വന്നു കുടുങ്ങിയവര്‍

2011, നവംബർ 26

ഇടുക്കിയിലേക്ക് ഒരു കൂട്ട സിയാറത്ത്..

കടപ്പാട് : നൌഷാദ് അകമ്പാടംhttp://entevara.blogspot.com
നമ്മുടെ ജലസേചന മന്ത്രി പി ജെ ജോസഫിന് കുലുക്കം തുടങ്ങിയിരിക്കുന്നു..മൂപ്പര് അങ്ങനെയാണ്, ഭരണം കുറച്ചു മാസം പിന്നിട്ടാല്‍ മതി, പെട്ടന്ന് കുലുക്കം വരും. ഇടുക്കിയും, ചെറുതോണിയും, കുളമാവും, മുല്ലപ്പെരിയാറും ഒക്കെ കുലുങ്ങുന്തോറും  പി ജെ ജോസഫും നിന്ന് കുലുങ്ങുകയാണ്...കുലുങ്ങുന്നത് മുല്ലപ്പെരിയാറിന്റെ പേരില്‍ ആയതു കൊണ്ട് കൂടെ കുലുങ്ങാന്‍ കുറെ പേരുണ്ടാകും. മുല്ലപ്പെരിയാറിന് വേണ്ടി മന്ത്രിപ്പണി വരെ ത്യജിക്കാന്‍ കാത്തിരിക്കുകയാണ് ജോസഫദ്ധേഹം. അദ്ധേഹത്തിന്റെ ഈ കുലുക്കം റിക്ടര്‍ സ്കെയിലില്‍ എട്ടിന്റെ പരിധി വിടാതെ നോക്കാന്‍ നമ്മുടെ കുഞ്ഞൂഞ്ഞിനും, കുഞാപ്പക്കും, കുഞ്ഞുമാണിക്കും ഒക്കെ കുറച്ചു റിസ്ക്‌ എടുക്കേണ്ടി വരും. മുല്ലപ്പെരിയാര്‍ ഒന്നാകെ പൊട്ടിയൊലിച്ച്  വന്നാല്‍  വല്ല കമ്പിലോ, കൊടിയിലോ,  പിടിച്ചു തൂങ്ങി രക്ഷപ്പെടാന്‍ അണികളെ പഠിപ്പിച്ചാലും,  കേരള കോണ്ഗ്രസ്സിന്റെ ആസ്ഥാനം പിന്നെ അറബിക്കടലിലാവും..അത് കൊണ്ട് തന്നെ  ഭൂമധ്യകേരളത്തിന്റെ വടക്കോട്ടുള്ള പാര്‍ടികളെക്കാള്‍ മുല്ലപ്പെരിയാറിന്റെ ആധിയേറുക അങ്ങ് തെക്കോട്ടുള്ള കേരള കൊണ്ഗ്രസ്സിനും, ജോസഫിനുമായിരിക്കും .പി ജെ ജോസഫ് ഒന്ന് കുലുങ്ങിയാല്‍ കോട്ടയത്തെ മെത്രാന്മാര്‍ രണ്ടു പ്രാവശ്യം കുലുങ്ങും, അതാണ്‌ നാട്ടു നടപ്പ്. മെത്രാന്മാര്‍ കുലുങ്ങിയാല്‍ പിന്നെ വത്തിക്കാന്‍ വരെ കുലുങ്ങുമെന്നാണല്ലോ...
പണ്ട് ഭൂമിയില്‍ തൊടാതെ ജോസഫ്  ആകാശത്ത് കൂടെ പറക്കുമ്പോള്‍ വിമാനം ഒന്ന് കുലുങ്ങിയതാണ്, അന്ന് കൈ എവിടെയൊക്കെയോ തട്ടുകയും  മന്ത്രിപ്പണിയില്‍ നിന്ന് കുലുങ്ങി വീഴുകയും ചെയ്തു. അന്ന് തുടങ്ങിയതാണ്‌ ഈ കുലുക്കം. അച്ചുംമാമന്റെ ഭരണത്തിന് അന്ന് അഞ്ചാറു ബേക്കറിയിലെ മൊത്തം ലഡുവിന്റെ ഭൂരിപക്ഷം ഉണ്ടായതിനാല്‍ ഒരു ജോസഫിന്റെ  ലഡു കൊണ്ടൊന്നും   അച്ചുംമാമന് കട പൂട്ടേണ്ടി വന്നില്ല. പക്ഷെ ഇന്ന് ഉമ്മന്‍ ചാണ്ടിയുടെ കഥ അതല്ലല്ലോ..ആകപ്പാടെ നാല് ലഡ്ഡുവിന്റെ ലീഡാണുള്ളത്. അതിനിടക്ക് പിറവത്ത് ഒരു ലഡ്ഡു കൂടി പൊട്ടിയാല്‍ പിന്നെ ആകെ പോയിട്ടും, വന്നിട്ടും ... മൂന്ന് ലഡ്ഡു.     അതില്‍ ഏതെങ്കിലും ഒരു ലഡ്ഡു കുലുങ്ങി കുലുങ്ങി പപ്പടം പരുവത്തിലായാല്‍  പിന്നെ  ആറ്റു നോറ്റ എല്ലാ ലഡുകളും കൂടി മുല്ലപ്പെരിയാറിലേക്ക് വലിച്ചെറിയുന്നതാവും നല്ലത്..അത് വരെയെങ്കിലും ആ മുല്ലപ്പെരിയാറിന് മേല്‍ ഉടയതമ്പുരാന്റെ കനിവുണ്ടാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.. അതല്ല എല്ലാ പ്രാര്‍ത്ഥനകളെയും, വഴിപാടുകളെയും തകിടം മറിച്ചു ഒരു ദുരന്തം നമ്മെ വേട്ടയാടുകയാണെങ്കില്‍  നമ്മുടെ മുന്നണി രാഷ്ട്രീയക്കാര്‍ക്ക് കോഴിക്കോട്ടും, തിരുവനന്തപുരത്തും ഇരുന്നു  ഒരു ഹോളിവൂഡ്‌ ചിത്രം പോലെ അത് ചാനലുകളില്‍ ലൈവ് കണ്ടിരിക്കാം.
തേക്കടി തടാകത്തില്‍ നിന്ന്















നമ്മുടെ കുഞ്ഞിരാമേട്ടന്‍ പണ്ട് വയറിളക്കിയ പോലെയാണ് ഇടുക്കി അങ്ങനെ കുലുങ്ങി കൊണ്ടിരിക്കുന്നത്..കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ ഇരുപതിലേറെ തവണ ഇടുക്കിയും, പരിസരങ്ങളും കുലുങ്ങുകയുണ്ടായി..അത് കൊണ്ട് തന്നെ മലയാളികള്‍ കൂടുന്നിടത്തൊക്കെ ഇന്ന് മുല്ലപ്പെരിയാരാണ് വിഷയം, ബ്ലോഗായ ബ്ലോഗുകളിലും, സോഷ്യല്‍ നെറ്റ്വര്ക്കിലും ഒക്കെ ഇത് തന്നെ..അതും പോരാഞ്ഞു മലയാളിയായ സോഹന്‍ റോയ് ഡാം999 എന്ന ഹോളിവൂഡ്‌ സിനിമയും മുല്ലപ്പെരിയാറിന്റെ രക്ഷക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്. കാലപ്പഴക്കം ചെന്ന ഡാമിന്റെ ശോചനീയാവസ്ഥ മലയാള പത്രങ്ങള്‍ പരമ്പരയായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു...ഇതൊക്കെ കാണുമ്പോള്‍ പി ജെ ജോസഫ് എന്നല്ല, കൂട്ടും കുടുംബവും, പാര്‍ട്ടിയും ആപ്പീസും ഒക്കെയുള്ള ആരും പേടിച്ചു കുലുങ്ങിപ്പോകും...അത്തരത്തില്‍ ഒരു കുലുക്കം പരപ്പനാടനുമുണ്ടായി...

കഴിഞ്ഞ 17 ന് പരപ്പനാടന്‍  കുടുംബസമേതം ഇടുക്കിയിലേക്ക് ഒരു കൂട്ടസിയാറത്ത് നടത്തി...പുണ്യം പ്രതീക്ഷിച്ചു കൊണ്ടല്ല,   മറിച്ചു ഇടുക്കിയിലെ ഡാമുകള്‍ സന്ദര്ശിക്കലായിരുന്നു മുഖ്യ ലക്‌ഷ്യം.   18 നു രാവിലെ 5 .45 നു ഇടുക്കി കുലുങ്ങുമ്പോള്‍ ആ പരിസരങ്ങളില്‍ ഉണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴും ഭീതിയോടെയാണ് ഞങ്ങള്‍  ഓര്‍ത്തു പോകുന്നത്..രാത്രി ഉറങ്ങുമ്പോള്‍ നല്ല തണുപ്പും പിന്നെ കൂട്ടിനു പുതപ്പും ഉണ്ടായതിനാല്‍ ലോകം തന്നെ അവസാനിച്ചാലും അന്ന് അറിയുമായിരുന്നില്ല. രാവിലെ തേക്കടി തടാകത്തില്‍ ബോട്ട് യാത്ര ചെയ്യുമ്പോഴും, പിന്നീട് ഇടുക്കിയിലെത്തി രണ്ടു ഡാമുകളും വിശാലമായി നടന്നു വീക്ഷിക്കുംപോഴും ഞങ്ങളാരും രാവിലെയുണ്ടായ  കുലുക്കം കേട്ടറിഞ്ഞത് പോലുമില്ല. .  അന്നാട്ടുകാരോ , ബോട്ട് ജീവനക്കാരോ, ഡാമുകളുടെ സുരക്ഷാ ഉദ്യോഗസ്ഥരോ ഒന്നും ഞങ്ങളോട് ഈ വിവരം പറഞ്ഞതുമില്ല.  മുല്ലപ്പെരിയാര്‍ ഡാമിന് ചെറിയ ഒരു മൂന്നു നാല്  വിള്ളലും, പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ചോര്‍ച്ചയും ഉണ്ടായതൊഴിച്ചാല്‍ ആ ഭൂചലനം വളരെ സമാധാനപരമായിരുന്നു..അല്‍ ഹമ്ദുലില്ലാഹ്!  അതെങ്ങാനും  റിക്ടര്‍  സ്കെയിലില്‍ ഏഴിന്റെ മുകളിലേക്ക് പോയിരുന്നെങ്കില്‍ തിരിച്ചു പോരാന്‍ ഞങ്ങള്‍ പോയ ടൂറിസ്റ്റ് ബസ്സിന്റെ തന്നെ ആവശ്യം വരുമായിരുന്നില്ല..മയ്യത്ത് ഖബര്‍ അടക്കെണ്ടിയും വരുമായിരുന്നില്ല,  നേരെ അറബിക്കടലില്‍ തെരഞ്ഞാല്‍ മതിയാവും..
 ആ യാത്ര കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മാത്രമാണ്  അങ്ങനെയൊരു  ഭൂചലനം ഞങ്ങള്‍ എല്ലാവരും അറിയുന്നത് തന്നെ. അപ്പോള്‍ തുടങ്ങിയ ആ കുലുക്കം  ഇപ്പോഴും വിട്ടു മാറിയിട്ടില്ല..പരപ്പനാടന്‍ ഇങ്ങനെ കുലുങ്ങുന്നുവെങ്കില്‍ പിന്നെ പി ജെ ജോസഫ് കുലുങ്ങുന്നതില്‍ ആരും അതിശയിക്കരുത്.കേരളത്തിലെ സുപ്രധാന അണക്കെട്ടുകള്‍ നിലകൊള്ളുന്ന ഇടുക്കി കുലുങ്ങുന്തോറും ഭീതി കൂടുന്നത് ഇടുക്കിയില്‍ നിന്നിങ്ങോട്ടു അറബിക്കടല്‍ വന്നു ചേരുന്ന കൊച്ചി വരെയുള്ള പ്രദേശങ്ങളാണ്...അതിനിടയിലാണ് നമ്മുടെ പി ജെ ജോസഫിന്റെ  സ്വന്തം തൊടുപുഴയും സഭാ ആസ്ഥാനങ്ങളും ഒക്കെ കിടക്കുന്നത്..ജോസഫ് കുലുങ്ങി തുടങ്ങിയ സ്ഥിതിക്ക്, നമ്മുടെ നസ്രാണി സഭകളും മുല്ലപ്പെരിയാറിന് വേണ്ടി ഉടന്‍ കുലുങ്ങി തുടങ്ങുമെന്ന്  പ്രതീക്ഷിക്കാം..അങ്ങനെയെങ്കിലും ഒരു നല്ല കാര്യത്തിനു യാക്കോബായ, ഓര്‍ത്തഡോക്സ്, കത്തോലിക്കാ എന്ന് വേണ്ട മുപ്പത്തി മുക്കോടി സഭകളും, സംഘടനകളും. നിയമസഭാ ലോക്സഭാ സാമാജികരും  ഒക്കെ ജോസഫിനൊപ്പം നിന്ന് കുലുങ്ങട്ടെ..ആ കുലുക്കം അങ്ങ് ദല്‍ഹിയിലെ സോണിയാമ്മച്ചിയെയും, മന്മോഹന്ജിയെയും,  അന്തോണിപ്പുണ്യാളനെയും   സിംഹാസനങ്ങളെയും മൊത്തം കുലുക്കാതിരിക്കില്ല...

മുല്ലപ്പെരിയാര്‍ എന്നല്ല ആകാശം തന്നെ ഇടിഞ്ഞു വീണാലും കുലുങ്ങാത്തവരെ പോലെ  ചില മന്ത്രിമാരും നമ്മുടെ ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയിലുണ്ട്. അവരില്‍ ഉമ്മന്‍ ചാണ്ടിയുടെ പാര്ടിക്കാരുമുണ്ട്. കളമശ്ശേരിക്കും, കാസര്ഗോടിനും ഇടയില്‍ കടലുണ്ടിപ്പുഴയിലോ, കല്ലായിപ്പുഴയിലോ, ചാലിയാര്‍ പുഴയിലോ  സുര്‍ക്കി മിശ്രുതത്തില്‍ നിര്‍മ്മിച്ച പഴകിപ്പോളിഞ്ഞ ഒരു ഡാമും ഇല്ലെന്നു വെച്ച് 30 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയായ ഒരു പ്രശ്നത്തില്‍ ഒരു പാര്‍ടിക്ക്  കുലുങ്ങാതിരിക്കാനാവുമോ?
ഇടുക്കിയിലെ ഈ കുലുക്കങ്ങളൊക്കെ നമ്മുടെ  ദൃശ്യമാധ്യമങ്ങളെ പോലും പിടിച്ചു കുലുക്കുകയാണ്..പക്ഷെ അവര്‍ നന്നായി കുലുക്കുംതോറും അവരുടെ മടിയും കുലുങ്ങുകയാണ്.  ഈ കുലുക്കം ഒരു തരത്തില്‍ പറഞ്ഞാല്‍ ചാനലുകല്‍ക്കാണ്  കൊയ്തായിരിക്കുന്നത്. വാളയാര്‍  ചുരത്തിനപ്പുറത്തു നിന്നും പുരട്ചി തലൈവിയുടെയോ, കലൈന്ജ്ഞരുടെയോ   ഒക്കെ ബിനാമികളായ  വല്ല അണ്ണന്മാരും അതിനേക്കാള്‍ വലിയ പരസ്യവും, പണവും നല്‍കിയാല്‍ തമിഴ്നാടിനു വേണ്ടി  അര/മുക്കാല്‍ മണിക്കൂര് നീക്കിവെക്കാനും ഈ ചാനലുകള്‍ മടിക്കില്ല...കുളം എത്ര കൊക്കിനെ കണ്ടതാ, കൊക്കെത്ര കുളം കണ്ടതാ....ബ്രൈകിംഗ് ന്യുസുകളുടെയും, ഫ്ലാഷ് ന്യുസുകളുടെയും, എക്സ്ക്ലൂസീവുകളുടെയും പുഞ്ചക്കൊയ്ത്തിനിടയില്‍ വാര്‍ത്ത വായിക്കുന്നവനെ  പോലും ഒരു വാര്‍ത്തയും നെഞ്ചിടിപ്പുണ്ടാക്കുണ്ടാക്കുന്നില്ലല്ലോ, പിന്നെയല്ലേ കേള്‍വിക്കാരനെ! ആറ്റില്‍ വീണ ബസ്സില്‍ നിന്നും യാത്രക്കാരെ  രക്ഷപ്പെടുതുന്നതിനു പകരം അത് മൊബൈലിലും, കാമറയിലും പകര്‍ത്താന്‍ ധൃതി കൂട്ടിയവരായിരുന്നല്ലോ നമ്മുടെ ചാനലുകാരും, ചില ഞെരമ്പ് രോഗികളും..അത് കൊണ്ട് തന്നെ നമ്മള്‍ക്കെന്തു മുല്ലപ്പെരിയാര്‍...

വാല്‍ കഷണം:  ആരെങ്കിലും  സൌജന്യമായി  ഇടുക്കിയിലേക്ക് ഇനി സിയാറത്തിനു വിളിച്ചാലും, പുതിയ ഡാം കെട്ടുന്നത്  വരെ ഞമ്മളില്ല്യേ....



22 അഭിപ്രായങ്ങൾ:

  1. തമിഴ് നാട്. എത്രയെണ്ണം ചത്തു തുലഞ്ഞാലും പുതിയ അണക്കെട്ടിനെ പറ്റി ചിന്തികാൻ നമ്മളില്ലേ..

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2011, നവംബർ 27 3:12 PM

    പരപ്പനാടന്‍ പോയത് കൊണ്ടാണോ ഇടുക്കി കുലുങ്ങിയത്...

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2011, നവംബർ 27 3:16 PM

    INI PARAPPANADAN IDUKKIYIL POYATHU KONDAANO AVIDE KULUNGIYATHU.

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2011, നവംബർ 27 3:42 PM

    പരപ്പനാടാ, അടങ്ങി ഒതുങ്ങി ഇരുന്നോ..വല്ലേടത്തും ഒക്കെ പോയി ഭൂമിയെ കുലുക്കല്ലേ

    മറുപടിഇല്ലാതാക്കൂ
  5. ഹല്ലോ അനോണികളെ...പരപ്പനാടന്‍ പോയത് കൊണ്ടാണ് ഇടുക്കി കുലുങ്ങിയതെങ്കില്‍ ഈ ബൂലോകം എന്ന് കുലുങ്ങണം...ടെ..ടെ

    മറുപടിഇല്ലാതാക്കൂ
  6. പോസ്റ്റ്‌ ക്ലിക്കായി...ഡല്‍ഹിയില്‍ ഇടതു, വലതു എം പി മാരുടെ സത്യാഗ്രഹം, അന്തോണിച്ഛന്റെ വക ചില ഇടപെടലുകള്‍, പാണക്കാട് തങ്ങളും, സീറോ മലബാര്‍ സഭയും ഒക്കെ രംഗത്ത്...മുല്ലപ്പെരിയാറിന് വേണ്ടി പി ജെ ജൊസഫ് കുലുങ്ങിയത്തിനു കാര്യമുണ്ടാകുന്നു...

    മറുപടിഇല്ലാതാക്കൂ
  7. ഞാന്‍ പരപനടെന്റെ അടുത്ത് ചോദിക്കുവാന്‍ ഇരിക്കുകയായിരുന്നു. എന്താ മുല്ലപെരിയരിനെ കുറിച്ച് എഴുതാത്തതെന്ന് ... അങ്ങനെ എന്റെ ആ ആഗ്രഹം സഫലമായി .... വളരെ നന്ദി ഉണ്ട് പരപ്പനാട

    മറുപടിഇല്ലാതാക്കൂ
  8. നന്ദി വായിച്ചതിനു...ഇത് ഇന്നലെ പോസ്റ്റ്‌ ചെയ്തതാണ്..പക്ഷെ ഇന്ന് എന്റെ ബ്ലോഗ്‌ പണി മുടക്കി..ഇപ്പോഴാ ശരിയായത്...

    മറുപടിഇല്ലാതാക്കൂ
  9. ജോസഫ് എന്തോ ആവട്ടെ പരപ്പനടാ ഈ വിഷയത്തില്‍ ജോസഫ് ആത്മാര്തയോടെ പ്രതികരിക്കുന്നു പ്രയത്നിക്കുന്നു എന്ന് പറയാതെ വയ്യ

    മറുപടിഇല്ലാതാക്കൂ
  10. ഇന്നലെ വായിച്ചിരുന്നു.പക്ഷെ കമന്റ് കൊടുത്തിട്ട് വരുന്നില്ല, ഏതായാലും നല്ല പോസ്റ്റ്‌...

    മറുപടിഇല്ലാതാക്കൂ
  11. ശുഐബ്.ഇ.കെ.2011, നവംബർ 28 2:45 PM

    പി ജെ ജോസഫിന്റെ കുലുക്കം കലക്കി..ഇനിയും പോരട്ടെ ഇത്തരം നര്‍മ്മങ്ങള്‍. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  12. @KOMBAN .....കേരളത്തിലെ സുപ്രധാന അണക്കെട്ടുകള്‍ നിലകൊള്ളുന്ന ഇടുക്കി കുലുങ്ങുന്തോറും ഭീതി കൂടുന്നത് ഇടുക്കിയില്‍ നിന്നിങ്ങോട്ടു അറബിക്കടല്‍ വന്നു ചേരുന്ന കൊച്ചി വരെയുള്ള പ്രദേശങ്ങളാണ്...അതിനിടയിലാണ് നമ്മുടെ പി ജെ ജോസഫിന്റെ സ്വന്തം തൊടുപുഴയും സഭാ ആസ്ഥാനങ്ങളും ഒക്കെ കിടക്കുന്നത്..ജോസഫ് കുലുങ്ങി തുടങ്ങിയ സ്ഥിതിക്ക്, നമ്മുടെ നസ്രാണി സഭകളും മുല്ലപ്പെരിയാറിന് വേണ്ടി ഉടന്‍ കുലുങ്ങി തുടങ്ങുമെന്ന് പ്രതീക്ഷിക്കാം..അങ്ങനെയെങ്കിലും ഒരു നല്ല കാര്യത്തിനു യാക്കോബായ, ഓര്‍ത്തഡോക്സ്, കത്തോലിക്കാ എന്ന് വേണ്ട മുപ്പത്തി മുക്കോടി സഭകളും, സംഘടനകളും. നിയമസഭാ ലോക്സഭാ സാമാജികരും ഒക്കെ ജോസഫിനൊപ്പം നിന്ന് കുലുങ്ങട്ടെ..ആ കുലുക്കം അങ്ങ് ദല്‍ഹിയിലെ സോണിയാമ്മച്ചിയെയും, മന്മോഹന്ജിയെയും, അന്തോണിപ്പുണ്യാളനെയും സിംഹാസനങ്ങളെയും മൊത്തം കുലുക്കാതിരിക്കില്ല...

    ജോസഫിന്റെ കൂടെ ചേരാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്ന ഭാഗം കൊമ്പന്‍ വായിചിരുന്നില്ലേ..

    മറുപടിഇല്ലാതാക്കൂ
  13. ആരൊക്കെ കുലുങ്ങിയാലും ജയലളിത കുലുങ്ങില്ല. അതല്ലേ ഇപ്പോഴത്തെ പ്രശ്നം. ഇതെങ്ങിനെ ആ തമിഴന്മാരെ പറഞ്ഞു മനസ്സിലാക്കും.

    പരപ്പനാടന്റെ കുലുക്കവും നന്നായി കേട്ടോ. എന്നു വെച്ചാല്‍ എഴുത്ത് ബോധിച്ചു എന്നു :)).

    മറുപടിഇല്ലാതാക്കൂ
  14. ഇവിടെ ഞങ്ങള്‍ ജീവനും കയ്യില്‍ പിടിച്ചു വായും പൊളിച്ചു നില്‍കുമ്പോള്‍ തമാശപറഞ്ഞു കളിക്കുന്നു കൂട്ടത്തില്‍ ചിലര്കിട്ടു കൊട്ടും അല്ല ചിലത് ചത്തു ചീഞ്ഞാല്‍ ചിലതിനു വളം എന്നല്ലേ

    മറുപടിഇല്ലാതാക്കൂ
  15. @devan Enikkum angane thonniyirunnu.. Pakshe mullapperiyaar athra kaaryamaayedukkaathavare udheshichaanu ezhuthiyathu... Thettaaya vaayana ozhivaakkuka ..idukkiyile bheethiyil kazhiyunna janangalodoppamanu njaanum.

    മറുപടിഇല്ലാതാക്കൂ
  16. അക്ബര്‍ ഭായി പറഞത് സത്യം ലളിത കുലുങ്ങൂല മക്കളേ
    പണ്ട് പാട്ടിനായും ഡാന്‍സിനായും ലളിത കൂറേ കുലുങ്ങി(ക്കി)യതാ മക്കളേ

    മറുപടിഇല്ലാതാക്കൂ
  17. വളരെ നന്നായി എഴുതി.... നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  18. അണ്ണന്‍മാരെ അയല്‍ക്കാരെ
    ഇക്കളി തീക്കളി സൂക്ഷിച്ചോ

    പോസ്റ്റ് കലക്കി കേട്ടോ...

    ഇതിന്റെ തമിഴ് പതിപ്പ് കിട്ടുമോ ..
    അണ്ണന്‍മാര്‍ക്ക് അയക്കാനാണേ

    മറുപടിഇല്ലാതാക്കൂ
  19. സീരിയസ്സായ വിഷയം.
    ആക്ഷേപ ഹാസ്യത്തിന്റെ കൗണ്ടർ പഞ്ചിങ്ങ്.
    പോസ്റ്റ് സൂപ്പറായിട്ടുണ്ട്.

    ആദ്യമായുള്ള ഈ വരവിൽ ഇതങ്ങ് പിടിച്ച് പോയി. പരപ്പനാടന്റെ ടൂറിസ്റ്റ് ബസ്സ് ഇവിടെ വരെ മടങ്ങി എത്തിയത് കൊണ്ട് ഈ പോസ്റ്റ് വായിക്കാനായി.
    ഇപ്പോ ഞാനും ഒന്നു കുലുങ്ങി..., ചിരി വന്നതു കൊണ്ട്..... പക്ഷേ പെട്ടന്ന് തന്നെ സീരിയസ്സായി.
    കാരണം ഇതൊരു സീരിയസ് വിഷയമാണല്ലോ...

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.