വന്നു കുടുങ്ങിയവര്‍

2011, നവംബർ 21

എന്‍ പിയുടെ സ്വന്തം പരപ്പനങ്ങാടി (രണ്ടാം ഭാഗം)

 പ്രസിദ്ധ സാഹിത്യകാരനായ എന്‍ പി മുഹമ്മദ്‌ തന്റെ ബാല്യകാലം ചെലവഴിച്ച പരപ്പനങ്ങാടിയെ കുറിച്ച് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ രണ്ടാം ഭാഗം...
========================================================================
എതിരെ നിന്ന് മൂന്നാല് ബസ്സുകള്‍ ഹോണടിച്ചു വന്നപ്പോള്‍ കാറിന്റെ സ്പീഡ് പതുക്കെയായി. നാല് ബസ്സോന്നിച്ചു മുമ്പൊരിക്കലും പരപ്പനങ്ങാടിയില്‍ കണ്ടിട്ടില്ല. ലോറികള്‍ ഇല്ലായിരുന്നു. വൈകുന്നേരം രണ്ടു ബാസ്സായിരുന്നു ഉണ്ടായിരുന്നത്, പനയത്തില്‍ പള്ളിയില്‍ മുസ്ലിയാര്‍ കുട്ടികള്‍ കിതാബോതി തല കാഞ്ഞു ചാമ്പ്രയില്‍ അലസമായി ഉലാത്തുമ്പോള്‍ ബസ് വെങ്ങരയില്‍ നിന്നും വരും. കോഴിക്കോട് നിന്ന് പുറപ്പെട്ടു, മഞ്ചേരി, മലപ്പുറം, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ചുറ്റിയടിച്ചു ആ ബസ് പരപ്പനങ്ങാടിയില്‍ എത്തുന്നു..ഭൂലോകംചുറ്റി എന്നായിരുന്നു ആ ബസിന്റെ പേര്...

ചാമ്പ്രയില്‍ ധാരാളം പോത്തുവണ്ടികളും, കുതിരവണ്ടികളും ഉണ്ടായിരുന്നു. കോഴിക്കോട്ടു നിന്ന് പുറം തള്ളിയ കുതിരവണ്ടികള്‍, ചാവാളിക്കുതിരകള്‍. തീവണ്ടി വരുമ്പോഴേക്കും കുതിരവണ്ടിക്കാരുടെ ചാട്ടവാറുകള്‍ ഉഷാറാവുന്നു. 'എട്ടേ പത്ത്' എന്നായിരുന്നു കുതിരവണ്ടികള്‍ക്ക് പരപ്പനങ്ങാടി ഭാഷ,അത് അവയുടെ വേഗത്തെ സൂചിപ്പിച്ചു.യാത്രക്കാരെ കുത്തി തിരുകും, കുതിരയനങ്ങില്ല, പലപ്പോഴും പിന്കാലുകളിലേക്ക് ചായും കുതിര. അതിന്റെ വായില്‍ നിന്നും ഖേല ഒളിക്കും. വണ്ടിക്കാരനാണ് മുരളുക. കുതിരയെ ഇടവും, വലവും പിടിച്ചാണ് രണ്ടു പേര്‍ ഓടിക്കുക. യാത്ര കുതിരക്കായിരുന്നു. ഇങ്ങനെ ദ്രോഹിക്കുന്ന വണ്ടിക്കാരനോട് എനിക്ക് കഠിനമായ ദേഷ്യമായിരുന്നു. കുതിരയെ ദ്രോഹിക്കുന്നത് മാത്രമായിരിക്കില്ല കാരണം. ഞങ്ങളുടെ വീട്ടിലെ കിണര്‍ കുണ്ടം വീണു പോയി, വെള്ളമില്ല, അടുത്ത വീട്ടിലെ മിധോന്ട്ടിക്കയുടെ കിനരാന് ശരണം, അതിലേക്കു കാലത്ത് പോകാന്‍ കുതിരപ്പന്തിയുടെ മുമ്പില്‍ കൂടി കടന്നു പോകണം.

മിധോന്റിക്ക നല്ലയാളായിരുന്നു. വണ്ടിക്കാരന്‍ കുഞ്ഞവരാന്കുട്ടിക്ക മഹാ ചീത്തയാണ്‌. കറുത്ത് ഉണങ്ങിയ നീളം കൊല്ലി. കറുത്ത മുഖത്ത് വെളുത്ത കുറ്റിരോമം, മുഖം വാര്‍ധക്യത്തില്‍ പൊതിഞ്ഞ അരിശം. പാതൂക്കും, ഇളയമ്മായിയും, ഞാനുമാണ് വെള്ളമെടുക്കാന്‍ പോകുക., കുഞ്ഞവരാന്കുട്ടിക്കത് കണ്ടു കൂടാ. അയാള്‍ പ്രാകും, നൊടിയും, ചീതയും പറയും. ഞങ്ങളെ കണ്ടാല്‍ കണി മോശമാണത്രെ, അന്ന് വര്തിക്കില്ല.കണി ശരിയായിരുന്നു, കുഞ്ഞവറാന്‍ കുട്ടിയെ കണ്ടാല്‍ എനിക്കും ആ ദിവസം ദുര്‍ദിനമാണ്.

മാമ്പൂ കുളിര്‍ത്ത കുളിരിയില്‍ കോടതി വളപ്പിലെ അനേകം അയിനിപ്പിലാവുകളില്‍ ചക്കയുണ്ടായിരുന്നു, തിന്നാന്‍ കൊള്ളില്ല അയനിച്ചക്ക.അണ്ണാറക്കൊട്ടന്‍ അവ ഈമ്പി തറയിലേക്കു എറിയുന്നു, ആയിനിക്കുരു അതിലുണ്ടാകും. ആയിനിക്കുരു പെറുക്കുക ഞങ്ങളുടെ സ്ഥിരം ഏര്‍പ്പാടാണ്.വറുത്തു തിന്നാല്‍ ബഹുരസം.കശുവണ്ടി തോറ്റു പോകും. ഇരുളിന്റെ നിഴലായി ഞങ്ങള്‍ കോടതി വളപ്പില്‍ ഓടിയെത്തും,ആയിനിക്കുരു പെറുക്കാന്‍..ആയിസു മുമ്പേ എത്തിയാല്‍ ഞങ്ങളുടെ കാര്യം കഷ്ടമായി. പഹച്ചിക്ക് ഇരുട്ടിലും കണ്ണ് കാണും, അവളുടെ അനുജത്തിക്ക് മിടുക്കില്ല. പാവമായിരുന്നു, എന്നോടായിരുന്നു അടുപ്പം. പാതൂക്കിനു ഇത് വലിയ ഇഷ്ടമില്ല, ഞാനും സൈനുവും ഒന്നിച്ചു കൈ താഴ്ത്തും, ആയിനിക്കുരു കിട്ടില്ല, രണ്ടു പേരും കൈമിടുക്ക് കാണിക്കും. ഞാനാദ്യം തോറ്റ സ്ത്രീ ശരീരം സൈനുവിന്റെതായിരുന്നു. അപ്പോഴേക്കും വെളിച്ചം പറക്കുകയായി. വെളിച്ചം വന്നാല്‍ ദുരിതമാണ്. കോടതി ശിപായിമാര്‍ ആട്ടിയോടിക്കും, കറുപ്പന്‍ ശിപായി മാത്രം ഓടിക്കില്ല..

കോടതി പരപ്പനങ്ങാടിയിലെ മഹാസത്യമായിരുന്നു. വെയില് മൂത്താല്‍ വ്യവഹാരികളുടെ വരവായി. പരപ്പനങ്ങാടിയും പുറംലോകവും തമ്മിലുള്ള ബന്ധമുണ്ടാക്കുന്നത് കോടതിയായിരുന്നു. ബസിലും, തീവണ്ടിയിലും വരും വ്യവഹാരികള്‍. ബസില്‍ യാത്ര ചെയ്യുന്ന പരപ്പനങ്ങാടിക്കാരുടെ എണ്ണം കുറവ്. പരപ്പനങ്ങാടിയിലേക്ക് വരുന്നവരുടെ എണ്ണം ഏറെ. പുറം ലോകത്ത് നിന്നുള്ള പ്രകാശമായി വ്യവഹാരികള്‍ വന്നു. പുറം ലോകത്തിന്റെ മനുഷ്യപാതകളായി വ്യവഹാരികളെ ജനം കണ്ടു. ആയിശുമ്മ ഒരു വ്യവഹാരിയുടെ കൂടെ ഓടിപ്പോയത് അങ്ങനെയാണല്ലോ.

കോടതിയുടെ എതിര്‍വശത്ത് പീടികകളാണ്. അവയില്‍ മിക്കവയ്ക്കും മാളികയുണ്ട്. മാളിക മുകളിലാണ് വക്കീല്‍ ഗുമസ്ഥന്മാര്‍, നെടുവയില്‍ നിന്നാണ് ആ ഹിന്ദുക്കള്‍, മഷി വീണു വികൃതമായ മേശകള്‍, മടക്കി  വെച്ച ആധാരക്കെട്ടുകള്‍, വക്കീല്‍ ഗുമാസ്തന്മാര്‍ക്ക് മുണ്ടുണ്ടായിരുന്നു. മിഷന്‍ സ്കൂളില്‍ നിന്ന് എട്ടാം ക്ലാസ് പാസ്സായാല്‍ വക്കീല്‍ ഗുമസ്ഥനാകാന്‍ യോഗ്യനായി.ഏഴാം ക്ലാസ്സില്‍ നിന്നാണ് ഗോപി പിരിഞ്ഞത്, അവന്‍ വക്കീല്‍ ഗുമസ്തന്റെ അസ്സിസ്ടന്റായി, വടിവുള്ള കയ്യക്ഷരം വേണം. ഓ ചന്തുമേനോന്‍ ഇവിടെ മുന്സീഫ് ആയിരിക്കുമ്പോള്‍ നെടുവയില്‍ മുന്തിയ കയ്യക്ഷരമുള്ള ഒരു ഗുമസ്ഥനുണ്ടായിരുന്നുവത്രേ, അയാളായിരുന്നു ഇന്ദുലേഖയുടെ ആദ്യത്തെ പ്രസ് കോപ്പി തയ്യാറാക്കിയത്. ഗുമസ്ഥന്മാരുടെ ചുറ്റുമാണ് വ്യവഹാരികള്‍, പത്രിക കൊടുക്കാന്‍ ഉണ്ടാകും.

വെപ്പുപുരകള്‍ സജീവമാകുന്നത് അന്നേരമാണ്, കൊലായിയില്‍ വെള്ളം നിറച്ച കിണ്ടികള്‍ കാണുന്നു. അന്നവിടെ ഹോട്ടലുകള്‍ ഒന്നോ രണ്ടോ. അവയില്‍ ഒന്ന് വേലായുധന്‍ നായരുടെതാണ്. എണ്ണമയിലന്‍ നിറമുള്ള ആ വട്ടമുഖക്കാരന്റെ നെറ്റിയില്‍ വെള്ളവട്ടത്തില്‍ മുക്കി വെച്ച ഒരു ചുവന്ന പോട്ടുണ്ടായിരുന്നു. അത് കാണാന്‍ രസം. ഞങ്ങള്‍ കാഫറിന്റെ ചായപ്പീടികയില്‍ കയറാറില്ല. കാഫര്‍ മുസ്ലിംകളുടെ ചായപ്പീടികയിലെക്കും ഇല്ല. എന്നാല്‍ എല്ലാവരും ലോഹ്യക്കാര്‍, വെപ്പുപുരകളില്‍ ഊണ് മാത്രം. മുസ്ലിം സ്ത്രീകളായിരുന്നു ഉടമകള്‍, വ്യവഹാരികള്‍ക്ക് രാപാര്‍ക്കാന്‍ കിടക്കപ്പായകള്‍ നിരത്തിയതും അവര്‍ തന്നെ.

വെപ്പുപുരകളുടെ ദ്വയാര്‍ത്ഥം പിടികിട്ടിയത് മീശ മുളച്ചതിനു ശേഷമാണ്. ഉടമകളായ സ്ത്രീകള്‍ക്ക് മിക്കവര്‍ക്കും ഭാര്താക്കന്മാരില്ല, സുന്ദരികളുടെ വെപ്പുപുരകളില്‍ കുറ്റിക്കാരുടെ തിരക്കായിരുന്നു. 1921 ലെ ലഹളയുടെ ദുരന്ത ഫലമാണോ ഈ ജീവിതോപായം? വെള്ളക്കാചിയുടുത്തു, ചുവന്ന നൂലുകള്‍ കൊണ്ട് മടക്കുകളില്‍ ചിത്രപ്പണികള്‍ ചെയ്ത ഇറുകിയ കുപ്പായമിട്ട്, ചന്കേലസ്സും വീതിയുള്ള വെള്ളി അരഞ്ഞാണവും കെട്ടി, അവര്‍ ചോറ് വിളമ്പുമ്പോള്‍ അവരുടെ തിളക്കമുള്ള കന്നിവയറുകള്‍ കാണാമായിരുന്നു.

പത്തു മണി കഴിഞ്ഞാല്‍ വക്കീല്മാരുടെ വരവായി, കറുത്ത ഗൌണ്‍ ധരിച്ചു വലിയ ചിറകുള്ള ദൈവദൂതന്മാരെ പോലെ അവര്‍ നടന്നു. വഴിവക്കിലുള്ളവര്‍ വഴി മാറി നില്‍ക്കുന്നു. വക്കീലന്മാര്‍ വഴിപോക്കരെ ഗൌനിക്കില്ല, പരശുരാമയ്യര്‍ ഒട്ടും ഗൌനിക്കുന്നില്ല, അദ്ദേഹം പണ്ടം പണയതിനെടുക്കുമായിരുന്നു. അന്ന് പ്രസിദ്ധനായ വക്കീല്‍ പരപ്പില്‍ രാമന്‍ മേനോനായിരുന്നു.
======================================================================
എന്‍ പി യുടെ പരപ്പനാടന്‍ ശൈലി  വായനക്കാര്‍ക്ക് മനസ്സിലാവുമെന്ന് പ്രതീക്ഷിക്കുന്നു...ബാക്കി അടുത്ത പോസ്റ്റുകളില്‍







9 അഭിപ്രായങ്ങൾ:

  1. പരപ്പാനങ്ങാടി ഒന്നു മൊത്തം പരത്തിയല്ലൊ പരപ്പനാടന്‍ ഭായി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അഭിനന്ദനങ്ങൾ ഈ ഉദ്യമത്തിനു.. നന്നായി അവതരിപ്പിച്ചിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  3. നന്നായിരിക്കുന്നു കുറിപ്പ്..ആ ആദ്യചിത്രം കണ്ടപ്പോള്‍ കൊതിയാവുന്നു..ഒരു ഗൃഹാതുരത്വ ഫീലിങ്സ്...എന്റെ നാട്റ്റിലെ കൊച്ചു റെയില്വേസ്റ്റേഷന്റെ ചിത്രം മനസ്സിലേയ്ക്കിടിച്ചുകയറുന്നു...

    മറുപടിഇല്ലാതാക്കൂ
  4. പരപ്പനങ്ങാടിയെ കുറിച്ച് ഒരു ധാരണയായി. പണ്ട് ഞങ്ങൾ തൃശ്ശൂരിൽ നിന്ന് അവിടെ ഒരു സെവൻസ് കളിയ്ക്കാൻ വന്നതോർക്കുന്നു.
    ഇത് പോലെ എനിയ്ക്ക് പ്രിയപ്പെട്ട മറ്റൊരു സ്ഥലമാണു ഒലവക്കോട്..

    നല്ല ഉദ്യമം, സുഹൃത്തെ!

    മറുപടിഇല്ലാതാക്കൂ
  5. പരപ്പനാടാ ,ആമുഖത്തിലെ പരിചയപ്പെടുത്തലും ,പിന്മൊഴിയിലെ എന്‍ .പി.യുടെ പരപ്പനാടന്‍ ശൈലി എന്നൊക്കെ വായിച്ചപ്പോള്‍ ഒരു സംശയം ഈ കുറിപ്പ് എഴ്ത്തിയത് ആരാണെന്ന് ...എന്‍ ,പി .മുഹമ്മദോ അതോ ഈ ബ്ലോഗിന്റെ ഉടമ പരപ്പനാടനോ?

    മറുപടിഇല്ലാതാക്കൂ
  6. അഭിനന്ദനങ്ങൾ ഈ ഉദ്യമത്തിനു

    മറുപടിഇല്ലാതാക്കൂ
  7. ഇത് ഞാന്‍ എഴുതിയതല്ല, എന്‍ പി എഴുതിയത് തന്നെയാണ്...പരപ്പനങ്ങാടിയെ കുറിച്ച് പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ പറ്റിയ ഈ ലേഖനം മാതൃഭൂമിയില്‍ വന്നതാണ്...ബാക്കി ഭാഗങ്ങള്‍ വായിക്കുമ്പോള്‍ അത് തീര്‍ത്തും ബോധ്യമാകും

    മറുപടിഇല്ലാതാക്കൂ
  8. പരപ്പനങ്ങാടി എന്നും എനിക്ക് ഇഷ്ടപ്പെട്ട സ്ഥലമാണ്‌. 1986 -൮൯ കാലഘട്ടത്തില്‍ ഞാന്‍ PSMO കോളേജില്‍ പഠിക്കുമ്പോള്‍ ക്ലാസ്സ്‌ കട്ട് ചെയ്തു സിനിമക്ക് പോകാറുണ്ട്.

    മറുപടിഇല്ലാതാക്കൂ
  9. അപ്പോള്‍ പരപ്പനങ്ങാടി എല്ലാവര്ക്കും ഇഷ്ടമായി അല്ലെ...നന്ദി വീണ്ടും വരിക...

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.