അയാളുടെ ചെരുപ്പിന്റെ വാര്‍ അഴിക്കാന്‍ പോലും  ഞാന്‍ യോഗ്യനല്ല എന്ന് യേശു പറഞ്ഞതായി യോഹന്നാന്റെ സുവിശേഷത്തില്‍  കാണാമല്ലോ..അത് കാറല്‍ മാര്‍ക്സിനെ കുറിച്ചാണെന്ന ധാരണയിലാണ് പലരും.. . കാറല്‍ മാര്‍ക്സ്‌, ലെനിന്‍ , സ്റ്റാലിന്‍, ചെഗുവേര തുടങ്ങി കമ്മ്യുണിസ്റ്റ്‌ വിപ്ലവാചാര്യന്മാരുടെ അതെ മുഖച്ചായ തന്നെ യേശുവിനും എന്ന്  അവര്‍ക്ക്  തോന്നുന്നുവെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നീണ്ട താടിയും മെലിഞ്ഞുണങ്ങിയ ശരീരവുമായി യേശുദേവന്‍ കുരിശില്‍ കിടക്കുന്നത് കാണുമ്പോള്‍ മാര്‍ക്സിന്റെയോ, എംഗല്‍സിന്റെയോ, ചെഗുവേരയുടെയോ ഒക്കെ താടിയുള്ള മുഖം യേശുവിന്റെ മുഖത്ത് ആരും ദര്‍ശിച്ചു പോകുക സ്വാഭാവികം മാത്രം. അതിനു പോളിറ്റ്‌ ബ്യുറോയിലോ, സംസ്ഥാന കമ്മിറ്റിയിലോ  അംഗമാകണം എന്നില്ല. പ്രാര്‍ത്ഥിക്കാന് ഓരോരോ കാരണങ്ങള്‍ എന്ന പരസ്യം പോലെ അതല്ലെങ്കില്‍  ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ എന്ന് പറഞ്ഞത് പോലെ... ഇപ്പോള്‍ സ്വപ്നം കാണുന്ന സീസണല്ലേ, കാന്തപുരത്തിന് മുഹമ്മദ്‌ നബി(സ അ)യുടെ മുടി കൊടുക്കണമെന്ന് അബുദാബിയിലുള്ള ഖസ്രാജി സ്വപ്നം കാണുന്നു, സാക്ഷാല്‍ മുഹമ്മദ്‌ നബി (സ അ) യെ തന്നെ ചില അഹ്സനിമാര്‍ സ്വപ്നം കാണുന്നു,  ഇത് പോലെ  ചില കമ്മ്യുണിസ്റ്റ് ദാര്ശനികള്‍ യേശുവിനെ സ്വപ്നത്തില്‍ കാണുന്നു എന്ന് കരുതിയാല്‍ പോരെ...

സംസ്ഥാന സെക്രട്ടരിയെട്ടിലും, പോളിറ്റ് ബ്യുറോയിലും ഇരുന്നു തല പുകഞ്ഞു ചിന്തിക്കുന്നവര്‍ക്കേ ഇങ്ങനെ വിശാലമായി ചിന്തിക്കാനും, സ്വപ്നം കാണാനും  കഴിയുകയുള്ളൂ. പ്രാര്‍ത്ഥിക്കാനും  ഓരോരോ കാരണങ്ങള്‍ എന്ന് പറഞ്ഞു ഈ ചിന്തകളെ ആരും പിറവം ഉപതെരഞ്ഞെടുപ്പുമായി കൂട്ടികെട്ടെണ്ട. അതിനോടൊന്നും പ്രതികരിക്കാന്‍ ഏതായാലും നമ്മുടെ സഖാക്കളില്ല. കാലബോധമില്ലാത്ത  ഇന്നത്തെ കാലാവസ്ഥയില്‍ കമ്യുണിസ്റ്റ്‌കാരും കാലത്തിനനുസരിച്ച് മാറി കൊണ്ടിരിക്കണം. അപ്പോഴേക്കും പാര്‍ട്ടിയിലെ ചില തല നിരച്ച ഉറക്കം തൂങ്ങികള്‍ കര്‍ത്താവിനെ ഒറ്റിക്കൊടുത്ത ജൂദാസിനെ പോലെ രംഗത്ത് വരുന്നത് സ്വാഭാവികം മാത്രം.അവരോടൊക്കെ ഒന്നേ പറയാനുള്ളൂ ലെനിനിസ്റ്റ്‌ തത്വശാസ്ത്രങ്ങള്‍ മുറുകെ പിടിച്ചു കേസും കോടതിയുമായി കഴിഞ്ഞു കൊള്ളുക, അതല്ലെങ്കില്‍ അടങ്ങിയൊതുങ്ങി മൂലയില്‍ കഴിയുക, അവൈലബിള്‍ പി ബി ചേരുമ്പോള്‍ വിളിക്കാം..അത്ര മാത്രം.

പണ്ട് റഷ്യന്‍ വിപ്ലവത്തിന് ശേഷം സെന്റ്‌ പീറ്റേര്‍സ് ബര്‍ഗിന്റെ പേര് തന്നെ മാറ്റി റെഡ്‌ സ്കൊയര്‍ എന്നാക്കി.. കേരളത്തിലും കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി ഏതാണ്ട് ഇങ്ങനെയൊക്കെയായിരുന്നു..പള്ളിക്കാരെയും, പാട്ടക്കാരെയും, പള്ളീലച്ചന്മാരെയും ഒക്കെ കാണുന്നത് തന്നെ വെറുപ്പായിരുന്നു. പരസ്യമായി പാര്‍ട്ടി ഇക്കൂട്ടരെയൊക്കെ തള്ളിപ്പറഞ്ഞിരുന്നെങ്കിലും, രഹസ്യമായി പാര്‍ട്ടി സഖാക്കള്‍ക്കൊക്കെ അരമനകളുമായി നല്ല ബന്ധമായിരുന്നു. സഭാ മേലധ്യക്ഷന്മാരെ നികൃഷ്ട ജീവിയെന്നു വിളിച്ചു ആക്ഷേപിക്കുമ്പോഴും, സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു കൊല വിളിക്കുമ്പോഴും ഈ 'നല്ല' ബന്ധം പാര്‍ട്ടി തുടര്‍ന്ന് പോന്നിരുന്നു. ധ്യാന കേന്ദ്രങ്ങളില്‍ കയറി ഞെരങ്ങി പോലീസും ആ 'ബന്ധം' കൂടുതല്‍ ദൃഡമാക്കിയതായിരുന്നു. എന്നിരുന്നാലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍  ലത്തീന്‍ കത്തോലിക്കര്‍ കൂടുതലുള്ളിടത്തു ഒരു ലത്തീന്കാരനെ, കത്തോലിക്കരുള്ളിടത്തു കത്തോലിക്കനെ,യാക്കോബായയാണെങ്കില്‍ യാകൊബായക്കാരനെ ഒക്കെ  സ്ഥാനാര്തികളാക്കി പാര്‍ട്ടി അതിനു പലതവണ പ്രായശ്ചിത്തം ചെയ്തതാണ്, പല കുഞ്ഞാടുകളെയും അങ്ങ് ഡല്‍ഹിയിലേക്കും, തിരുവനന്തപുരത്തേക്കും വരെ വണ്ടി കയറ്റി വിട്ടതുമാണ്. എന്നിട്ടും ചില കുഞ്ഞാടുകള്‍ സഭയുടെ താല്പര്യങ്ങള്‍ക്ക് ഒപ്പം നിന്ന് പാര്‍ട്ടിയുടെ ചട്ടക്കൂടും തകര്‍ത്ത് കുമ്പസാരക്കൂട്ടിലേക്ക് മാമോദീസ മുക്കാന്‍ പോയി, ശ്ശൊ എത്ര കഷ്ടം..കര്‍ത്താവ്  പൊറുക്കുകേല.. ഹൃദയം എത്ര തുറന്നു കാട്ടിയിട്ടും ചില സഭകള്‍  ചെമ്പരത്തിപ്പൂവാണെന്ന് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു.    കഴിഞ്ഞ ലോകസഭാ/തദ്ദേശ/നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ സഭകള്‍ പാര്‍ട്ടിക്കെതിരെ കൊളോണിയലിസ്റ്റ് ചിന്താസരണിയുമായി റാഡിക്കലായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നാണു പാര്‍ട്ടിക്ക് മനസ്സിലായ കാര്യം.

കോലഞ്ചേരി എന്നോ, പുഷ്പഗിരിയെന്നോ, കേള്‍ക്കുമ്പോഴേക്കു കൊടിയെടുത്തു നടുറോട്ടില്‍ ഇറങ്ങിയിരുന്ന പാര്‍ട്ടി കുട്ടികളൊക്കെ ഇപ്പോള്‍ എ കെ ജി ഭവനിലെ കൃസ്തു ദേവന്റെ പടത്തിനു മുന്നിലിരുന്നു കുര്‍ബാന നടത്തുകയാണ്. പാര്‍ട്ടിയിലെ അവശകൃസ്ത്യാനികള്‍ക്ക് വേണ്ടി പാര്‍ട്ടി ആപ്പീസില്‍ തന്നെ ഒരു കുമ്പസാരക്കൂടും തുടങ്ങിയാലോന്നു ആലോചിച്ചു തുടങ്ങിയിരിക്കുന്നു.സിന്ധു ജോയിയെ പോലെ, മനോജ്‌ കുരിശിങ്കലിനെ പോലെ ഇനിയോരാളും പാര്‍ട്ടിക്ക് പുറത്തു പോയി കുമ്പസാരം നടത്തരുതല്ലോ.. പറ്റുമെങ്കില്‍ പാര്‍ട്ടി ക്ലാസുകള്‍ക്ക് പകരം സണ്‍‌ഡേ സകൂളുകളും തുടങ്ങാവുന്നതാണ്. പിറവം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനനുസരിച്ചായിരിക്കും കാര്യങ്ങളുടെ കിടപ്പ്. അതിനിടക്കാണ്  നഴ്സുമാരുടെ സമരം വന്നു പെട്ടിരിക്കുന്നത്.

ലയ്ക്‌ ഷോര്‍ ആശുപത്രിക്കും, കോലഞ്ചേരി മെഡിക്കല്‍ കോളേജിനും ഒക്കെ മുന്നില്‍ അവകാശ സമരത്തിനിരിക്കുന്ന നഴ്സുമാരെ ഞങ്ങളോട് ക്ഷമിക്കൂ, കണ്ടതിനും, കേട്ടതിനും ഒക്കെ ഇറങ്ങി പുറപ്പെട്ടു പള്ളീലച്ചന്മാരെ നാല് തെറി പറയാനും, ആശുപത്രിക്കകത്ത് കയറി കയ്യൂക്കു കാട്ടാനും ഞങ്ങള്‍ക്കിപ്പോള്‍ സമയമില്ല. നിങ്ങള്ക്ക് മുന്നില്‍ അപ്പക്കഷ്ണവുമായി കൃസ്തു ദേവനോ, മാര്‍പ്പാപ്പയോ പ്രത്യക്ഷപ്പെടാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം..പ്രാര്‍ത്ഥിക്കാനും ഓരോ കാരണങ്ങളെ.. അതല്ലെങ്കില്‍ ആ പിറവം കഴിയുന്നത് വരെ ഒന്ന് കാത്തിരിക്കൂ, കൊടിയെടുത്തു റോട്ടില്‍ ഇറങ്ങി നാല് ജീപ്പോ, ബസ്സോ, കത്തിച്ചു സമരം ചെയ്തു ഞങ്ങള്  കാണിച്ചു തരും വെയ്റ്റ് ആന്‍ഡ്‌ സീ.

പാര്‍ട്ടി ക്ലാസുകളില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അന്തിച്ചര്ച്ചകളുടെ പ്രസക്ത ഭാഗങ്ങള്‍ :-

'...സൂചിയുടെ ദ്വാരത്തില്‍ കൂടി ഒരൊട്ടകം പ്രവേശിച്ചാലല്ലാതെ ഒരു ധനവാനും സ്വര്‍ഗം പ്രാപിക്കുകയില്ലായെന്നാണ്  യേശു പറഞ്ഞത് ..കൃസ്തീയ സഭാ മേലധ്യക്ഷന്മാര്‍ എത്ര നികൃഷ്ട ജീവികളാണെങ്കിലും കൃസ്തു ദേവന്‍ നല്ല ആദര്‍ശവും, നിഷ്ടയുമോക്കെയുള്ള ഒരു വിമോചകനായിരുന്നു, കൃസ്തു പറഞ്ഞു വെച്ചതും, ജീവിച്ചു കാണിച്ചതുമായ കാര്യങ്ങളാണ്  കമ്മ്യുണിസ്റ്റ്‌ മാനിഫെസ്റ്റോയില്‍ പോലുമുള്ളത്...'.നേതാവ് തുടരുന്നതിനിടയില്‍ ചെത്തു തൊഴിലാളി യൂണിയന്റെ കാര്യപ്രസക്തമായ ഇടപെടല്‍ അതിങ്ങനെ :-
'...കാനായിലെ കല്യാണത്തിന് യേശു മദ്യം വിളമ്പിയെന്നു ബൈബിളില്‍ പറയുന്നു, അത് തന്നെയല്ലേ നമ്മള്‍ കേരളത്തിലും ചെയ്യുന്നുള്ളൂ, പച്ച വെള്ളം പോലും വീഞ്ഞാക്കി മാറ്റിയ യേശു ദേവനിലാണ്  നമുക്ക് മാതൃക..' എല്ലാ ചെത്തു തൊഴിലാളികളും അത് കേട്ട് കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു. നേതാവിന് ഹരം കയറി..അദ്ദേഹം തുടര്‍ന്നു
'...ഇന്നാട്ടില്‍ കല്യാണത്തിനും, സല്കാരത്തിനും, സമ്മേളനങ്ങള്‍ക്കും ഒക്കെ നമ്മുടെ അബ്കാരികള്‍ ഈ  'പച്ചവെള്ളം' സുലഭമാക്കുന്നുമുണ്ടല്ലോ..   കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍  യേശു ദേവനോടു പാര്‍ട്ടിക്ക് നല്ല മതിപ്പാണ്..പക്ഷെ മദ്യമായാലും, വീഞായാലും  കഴിച്ചാല്‍ അത് അകത്തു കിടക്കണം എന്ന് മാത്രം.. അത് നമ്മുടെ പാര്‍ട്ടി സെക്രട്ടറി കോട്ടയം സമ്മേളനത്തില്‍ വെച്ചു പുതിയ സുവിശേഷത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ....' വീണ്ടും കയ്യടി.
അതിനിടക്ക് പോളിറ്റ് ബ്യുറോ അംഗം ഇടപെട്ടു '...മുപ്പതു വെള്ളിക്കാശിനു വേണ്ടി കര്‍ത്താവിനെ ചില ജൂദാസുകള്‍ ഒറ്റിക്കൊടുത്തു, നമ്മുടെ ചില നേതാക്കന്മാരെയും, പാര്‍ട്ടി സമ്മേളനങ്ങളെയും ഒക്കെ പാര്‍ട്ടിയിലെ ചില ജൂദാസുകള്‍ ഒറ്റിക്കൊടുക്കുന്നു..'  അത് കേട്ട പാടെ ഹാളാകെ കരഘോഷംകൊണ്ട് മുഴങ്ങി.
പാര്‍ട്ടിയിലെ മുസ്ലിം നേതാവ് ഇടപെട്ടു പറഞ്ഞു '..പിന്നേയ് ഞമ്മള് ഞ്ഞി ആ സ്വലാത്തിന് ചെന്നാല് ഒല് ഞമ്മളെ കേറ്റൂലാ..ഒലെ ചായ്‌വ് ഇപ്പം പാണക്കാട്ട്ക്കാ അത് മറക്കണ്ടാ..മലപ്പുറം സമ്മേളനത്തിനു വെളിയംകോട് ഉമര്‍ ഖാളി, മമ്പുറം തങ്ങള്‍, സദാം ഹുസൈന്‍  ഇബരെയോക്കെയല്ലേ മാര്‍ക്സിന്റെയും,ലെനിന്റെയും ഒപ്പം ഞമ്മള് സഖാക്കളാക്കി ബോഡില് തൂക്കിയത്, അപ്പം യേശു കൃസ്തൂനിം കെടക്കട്ടെ..യേശു കൃസ്തു എന്നാല്  ഞമ്മള്‍ക്ക്  ഈസാ നബ്യാ..  അവസാന നാളില് ഈസാ നബി എറങ്ങി ബരും എന്ന് ഞമ്മള്  കൂടി  ബിശ്വസിക്കുന്ന സ്ഥിതിക്ക് ഞ്ഞി ഇതാണ് നല്ലത്..ഞമ്മളെ ആള്‍ക്കാരിം പിന്തുണ നേടാന്‍ പറ്റും ' വീണ്ടും നിര്‍ത്താതെയുള്ള കരഘോഷം..

'അവസാന കാലത്ത് യേശു കൃസ്തു പാര്‍ട്ടി പോളിറ്റ് ബ്യുറോയിലേക്കാണ് നേരെ ഇറങ്ങി വരികാന്നു കൂടി പറയാമായിരുന്നു..മുമ്പ് ഖുര്‍ആനിലെ അലിഫ്, ലാം, മീം  എന്നീ സാങ്കേതിക പദങ്ങളെ അലിഫ് എംഗല്‍സും, ലാം ലെനിനും, മീം മാര്‍ക്സുമായി വ്യാഖ്യാനിച്ചവരല്ലേ . ഹാ ഇതിലപ്പുറം പറയും  ...' പാര്‍ട്ടിയിലെ പ്രധാനിയായ  മുസ്ലിം എം എല്‍ എ  മനസ്സില്‍ ഇങ്ങനെ പിറുപിറുക്കുമ്പോള്‍ നന്ദി പ്രസംഗം തുടങ്ങിയിരുന്നു...

വാല്‍കഷ്ണം: പാര്‍ട്ടിയിലുള്ള സര്‍വ്വ കുഞ്ഞാടുകള്‍ക്കും പാര്‍ട്ടിക്കുള്ളില്‍ തന്നെ കുമ്പസാരിക്കാനും, മാമോദീസ മുക്കാനും സൗകര്യമുണ്ടായിരിക്കും, റോമിലേക്ക് പോകുന്ന പാര്‍ട്ടി നേതാക്കളുടെ കയ്യില്‍ മാര്‍പ്പാപ്പക്ക് കൊന്ത സമര്‍പ്പിക്കാനും സൗകര്യമുണ്ടായിരിക്കും, സര്‍വ്വ രാജ്യ കുഞ്ഞാടുകളേ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ സംഘടിക്കുവിന്‍..
44 അഭിപ്രായങ്ങൾ:

 1. പ്രവാചകന്മാര്‍ എക്കാലവും ഘോഷിച്ചത് , സമത്വവു സഹോദര്യവും അത് വഴി സോഷ്യലിസവും തന്നെ ആയിരുന്നു.. അതിന്റെ നാനാര്‍ഥങ്ങള്‍ ആണ് അപ്പോസ്തലന്മാര്‍ കണ്ടു വെച്ചത് ..അന്നും ..ഇന്നും.. നമ്മള്‍ സംഘടിക്കെണ്ടതുണ്ട് ! കമ്മ്യുണിസം എന്നാ ആശയത്തെ ഒറ്റികൊടുത്ത വിടുവായന്‍ യുദാസുമാര്‍ക്കെതിരെ..!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മതപരമായ വീക്ഷണ കോണിലൂടെ നോക്കുമ്പോള്‍ നിങ്ങളുടെ അഭിപ്രായം ശരി തന്നെ. പക്ഷെ ഒരു കമ്മ്യുണിസ്റ്റുകാരനെ സംബന്ധിച്ചിടത്തോളം കാറല്‍ മാര്‍ക്സ്നു മുമ്പേ ഒരു സോഷ്യലിസ്റ്റ് ഉണ്ടെന്നോ,ഒരു വിമോചകന്‍ ഉണ്ടെന്നോ വിശ്വസിക്കുന്നത് സങ്കല്പ്പരഹിതവുമാണ്.ഇവിടെയാണ്‌ പാര്‍ട്ടി നേതാക്കളുടെ പുത്തന്‍ പ്രസ്താവനകളും, നിറം മാറ്റങ്ങളും ചോദ്യം ചെയ്യപ്പെടുന്നത്. നന്ദി അഭിപ്രായത്തിന്

   ഇല്ലാതാക്കൂ
 2. ബൈബിള്‍ മാനദണ്ഡമാക്കിയാല്‍ യേശുക്രിസ്തുവിനെ "സമത്വവാദി" എന്ന് വിളിക്കുന്നതില്‍ തെറ്റില്ല. ദേവാലയത്തില്‍ കച്ചവടം നടത്തിയവരെ ചാട്ടകൊണ്ട് അടിച്ചുപുറത്താക്കിയ, പീഡിതര്‍ക്കും, മര്‍ദ്ദിതര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ, നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കാനുമൊക്കെ അദ്ദേഹം ആഹ്വാനം ചെയ്തതായിട്ടാണ് "മതഗ്രന്ഥങ്ങള്‍" വഴി അറിയുന്നത്. അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ മൃഷ്ടാനം ഉണ്ണുവന്‍ എന്‍റെ കൂട്ടത്തില്‍ പെട്ടവനല്ല എന്ന് പറഞ്ഞ മുഹമ്മദ്‌ നബിയും മര്‍ദ്ദിതര്‍ക്കും, ആലംബഹീനര്‍ക്കും, അശരണര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതായി ഖുര്‍-ആന്‍ പറയുന്നു. അങ്ങനെ നോക്കുമ്പോള്‍ ന്യായാമായി അദ്ധേഹവും "സമത്വവാദി" ആകണമല്ലോ.! രാമായണത്തില്‍ തികഞ്ഞ പ്രജാക്ഷേമ താല്‍പരന്‍ ആയ, മാതൃകാരാജ്യം സ്ഥാപിച്ച ശ്രീരാമനെ ഉത്തമാവതാരമായിട്ടാണ് അവതരിപ്പിക്കുന്നത്. രാമായണം മാനദണ്ഡമാക്കിയാല്‍ ഇതേപോലെ ശ്രീരാമനും ഒരു "സ്ഥിതിസമത്വവാദി" ആണെന്ന് നിസ്സംശയം പറയാം. അപടകടങ്ങളില്‍ അകപ്പെടുന്ന പാവങ്ങളെ സഹായിക്കുന്ന, ശത്രുക്കളില്‍ നിന്നും അവരുടെ ജീവന്‍ രക്ഷിക്കുന്ന ഡിങ്കനും ബാലമംഗളം പ്രമാണമാക്കി പരിശോധിക്കുമ്പോള്‍ സ്ഥിതിസമത്വവാദി തന്നെ... ബൈബിളില്‍ വിവരിക്കുന്ന യേശുദേവന്‍റെ ആത്മീയ-രാഷ്ട്രീയ ചിന്തകള്‍ ആധാരമാക്കി നിര്‍മ്മിച്ച സമത്വവാദ സിദ്ധാന്തമാണ് "ക്രിസ്ത്യന്‍ കമ്മ്യൂണിസം" എന്ന് വായിക്കാനിടയായി. ഇനി "ഹിന്ദു കമ്മ്യൂണിസത്തെയും", "മുസ്ലീം കമ്മ്യൂണിസത്തെയും" കുറിച്ച് ആരാണാവോ സിദ്ധാന്തിക്കുന്നത്? മതഗ്രന്ഥങ്ങള്‍ ഉദ്ഘോഷിക്കുന്ന ഇതുപോലുള്ള മിത്തുകളെ വെള്ളം തൊടാതെ വിഴുങ്ങാത്ത, ഇവയിലൊന്നും വിശ്വസിക്കാത്ത , ഇവരില്‍ ഒന്നും ദൈവീകത കല്‍പ്പിക്കാത്തവരും "സ്ഥിതിസമത്വവാദ" നിര്‍വചനത്തില്‍ ഉള്‍പ്പെടും!? വര്‍ഗങ്ങള്‍ ഇനിയും വര്‍ദ്ധിക്കട്ടെ... ! എല്ലാ തരം "സമത്വവാദി"കള്‍ക്കും ലാല്‍സലാം.. (സമത്വവാദി=കമ്മ്യൂണിസ്റ്റ്‌)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കമ്മ്യുണിസത്തിന്റെ ആധുനിക പരിണാമം എന്ന് കരുതി സമാധാനിക്കൂ, ശ്രീ..നന്ദി വായനക്കും, അഭിപ്രായത്തിനും

   ഇല്ലാതാക്കൂ
 3. എനിക്ക് ശേഷം ഒരാള്‍ വരും അയാളുടെ ചെരുപ്പിന്റെ വാര്‍ അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല എന്ന് യേശു ബൈബിളില്‍ പറഞ്ഞിട്ടുണ്ടല്ലോ..
  ഇത് തെറ്റാണ് സ്നാപക യോഹന്നാന്‍ പറയുന്നതാണ് ഇത്, യേശുവിന്‍റെ വരവിനെ പറ്റി . ലേഖനം നന്നായിട്ടുണ്ട് .

  മറുപടിഇല്ലാതാക്കൂ
 4. തെറ്റ് തിരുത്തിയിട്ടുണ്ട്..മാന്യമായ ഇടപെടലിന് നന്ദി..വായനക്കും

  മറുപടിഇല്ലാതാക്കൂ
 5. എല്ലാം വോട്ടിന് വേണ്ടി....
  മതമില്ലാതെ പിന്നെ എന്ത് വോട്ട്....
  നാണം വിറ്റും വോട്ട് നേടണം എന്ന പോളിസിയുമായി നടക്കുന്നവരോട് എന്ത് പറഞ്ഞിട്ടെന്ത് കാര്യം...
  നന്നായി അവതരിപ്പിച്ചു...
  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 6. ബസിലും ടാക്സികളിലുമൊക്കെ,
  സൂപ്പർ മാർക്കറ്റിൽ മൾട്ടിബ്രാന്റ് ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന അതേ സ്റ്റൈലിൽ ഒരേ ഫ്രെയിമിൽ ഒരായിരം മൾട്ടിബ്രാന്റ് ദൈവങ്ങളെ കുടിയിരുത്തിയിരിക്കുന്നത് കണ്ടിട്ടുണ്ട്.

  ഇനിയിപ്പോൾ ഒരു പക്ഷേ പാർട്ടിയാപ്പീസുകളിലും നമുക്കിതൊക്കെ കാണേണ്ടിവന്നേക്കാം....

  മേൽക്കമ്മറ്റിയാപ്പീസിൽ പോകുമ്പോൾ ബ്രാഞ്ചു സെക്രട്ടറിയുടെ കത്തിനൊപ്പം കുന്തിരിക്കവും ചന്ദനത്തിരിമൊക്കെ കരുതേണ്ടിവരുമോ?

  .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ എന്നത് , ഈശോ സഖാവിന് സ്തുതിയായിരിക്കട്ടെ എന്നാക്കി മാറ്റും ഈ സഖാക്കള്‍ ..നന്ദി ബൈജു ,അഭിപ്രായത്തിനു

   ഇല്ലാതാക്കൂ
 7. 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം വോട്ട്' എന്നതാ ഇപ്പൊ ഏത് പാർട്ടീടിം മുദ്രാവാക്യം. അപ്പൊ പിന്നെ ഒരു കൂട്ടരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ ? നല്ല അവസരോചിതമായ ഇടപെടലുള്ള ലേഖനം. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പണ്ട് മതത്തിന്റെ ലേബലുള്ള എല്ലാ പാര്‍ട്ടികളെയും വര്‍ഗീയമായി കണ്ടവരായിരുന്നു മാര്‍ക്സിസ്റ്റുകാര്‍, ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളിലില്ല മുസ്ലിം രക്തം,ഞങ്ങളിലില്ല ക്രൈസ്തവ രക്തം. ഞങ്ങളിലുള്ളത് മാനവ രക്തം എന്നാ മുദ്രാവാക്യം വിളിച്ചിരുന്നു നമ്മുടെ സഖാക്കള്‍ ...അതൊക്കെ ഇപ്പോള്‍ പഴങ്കഥ ..നന്ദി മണ്ടൂ അഭിപ്രായത്തിന്

   ഇല്ലാതാക്കൂ
 8. ഇത് യേശു മാനുഫസ്റ്റൊ മാര്‍ക്കിസ്റ്റ്
  ഹിഹിഹി
  എവരെ നാളെ ഇനി എല്ലാ മത പുസ്തകങ്ങളും മാനിഫ്സ്റ്റൊ ആക്കൊ ആവൊ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് മതം എന്ന് കേള്‍ക്കുമ്പോഴേക്കും മദം പോട്ടുമായിരുന്നു, ഇന്ന് മതം എന്ന് കേട്ടാല്‍ പാര്‍ട്ടി വാരിപ്പുണരുന്നു..വിനാശ കാലേ വിപരീത ബുദ്ധി

   ഇല്ലാതാക്കൂ
 9. എന്തെല്ലാം കാണണം കേള്‍ക്കണം എന്റെ മിശിഹായേ..ഇപ്പോളങ്ങ് ഉണ്ടായിരുന്നുവെങ്കില്‍ പാര്‍ട്ടിടിക്കറ്റില്‍ മത്സരിക്കാമായിരുന്നല്ലോ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇവരിതും ചെയ്യും ഇതിലപ്പുറവും ചെയ്യും...കമ്മ്യുണിസ്റ്റ് ചിന്തകള്‍ തലയ്ക്കു കയറി കൃസ്തീയ മതത്തിനും,സഭകള്ക്കുമെതിരെ ലേഖനങ്ങളും നാടകങ്ങളും വരെ എഴുതി കാല യവനികക്കുള്ളില്‍ മറഞ്ഞു പോയ ആചാര്യന്മാര്‍ക്ക് ഒന്ന് കുമ്പസാരിക്കാന്‍ പോലും അവസരം കിട്ടിയില്ലല്ലോ..വല്ലാത്ത കഷ്ട്ടം. നന്ദി ശ്രീകുട്ടന്‍

   ഇല്ലാതാക്കൂ
 10. piravam therenjeduppinte poorva dinangal
  party congressinte poorva dinangal
  kattullappol thoovandey?
  thoovikkottey,
  thoovikkottey alley?

  മറുപടിഇല്ലാതാക്കൂ
 11. നന്ദി സമദ്‌കാ അഭിപ്രായത്തിന്

  മറുപടിഇല്ലാതാക്കൂ
 12. പാര്‍ട്ടിയിലുള്ള സര്‍വ്വ കുഞ്ഞാടുകള്‍ക്കും പാര്‍ട്ടിക്കുള്ളില്‍ തന്നെ കുമ്പസാരിക്കാനും, മാമോദീസ മുക്കാനും സൗകര്യമുണ്ടായിരിക്കും, റോമിലേക്ക് പോകുന്ന പാര്‍ട്ടി നേതാക്കളുടെ കയ്യില്‍ മാര്‍പ്പാപ്പക്ക് കൊന്ത സമര്‍പ്പിക്കാനും സൗകര്യമുണ്ടായിരിക്കും, സര്‍വ്വ രാജ്യ കുഞ്ഞാടുകളേ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ സംഘടിക്കുവിന്‍.....- ആസ്വദിച്ചു.

  മതം മനുഷ്യന്റെ മയക്കു മരുന്നാണെന്നും,മതവാദം., ഭൗതിക വഴികളിലൂടെയുള്ള വര്‍ഗ പുരോഗതിയെ തകര്‍ക്കുമെന്നും, ആശയഗതികളല്ല, ഭൗതിക പരിതസ്ഥിതികളാണ് ജീവിതാവസ്ഥയെ നിര്‍ണയിക്കുന്നതെന്നും, ഭൗതികജീവിത പരിതസ്ഥിതികളുടെ അടിസ്ഥാനത്തില്‍ മാത്രമെ വര്‍ഗങ്ങളുടെ കൂട്ടായ്മ സംഭവിക്കുകയുള്ളും എന്നും ഈ കൂട്ടായ്മയില്‍ നിന്നും ഉരുത്തിരിയുന്ന വര്‍ഗസമരങ്ങളിലൂടെ തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യവും അതിലൂടെ കമ്മ്യൂണ്സ്റ്റ് സമൂഹങ്ങളും നിലവില്‍ വരുമെന്നും പ്രവചിച്ച മഹാനായ കാള്‍മാര്‍ക്സിന്റെ അനുയായികള്‍ വര്‍ഗസമരമുണ്ടാക്കാനായി പുതുവഴികള്‍ തേടുന്നത് കാണാന്‍ നല്ല രസമുണ്ട്.

  അധികാരവും അതു നല്‍കുന്ന സുഖലോലുപതയുമാണ് ഇന്നത്തെ മയക്കു മരുന്നുകള്‍ ... - ആദര്‍ശങ്ങള്‍ ബലി കഴിച്ച് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നതിന്റെ പിന്നാമ്പുറത്ത് അധികരമെന്ന മയക്കു മരുന്നിനോടുള്ള അനിയന്ത്രിതമായ ആര്‍ത്തിയാണ്,

  നന്നായി അവതരിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കുറച്ചു മുമ്പ് പലയിടങ്ങളിലും കമ്മ്യുണിസ്ററ് പാര്‍ട്ടിയും, മുസ്ലിം ലീഗും തമ്മില്‍ അടവുനയം ഉണ്ടായിരുന്നല്ലോ, അന്ന് സഖാക്കളും ലീഗുകാരും പരസ്പരം കണ്ടാല്‍ ലാല്‍ സലാം അലൈക്കും എന്നാണു അഭിവാദ്യം ചെയ്യുക എന്ന് പത്രപ്രവര്‍ത്തകര്‍ തമാശയായി പറയാറുണ്ട്‌ . കര്‍ത്താവ് യേശു എന്ന് പറയുന്നതിന് പകരം ഇനി കോംറെഡ്‌ യേശു എന്നോ മറ്റോ പറയുമോ ഈ സഖാക്കള്‍ ..നന്ദി വായനക്കും അഭിപ്രായത്തിനും

   ഇല്ലാതാക്കൂ
 13. പിണറായി പറഞ്ഞ കാര്യം ഒക്കെ യേശു ചെയ്തു എന്ന് ബൈബിളില്‍ പറയുന്ന സത്യങ്ങള്‍ ആണ്

  നല്ല കാര്യം ആര് ചെയ്താലും അന്ഗീകരിക്കുക എന്നത് സാമാന്യ മര്യാദ ആണ്
  ആ രണ്ടു വാച്ചകത്തിനര്‍ത്ഥം എല്ലാരും കുരിശിന്റെ വഴിയെ നടക്കണം എന്നാണെന്ന് വ്യാകനിക്കുന്നതിനു തുല്ല്യാമാണ് ഇതിലെ പരാമര്‍ശം
  അതല്ല കമ്മ്യൂ ണി സ്റ്റ് പാര്‍ട്ടിക്ക് നല്ലത് ചെയ്യാനും പറയാനും പാടില്ലേ ഭൂമിയില്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അത് തന്നെയാണ് ഞാന്‍ മുകളില്‍ പറഞ്ഞത് എല്ലാത്തിനും ഓരോ സമയമുണ്ട് ദാസാ എന്ന് ..മുമ്പ് പള്ളിക്കാരെയും, പാട്ടക്കാരെയും, പള്ളീലച്ചന്മാരെയും പാര്‍ട്ടി തള്ളിപ്പരഞ്ഞിരുന്നില്ലേ. കൃസ്തു ദര്ശനങ്ങളെ പാര്‍ട്ടി മുമ്പ് തള്ളിപ്പറഞ്ഞിട്ടില്ലേ.റഷ്യയിലടക്കം അനേകം ക്രൈസ്തവ ദേവാലയങ്ങള്‍ തച്ചു തകര്‍ത്തിട്ടില്ലേ. ഇതൊക്കെ എന്തിനായിരുന്നു എന്ന് സഖാക്കളോടെ ഒന്ന് തിരിച്ചു ചോദിക്കാമല്ലോ. നന്ദി കൊമ്പാ..ചുകപ്പന്‍ അഭിപ്രായത്തിന്

   ഇല്ലാതാക്കൂ
 14. യേശു യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യ പുത്രന്‍ ആയിരുന്നു. പീഡിപ്പിക്കപ്പെടുന്നവരുടെ ശബ്ദം ആയിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പൊറുതി ക്രൂശിക്കപ്പെട്ടവനാണ്.

  മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് മാര്‍ക്സ് പറഞ്ഞതെന്തിനു എന്ന് അന്വേഷിച്ചിട്ടുണ്ടോ? ഒരു കാലത്ത് മതം ശാസ്ത്രത്തിനു എതിരായിരുന്നു. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞവനെ മതക്കാര്‍ ചുട്ടു കൊന്നു. അത് കൊണ്ടാണ് പറഞ്ഞത് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന്.

  പിന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉടലെടുക്കുന്നത് തന്നെ ബൈബിളിലെ ആശയങ്ങള്‍ കടം എടുത്തിട്ടാണ്. അല്ലെങ്കില്‍ രണ്ടു താരതമ്യം ചെയ്തു പഠിച്ചു നോക്കുക. യേശുവിനെ ദൈവവും ദൈവ പുത്രനും ആക്കിയതാണ് ക്രിസ്ത്യാനികള്‍ ചെയ്ത തെറ്റ്. ആ തെറ്റിനെ ഇപ്പോഴും കമ്മ്യൂണിസ്റ്റുകള്‍ പിന്തുണക്കുന്നില്ല.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വൈരുധ്യാതിഷ്ടിത ഭൌതീക വാദമായിരുന്നു കമ്മ്യുണിസത്തിന്റെ കാതല്‍..ദൈവം തന്നെയില്ലാ എന്ന് പറഞ്ഞു വിപ്ലവം നടത്തിയവര്‍ക്ക് ഇപ്പോള്‍ യേശുവിനെ ദൈവമോ, ദൈവപുത്രനോ ആകിയതിലാണ് അരിശം. കാലബോധമില്ലാത്ത കാലാവസ്ഥ ഹല്ലാ പിന്നെ..നന്ദി അഭിപ്രായത്തിന്

   ഇല്ലാതാക്കൂ
 15. മത ന്യൂന പക്ഷങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്‌ട്‌ അതിന്‌റെ ഭാഗമായി കണ്‌ടാല്‍ മതിയാവും ഈ ശ്രമങ്ങളെ. കൃസ്ത്യന്‍ വിഭാഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന്‌ അകറ്റി നിറുത്താന്‍ പള്ളിക്കാര്‍ ഇടയലേഖനമിറക്കിയിരുന്നല്ലോ? ഒരു പരിധിവരെ ആ വിഭാഗം പാര്‍ട്ടിയില്‍ നിന്നും അകന്നു എന്ന്‌ തന്നെ പറയാം. മുസ്ളിം ന്യൂന പക്ഷങ്ങളും പാര്‍ട്ടിയില്‍ നിന്നും കുറച്ച്‌ അകലം പാലിക്കുന്നു എന്നത്‌ മനസ്സിലാക്കുന്നു. ഇതിനുള്ള പ്രധാന കാരണം, അവരെ പ്രബോധനം ചെയ്യപ്പെടാന്‍ ഉപയോഗിക്കുന്ന മത നിരാസം എന്ന ചട്ടുകമാണ്‌. മത നിരാസം പാര്‍ട്ടി അംഗങ്ങള്‍ക്കുണ്‌ടെങ്കിലും അനുഭാവികള്‍ക്ക്‌ വേണമെന്നില്ല എന്നത്‌ കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ നടന്ന്‌ കൊണ്‌ടിരിക്കുന്ന ശ്രമങ്ങള്‍ എന്ന്‌ പറയുന്നത്‌ അകന്ന്‌ നില്‍ക്കുന്ന ന്യൂന പക്ഷ വിഭാഗങ്ങളെ അടുപ്പിക്കുക എന്നത്‌ തന്നെയാണ്‌. വിശ്വാസത്തിന്‌റെ പേര്‌ പറഞ്ഞ്‌ പാര്‍ട്ടിയില്‍ നിന്ന്‌ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ ഈ തരത്തിലല്ലെങ്കില്‍ പിന്നെ എങ്ങനെയാണ്‌ പാര്‍ട്ടി നിലപാടെടുക്കുക. വൈരുദ്ധ്യാത്മക നിലപാടാണെങ്കിലും നിരീക്ഷണങ്ങളെ പാടെ തള്ളിക്കളയുന്നില്ല. വിശ്വാസത്തിന്‌റെ പേരും പറഞ്ഞും പാര്‍ട്ടിയില്‍ നിന്ന്‌ ക്രിസ്തീയ വിഭാഗങ്ങളെയാണല്ലോ പള്ളിക്കാര്‍ മാറ്റി നിറുത്തിയിരിക്കുന്നത്‌. അതിന്‌ പരോക്ഷമായി ഒരു മറുപടി കൊടുക്കുകയും ചെയ്യുന്നു. ഞങ്ങള്‍ അതിനൊന്നും എതിരല്ല എന്ന സന്ദേശവും. മാറ്റങ്ങളെ ഉള്‍ക്കൊള്ളുക തന്നെ ചെയ്യണം. ഞാന്‍ മുമ്പ്‌ ഒരു കമെന്‌റിട്ടിരുന്നെങ്കിലും ഒന്ന്‌ കൂടി വായിച്ചപ്പോള്‍ വിശദമായി എഴുതിയതാണ്‌. പാര്‍ട്ടിയുടെ പുതിയ നിലപാട്‌, മത ന്യൂന പക്ഷങ്ങളെ പാര്‍ട്ടിയുടെ ചിറകില്‍ കൊണ്‌ട്‌ വരിക എന്നത്‌ തന്നെയാണ്‌ ലക്ഷ്യം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എന്തായിരുന്നു കമ്മ്യുണിസം ലോകത്തോട് പറഞ്ഞത് അതിനു നേര്‍വിപരീതമാണ് ഇത്..ഒക്ടോബര്‍ വിപ്ലവം നടത്തി അധികാരത്തിയവര്‍ മത സ്ഥാപനങ്ങളെ തകര്‍ത്തതിനും, മതവിശ്വാസികളെ അറുകൊല ചെയ്തതിനും ആരെങ്കിലും ഇത് വരെ മാപ്പ് പറഞ്ഞതായി കേട്ടിട്ടുണ്ടോ..ഇല്ലാ. തോക്കിന്‍ കുഴലിലൂടെ വിപ്ലവം എന്ന് പറഞ്ഞവര്‍ ലോകത്തിനു സമര്‍പ്പിച്ച ദര്‍ശനത്തില്‍ ദൈവത്തിനു സ്ഥാനമുണ്ടായിരുന്നോ..എന്നിട്ടല്ലേ ദൈവ പുത്രന്. ലോക കമ്മ്യുണിസത്തില്‍ നിന്നും ഭിന്നമായി ജനാധിപത്യ രീതി സ്വീകരിച്ച ഇന്ത്യന്‍ കമ്മ്യുണിസ്റ് പാര്‍ട്ടിക്ക് അതിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ മതങ്ങളോടും, മതവിശ്വാസികളോടെ മൃദു സമീപനം സ്വീകരിക്കാമായിരുന്നു. പക്ഷെ മതങ്ങളെയും, മത ചിഹ്ങ്ങളെയും, മതവിശ്വാസങ്ങളെയും വരെ തള്ളിപ്പരഞ്ഞുകൊണ്ടാണ് മാര്‍ക്സിസം കേരളത്തിലും വിത്തിരക്കാന്‍ നോക്കിയത്, ആ നയങ്ങളില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ ആര്‍ക്കും സംശയം തോന്നുന്നത് സ്വാഭാവികമാണ്. നന്ദി മൊഹീ അഭിപ്രായത്തിനു

   ഇല്ലാതാക്കൂ
  2. മനുഷ്യ നിർമ്മിതമായതിനെല്ലാം കാലനുസ്രിതമായി മാറ്റം അനിവാര്യമാണ് !

   ഇല്ലാതാക്കൂ
 16. യേശു കട്ടിട്ടില്ല, കാരണം കോണ്‍ഗ്രസ് ആയിരുന്നില്ല
  യേശു വ്യഭിചരിച്ചിട്ടില്ല , കാരണം കോഴി ലീഗ് ആയിരുന്നില്ല .
  മതഭ്രാന്തനല്ല,കാരണം ബി ജെ പി യും,എസ് ഡി പി ഐയും ആയിരുന്നില്ല
  പിന്നെയോ....?
  സമത്വം സ്വപ്നം കണ്ടു, പാവങ്ങളെ മോചിപ്പിച്ചു, അധികാര വര്‍ഗത്തെ ചോദ്യം ചെയ്തു,
  സ്വയം രക്തസാക്ഷി ആയി....
  ഇത് തന്നെയാണ് ചെഗുവേരയും ചെയ്തത്,
  അതുകൊണ്ട് യേശു ഒരു യഥാര്‍ത്ഥ കമ്മുനിസ്റ്റ്‌ തന്നെ

  ചൂഷക വര്‍ഗ്ഗത്തിന്‍റെ ഇരകളായി ദുരിതജീവിതം നയിക്കുന്ന ജനവിഭാഗങ്ങളില്‍ മഹാഭൂരിപക്ഷവും ഇന്നും മതവിശ്വാസികള്‍ ആണ്. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം അന്തസ്സും അവകാശവും നിഷേധിക്കപ്പെട്ട ചൂഷിതരുടെയും പീഡിതരുടെയും നിന്ദിതരുടെയും വിമോചനത്തിനു വേണ്ടി പൊരുതുന്ന രാഷ്ട്രീയപ്രസ്ഥാനം ആണ്. അവകാശത്തിന്‍റെ തിരിച്ചറിവ് നേടി അവസ്ഥയില്‍ നിന്ന് മോചനം തേടാന്‍ ഫലപ്രദമായ മാര്‍ഗ്ഗം അന്വേഷിക്കുന്ന വിശ്വാസികള്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ സഖാക്കള്‍ ആവുന്നത് സ്വാഭാവികം.

  മതവിശ്വാസികള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുമായി തൊടുകയോ തീണ്ടുകയോ പാടില്ല എന്ന നിലപാട് കൈകൊള്ളുന്നത് ചൂഷകവര്‍ഗ്ഗത്തിന്‍റെ ഭദ്രമായ നിലനില്‍പ്പ്‌ ഉറപ്പുവരുത്തുവാന്‍ പരസ്യമായും രഹസ്യമായും തന്ത്രങ്ങള്‍ മെനയുന്ന മതപുരോഹിതന്മാരും മതസ്ഥാപനങ്ങളും അവരുടെ വാലില്‍ തൂങ്ങി രാഷ്ട്രീയം പയറ്റുന്ന വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ്.
  കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പ്രതിലോമ ശക്തികളുടെ ഇത്തരം ഹീനതന്ത്രങ്ങളെ പരാജയപ്പെടുത്തുക എന്നത് വിപ്ലവ പ്രസ്ഥാനത്തിന്‍റെ കടമയാണ്.

  അന്യന്‍റെ ഭാര്യയെ ആകാശത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച പി.ജെ.ജോസഫും, അന്യന്‍റെ മുതല്‍ അന്യായമായി കൈമോശം വെക്കുന്ന മനോരമയും, വട്ടിക്ക്‌ പണം നല്‍കി പാവങ്ങളെ പറ്റിക്കുന്ന മുത്തൂറ്റിന്റെ ബന്ധു ചാണ്ടിയും,
  അര്‍ദ്ധരാത്രിയില്‍ കോണ്‍വെന്റിന്‍റെ മതില്‍ ചാടി കന്യാസ്ത്രീകളെ കന്യകകളല്ലാത്ത സ്ത്രീകളാക്കി മാറ്റുന്ന പാതിരിമാരുടെ യൂണിയനായ കെ.സി.ബി.സിയും, ഓരോ തവണ സ്തുതി ചൊല്ലുമ്പോളും യഥാര്‍ത്ഥത്തില്‍ ക്രൂശിത രൂപത്തിലേക്ക് ഓരോ ആണി കൂടി അടിക്കുകയാണ് അവര്‍ ചെയുന്നത്..
  കേരളത്തിലെ ഏറ്റവും വലിയ അബ്കാരി മുതലാളിമാരും, വിദ്യാഭ്യാസ കച്ചവടക്കാരും, കൊള്ള പലിശക്കാരും ക്രൈസ്തവരാണ്.
  അവരെല്ലാം യഥേഷ്ടം തങ്ങളുടെ ഓഫീസ് ചുമരുകളില്‍ വിളക്ക് കത്തിച്ചു തൂക്കിയിടുമ്പോളാണ് ക്രിസ്തു അപമാനിക്കപ്പെടുന്നത്. സഖാക്കള്‍ ക്രിസ്തുവിലെ സമത്വവാദിയെ/ മഹാവിപ്ലവകാരിയെ മാറോട് ചേര്‍ക്കുമ്പോള്‍,
  അത് ആ മഹദ് ജീവിതത്തിനുള്ള സത്യസന്ധമായ സാക്ഷ്യപത്രവും, തുല്യതകളില്ലാത്ത അംഗീകാരവുമാണ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. യേശു കട്ടിട്ടില്ല, കാരണം യേശു പാര്‍ട്ടി സെക്രട്ടരിയായിരുന്നില്ല,
   യേശു വ്യഭിച്ചരിച്ചിട്ടില്ല, കാരണം യേശു സംസ്ഥാന കമ്മിറ്റിയംഗമോ, ജില്ലാ സെക്രട്ടറിയോ ആയിരുന്നില്ല,
   യേശു മതഭ്രാന്തനായിരുന്നില്ല, കാരണം യേശുവിന്റെ കാലത്ത് ഒരു ബാബരി മസ്ജിദും മുതലെടുക്കാന്‍ ഉണ്ടായിരുന്നില്ല..ബിനോയ്‌ എഴുതിയ അഭിപ്രായത്തെ ഇങ്ങനെയും വായിച്ചെടുക്കാം..
   സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കൂ എന്ന് പറഞ്ഞു മുതാലാളിത്തത്തെ തള്ളിപ്പറഞ്ഞും, ദൈവനിരാസത്തെ പ്രോത്സാഹിപ്പിച്ചും തത്വ ദര്‍ശനങ്ങള്‍ എഴുതിയുണ്ടാക്കുംപോഴും മതദര്‍ശനങ്ങളും മതവിശ്വാസികളും ലോകത്തുണ്ടായിരുന്നു. കമ്മ്യുണിസ്റ്റ് റഷ്യയില്‍ അവര്‍ നേരിട്ടതിനെക്കാള്‍ വലിയ ഭീഷണി ലോകത്ത് എവിടെയും അവര്‍ക്ക് നേരെയുണ്ടായിട്ടില്ല, ചര്‍ച്ചുകളും, പള്ളികളും നിരത്തിയും വിശ്വാസികളെ ഉന്മൂലനം ചെയ്തും സ്ഥാപിച്ചെടുത്ത നിരീശ്വരനിര്‍മ്മിത വാദത്തിന്റെ ആദ്യത്തെ അധികാര സ്ഥാനം ഒരു നൂറ്റാണ്ട് പ്രാപിക്കും മുമ്പ് തകര്‍ന്നടിഞ്ഞപ്പോള്‍ പിന്നെ മാര്‍ക്സിസം മെല്ലെ കളം മാറ്റി ചവുട്ടി. മെല്ലെ മെല്ലെ മതവിശ്വാസികളോട് മൃദു സമീപനമായി, മതസ്ഥാപനങ്ങളില്‍ കയരിക്കൂടാനായി ശ്രമങ്ങലുണ്ടായി. ലോക കമ്മ്യുണിസത്തിന്റെ നയപരിപാടികളില്‍ നിന്ന് മാറി പുതിയ മുതലാളിത്ത ചൈന രൂപപ്പെടുമ്പോള്‍ മുതലാളിത്തത്തെ തള്ളിപ്പറഞ്ഞ പഴയ വരട്ടുതത്വ വാദക്കാരെ നമുക്ക് മറക്കാം. അധികാരസ്ഥാനങ്ങളിലേക്ക് കയറിക്കൂടാന്‍ തോക്കിന്കുഴളിലൂടെ മാത്രമല്ല ജനാധിപത്യമാര്‍ഗവും സ്വീകരിക്കാം എന്ന് ഇന്ത്യന്‍ സാഹചര്യത്തില്‍ കാണിച്ചു തരുമ്പോഴും മതങ്ങളെ തള്ളിപ്പറഞ്ഞും, ദൈവത്തെ നിഷേധിച്ചും ഇന്ത്യന്‍ മാര്‍ക്സിസം ആളെ കൂട്ടാന്‍ നോക്കി. ജാതീയതയും, ചാതുര്‍വര്‍ണ്യവും, അയിത്തവും, അന്ധവിശ്വാസങ്ങളും കൊടി കുത്തി വാണ സാമൂഹ്യ ചുറ്റുപാടില്‍ കമ്മ്യുണിസതിനും വളക്കൂറുണ്ടായി. മതവിശ്വാസത്തെ തള്ളിപ്പറയുന്നവര്‍ക്ക് പാര്‍ട്ടി അകമഴിഞ്ഞ പ്രോത്സാഹനവും നല്‍കി. വിശ്വാസ ദര്‍ശനങ്ങളെ പരിഹസിക്കുന്ന നാടകങ്ങള്‍ക്കും, സാഹിത്യ സൃഷ്ടികള്‍ക്കും എതിരെ മതവിശ്വാസികള്‍ രംഗത്ത് വന്നപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അത്തരം സംരംഭങ്ങള്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കി .ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍ നടന്നവര്‍ സ്വര്‍ഗ്ഗ നരക വിശ്വാസങ്ങളെയും , ദൈവ വിശ്വാസത്തെയും അടച്ചാക്ഷേപിച്ചും കല്ലെറിഞ്ഞും നടന്നു. മതം എന്ന് കേള്‍ക്കുമ്പോഴേക്കും മദമിളകിയ സഖാക്കള്‍ക്ക് ഇന്ന് മതം എന്നത് അരവണ പ്പയാസം പോലെ മധുരമുള്ളതായി..

   ചൂഷണങ്ങള്‍ക്കിരയായിരുന്ന തൊഴിലാളി വര്‍ഗത്തെ മുന്‍ നിര്‍ത്തി വോട്ടു നേടിയ പാര്‍ട്ടി എത്തി നില്‍ക്കുന്ന ദുര്‍ഗതി നിങ്ങള്‍ മുകളില്‍ എഴുതിയ അപസര്‍പ്പക കഥകളേക്കാള്‍ ദയനീമാണ്. കിളിരൂരും, കവിയൂരും, പറവൂരും, കണ്ണൂരും, കൊച്ചിയിലും പാര്‍ട്ടി സഖാക്കള്‍ നടത്തിയ പീഡനങ്ങളുടെ കഥ പറയാന്‍ ഈ ബ്ലോഗ്‌ മതിയാവില്ല,ഭൂമാഫിയ, മദ്യ മാഫിയ, ലോട്ടറി മാഫിയ, മണല്‍ മാഫിയ അങ്ങനെ പോകുന്നു അഭിനവ സഖാക്കളുടെ ലീലാ വിലാസങ്ങള്‍ ..മാര്‍ക്സും, ലെനിനും, സ്റ്റാലിനും ഒന്നുമല്ല, ഇന്ന് സാന്റിയാഗോ മാര്‍ട്ടിനും, ഫാരിസ്‌ അബൂബക്കറും, സന്തോഷ്‌ മാധവനും ഒക്കെയാണ് മാതൃകാ പുരുഷന്മാര്‍. പാലാറ മാതാ പശുവിനെ വിറ്റ് നല്‍കിയ പണമായിരുന്നു ദേശാഭിമാനിക്ക് കരുത്തായതെന്കില്‍ ലോട്ടറി രാജാവിന്റെ ബോണ്ടാണ് പാര്‍ട്ടിക്കും പത്രത്തിനും കരുത്ത്.

   കേരളക്കരയില്‍ പി ജെ ജോസഫ്‌ ആദ്യമായി സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിക്കുമ്പോള്‍ കയ്യും കെട്ടി നോക്കി നിന്നവര്‍ വടിയും കൊടിയുമെടുത്തു റോഡിലിറങ്ങന്‍ ഭരണം മാറേണ്ടി വന്നു. എം എ ബേബി തുടര്‍ന്ന സ്വാശ്രയ നയം തന്നെ അബ്ദുരബ്ബും തുടരുമ്പോള്‍ വെറുതെ സമരം നടത്തി ജൂണ്‍ ജൂലൈ മാസങ്ങള്‍ നിങ്ങള്‍ സമരമുഖരിതമാക്കി. വിദ്യാഭ്യാസ കച്ചവടത്തിന്റ് പരിയാരം മോഡല്‍ വെളിച്ചത്തു വന്നപ്പോള്‍ മെല്ലെ മാളത്തില്‍ ഒളിക്കുകയും ചെയ്തു.

   യേശു തിരിച്ചു വന്നാല്‍ കൃസ്ത്യന്‍ പുരോഹിതന്മാരെ ചാട്ടവാറു കൊണ്ടാണ് അടിക്കുകയെന്കില്‍ , കാരല്‍ മാര്‍ക്സ്‌ തിരിച്ചു വന്നാല്‍ ഇന്നത്തെ മാര്‍ക്സിസ്റ്റ്‌ നേതാക്കന്മാരെ മുക്കാലിയില്‍ കെട്ടി തല്ലും...

   ഇല്ലാതാക്കൂ
  2. ഇന്ത്യമഹാരാജ്യത്തെ അഴിമതിയുടെ പര്യായമായി മാറ്റിയ കോണ്‍ഗ്രസിന്റെ കുഴലൂത്തുകാരന് ലാവ്‌ലിന്‍ എന്ന ഉണ്ടായില്ല വെടി...ലൈംഗിക ആരോപണം നേരിട്ടയാളെ പുറത്തിരുത്തിയ പാര്‍ടിക്ക് പെണ്പിടിയനെ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ കൊടി കെട്ടി സ്വീകരിച്ച കോഴി ലീഗുകാരന്റെ പരിഹാസം....ബാബറി പള്ളി തകര്‍ത്ത സംഘപരിവാരത്തിന് കമ്മ്യുണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ച കുലദ്രോഹിയുടെ തലോടല്‍ ....കൊള്ളാം കൊള്ളാം
   മാര്‍ക്സിസം കേവലയുക്തി വാദമാനെന്ന വിവരക്കേടാണ് രോഗാതുരമായ സാമൂഹ്യവ്യവസ്ഥയില്‍ മതം വേദന സംഹാരിയകുമെന്ന(കറുപ്പ് ) നിരീക്ഷിച്ച മാര്‍ക്സിനെ മതവിരുധതയുടെ അപോസ്തലനാക്കുന്നത് .
   മുസ്ലിം ഭ്രൂണത്തെ ത്രിശൂലത്തില്‍ ഏറ്റിയ സംഘപരിവാരത്തിന്റെ കൂട്ടികൊടുപ്പുകാരനാകുന്നത് സിപിഎം നെ എതിര്‍ക്കനാണോ ?ലോകമെങ്ങും ഫാസിസത്തിനും വര്‍ഗീയതയ്ക്കും എന്നും പഥ്യം മാര്‍ക്സിസ്ടുകാരന്റെ ചോരയാണ് ....താങ്കളെപ്പോലെ
   ജാതീയത ഉള്‍പ്പെടെ ഫ്യൂഡല്‍ അവശിഷ്ടങ്ങളുടെ അഴുക്കു ചാലില്‍ പെറ്റു പെരുകുന്നത് ആരെന്നറിയാന്‍ ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ ഒന്ന് യാത്ര ചെയ്യണം ,മിസ്റ്റര്‍ .
   കിളിരൂര്‍, പറവൂര്‍,കൊച്ചി സ്ഥലനാമങ്ങള്‍ ഇനിയുമുണ്ട് ...ഇവയൊക്കെ സിപിഎം കാരനോട് ചേര്‍ത്തുവെക്കുന്ന താങ്കളുടെ അപസര്‍പക ബുദ്ധിക്കു ഈ ബ്ലോഗ്‌ മതിയാവില്ലെന്ന് തിരിച്ചറിഞ്ഞത് നന്നായി ....
   റബ് പിന്തുടരുന്നത് ബേബിയുടെ നയമാണോ .....സാക്ഷാല്‍ മുണ്ടശേരിയുടെത് അല്ലെ .
   മാര്‍ക്സ് ഗംഭീരം ...മാര്‍ക്സിസ്റ്റുകാര്‍ മോശം....എന്നിടത്തെതിയോ ഒടുവില്‍..
   ഇക്കണക്കിനു പ്രീഡിഗ്രീ മോശം ഡിഗ്രിയല്ലെന്നു സ്ഥാപിക്കാന്‍ താങ്കള്‍ക്ക് ഈ ജന്മം മതിയാവില്ല !!!!!!

   ഇല്ലാതാക്കൂ
 17. കാലഹരണപ്പെട്ട പ്രത്യേയ ശാസ്ത്രങ്ങള്‍ പോളിച്ചെഴുതുന്നതില്‍ തെറ്റില്ല. തെറ്റ് തിരുത്തല്‍ നടപടിയുടെ ഭാഗവുമാകം. എന്നാലേ പിടിച്ചു നില്‍ക്കാനാവു എന്ന് വെളിവ് ഇപ്പോഴെങ്കിലും പാര്‍ട്ടിക്ക് തോന്നിയത് നന്ന്. പിന്നെ, ഇതയും കാലം പടിക്കു പുറത്തു നിര്‍ത്തിയ ഒന്നിനെ പെട്ടെന്ന് ഒരു കൊലഹലമുണ്ടാക്കാന്‍ വേണ്ടി മാത്രം ഇപ്പോള്‍ എടുത്തിട്ടു എന്നേ എനിക്ക് തോന്നുന്നുള്ളൂ. സാമ്പത്തിക മാന്ദ്യം കൊണ്ടും കുത്തകകളുടെ കുത്തൊഴുക്കില്‍ ഒലിച്ച്ചുപോകുമ്പോഴും മാര്‍ക്സിന്റെ ആശയങ്ങള്‍ ലോകം വീണ്ടും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ കാലത്തില്‍( (യുവജന പ്രക്ഷോഭങ്ങള്‍)... ലോകമാകമാനം അലയടിക്കുമ്പോഴും അതൊക്കെ സൌകര്യപൂര്‍വ്വം വിസ്മരിച്ച് അതില്‍ നിന്നൊക്കെ വ്യതിചലിച്ച് ആ മുതലാലിത്തത്തിന്റെ തോഴാരായ കാരാട്ടും, പിണറായിയും ഉള്‍പെടുന്ന പി.ബി. ഒരു ചീപ്പ് പോളിട്ടികള്‍ എക്ഷ്പ്ലൊശര് നു വേണ്ടി ഈ പരിപാടി കാട്ടിയത്തില്‍ അവജ്ഞ തോന്നുന്നു. എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്കുന്ന കോണ്ഗ്രസും, സഭയും പ്രതിക്ഷേദിച്ചാലും എത്ര ഹാലിളക്കിയാലും മാപ്പിളമാരുടെ മതവികാരം അവര്‍ ആഗ്രഹിക്കുന്ന പോലെ അത്രപെട്ടെന്ന് വൃനപ്പെടുമോ? അതില്ല എന്നതാണ് സത്യം. പള്ളിലച്ചന്മാര്‍ ലോഹക്കുപകാരം ചെഗുവേരയുടെയോ കര്‍ത്താവിന്റെയോ ടീ-ഷര്‍ട്ട് ഇട്ടു മനുഷ്യച്ചങ്ങലയ്ക്ക് പോയാലും ഞങ്ങള്‍ "രണ്ടെണ്ണാമടിച്ചു" ചാനലില്‍ അത് കണ്ടു നിര്‍വൃതി കൊണ്ടോലാം. "പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുമോ?" ഇതിനെ അങ്ങ് വിസ്മരിക്കുന്നതായ്യിരിക്കും തലപുകഞ്ഞാലോചിച്ചു പോസ്റര്‍ അടിച്ചവര്‍ക്ക് നല്ലത്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മുതലാളിത്തത്തെ തള്ളിപ്പറഞ്ഞവര്‍ തന്നെ മുതലാളിത്തത്തെ മാറോടണക്കുന്ന കാഴ്ചയാണ് എങ്ങും. കമ്മ്യുണിസ്റ്റ് ചൈന പോലും മുതലാളിത്തത്തിന്റെ വഴിയെ തിരിഞ്ഞു. ലോകത്ത് യഥാര്‍ത്ഥ കമ്മ്യുണിസം എന്നത് പേരിനെങ്കിലും ഒന്ന് കാണിച്ചു തരാന്‍ പോലും പറ്റാതായി. എവിടെയാണ് മാര്‍ക്സിസത്തിന് പിഴച്ചത്. ലോകാരജ്യങ്ങളില്‍ മാത്രമല്ല, എകാതിപത്യത്തെ തകര്‍ത്തെറിഞ്ഞ പുത്തന്‍ മുല്ലപ്പൂ വിപ്ലവങ്ങളിലും കമ്മ്യുണിസത്തിന് ചവറ്റുകൊട്ട തന്നെ ശരണം. തൊഴിലാളി വര്‍ഗത്തിന്റെ ഉന്നമനവും, മുതലാളിത്തത്തിന്റെ ഉന്മൂലനവും ലക്ഷ്യമാക്കി തോക്കിന്‍ കുഴല്‍ വിപ്ലവം നടത്താന്‍ ആഹ്വാനം ചെയ്തവര്‍ ഇന്ന് തൊഴിലാളി വര്‍ഗത്തെ മറന്നു മുതാലാളിമാരുടെയും, മുതലാളിത്തത്തിന്റെയും പിന്നാലെയാണല്ലോ, അപ്പോള്‍ പിന്നെ മതവിശ്വാസത്തിലും , മതസ്ഥാപനങ്ങലോടും, മതചിഹ്നങ്ങലോടും ചില്ലറ അടവ് നയവും ആകാം...അതാണ്‌ പാര്‍ട്ടിയുടെ പുതിയ നയരേഖ

   ഇല്ലാതാക്കൂ
  2. മതം സമൂഹത്തിന് ആവശ്യമായതാണോ? മതം എന്തുകൊണ്ട് ഉത്ഭവിച്ചുവെന്നും, നിലനില്‍ക്കുന്നുവെന്നുമുള്ള അന്വേഷണത്തില്‍ മാര്‍ക്സ് പറയുന്നത് മതപരമായ അസ്വാസ്ഥ്യം യഥാര്‍ത്ഥ അസ്വാസ്ഥ്യത്തിനെതിരായ പ്രതിഷേധമാണെന്നാണ്. "ഹെഗലിെന്‍റ നിയമദര്‍ശനത്തെക്കുറിച്ചുള്ള വിമര്‍ശനത്തിലേക്കൊരു സംഭാവന"എന്ന കൃതിയില്‍ മാര്‍ക്സ് എഴുതുന്നു. "മതം അടിച്ചമര്‍ത്തപ്പെട്ട ജീവിയുടെ നെടുവീര്‍പ്പാണ്. ഹൃദയശൂന്യമായ ലോകത്തിെന്‍റ ഹൃദയമാണ്." വര്‍ഗ്ഗരഹിതമായ ആദിമ സമൂഹത്തില്‍ മതങ്ങള്‍ ഉണ്ടായിരുന്നില്ല. വര്‍ഗ്ഗവ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെട്ട വര്‍ഗങ്ങള്‍ തങ്ങളുടെ പ്രതിഷേധത്തിെന്‍റ ഭാഗമായും ആശ്വാസത്തിെന്‍റ മാര്‍ഗ്ഗമായും മതത്തെ കണ്ടു. വര്‍ഗ്ഗ വ്യവസ്ഥയുടെ കാര്യത്തില്‍നിന്ന് രക്ഷപ്പെടാനുള്ള വഴിയായോ, ആശ്വാസം നല്‍കുന്ന സങ്കേതമായോ മതത്തെ കണ്ട് ജീവിച്ചുപോകുന്ന മനുഷ്യന് മതവിശ്വാസം ഒരത്താണിയാണ്. മനുഷ്യര്‍ മനുഷ്യനെ ചൂഷണംചെയ്യാത്ത ഒരു വര്‍ഗ്ഗരഹിത വ്യവസ്ഥയില്‍ മാത്രമാണ്, തല്‍ക്കാലത്തേക്കെങ്കിലും ആശ്വാസദായകമായ ഒരു സംവിധാനത്തെ ആശ്രയിക്കേണ്ടിവരുന്നത് ഒഴിവാക്കാനാകുന്നത്. അതുകൊണ്ട് മതത്തോട് പ്രായോഗികതലത്തില്‍ യാതൊരു എതിര്‍പ്പിനും കമ്യൂണിസ്റ്റുകാര്‍ മുതിരുന്നില്ല. എന്നാല്‍ താത്വികതലത്തില്‍ വിട്ടുവിഴ്ചചെയ്യാന്‍ ഒരുക്കവുമല്ല.   വ്യത്യസ്താഭിപ്രായങ്ങളുള്ള മതങ്ങള്‍ക്കുതന്നെ തങ്ങളുടെ അഭിപ്രായങ്ങള്‍ നിലനിര്‍ത്തി സഹകരിച്ച് ജീവിക്കാമെങ്കില്‍ , താത്വികമായി മാത്രം വിയോജിപ്പുള്ള കമ്യൂണിസ്റ്റുകാരോട് പ്രായോഗികതലത്തില്‍ ഏതെല്ലാം കാര്യങ്ങളില്‍ യോജിക്കനാകും? അതിെന്‍റ സാധ്യതകള്‍ കണ്ടെത്തുന്നത് മതം അതിെന്‍റ ഉള്ളടക്കത്തിലോ, കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ ദര്‍ശനത്തിലോ വെള്ളംചേര്‍ക്കലല്ല. എന്നാല്‍ വര്‍ഗ്ഗസമരത്തിെന്‍റ നിലയെന്താണ്? മുതലാളിവര്‍ഗ്ഗവും തൊഴിലാളിവര്‍ഗ്ഗവും തമ്മില്‍ ഏറ്റുമുട്ടുന്നതില്‍ മതം എന്തിനാണ് കുണ്ഠിതപ്പെടുന്നത്. ഇവിടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത് മുതലാളിവര്‍ഗ്ഗം തന്നെയാണ്. ഫ്യൂഡലിസത്തില്‍ ജന്മിവര്‍ഗ്ഗത്തോട് രക്തരൂഷിതമായി മുതലാളിവര്‍ഗ്ഗം ഏറ്റുമുട്ടിയ കഥ വര്‍ഗ്ഗസമരത്തിെന്‍റ കഥയല്ലേ? ഫ്രഞ്ചുവിപ്ലവം ഉള്‍പ്പെടെ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവങ്ങള്‍ നടത്തിയപ്പേള്‍ , ഫ്യൂഡലിസത്തോടും അതിെന്‍റ ഭാഗമായിരുന്ന അന്നത്തെ മതത്തോടും ഏറ്റുമുട്ടിയത് ബൂര്‍ഷ്വാസിയാണ്. എന്നാല്‍ , ജന്മിവര്‍ഗത്തെ പരാജയപ്പെടുത്തിയ മുതലാളിവര്‍ഗ്ഗം പിന്നീട് തൊഴിലാളികളെ കൂടുതല്‍ കൊള്ളയടിച്ചു. വര്‍ഗ്ഗസമരം ആരംഭിച്ചത് തൊഴിലാളിവര്‍ഗ്ഗമല്ല. മുതലാളിവര്‍ഗ്ഗത്തിെന്‍റ ചൂഷണത്തിനെതിരെ പോരാടിയല്ലാതെ ജീവിക്കാനാകില്ല എന്ന ബോധ്യത്തില്‍നിന്നാണ്, ആദ്യം ട്രേഡ്യൂണിയനും പിന്നീട് തൊഴിലാളിവര്‍ഗ്ഗ പാര്‍ടികളും പിറന്നുവീണത്. വര്‍ഗ്ഗസമരത്തിന് തൊഴിലാളികള്‍ കണ്ടെത്തിയ ആദ്യത്തെ ആയുധം തൊഴിലാളി സംഘടനകള്‍തന്നെയാണ്. ട്രേഡ്യൂണിയന്‍ ശക്തിപ്പെട്ടതോടെ തൊഴിലാളിയുടെ വിലപേശല്‍ശേഷിയും വര്‍ദ്ധിച്ചു കത്തോലിക്കാ സഭയുള്‍പ്പെടെ കേരളത്തിലെ പല സ്വകാര്യ മാനേജുമെന്‍റുകളും തങ്ങളുടെ ആശുപത്രിളില്‍ ട്രേഡ്യൂണിയന്‍ അനുവദിക്കുന്നില്ല. നഴ്സുമാര്‍ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറി നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.   മൂലധനം ആത്യന്തികമായി ലാഭം മാത്രം പ്രതീക്ഷിക്കുന്നു. സഭയായാലും കോര്‍പ്പറേറ്റുകളായാലും മൂലധനം ചൂഷണത്തെ ആശ്രയിച്ച് വളരാന്‍ ശ്രമിക്കുമ്പോള്‍ , മൂല്യങ്ങള്‍ ചൂണ്ടിക്കാണിച്ചതുകൊണ്ടോ ധാര്‍മ്മികത ഉപദേശിച്ചതുകൊണ്ടോ, മൂലധനത്തിെന്‍റ സ്വഭാവം മാറില്ല. അതിനോട് ഒറ്റയ്ക്ക് എതിര്‍ക്കാന്‍ ദുര്‍ബലനായ തൊഴിലാളിക്ക് സാധ്യമല്ല. സംഘടിച്ച് സമരംചെയ്തേ മതിയാകു. അത് കമ്യൂണിസ്റ്റുകാരുടെ മാത്രം സ്വഭാവമോ രീതിയോ അല്ല. എല്ലാ രാഷ്ട്രീയ പാര്‍ടികളും തൊഴിലാളികളെ സംഘടിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ ബൂര്‍ഷ്വാ പാര്‍ടികളും അവരുടെ തൊഴിലാളി സംഘടനകളിലൂടെ വര്‍ഗ്ഗസമരത്തില്‍ അബോധപൂര്‍വ്വമായെങ്കിലും പങ്കെടുക്കുന്നു. സഭയ്ക്ക് അവരോടില്ലാത്ത എതിര്‍പ്പ് കമ്യൂണിസ്റ്റ്പാര്‍ടിയോട് ഉണ്ടാകുന്നത് ന്യായമാവില്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വ്യത്യാസം, അത് ട്രേഡ്യൂണിയന്‍ ബോധത്തില്‍ മാത്രം തൊഴിലാളിയെ തളച്ചിടുന്നില്ല എന്നതാണ്. പ്രാഥമിക സംഘടനാ ബോധത്തില്‍നിന്ന് രാഷ്ട്രീയ ബോധത്തിലേക്ക് ഉയര്‍ത്തി, തൊഴിലാളിവര്‍ഗ്ഗം അധികാരംപിടിച്ച്, മുതലാളിത്തവര്‍ഗ്ഗ വാഴ്ച അവസാനിപ്പിക്കണമെന്നാണ് മാര്‍ക്സിസം പഠിപ്പിക്കുന്നത്. മനുഷ്യന്‍ മനുഷ്യനെ ചൂഷണംചെയ്യുന്നത് തടയണമെന്നാണ് അതിെന്‍റ അര്‍ത്ഥം. അത് മതവിശ്വാസികള്‍ ഉള്‍പ്പെടെ കഷ്ടപ്പെടുന്ന എല്ലാ മനുഷ്യെന്‍റയും ആത്യന്തിക സ്വപ്നമാണ്. അത് കൈവരിക്കുമ്പോള്‍ , വര്‍ഗ്ഗ വ്യവസ്ഥയും ചൂഷണവും ഇല്ലാതെയാകും. അത് വര്‍ഗ്ഗരഹിതസമൂഹം സൃഷ്ടിക്കപ്പെടുന്നതോടെ മാത്രമേ പരസ്പര മത്സരം നടത്തേണ്ട ആവശ്യകത അവസാനിക്കുകയുള്ളു.

   ഇല്ലാതാക്കൂ
 18. കാള പെറ്റു എന്ന് കേട്ടപാടെ കയറെടുത്ത മുഹമ്മദ്‌ ഷാജിമാര്‍ ഇതൊന്നു വായിക്കണം ....................
  CPI M സംസ്ഥാനസമ്മേളന പോസ്റ്ററില്‍ യേശുവിന്റെ പടം വെച്ചത് വലിയപാതകമായി ബഹളം വെക്കുന്ന കത്തോലിക്ക പുരോഹിതന്മാരും കോണ്‍ഗ്രസുകാരും ഫേസ്ബുക്ക് ബുജികളും വായിയ്ക്കണം.

  സി പി ഐ എം സമ്മേളന പ്രദര്‍ശനത്തിലെ പോസ്റ്റര്‍.

  ദേവാലയത്തില്‍ കച്ചവടം നടത്തിയവരെ ചാട്ടകൊണ്ടടിച്ചാണ് യേശു പുറത്താക്കിയത്.
  റോമാ സാമ്രാജ്യം യേശുവിനെ ഭയന്നു. അടിമത്തത്തില്‍നിന്ന് യഹൂദരെ മോചിപ്പിക്കാനെത്തിയ വിപ്ലവകാരിയായി അവര്‍ ആ യുവാവിനെ കണ്ടു. സാമ്രാജ്യത്വത്തിന് ദാസ്യവൃത്തി നടത്തിയിരുന്ന പൌരോഹിത്യവും അവനെ ഭയന്നു. ഇരുവരും ചേര്‍ന്ന് കാല്‍വരിയില്‍ അവനുവേണ്ടി കുരിശുകളുയര്‍ത്തി. പിന്നീട് സാമ്രാജ്യത്വവും പൌരോഹിത്യവും ചേര്‍ന്ന് അവനെ സ്വന്തമാക്കി. മര്‍ദിതര്‍ക്കും ചൂഷിതര്‍ക്കുംവേണ്ടി എഴുതപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ സുവിശേഷത്തോടൊപ്പം ചേര്‍ത്തു വായിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പുരോഹിതന്മാരുടെ ചാട്ടവാറുകള്‍ ഉയരുന്നു.

  മറുപടിഇല്ലാതാക്കൂ
 19. ചെരുപ്പിന്റെ വാറഴിക്കുന്ന കാര്യം പറഞ്ഞത് സ്നാപക യോഹന്നാനാണ്‌. ഇത്തരം ഒരു കുറിപ്പില്‍ പറ്റരുതാത്ത പിശകാണ്‌ട്ടോ അത്.
  ജാതിതിരിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്താത്ത ഒരു പാര്‍ട്ടിയെ കാണിച്ച് തരാമോ?
  വോട്ട് ആര്‍ക്ക് ചെയ്യണം എന്ന്‌ ഇടായലേഖനം വരുന്ന് നാടാണ്‌ നമ്മുടേത് എനും കൂടി ഓര്‍ക്കാമായിരുന്നു.
  "ആണും പെണ്ണും കെട്ടവനായ യേശു"-മലയാളത്തിന്റെ ഒരു കഥാകാരന്‍ പണ്ട് എഴുതിയതാണ്‌. ചുമ്മാ ഓര്‍മ്മിപ്പിച്ചു എന്നു മാത്രം.

  മറുപടിഇല്ലാതാക്കൂ
 20. മാറ്റത്തിനു ശ്രമിക്കുമ്പോഴൊക്കെ ഭൂതകാലവുമായി ചേര്‍ത്തു വായിച്ചു ശ്രമങ്ങളെ തള്ളിപ്പറയുന്നത് ആശാസ്യമല്ല....കലാഹരണപ്പെട്ട, 'പ്രത്യയശാസ്ത്രത്തിന്‍റെ വൈരുദ്ധ്യാത്മക കേട്ടുപാടില്‍"' നിന്നും മോചിതരാകാന്‍ ശ്രമിക്കുന്നവരെ ധാര്‍മ്മികമായെങ്കിലും പിന്തുണക്കുക...ബാക്കി കാലത്തിന് വിട്ടു കൊടുക്കുക..
  പക്ഷെ,വര്‍ത്തമാനങ്ങളോട് സന്ധി ചെയ്യുന്നത് കാണുമ്പോഴാണ് >>>>>>കോലഞ്ചേരി എന്നോ, പുഷ്പഗിരിയെന്നോ, കേള്‍ക്കുമ്പോഴേക്കു കൊടിയെടുത്തു നടുറോട്ടില്‍ ഇറങ്ങിയിരുന്ന പാര്‍ട്ടി കുട്ടികളൊക്കെ ഇപ്പോള്‍ എ കെ ജി ഭവനിലെ കൃസ്തു ദേവന്റെ പടത്തിനു മുന്നിലിരുന്നു കുര്‍ബാന നടത്തുകയാണ്<<<<<< മാറ്റത്തിന്‍റെ ഉദ്ദേശശുദ്ധിയും ലക്ഷ്യവും സംശയത്തിന്‍റെ നിഴലില്‍ വരുന്നത്....
  സമരമുഖങ്ങളിലെ വിപ്ലവ മുദ്രാവാക്യങ്ങള്‍ അരമനകളിലെ ഹല്ലെലൂയകളാകുകയാണോ.....?

  പോസ്റ്റിലെ പക്ഷപാതപരമായ നിരീക്ഷണങ്ങളോട് വിയോജിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 21. യേശുക്രിസ്തു: സിപിഐ എം നിലപാടാണ് ശരി- സക്കറിയ
  യേശുക്രിസ്തു വിമോചനപ്പോരാളിയാണെന്ന സിപിഐ എം നിലപാട് നൂറുശതമാനവും ശരിയാണെന്ന് എഴുത്തുകാരന്‍ സക്കറിയ പറഞ്ഞു. കൊച്ചിയില്‍ ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സാംസ്കാരികസായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യേശുക്രിസ്തു വിമോചനപ്പോരാളിയാണെന്ന നിലപാടിനോട് തനിക്ക് പൂര്‍ണ യോജിപ്പാണ്. ശരിയായ അര്‍ഥത്തില്‍ യേശു വിമോചനപ്പോരാളിയല്ല. തെരുവ് പോരാളിയെന്നാണ് യേശുവിനെ വിശേഷിപ്പിക്കേണ്ടത്. അനീതിക്കെതിരെ ചാട്ടവാറുമെടുത്ത് തെരുവിലേക്കിറങ്ങിയ യേശു ധാര്‍മികരോഷമുള്ളയാളാണെന്ന വീക്ഷണമാണ് തന്റേത്. സിപിഐ എമ്മുകാര്‍ പറയുന്നതുകൊണ്ട് വിശ്വസിക്കില്ലെന്ന സഭയുടെ നിലപാട് ശരിയല്ല.

  കോണ്‍ഗ്രസുകാര്‍ക്ക് യേശുവിനെക്കുറിച്ച് ഒരു വിവരവുമില്ല. ചില വിവരമില്ലാത്ത മെത്രാന്‍മാര്‍ പറയുന്നതുകേട്ടാണ് അവര്‍ ഉറഞ്ഞുതുള്ളുന്നത്. "അവസാന അത്താഴം" വിവാദമാക്കുന്നത് വിവരമില്ലാത്ത ചില പുരോഹിതന്‍മാരും നിക്ഷിപ്ത താല്‍പ്പര്യക്കാരുമാണ്. "അവസാനത്തെ അത്താഴം" മതചിത്രമല്ല. ഇറ്റലിയിലെ ഒരു മഠത്തിന്റെ ഭിത്തി അലങ്കരിക്കാന്‍വേണ്ടിയാണ് ഡാവിഞ്ചി അത് വരച്ചത്. "അവസാനത്തെ അത്താഴം" ഒരു മതത്തിന്റെയും സ്വകാര്യസ്വത്തല്ല. ഇന്റര്‍നെറ്റില്‍ നോക്കിയാല്‍ "അവസാനത്തെ അത്താഴം" എന്ന ചിത്രത്തിന് പതിനായിരത്തോളം പാരഡികള്‍ കാണാന്‍ കഴിയും. യേശുവിനെ നടുവിലിരുത്തി അദ്വാനിയെയും മന്‍മോഹന്‍സിങ്ങിനെയും വരച്ചിരുന്നെങ്കില്‍ അത് യേശുവിനെ അപമാനിക്കുന്നതിന് തുല്യമാകുമായിരുന്നു. എന്നാല്‍ യേശുവിന്റെ സ്ഥാനത്ത് ഒബാമയെയാണ് വച്ചിരിക്കുന്നത്. ക്രിസ്ത്യാനികള്‍ക്ക് യേശുവെന്നുപറഞ്ഞാല്‍ പള്ളീലച്ചന്‍ നടത്തുന്ന ജല്‍പ്പനങ്ങളാണ്. എന്നാല്‍ തനിക്ക് കുട്ടിക്കാലംമുതല്‍ യേശുവിനെ അടുത്തറിയാം. പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നും സക്കറിയ പറഞ്ഞു.

  മറുപടിഇല്ലാതാക്കൂ
 22. ഹമ്പട.. ഗമ്യൂണിസ്റ്റുകാരെ തൊട്ടാ ഇപ്പോ കളി.. ല്ലേ...

  ശരിയാക്കിത്തരാം...

  മറുപടിഇല്ലാതാക്കൂ
 23. കാര്യം ഒന്നും അത്രക്കു അങ്ങട് മനസ്സിലായില്ലങ്കിലും വായിക്കാൻ നല്ല രസമുണ്ടായിരുന്നു

  മറുപടിഇല്ലാതാക്കൂ
 24. ഇന്ത്യന്‍ കമ്യുണിസ്റ്റുകള്‍ കാലാകാലങ്ങളായി അനുവര്‍ത്തിച്ചു വരുന്ന പ്രത്യയശാസ്ത്ര വിപര്യയങ്ങളുടെ ഏറ്റവും പുതിയ അദ്ധ്യായം എന്ന് ഇപ്പോഴുള്ള ഈ നയവ്യതിയാനത്തെ സംഗ്രഹിക്കാം . ശുദ്ധകമ്യുണിസം ഇന്ത്യന്‍ പുല്ല് തിന്നില്ല എന്ന 'തിരിച്ചറിവില്‍' നിന്നും ഉടലെടുത്ത ഈ 'പ്രായോഗികാധിഷ്ടിത ഭൌതികവാദം' തന്നെയാവണം കമ്യുണിസത്തിന്റെ ഇന്ത്യന്‍ സാധ്യതകളെ ഇല്ലാതാക്കിയതും. പാമ്പിന്റെ തിന്നുന്ന നാട്ടില്‍ നടുക്കഷണം തന്നെ തിന്നാനുള്ള വൃഥാ ശ്രമങ്ങള്‍ തുടരുവോളം ഒരു യേശു ചിത്രത്തിനും പാര്‍ട്ടിയെ രക്ഷിക്കാനാവില്ല.

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.