വന്നു കുടുങ്ങിയവര്‍

2011, ഡിസംബർ 21

എന്‍ പിയുടെ നാട്ടിലൂടെ ഒരു യാത്ര...(മൂന്നാം ഭാഗം)

 (പ്രസിദ്ധ സാഹിത്യകാരനായ എന്‍ പി മുഹമ്മദ്‌ തന്റെ ബാല്യകാലം ചെലവഴിച്ച പരപ്പനങ്ങാടിയെ കുറിച്ച് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മൂന്നാം ഭാഗം) 
                   -----------------------------------------------------------------------
പുതിയൊരു വക്കീലിനെ ഞാന്‍ കണ്ടത് പിന്നീടാണ്, സ്വര്‍ണ്ണ നിറമുള്ള ചെറുപ്പക്കാരന്‍, തമ്പുരാന്‍. അക്കുറി ബാസല്‍ മിഷന്‍ സ്കൂളിന്റെ വാര്‍ഷികമാണ്, ഹെഡ്മാസ്റ്റര്‍ കാക്കു  ഒരു യുവ അഭിഭാഷകന്‍ എന്ന് പറഞ്ഞു സദസ്സിനെ പരിചയപ്പെടുത്തിയ കാലത്ത് അഭിഭാഷകന്‍ എന്ന വാക്കിന്റെ അര്‍ത്ഥമറിയില്ലായിരുന്നു. കൌതുകം മുറ്റി സദസ്സില്‍ ഇരുന്നു. പ്രസംഗത്തിന്റെ മഹത്തായ കഴിവിനെ കുറിച്ചായിരുന്നു പ്രസംഗം. ജൂലിയസ് സീസറുടെ മൃതദേഹത്തിന് മുമ്പില്‍ നിന്ന് ബ്രൂട്ടസും, മാര്‍ക്ക് ആന്റണിയും ചെയ്ത പ്രസംഗങ്ങള്‍ രണ്ടും ഉദാഹരണങ്ങളായി വന്നു. അന്നാണ് ഷെയ്ക്സ്പിയരുടെ പേര് ആദ്യമായി കേട്ടത്. യുവ അഭിഭാഷകനോട് ആദരവായി, എന്റെ മുന്‍പില്‍ നില്‍ക്കുന്നു  വിജ്ഞാനം.

പില്‍കാലങ്ങളില്‍  ഒഴിവു നേരങ്ങളില്‍ കോടതിയില്‍ പോയി കേസ് കേട്ടുനില്‍ക്കാറുണ്ടായിരുന്നു  .എന്റെ ആരാധനാ പാത്രത്തിനു ഒറ്റ കേസും ഉണ്ടായിരുന്നില്ല. കറുത്ത ഗൌണും ധരിച്ചു നിത്യവും അദ്ദേഹം വന്നു. മുഷിഞ്ഞിരുന്നു മടുത്താവണം ഒരു ദിവസം ആള്‍ അപ്രത്യക്ഷനായി, നാടകത്തില്‍ അഭിനയിക്കാനോ, സംഗീതം നല്‍കാനോ? നിശ്ചയമില്ല.

കൃത്യം പതിനൊന്നടിക്കുംപോള്‍ പരപ്പനങ്ങാടിയുടെ ചലനം നിലക്കുന്നു. നിശബ്ധമാകും നാവുകള്‍. മുന്‍സിഫദേഹത്തിന്റെ വരവുണ്ട്. ആ വരവ് ഒരു വരവായിരുന്നു. തിളങ്ങുന്ന പിത്തളതുണ്ടും മാറിനോട് ഘടിപ്പിച്ച, ചുവന്ന പട്ടയിട്ട കോടതി ശിപായി മുമ്പില്‍, നടുവില്‍ ഗൌണ്‍ ധരിച്ച മുന്സിഫദേഹം. പിറകില്‍ കറുത്ത പെട്ടി ചുമലില്‍ മാസാല്ച്ചി. ആ നിമിഷം കോടതി നിരത്ത് നിശ്ചലം; വിശാലമായ പറമ്പില്‍ ഒത്തനടുവില്‍ ടി രൂപത്തില്‍ നില്‍ക്കുന്ന കെട്ടിടത്തിനും പ്രതാപമുണ്ട്. വിശാലമായ കോടതി വളപ്പ് ചതുരത്തിലായിരുന്നു. ഇപ്പോള്‍ ചതുര രൂപം നഷ്ട്ടപ്പെട്ടു. നിരത്തില്‍ നിന്ന് കോടതി വളപ്പിലേക്ക് പുതിയ നിരത്ത് വന്നിരിക്കുന്നു. നിരത്ത് ടിബിയുടെ മുറ്റത്ത്‌ അവസാനിക്കുന്നു. ടിബിയിലാണ് വിശ്രമത്തിന് മുറിയോരുക്കിയത്. ആ ഓരോ മണല്തരിക്കും എന്നോടുള്ള ഉറ്റചങ്ങാത്തം അവര്‍ക്കറിയില്ല. അന്ന് ടി ബിയില്ലായിരുന്നു. അത് ഞങ്ങളുടെ വീടും പറമ്പും നിന്ന സ്ഥലമായിരുന്നു. ആ മുറിയില്‍ ഇരിക്കപ്പൊറുതി കിട്ടിയില്ല. ഒരസ്വസ്തത പടര്ന്നുപിടിക്കയായിരുന്നു. ശ്വാസം കിട്ടുന്നില്ല. ഞാന്‍ പുറത്തേക്ക് കടന്നു. ടി ബിയുടെ വാച്ചര്‍ മറുനാട്ടുകാരനായിരുന്നു. അയാള്‍ പറമ്പില്‍ ചുറ്റിയടിക്കുന്ന എന്നെ പകച്ചുനോക്കുന്നത് കാണാമായിരുന്നു.
 കാണാത്ത ഒന്നുണ്ട്. മുറ്റത്തെ കൂറ്റന്‍ മാവ് ഇപ്പോഴില്ല, അതിന്റെ ഉച്ചിയില്‍ കയറിയാല്‍ പരപ്പനങ്ങാടി കടപ്പുറം കുടഞ്ഞിട്ട വെള്ളിയരഞ്ഞാണം പോലെ കാണാമായിരുന്നുവത്രേ! പാത്തൂക്ക്  പറഞ്ഞതാണ്, പാത്തൂക്ക് പോയി കൊച്ചിയില്‍, ഭര്‍ത്താവിനോടൊപ്പം...ഉയരം കുറഞ്ഞ തന്തപ്പിലാവും പോയി, നാലുപാടും ചില്ലകള്‍ പടര്‍ന്ന കുടനിവര്‍ത്തിയ പ്ലാവിനെ കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ടല്ലോ, അതിന്നു ചുവട്ടില്‍ പായ വിരിച്ചു ഇപ്പോഴും കിടക്കാറുണ്ടായിരുന്നു. അത് കണ്ടു മൂത്തമ്മായി പറയും, കോഴിക്കോട്ടു നിന്ന് അവരുടെ മാപ്പളയുടെ സ്നേഹിതന്മാര്‍ വന്നാല്‍ അതിന്നു ചോട്ടില്‍ ഇരിക്കും, ചോറും വേണ്ട, കഞ്ഞിയും വേണ്ട, ഈ കാറ്റ് മതിയത്രെ.

ഒന്നിന് മാത്രം മാറ്റം വന്നില്ല. മോല്ലാച്ചിയുടെ വീടിന്നു പടിഞ്ഞാറുള്ള പറങ്കിമാവിന്‍ തോട്ടം ഇപ്പോഴുമുണ്ട്. അന്നതിനുള്ളില്‍ വെളിച്ചം കടക്കുകയില്ല. മുറ്റി നിന്ന മാവുകളെ കാലന്‍ കൊണ്ടുപോയി, പുതിയ ചിനകള്‍ വന്നു. അവയ്ക്ക് ഉയരമില്ല പരിചരണമില്ലായിരുന്നു. തെരുവ്പിള്ളേരെ പോലെ അവ വളര്‍ന്നു, മഞ്ഞയും പച്ചയും പഴങ്ങള്‍ തൂക്കി നിന്നു.  അവയുടെ തെറ്റത്താണ് വളഞ്ഞ മൂക്ക് പോലെ കശുവണ്ടി. കാരണമുണ്ടായിരുന്നു,  പണ്ട് പണ്ട് മൂസാനബിയുടെ കാലത്താണതുണ്ടായത്. പറങ്കിമാവ് വെള്ളിയാഴ്ച പള്ളിയില്‍ പോയില്ല, അന്ന് എല്ലാ ജീവജാലങ്ങളും പള്ളിക്ക് പോകാറുണ്ടായിരുന്നു, ദൈവ നിന്ദ കാണിച്ച പറങ്കിമാവിനെ മൂസാനബി ശപിച്ചുവത്രേ..അതിനാല്‍ അതിന്റെ അണ്ടി പുറത്തായി. പള്ളിയില്‍ പോയ എല്ലാ മരങ്ങളുടെയും അണ്ടി ഫലതിനകത്താണല്ലോ...

അണ്ടിയന്നു ആര്‍ക്കും വേണ്ടായിരുന്നു, കമ്പോള വസ്തുവായി മാറിയിരുന്നില്ല, കാലത്ത് ഞങ്ങള്‍ അണ്ടി പെറുക്കി കൂട്ടും. മഴനാരുകള്‍ ധാര മുറിയാതെ വീഴുമ്പോള്‍ അവ ചുട്ടെടുത്തു അണ്ടിപ്പുട്ടുണ്ടാക്കും മൂത്തമ്മായി. എന്റെ മക്കള്‍ അണ്ടിപ്പുട്ട് തിന്നിട്ടുണ്ടാവില്ല, അവര്‍ നഷ്ട്ടപ്പെട്ടവരാണ്.

അസ്വസ്ഥതനായി പറമ്പിലൂടെ നടന്നപ്പോള്‍ കുറ്റബോധം എന്നില്‍ വളര്‍ന്നു വലുതായി, ഞങ്ങളുടെ താല്പര്യങ്ങള്‍ കോഴിക്കോടായി, പറമ്പും, വീടും നോക്കാന്‍ ആളില്ല. അമ്മായിമാര്‍ മരിച്ചു പോയി. പറമ്പ് അക്വയര്‍ ചെയ്യാന്‍ മുന്‍കയ്യെടുത്തത് ഞാനായിരുന്നു. കുഞ്ഞാലിക്കുട്ടി കേയി പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ടായിരുന്നു, അദ്ദേഹം സഹായിച്ചു, സൈനുദ്ധീനായിരുന്നു തിരൂരങ്ങാടിയില്‍ തഹസില്‍ദാര്‍. അദ്ദേഹം ഒരു കഥാപുസ്തകം ഇറക്കിയിരുന്നു. പറമ്പ് വില്‍ക്കെണ്ടാതില്ലായിരുന്നു, ബാല്യകാല സ്വപ്നങ്ങളെയാണല്ലോ  കാലം നാട് കടത്തിയത്.
ഇപ്പോള്‍ വായനശാലയുടെ വാര്‍ഷികത്തിന് ഒരപരിചിതനെ പോലെ വന്നു. അവരെ കാണുന്നില്ലല്ലോ, വീണ്ടും പറമ്പില്‍ നടന്നു, കുണ്ടം വീണ കിണര്‍ നിന്നിടത്തു ഒഴിഞ്ഞ താര്‍ വീപ്പകള്‍. കിണറില്ലാതിരുന്നത് കൊണ്ട് പണ്ട് കുളിക്കാന്‍ വെള്ളം തേടി പോകേണ്ടിയിരുന്നു, പറമ്പിന് മുമ്പില്‍ ചെള്ളിയില്‍ ഇടവഴി, അതിന്നപ്പുറം കുഞ്ഞിക്കൊയാമുട്ടിനഹയുടെ എട്ടുകെട്ട്. അതിനു പുറകില്‍ പാടങ്ങള്‍. കുണ്ടനിടവഴി പിന്നിട്ടാല്‍ കൈതക്കാടുകള്‍ ഒളിപ്പിച്ച കൊച്ചുതോടുകളായി, പാടത്തിന്റെ വരമ്പരികില്‍ കുളങ്ങള്‍..

കുളത്തില്‍ അട്ടകള്‍ സുലഭം, അച്ചികളും സുലഭം. പായക്കെട്ടുകളുമായി പെണ്ണുങ്ങള്‍ കുളിക്കാന്‍ വന്നിരുന്നു. അവര്‍ ഇറുകിയ കുപ്പായത്തിനു മീതെ സോപ്പ് തേച്ചു... മറ്റാണ്‌ങ്ങള്‍ ശരീരം കാണാന്‍ പാടില്ലല്ലോ. സാബൂന്‍ കായയും, അടുപ്പിലെ വെള്ളച്ചാരവും അലക്കാനും കുളിക്കാനും ഉപയോഗിച്ചിരുന്നു. കുപ്പായത്തിനു മീതെ സോപ്പ് തേച്ചു കുളത്തില്‍ മുങ്ങുമ്പോള്‍ സോപ്പ് കുമിളകളുടെ മലകള്‍ ഉണ്ടാകുമായിരുന്നു.
ആണുങ്ങളുടെ കുളി തോട്ടില്‍.. തോട്ടക്കടവില്‍ വെച്ചാണ് പരപ്പനങ്ങാടിയിലെ ചങ്ങാതിമാരെ ആദ്യം കാണുന്നത്. തലപ്പന്തും, ചുള്ളിയും വടിയും കളിക്കും. പുഞ്ചയിറക്കിയാല്‍ പറ്റില്ല. വരമ്പിലുള്ള കളി കണ്ടു പിടിച്ചത് ഞാന്നായിരുന്നു. ഹൈദരും, വീരാന്‍കുട്ടിയും, സൈധു മുഹമ്മദും സിനിമ കണ്ടിട്ടില്ല. സിനിമ കണ്ടവന്‍ ഞാന്‍. പെരുന്നാള്‍ പിറ്റേന്നാണ് സിനിമ കാണുക. അന്നേ കാണാന്‍ അനുവാദമുള്ളൂ. അമ്മാമനോ , അടുത്ത വീട്ടിലെ അബ്ദുല്ലക്കൊയയോ ആണ് കൊണ്ട് പോകുക. സിനിമ പെരുന്നാള്‍ സ്പെശ്യലാണ്.വാഡിയാ കമ്പനിക്കാരുടെ പേടിയില്ലാത്ത നാഡിയ നടിത്ത അടിപിടി പടം. താഴെ നിന്നും ചൂളം വിളിച്ചു കൊണ്ട് കൊട്ടാരത്തിന്റെ മട്ടുപ്പാവിലേക്ക്‌ നാഡിയ ചാടുമ്പോള്‍ കള്ളപ്പാര്ടിക്കാര്‍ ഇളിഭ്യരായിപ്പോകുന്നു. ഓടിയും, ചാടിയും ഓതിരംതട്ടിയും കുതിരപ്പുറത്തും, കുന്നിന്പുരത്തും അങ്കം വെട്ടി നാഡിയ മുന്നേറുന്നത് രസമായിരുന്നു. നാഡിയയുടെ  വാള്‍ പയറ്റിനെ തോല്‍പ്പിക്കാന്‍ ആരും ആണായി പിറന്നിട്ടില്ല. പിന്നെ കള്ളപ്പാര്ടിയും നാഡിയയുമായിരുന്നു എന്നും കളി. നാഡിയ ഞാന്‍ തന്നെ. ചങ്ങാതിമാരുടെ കയ്യിലൊന്നും മഞ്ഞ നിറത്തിലുള്ള ടര്‍ക്കിഷ് ബാത്ത് ടവ്വലില്ല. അവരുടെ കയ്യില്‍ തോര്‍ത്തു മാത്രം. ടവല്‍ കോണായി പകുത്തു ചെവിയടച്ചു കെട്ടി. കൊതുമ്പു ചീളും, ഇല്ലിക്കോല്‍ വടിയുമായി ശത്രുക്കളെ ഞാന്‍ എതിരിട്ടു, തിമിര്‍ത്ത പോരാണ്. വിയര്‍പ്പില്‍ മുങ്ങും ശരീരം, എന്നിട്ട് നീരാട്ടിനിറങ്ങും. സിനിമയുടെ അത്ഭുത കഥ കേട്ട് ഒരുനാള്‍ ആരുമറിയാതെ കോഴിക്കോട്ടേക്ക് കള്ളവണ്ടി കയറി സിനിമ കണ്ടു വീരാന്‍കുട്ടി തിരിച്ചു വന്നു. അങ്ങനെ ഞങ്ങള്‍ രണ്ടു നാഡിയകള്‍ ഉണ്ടായി.

13 അഭിപ്രായങ്ങൾ:

 1. നല്ല രീത്യില്‍ അവതരിപ്പിക്കുന്നു. കഴിഞ കാലത്തിന്റെ പ്രസരിപ്പും, ശോഷണവും എല്ലാം വരികളില്‍ തെളിയുന്നു. അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 2. പരപ്പനങ്ങാടിയെ കൂടുതൽ പരിചയപ്പെടുത്തുന്ന പോസ്റ്റ് ..ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 3. പരപ്പനങ്ങാടിയും, എൻ പിയും, നല്ല എഴുത്തിന് ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 4. സഹദേവന്‍2011, ഡിസംബർ 22 9:39 AM

  കാണാത്ത ഒന്നുണ്ട്. മുറ്റത്തെ കൂറ്റന്‍ മാവ് ഇപ്പോഴില്ല, അതിന്റെ ഉച്ചിയില്‍ കയറിയാല്‍ പരപ്പനങ്ങാടി കടപ്പുറം കുടഞ്ഞിട്ട വെള്ളിയരഞ്ഞാണം പോലെ കാണാമായിരുന്നുവത്രേ! വെള്ളിയരഞ്ഞാണം പോലുള്ള കടല്‍ ചിത്രങ്ങള്‍..പോസ്റ്റിനു മനോഹരമായി തോന്നി..

  മറുപടിഇല്ലാതാക്കൂ
 5. നല്ല എഴുത്ത്... അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 6. എന്റെ അയല്നാടാണ്...
  എഴുത്തിനു ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 7. വായിച്ചവരും, കമന്റിയവരും ഒക്കെ ബാക്കി വായിക്കാൻ വരണേ....

  മറുപടിഇല്ലാതാക്കൂ
 8. ഷാജിക്കാ .., നന്നായി അവതരിപ്പിച്ചു..

  മറുപടിഇല്ലാതാക്കൂ
 9. എഴുത്ത് കൊള്ളാം ..പരപ്പനങ്ങാടിയെ കുറിച്ചു കുറച്ചു അറിയാന്‍ സാധിച്ചുട്ടോ...
  അഭിനന്ദനങ്ങള്‍ !!

  മറുപടിഇല്ലാതാക്കൂ
 10. നാടന്‍ നന്മ തുളുമ്പുന്ന എഴുത്ത്

  മറുപടിഇല്ലാതാക്കൂ
 11. പല തവണ വന്നിട്ടുണ്ട് പരപ്പനങ്ങാടിയില്‍....
  പരപ്പനങ്ങാടിയെ ബ്ലോഗുലകത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് നാന്നായി....
  എന്റെ സഹോദരിയുടെ വീട് കടലുണ്ടിയില്‍ ആണ്....

  എഴുത്ത് നന്നാവുന്നുണ്ട്...
  ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 12. പരപ്പനാടന്‍ , നല്ല തന്‍മയത്തമുള്ള ഈ ലേഖനം ഇവിടെ പോസ്റ്റാക്കിയത്‌ എന്‍ പി മുഹമ്മദ്‌ എന്ന സാഹിത്യകാരനോടുള്ള സ്നേഹം കൊണ്‌ടും സ്വന്തം നാട്ടുകാരനാണെന്നത്‌ കൊണ്‌ടാണെന്നും തോന്നുന്നു. വായനക്കാര്‍ക്ക്‌ വളരെ നല്ല ഒരു സദ്യയായി ഇത്‌ എന്ന് പറയാതെ വയ്യ. ആശംസകള്‍.. പുതിയ സംരഭങ്ങളുമായി ഇനിയും വരിക... വായിക്കാന്‍ ഞാനും വരാം.

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.