വന്നു കുടുങ്ങിയവര്‍

2012, ഏപ്രിൽ 20

അങ്ങനെ ഒരു പ്രീഡിഗ്രിക്കാലത്ത്...

ബാല്യം വഴിമാറി യുവത്വതിലേക്ക് പറിച്ചു നടപ്പെട്ട ആ കാലം മധുരിക്കുന്നുവെങ്കിലും ഏറെ നൊമ്പരപ്പെടുത്തുന്നുമുണ്ട്. സ്കൂള്‍ യൂണിഫോമില്‍ നിന്നും, അധ്യാപകരുടെ ചൂരലില്‍ നിന്നും, മാതാപിതാക്കളുടെ കണ്‍കോണില്‍  നിന്നുമൊക്കെ സ്വാതന്ത്ര്യം നേടിയ കാലം, അതായത്  പ്രീഡിഗ്രിക്കാലം...നാട്ടിലെ ഇടവഴികളിലും, മൈതാനങ്ങളിലും, പാടത്തും, തോട്ടിലും ഒക്കെയായി കളിച്ചും, കുളിച്ചും നടന്നിരുന്ന ബാല്യം ഒരു പെരുമഴക്കാലം പോലെ പെയ്തു  തീര്‍ന്നപ്പോള്‍ മുന്നില്‍ വന്നെത്തിയ വസന്തമായിരുന്നു ആ യുവത്വം. നാട്ടില്‍ നിന്നും ബസ്‌ കയറി അന്യ നാട്ടില്‍ ചെന്ന് പഠിക്കുന്ന ആ സ്വാതന്ത്ര്യം തന്നെയായിരുന്നു അന്ന് മനസ്സില്‍ നിറയെ.. സ്കൂള്‍ ചുമരിനുള്ളില്‍ നിന്നും കോളേജ്‌ എന്ന വിശാലതയിലേക്ക് ബസ്‌ കയറിയ ആ ഓര്‍മ്മകള്‍ ഒരു മധുരനൊമ്പരമായി ഇന്നും അലയടിക്കാറുണ്ട്. തിരൂരങ്ങാടിയിലെ സൗദാബാദിന്റെ മുറ്റത്തെ കാറ്റാടികളില്‍ നിന്നും വീശുന്ന ആ മന്ദമാരുതന്‍ ഇപ്പോഴും തഴുകി തലോടാറുമുണ്ട്.. പക്ഷെ... ആ കാറ്റിന്റെ അലയൊലികളോടൊപ്പം മനസ്സില്‍ വന്നു പതിക്കുന്ന മുഖങ്ങളില്‍ അനുജന്റെ ചിരിക്കുന്ന മുഖം വല്ലാത്ത ഒരു നഷ്ടമായി ഇന്നും വേട്ടയാടുന്നുമുണ്ട്.

മൂക്കിനു  താഴെ മുളച്ചു വരുന്ന പൊടിമീശയും, മനസ്സില്‍ തഴച്ചു വളരുന്ന പതിവ് ചാപല്യങ്ങളും ഒക്കെ ഒരു യുവാവായി എന്ന് എല്ലാ പ്രീഡിഗ്രിക്കാരെയും പോലെ എന്നെയും ബോധ്യപ്പെടുത്തിയിരുന്നു. ഏതൊരു കോളേജിന്റെയും ജീവനാഡിയായിരുന്ന പ്രീഡിഗ്രി തേടി കോളേജിലെത്തുമ്പോള്‍  കാത്തിരുന്നത് പച്ചപ്പരവതാനിയായിരുന്നില്ല. രണ്ടാം വര്‍ഷക്കാരുടെ പ്രഹസനമായ റാഗിംഗ് പരീക്ഷണമായിരുന്നു ആദ്യം. ഇക്കിളിപ്പെടുത്തുന്ന ലാഘവത്തോടെ പൊടിമീശ പറിക്കുന്ന കൃമികീടങ്ങളെ  ഭയമില്ലെങ്കിലും ചെറിയൊരു വിനയം അവരോടു പുലര്‍ത്തിപ്പോരാന്‍ അതു പ്രേരകമായി. . വിരസമല്ലാത്ത ഈ റാഗിംഗ് രീതികളോട് കുറച്ചൊക്കെ സമരസപ്പെട്ടുവെങ്കിലും പിഎസ്എംഒയിലെ പതിവ് സായാഹ്നങ്ങള്‍ ഇന്നും മറക്കാതെ കൊണ്ട് നടക്കുന്നു ഒരു ദുഃഖസ്വപനം പോലെ. കോളേജിന്റെ വരാന്തയിലും, ലൈബ്രറിയിലും, റീഡിംഗ്റൂമിലും, കാറ്റാടിച്ചുവട്ടിലും, പിറകിലെ ഗുഹാമുഖത്തും, മൈതാനത്തും ഒക്കെ ശലഭങ്ങളെ പോലെ പറന്നു നടന്ന ആ നല്ല കാലം ഓര്‍മ്മയില്‍ വേട്ടയാടുമ്പോഴും,  ബാപ്പ പറയാതെ പോയ ഒരു സ്വകാര്യ ദുഖത്തിന്റെ നീറ്റലില്‍ ഇപ്പോഴും കണ്ണുകളില്‍ പരക്കുന്നത് നനവു മാത്രം.

ആദ്യദിനങ്ങളിലെ റാഗിംഗ് കടമ്പകള്‍ കടന്നതോടെ ഞങ്ങള്‍ (വള്ളിക്കുന്നിലെ നിസ്സാര്‍ , കോട്ടത്തറയിലെ ഷാജു, നെടുവയിലെ ഹരീഷ്, പുത്തരിക്കലെ നസീര്‍ ) ഒരു ടീമായി മാറി. പരപ്പനങ്ങാടിയില്‍ നിന്നും ഞങ്ങള്‍  ഒരുമിച്ചായിരുന്നു ബസ്‌യാത്ര. ഒരുമിച്ചു നിന്നില്ലെങ്കില്‍ ബസിലെ കിളികള്‍ ആട്ടിയകറ്റുകയാണ് പതിവും..സമയത്തിനു ബസ്സ്‌ കിട്ടിയില്ലെങ്കില്‍ കോളേജില്‍ പ്രസന്റ് കിട്ടാതെ വരും, വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകാന്‍ ശ്രമിക്കുന്ന ബസ്സുകാര്‍ക്ക് മുന്നില്‍ ഞങ്ങള്‍ അച്ചുതാനന്ധനായി മാറി. 'അനുവദിക്കില്ല'  എന്ന മട്ടില്‍ ബാബുമോന്‍, നയന്‍സ്, രശ്മി തുടങ്ങിയ ബസ്സുകാരുമായി ഉടക്കലും, ബഹളവും പതിവ് കാഴ്ചയായി. എങ്കിലും പരപ്പനങ്ങാടിയില്‍ നിന്നും പന്ത്രണ്ടു മണിയോടെ പുറപ്പെടുന്ന ഏതെന്കിലും ബസ്സില്‍ ഡോറില്‍ തൂങ്ങിയോ, ഫുട്ബോര്‍ഡില്‍ നിന്നോ, ഒക്കെയായി കോളേജില്‍ കൃത്യ സമയത്ത് എത്തും,  അതായത്‌ മോര്‍ണിംഗ് ബാച്ചിലെ പെണ്‍കുട്ടികള്‍ പുറത്തിറങ്ങും മുമ്പ്‌ ഈ ഗാംഗ് കോളെജിലെത്തും (ഒന്നുമുണ്ടായിട്ടല്ല, ചിലപ്പോള്‍ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ) ആ പതിവ് യാത്രയിലൂടെ ഒരു പുതിയ സൗഹൃദം രൂപപ്പെട്ടുവെങ്കിലും കഷ്ടപ്പെട്ട് കോളേജിലേക്ക് പറഞ്ഞയച്ചത്  പഠിക്കാനാണ് എന്ന് തിരിച്ചറിയാന്‍ എല്ലാ പ്രീഡിഗ്രിക്കാരെയും പോലെ ഞങ്ങളും വൈകിപ്പോയിരുന്നു.

ക്ലാസ്‌റൂമിലെ ജനലഴികല്‍ക്കിടയിലൂടെ വലതു ഭാഗത്തേക്ക് നോക്കുമ്പോള്‍ വശ്യമനോഹരമായിരുന്നു പുറത്തെ ദൃശ്യങ്ങള്‍ . പച്ച പുതച്ചു നില്‍ക്കുന്ന പാടശേഖരങ്ങളും, നടുവിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴയും, അകലെ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകളും ഒക്കെ മനസ്സിന് കുളിര്‍മ്മയേകി.. കുന്നുകള്‍ക്കിടയിലൂടെ റണ്‍വെയിലേക്ക് വന്നിറങ്ങുന്ന വിമാനങ്ങള്‍ കാണുമ്പോള്‍ അവ വന്നു വീഴുകയാണെന്ന് തോന്നും. ഹരിതാഭമായ ആ കാഴ്ച്ചപ്പരപ്പില്‍ നിന്നും എന്റെ മനസ്സ് അങ്ങനെ സഞ്ചരിച്ചു.. ആ സഞ്ചാരമാണ് എഴുത്തിന്റെ ലോകത്തേക്ക് എന്നെ തട്ടിയുണര്‍ത്തിയതും.. അനുഭവത്തിന്റെ നിറങ്ങളില്‍ ഞാന്‍ പകര്‍ത്തിയ കവിതകളും, കഥകളും എന്റെ മാത്രം സ്വകാര്യ വായനയായി ഒതുങ്ങിയെങ്കിലും ഞാന്‍ പാകപ്പെടുത്തിയത് സര്‍ഗാത്മകമായ ഒരു മനസ്സായിരുന്നു.

ഖാദര്‍ സാറും,  മമ്മദ്‌ സാറും, യാഖൂബ്‌ സാറും, ഇബ്രാഹിം സാറും, വഹാബ് സാറും, ജോണ്‍ സാറും, റസാഖ്‌ സുല്ലമിയും ഒക്കെയടങ്ങുന്ന ചിരപരിചിതരായ അധ്യാപകര്‍ ,നാട്ടുഭാഷയുടെ ചേരുവകളോടെ തന്നെ  ക്ലാസ്സെടുക്കുമ്പോള്‍ ഞാന്‍ അങ്ങനെ മായാലോകങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. കയ്യില്‍ കിട്ടുന്ന കടലാസ്സുകഷ്ണങ്ങളില്‍ ഒക്കെ പലതും കുത്തിക്കുറിക്കുക പതിവായി. ലൈബ്രറിയില്‍ നിന്നും കഥകളും, നോവലുകളും മറ്റു സാഹിത്യ സൃഷ്ടികളും ഒക്കെ വാങ്ങി വായിക്കുന്ന ദുശീലവും അന്ന് തുടങ്ങി. എന്നെ പോലെ തന്നെ ഞങ്ങളില്‍ പലരുടെയും ശ്രദ്ധ ജനലഴികള്‍ക്കപ്പുറത്തെ മനോഹരദൃശ്യങ്ങളിലേക്കായിരുന്നു. ഇടയ്ക്കു വരാന്തയിലൂടെ നടന്നു പോകുന്ന പ്രിന്‍സിപ്പാള്‍ മുഹമ്മദ്‌ സാറെ കാണുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ക്ലാസ്സിലേക്ക് തന്നെ തിരിയും. കണ്ണും കാതും ഇടക്കൊക്കെ ക്ലാസ്സിലേക്ക് തിരിച്ചു വിട്ടെന്കിലും അഞ്ചു മണിക്ക് മുഴങ്ങുന്ന ലോങ്ങ്‌ ബെല്‍ ഒരപായസൂചനയായി കാതില്‍ വന്നു പതിക്കും. ഓരോ ദിവസവും മുഴങ്ങുന്ന ഈ അപായമണി കൊഴിഞ്ഞു വീഴുന്ന കോളേജ്‌ ദിനങ്ങളെ ഓര്‍മ്മപ്പെടുത്തിയെങ്കിലും യുവത്വത്തിന്റെ പ്രസരിപ്പില്‍ അതൊക്കെ മറന്നു, അങ്ങനെ നീങ്ങി.

ആദ്യ വര്‍ഷത്തിന്റെ ആദ്യ പാദങ്ങള്‍ പിന്നിടും മുമ്പ്‌ കോളേജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പ് ഒരാരവമായി കടന്നു വന്നു.. അതോടെ ഒന്നാം വര്‍ഷക്കാരുടെ പ്രബെഷന്‍ പീരിയഡ് അവസാനിക്കുകയായി. രണ്ടാം വര്‍ഷത്തെ കാമ്പസ്‌ രാജാക്കന്മാര്‍ അതോടെ നല്ലപിള്ളകളായി, ഡിഗ്രിയിലെ വിശുദ്ധപശുക്കളും, പി.ജിയിലെ ബുദ്ധിജീവികളും, രണ്ടാം വര്‍ഷ പ്രീഡിഗ്രിയിലെ നല്ലപിള്ളകളും ഒക്കെയാവും എല്ലാ പാര്‍ട്ടിക്കാരുടെയും സ്ഥാനാര്‍ഥികള്‍ . ആദ്യമായി തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്ന  രണ്ടാം വര്‍ഷക്കാര്‍ ആരംഭശൂരത്വം പ്രകടിപ്പിക്കുമ്പോള്‍ അതൊരു രസമായി തോന്നി. മുമ്പ്‌ ചെയ്തു പോയ പല തെറ്റുകള്‍ക്കും മാപ്പ് ഇരന്നു വാങ്ങുന്നത് പോലെ അവര്‍ യാചകരായി മാറി.  കൂടുതല്‍ വിനയവും, സ്നേഹവും അവര്‍ പ്രകടിപ്പിക്കാന്‍ തുടങ്ങുന്നതോടെ  പുതുമുഖങ്ങള്‍ എന്ന 'വിനയം' (അഥവാ പേടി) ഞങ്ങള്‍ക്കും, സീനിയേഴ്സ് എന്ന അഹങ്കാരം രണ്ടാം വര്‍ഷക്കാര്‍ക്കും ഇല്ലാതാവും... പിന്നെ പിന്നെ ഒരു വോട്ടറാണെന്ന അഹങ്കാരം ഒന്നാം വര്‍ഷക്കാരെ വരിഞ്ഞു മുറുക്കും..  റാഗ് ചെയ്യാന്‍ ശ്രമിച്ച മുതിര്‍ന്ന  പലരും വോട്ടു ചോദിച്ചു മുന്നിലെത്തുമ്പോള്‍ കാണിക്കുന്ന ആ കോപ്രായങ്ങള്‍ രാഷ്ട്രീയത്തിന്റെ ബാലപാഠമായി ആദ്യമായി അവിടെ പഠിപ്പിക്കപ്പെടുകയായിരുന്നു.

ക്ലാസ്‌റൂമിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും കാമ്പസിന്റെ വിഹായസ്സിലേക്ക് പറന്നുയരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത് കോളേജ്‌ തെരഞ്ഞെടുപ്പിന്  ശേഷമാണ്. സീനിയേഴ്സിനു മാത്രം കടന്നു പോകാവുന്ന ചിലയിടങ്ങളിലേക്ക് പാത്തും പതുങ്ങിയും ചെന്ന് നോക്കിയാണ് തുടക്കം, പിറകിലെ ഗുഹാമുഖങ്ങളിലേക്ക്... പാറക്കൂട്ടങ്ങളിലൂടെ ഇറങ്ങി മൈതാനത്തേക്ക്... കോളേജ്‌ കവാടം കടന്നു പരപ്പനങ്ങാടി റോഡിലേക്ക്... അങ്ങനെ  കോളേജിന്റെ ഓരോ മുക്ക് മൂലയും പരിചയപ്പെട്ടുകൊണ്ട് ഞങ്ങള്‍ അലഞ്ഞു. രണ്ടാം വര്‍ഷമായതോടെ സൊറ കൂടിക്കൂടി വന്നു, ക്ലാസ്സില്‍ ഇരിക്കല്‍ ഒരു വഴിപാടു മാത്രമായി ചുരുങ്ങി. എന്നിരുന്നാലും ജൂനിയെര്സിനെ റാഗ് ചെയ്തു കൊണ്ടോ, പാര്‍ട്ടി പ്രകടനങ്ങളില്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു കൊണ്ടോ ആളാവുന്ന ഒരു പണിക്കും ഞങ്ങളില്ലായിരുന്നു.

നിറുത്താതെ പോകുന്ന ബസ്സുകളെ തടയാന്‍ കോളേജ്‌ കഴിഞ്ഞുള്ള  സ്റ്റോപ്പില്‍ ഒരു സംഘം കാത്തു നില്‍ക്കും. കോളേജിനു മുന്നില്‍ ബസ്‌ നിറുത്തിയില്ല എന്ന് ഉറപ്പായാല്‍ അടുത്ത സ്റ്റോപ്പില്‍  അവര്‍ ആ ബസ്‌  തടയും, അതായിരുന്നു പതിവ്..തടഞ്ഞ ബസ്‌  റിവേര്‍സ്‌ അടിപ്പിച്ചു കോളേജ്‌ സ്റ്റോപ്പ്‌ വരെയെത്തിക്കുമ്പോള്‍ വിധ്യാര്തികള്‍ ആഹ്ലാദാരവം മുഴക്കും.. കോളേജിലെ സീനിയേര്സ് അവരുടെ ക്ലാസ്‌ കഴിഞ്ഞാലും കോളേജില്‍ നിന്നും പോകാതെ, ഈവനിംഗ് ബാച്ചിനെ ബസ്‌ കയറ്റാന്‍  സഹായിക്കാന്‍ വേണ്ടി കാത്തു നിന്നു. പലപ്പോഴും വൈകുന്നേരമാണ് ബസ്സുകള്‍ പലതും നിര്‍ത്താതെ പോയിരുന്നത്. അത്തരം ബസ്സുകള്‍ക്ക് മുമ്പിലേക്ക് ചാടി വീണ വിദ്യാര്‍ഥി നേതാക്കളോട് അറിയാതെ തോന്നിയത് ബഹുമാനവും, ആദരവുമായിരുന്നു. ബസ്‌ തടഞ്ഞതുമായി ബന്ധപ്പെട്ടു കോളേജിലേക്ക് ഒരു വണ്ടി നിറയെ ഗുണ്ടകളെ പറഞ്ഞു വിട്ടു, ഒരു ബസ്‌ മുതലാളി.. അന്ന് ഷംസുധീന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിരോധം തീര്‍ത്തത് ഇന്നും മറക്കാത്ത ഓര്‍മ്മയായി അവശേഷിക്കുന്നു. അതിനേക്കാളുപരി വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അന്ന് കോളേജില്‍ നേതൃത്വം കൊടുത്ത എന്‍ ഷംസുദീനെ പോലുള്ളവര്‍ ഇന്ന് എം എല്‍ എ വരെയായതില്‍ സന്തോഷവും തോന്നുന്നു.

ക്ലാസ്സില്‍ ഇരുന്നാല്‍ ഞങ്ങള്‍ ഒരേ ബെഞ്ചില്‍ തന്നെ ഇരിക്കും.. നിസ്സാറിനു പണി ചിത്രം വരയാണ്. ബെഞ്ചിലും, ഡസ്കിലും ഒക്കെ അവന്റെ കരവിരുതുകള്‍ കാണാമായിരുന്നു. നല്ലതും, ചീത്തതും ഒക്കെ വരക്കുന്നതില്‍ കേമന്‍. ആരെന്തു വരക്കാന്‍ പറഞ്ഞാലും അവന്‍ പേനയും കടലാസും എടുത്തു വരക്കാന്‍ തുടങ്ങും. ക്ലാസ്‌ എടുക്കുന്ന ഒരധ്യാപകരെയും  അവന്‍ വെറുതെ വിട്ടില്ല. ഖാദര്‍ സാറെ വരച്ച ആ വര ഒരൊന്നൊന്നര വരയായിരുന്നു. കോളേജ്‌ ഡേക്ക് സ്റ്റേജില്‍ ഓലതുമ്പത്തിരുന്നൂ...എന്ന് തുടങ്ങുന്ന സിനിമാഗാനം ആലപിച്ച സുകുമാരനെയും നിസാര്‍ വെറുതെ വിട്ടില്ല. സ്റ്റേജില്‍ ആ പാട്ട് പാടുമ്പോള്‍ തന്നെ സുഹൃത്തുക്കള്‍ പത്തു പൈസയുടെയും, ഇരുപത്തിയഞ്ച് പൈസയുടെയും ഒക്കെ നാണയതുട്ടുകള്‍ സ്റ്റേജിലേക്ക് എറിഞ്ഞു സഹായിച്ചതായിരുന്നു. പിറ്റേന്ന് ക്ലാസ്‌ബോര്‍ഡില്‍ സുകുമാരനെ വരച്ചിട്ടു കൊണ്ടായിരുന്നു നിസ്സാറിന്റെ സഹായം. തെങ്ങിന്റെ ഓലത്തൂമ്പില്‍ മൈക്കുമായി തൂങ്ങി ഗാനം മൂളുന്ന സുകുമാരന്റെ ചിത്രം അന്ന് ക്ലാസില്‍ മൊത്തം ചിരി പരത്തിയിരുന്നു...

ഏതെന്കിലും ഹവര്‍ ക്ലാസ്‌ കട്ട് ചെയ്താലും പ്രസന്റ് പറയാന്‍ ആരെങ്കിലും ഒരാള്‍ ക്ലാസ്സില്‍ തന്നെയിരിക്കും, ആ ഹവറിലെ ഞങ്ങളുടെ പ്രസന്റ് അയാള്‍ പറയും..ആ രീതി ഏറെകാലമായി തുടര്‍ന്നു പോന്നു. ഒരാള്‍ തന്നെ നാലാളുടെ പ്രസന്റ് പറയുമ്പോഴും അധ്യാപകര്‍ അതൊക്കെ അറിയാതെ പോയതോ , അതോ കണ്ടില്ലെന്നു നടിച്ചതോ.. ( ക്ലാസ്‌ അറ്റന്‍ഡന്‍സ് കുറഞ്ഞതിന്റെ പേരില്‍ ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത പലരെയും കണ്ടപ്പോള്‍ അങ്ങനെ തോന്നിപ്പോയിരുന്നു. ) അങ്ങനെ ഒരു ദിവസം എന്റെ പ്രസന്റ് പറയാന്‍ മറ്റൊരാളെ ഏല്‍പ്പിച്ച് ഞാന്‍ നേരത്തെ വീട്ടിലേക്കു പോവുകയാണ്.. വിശന്നപ്പോള്‍ തോന്നിയ ഒരു തോന്നല്‍ മാത്രമായിരുന്നു അത്, പക്ഷെ കോളേജിന്റെ ഗെയ്റ്റ്‌ തിരിഞ്ഞതും നേരെ ചെന്നത് ബാപ്പയുടെ മുന്നിലേക്ക്‌. ആകെ സ്തംഭിച്ചു പോയി. ജ്യേഷ്ഠനെ അതെ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ത്താന്‍ വേണ്ടി വരികയാണ് ബാപ്പ. എന്തെ ക്ലസ്സില്ലേ..? ബാപ്പയുടെ ചോദ്യം മിന്നല്‍ പിണര്‍ പോലെ കാതുകളില്‍ വന്നു പതിച്ചു.. ക്ലാസ്സ്‌ കഴിഞ്ഞു എന്ന് പറഞ്ഞു തടി തപ്പാന്‍ നോക്കി, പക്ഷെ നല്ല ശാന്തമായ അന്തരീക്ഷത്തില്‍ ക്ലാസ്‌ നടക്കുന്നത് ബാപ്പ കാണുകയും ചെയ്തു, അതെ കോളേജില്‍ പ്രീഡിഗ്രി പഠിച്ചിറങ്ങിയ ജ്യേഷ്ടന്‍ എന്നെ നോക്കി കണ്ണിറുക്കുമ്പോഴും  എന്ത് പറയണം എന്നറിയാതെ ഞാന്‍ നിന്നു വിയര്‍ത്തു..  ക്ലാസ്സ്‌ കട്ട് ചെയ്തു മുങ്ങുകയാണ് എന്ന് ബാപ്പയ്ക്ക് മനസ്സിലായി.. നീ വീട്ടിലേക്കല്ലേ..ബാക്കി അവിടുന്ന് കാണാം എന്ന് ദേഷ്യത്തോടെയുള്ള ബാപ്പയുടെ വാക്കുകള്‍ മനസ്സില്‍ ഭീതി പരത്തി.

ജ്യേഷ്ഠനെ കോളേജില്‍ ബികോമിന് ചേര്‍ത്തു ബാപ്പ തിരിച്ചു വന്നപ്പോഴേക്കും  ഞാന്‍ മെല്ലെ  കട്ടിലിലേക്ക് തല ചായ്ച്ചിരുന്നു, ദേഷ്യപ്പെട്ടു കൊണ്ട് ബാപ്പ ഉമ്മയോട് പലതും പറയുന്നുണ്ട്, 'ഇല്ലാത്ത പണം ഉണ്ടാക്കി ഇവരെയൊക്കെ കോളേജില്‍ വിട്ടിട്ട്...ക്ലാസ്സിലും കേറാതെ ..' ബാപ്പയുടെ വാക്കുകള്‍ മുഴുവനാകുന്നതിനു മുമ്പ്‌ ഉമ്മ ഇടപെട്ടു.. 'ഓനിന്നു ഉച്ചക്ക് ഒന്നും കഴിക്കാതെയാ കോളേജില്‍ പോയത്.. വന്നു കയറിയപ്പോള്‍ തന്നെ തലവേദനിക്കുന്നു എന്ന് പറഞ്ഞു .. ചോറും തിന്നു ആ കിടത്തം കിടന്നതാ...' ഉമ്മയുടെ ആ മയക്കുവെടി ബാപ്പയെ ശരിക്കും തളച്ചു എന്ന് പറയാം. പക്ഷെ  ബാപ്പയുടെ ശകാരത്തില്‍ നിന്നും എന്നെ രക്ഷിക്കാന്‍ ഉമ്മ പറഞ്ഞ ആ വാക്കുകള്‍ എന്റെ കണ്ണുകളെ മാത്രമല്ല, ആ തലയിണയിലും കണ്ണീരിന്റെ ഉപ്പുരസം കലര്‍ത്തി...

പലപ്പോഴും ഉച്ചഭക്ഷണം പോലും കഴിക്കാതെയായിരുന്നു കോളേജിലെക്കുള്ള യാത്ര, വിശന്നാല്‍ കാന്റീനില്‍ ചെന്ന് കഴിക്കാന്‍ കയ്യില്‍ പണം വേണം. പോക്കറ്റ്‌ മണിയായി ബാപ്പ തരുന്നത് ഒരു രൂപയും.പരപ്പനങ്ങാടിയില്‍ നിന്ന് തിരൂരങ്ങാടിയിലേക്ക് അന്ന് ഇരുപത്തിയഞ്ച് പൈസയായിരുന്നു ബസ്ചാര്‍ജ്. എന്തെങ്കിലും കഴിക്കാതെ ക്ലാസ്സില്‍ ഇരിക്കുക വല്ലാത്ത പ്രയാസമായി തോന്നും.  ഇന്റര്‍വെല്ലിനു എല്ലാവരും ചേര്‍ന്ന് തൊട്ടു മുമ്പിലുള്ള ജ്യുസ് കടയില്‍ കയറുക അങ്ങനെ പതിവായി.. ഒരു ലൈം ജ്യുസിനു രണ്ടു രൂപ അമ്പത് പൈസയാണ്  അന്നത്തെ വില. എല്ലാവര്ക്കും ഓരോന്ന് വാങ്ങി കുടിക്കാനുള്ള ശേഷിയൊന്നും അന്ന് ഞങ്ങളില്‍ ആര്‍ക്കുമില്ല.  എല്ലാവരും കൂടെ അമ്പത് പൈസ ഷെയര്‍ ചെയ്തു  ഒരു ജ്യുസ് വാങ്ങും, ഒന്നോ, രണ്ടോ മുറുക്ക് വീതം ഓരോരുത്തരായി കുടിച്ചു തീര്‍ക്കുമ്പോള്‍ ആ ലൈം ജ്യുസിനു എന്തെന്നില്ലാത്ത മധുരം.. കൂട്ടുകാരോടൊത്ത് സൗഹൃദത്തിന്റെ മധുരം നുകര്‍ന്ന ബാപ്പ തന്ന ആ പൈസക്ക് കണ്ണീരുപ്പിന്റെ  രുചിയായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. ബസ്‌ ചാര്‍ജ് കഴിച്ച് ബാക്കിയുള്ള മിച്ചം, അതായത് അമ്പത് പൈസ  കൂട്ടുകാരോടൊത്ത് ലൈംജ്യുസിനായി ചെലവിട്ടെങ്കിലും ആ  യാഥാര്‍ത്ഥ്യം ഞാനും അറിയാതെ പോയി.


കാമ്പസില്‍ നിന്നും പടിയിറങ്ങാനുള്ള അവസാനത്തെ ലോങ്ങ്‌ ബെല്‍ മുഴങ്ങുമ്പോള്‍ ഞങ്ങള്‍ക്കു തിരൂരങ്ങാടിയെ പിരിയാനുള്ള മടിയായിരുന്നു. യാഥാര്‍ത്യങ്ങളോട് പൊരുത്തപ്പെടുകയല്ലാതെ നിവൃത്തിയില്ലല്ലോ. പരസ്പരം സഹായിച്ചു കിട്ടിയ അറ്റന്‍ഡന്സില്‍ ഷോര്‍ട്ടേജ് നോട്ടീസ് കിട്ടാതെ എല്ലാവരും രക്ഷപ്പെട്ടു. ഹാള്‍ടിക്കറ്റ്‌ വാങ്ങാന്‍ മാത്രമല്ല പരീക്ഷക്കും ഒക്കെ ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്തു. മാര്‍ച്ചിലെ അവസാനത്തെ പൊതുപരീക്ഷയും കഴിഞ്ഞതോടെ പിന്നെ മടക്കയാത്രയായി. ഒരിക്കല്‍ കൂടി  തിരിച്ചു വരാമെന്ന ഒരു പ്രതീക്ഷയുമില്ലാതെയായിരുന്നു ആ മടക്കയാത്ര. കോളേജും, സൗഹൃദ്‌വലയവും നല്‍കിയ ആ വസന്തകാലം പെട്ടന്ന് പോയ്‌മറഞ്ഞപ്പോള്‍ എന്നെ കാത്തിരുന്നത് കൈപ്പുനീരായിരുന്നു.  ബാപ്പ പറയാതെ മറച്ചു വെച്ച പൊന്നനുജന്‍ ഷഫീലിന്റെ രോഗം അപ്പോഴേക്കും മൂര്‍ധന്യത്തില്‍ എത്തിയിരുന്നു.

ഏപ്രിലില്‍ റിസള്‍ട്ടിനായി കാത്തിരിക്കുമ്പോഴാണ് ആ സത്യം ഞാനറിയുന്നത്. അപ്പോഴേക്കും ഷഫീല്‍ മരണത്തോട് മല്ലടിക്കുകയായിരുന്നു. ബാപ്പ സ്വകാര്യ ദുഖമായി സ്വയം കൊണ്ട് നടന്നെങ്കിലും, ആ അവസ്ഥയില്‍ പിന്നെ ആരില്‍ നിന്നും മറച്ചു വെക്കാന്‍ കഴിയുമായിരുന്നില്ല.  ദൂരെ എവിടെയോ പോയി ബാപ്പ കൊണ്ട് വരുന്ന മരുന്നുകളില്‍ അനുജന്‍ ജീവിച്ച രണ്ടു വര്‍ഷവും ഞങ്ങളാരും ആ സത്യം അറിയാതെ പോയി... പക്ഷെ മരണം ഉറപ്പെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ആ രോഗം ഉമ്മയോട് പോലും പറയാതെ മറച്ചു വെച്ച്  ബാപ്പ സ്വയം ഉരുകുകയായിരുന്നു. ഒരു മെയ്‌ മാസപ്പുലരിയില്‍ ഞെട്ടറ്റു വീണ ഒരു പൂവിതള്‍ പോലെ അനുജന്‍ യാത്രയാകുമ്പോള്‍ അടക്കിപ്പിടിക്കാനാവാതെ ഞങ്ങള്‍ കരഞ്ഞു കൊണ്ടിരുന്നു..ജ്യേഷ്ഠനും, മറ്റൊരനുജനും, ഉമ്മയും മറ്റു ബന്ധുമിത്രാധികളും ഒക്കെ വിങ്ങിപ്പൊട്ടുന്ന ആ ദുഃഖമുഹൂര്‍ത്തത്തില്‍ പോലും  ബാപ്പ സ്വയം നിയന്ത്രിച്ചു.. ഒന്നുറക്കെ കരയാന്‍ പോലുമാകാതെ കോലായിയില്‍  ഇരിക്കുന്ന ബാപ്പയെ പലരും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു..

ആരോടും പങ്കു വെക്കാതെ ബാപ്പ അഭിനയിച്ചു തീര്‍ത്ത ജീവിതത്തിന്റെ ആ ദുഃഖഭാഗം ഇപ്പോഴും വേട്ടയാടുന്നുണ്ട്. ഒരാശ്വസിപ്പിക്കലിനും അടക്കാനാകാത്ത ആ ദുഃഖം ബാപ്പ കടിച്ചമര്‍ത്തിയത് ഓര്‍ത്തെടുക്കുമ്പോള്‍ അറിയാതെ ഇപ്പോഴും കരഞ്ഞു പോകാറുമുണ്ട്... പീ എസ് എം ഒ യും, പ്രീഡിഗ്രിക്കാലവും ഒക്കെ മനസ്സിലേക്ക് വിരുന്നെത്തുന്ന മുഹൂര്‍ത്തങ്ങളില്‍ ഈ ദുഖചിത്രങ്ങള്‍ ആദ്യം ഓടിയെത്താറുണ്ട്, ഒരു നൊമ്പരക്കാറ്റു പോലെ..

(പ്രിയപ്പെട്ട അനുജന്‍ പിരിഞ്ഞിട്ട് പത്തൊമ്പത് വര്ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍ കഷ്ട്ടപ്പാടുകള്‍ അറിയിക്കാതെ ബാപ്പ നല്‍കിയ ആ ഒറ്റ നോട്ടിന് പകരമാവില്ലെങ്കിലും ദുഖത്തോടെ  ഞാനീ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു)


77 അഭിപ്രായങ്ങൾ:

  1. താങ്കളുടെ വാക്കുകള്‍ എന്റെ കണ്ണുകളെ ഈറന്‍ അണിയിച്ചു വല്ലാത്ത ഒരു ഭാരം എന്റെ ഹൃദയത്തില്‍ തൂങ്ങുന്ന പോലെ ......

    എന്നും നന്മ ഉണ്ടാകട്ടെ സ്നേഹപൂര്‍വ്വം @ PUNYAVAALAN

    മറുപടിഇല്ലാതാക്കൂ
  2. :)രസം പിടിച്ചു വന്നെങ്കിലും അവസാനം നൊമ്പരപ്പെടുത്തി...

    മറുപടിഇല്ലാതാക്കൂ
  3. ഇത് ഒരിറ്റു കണ്ണീര്‍ വീഴ്ത്തിച്ചു ശാജിക്കാ . . . . മനസ്സില്‍ ഒരു നൊമ്പരം ബാക്കിയാക്കി . അനിയന് എന്തായിരുന്നു രോഗം ??

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി യുനുസ്‌, അനുജന്റെ രോഗം എന്തെന്ന് ഞാന്‍ മ ഗ്രൂപ്പില്‍ ഈ പോസ്റ്റ്‌ ലിങ്കിന്റെ അടിയില്‍ കമന്ടിയിട്ടുണ്ട്

      ഇല്ലാതാക്കൂ
  4. ഷാജിക്കാ.. മനസ്സ് വല്ലാതെ നൊന്തു...
    പടച്ചവന്റെ സവിധത്തില്‍ വെച്ച് കണ്ട്മുട്ടണമെന്ന് ആശിക്കുന്നു.. പ്രാര്‍ഥിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  5. പടച്ചവന്‍ ചിലരെ നേരത്തെ വിളിക്കുന്നു. എങ്കിലും തീരാത്ത സങ്കടം തന്നെയാണ് ഈ വേര്‍പ്പാട്. പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണുകള്‍ അറിയാതെ ഈറനായി. പടച്ചവന്‍ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ. പ്രാര്തനകളോടെ.

    മറുപടിഇല്ലാതാക്കൂ
  6. അല്ലാഹു ആഖിരം നന്നാക്കട്ടെ നമ്മുടെയും അവരുടെയും എന്ന പ്രാര്‍ത്ഥന മാത്രം ബാക്കി....

    മറുപടിഇല്ലാതാക്കൂ
  7. പഴയ കോളേജ് ജീവിതത്തിലേക്ക് ഞാനും തിരിച്ചു പോയി, വായിച്ചു തീര്‍ത്തത് കണ്ണീരോടെ...
    അനുജനെയും നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടിത്തരാന്‍ പടച്ചവനോട് പ്രാര്‍ത്ഥിക്കുന്നു ...

    മറുപടിഇല്ലാതാക്കൂ
  8. കലർപ്പില്ലാത്ത എഴുത്തിന് അഭിനന്ദനങ്ങൾ....

    ഈ ദു:ഖത്തിൽ പങ്ക് ചേരുന്നു... അല്ലാഹു നാം എല്ലാവരേയും സ്വർഗ്ഗപ്പൂന്തോപ്പിൽ ഒരുമിച്ച് കൂട്ടട്ടെ... ഞാൻ കോളേജിൽ പഠിച്ചിരുന്ന സമയത്ത് എനിക്ക് ഉപ്പ നൽകിയിരുന്ന സംഖ്യയും ഞാൻ ഓർത്തുപോയി. എന്തായാലും പോസ്റ്റ് വായിച്ചപ്പോൾ ചിലതെല്ലാം മനസ്സിലേക്ക് ഓടി വന്നു.. സ്വയം ഉരുകിത്തീരുന്ന ബാപ്പമാർ!!!

    മറുപടിഇല്ലാതാക്കൂ
  9. വളരെ നന്നായിട്ടുണ്ട് ... ശരിക്കും PSMO മിസ്സ്‌ ചെയ്യുന്നു വായിക്കുമ്പോള്‍ ....
    അവസാനം കുറച്ചു വിഷമവും വന്നു .. എന്തായാലും നന്നായി ചെയ്തിട്ടുണ്ട് ,... എല്ലാ ഭാവുകങ്ങളും

    മറുപടിഇല്ലാതാക്കൂ
  10. പുണ്യവാളന്‍
    റാഷിദ്‌ മദിരാശി
    യുനുസ്‌ കൂള്‍
    മഖ്ബൂല്‍ (ജാഡലോടകം)
    അക്ബര്‍ (ചാലിയാര്‍ )
    ഇംതിയാസ്‌ (ആചാര്യന്‍ )
    മജീദ്‌ നാദാപുരം (ആര്‍ട്ട് ഓഫ് വൈവ്_
    മോഹിയുദ്ധീന്‍ (ഒരു പാവം പ്രവാസി)
    ഫസല്‍ ടോക്യോ

    വായനക്കും അതിലേറെ എന്റെ അനുജന് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു

    മറുപടിഇല്ലാതാക്കൂ
  11. നര്‍മ്മം ആസ്വദിച്ചു. ദുഃഖത്തില്‍ പങ്കുചേരുന്നു . . .

    മറുപടിഇല്ലാതാക്കൂ
  12. ഞാൻ എല്ലാ ബ്ലോഗിലും ഈ   കാലാലയ   ഓർമകൾ  വയിച്ച്    അവസാനം  ദുഖിച്ചിട്ടൊള്ളു, . കാരൺ പിരിഞ്ഞു  പോനാ ആ    ദിവസം.... എനിക്കെന്തൊ ഓർത്താൽ  ഇന്നും ഈ    മനസ്   കരയും.............

    മറുപടിഇല്ലാതാക്കൂ
  13. ഒരിക്കല്‍ കൂടി സൌദബാദ് ന്റെ മുറ്റത്തേക്ക് നടത്തിച്ചു. ഡോ. മുഹമ്മദ്‌ സാര്‍ പ്രിന്‍സിപ്പല്‍ ആയ കാലത്ത് തന്നെയായിരുന്നു ഞാനും അവിടെ ..
    പക്ഷെ വായനയുടെ അവസാനം വല്ലാതെ നൊമ്പരപ്പെടുത്തി .
    ദുഖത്തില്‍ ചേരുന്നു ....
    പ്രാര്‍ത്ഥനയോടെ

    മറുപടിഇല്ലാതാക്കൂ
  14. മനസ്സിനെ നോമ്പരപ്പെടുത്തിയ പോസ്റ്റ്‌...
    അനുജനോടൊപ്പം നമ്മെ എല്ലാവരെയും സര്‍വ്വശക്തന്‍ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ....

    മറുപടിഇല്ലാതാക്കൂ
  15. ഓര്‍മയുടെ വഴിയിലൂടെയുള്ള തിരിച്ചു നടത്തത്തില്‍ സഹയാത്രികനായി ഞാനുമുണ്ടായിരുന്നു. വഴിയില്‍ വെച്ച് കണ്ടുമുട്ടിയ സഹോദരന്‍റെ വേര്‍പ്പാട് വല്ലാതെ വേദനിപ്പിച്ചു. ഈ നല്ല എഴുത്തിന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കട്ടെ ഷാജീ. ഇനിയും വരാം.

    മറുപടിഇല്ലാതാക്കൂ
  16. നല്ല പോസ്റ്റ്‌. കോളേജ് ജീവിതത്തിലേക്കും, സമാനമായ പല പഴയ അനുഭവങ്ങളിലേക്കും കൊണ്ട് പോയ ഒരു പ്രതീതി..

    മറുപടിഇല്ലാതാക്കൂ
  17. നൊമ്പരപ്പെടുത്തിയല്ലോ ഷാജി ഈ പോസ്റ്റ്‌...!!

    മറുപടിഇല്ലാതാക്കൂ
  18. പഴയ ദിനങ്ങള്‍ ഓര്‍മിപ്പിച്ച നല്ലൊരു പോസ്റ്റ്‌.. എല്ലാരും പറഞ്ഞത് പോലെ അവസാനം വേദനിപ്പിച്ചു.. പ്രാര്‍ത്ഥിക്കാം നമുക്ക്..!
    എങ്കിലും സന്തോഷമുണ്ട്... താങ്കളുടെ എഴുത്തിനു ഇതുവരെയില്ലാത്ത ഒരു പക്വത ഈ പോസ്റ്റില്‍ കാണുമ്പോള്‍..
    തുടര്‍ന്നും എഴുതുക...
    നന്മകള്‍ നേരുന്നു...

    മറുപടിഇല്ലാതാക്കൂ
  19. ആ വേര്‍പാടിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.... പ്രാര്‍ഥനകളോടെ....

    മറുപടിഇല്ലാതാക്കൂ
  20. പത്രക്കാരന്‍
    ഷാജു അത്താണിക്കല്‍
    അഷ്‌റഫ്‌ സല്‍വ
    അബ്സര്‍ മുഹമ്മദ്‌
    ആരിഫ്‌ സൈന്‍
    ഏപ്രില്‍ ലില്ലി
    കൊച്ചുമോള്‍ കുങ്കുമം
    ഖാദു
    മുസധിഖ്‌
    പ്രദീപ്‌കുമാര്‍

    വായനയിലൂടെയും, ആശ്വാസ വചനങ്ങളിലൂടെയും, നിറഞ്ഞ പ്രാര്‍ഥനയിലൂടെയും ദുഖത്തില്‍ പങ്കു ചേര്‍ന്ന എല്ലാവര്ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  21. എന്താ പറയുക, പകരം വെക്കാനില്ലാത്ത ചില സന്തോഷങ്ങളോടൊപ്പം വീതിച്ചു നല്‍കിയ സങ്കടങ്ങളും ഹൃദയത്തെ വല്ലാതെ മഥിക്കുന്നു.

    പ്രാര്‍ത്ഥനകളോടെ, നന്മകള്‍ നേര്‍ന്നു കൊണ്ട്...

    മറുപടിഇല്ലാതാക്കൂ
  22. ചില ദുഖങ്ങള്‍ അങ്ങിനെയാണ് . വല്ലാതെ സങ്കടപ്പെടുത്തിയല്ലോ ഷാജി............
    സര്‍വശക്തന്‍ അനുജനെയും നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ എന്ന പ്രാര്‍ത്ഥനയോടെ

    മറുപടിഇല്ലാതാക്കൂ
  23. College kaalam nannaayi varachu,... aaa oru mooodil poya kaalangale ortheduth koode nadannappol, oraniyane nashtappetta thengalaayi manssilekk varikal peythirangi...


    nalla avatharanam... nalla shaili... bhaavugangal...

    മറുപടിഇല്ലാതാക്കൂ
  24. കോളേജ് വിശേഷങ്ങളിലൂടെ പഴയ ഓര്‍മ്മകളെ മടക്കിതന്നെങ്കിലും അവസാനം അനുജനിലൂടെ വലിയൊരു നൊമ്പരം തന്ന് വേദനിപ്പിച്ചു കളഞ്ഞല്ലോ പ്രിയ സുഹൃത്തേ......
    ആ വേര്‍പാട് നികത്താനാവില്ലെന്കിലും വേദനയില്‍ ഞാനും പങ്കുചേരുന്നു.

    മറുപടിഇല്ലാതാക്കൂ
  25. പ്രീഡിഗ്രിക്കാലത്തെ വിശേഷങ്ങള്‍ മനസ്സില്‍ നൊസ്റ്റാള്‍ജിയ വിരിയിച്ചു..ഇതില്‍ പറഞ്ഞ മിക്ക കാര്യങ്ങളും അനുഭവത്തില്‍ അറിഞ്ഞതായതു കൊണ്ട് കോളേജിന്റെ പേരു പറഞ്ഞിടത്തേക്ക് ഒന്നും കൂടി എത്തി നോക്കി.ഞാന്‍ മണ്ണാര്‍ക്കാട് mes ഇലായിരുന്നു.ഇതേ ഒരു അറ്റ്മോസ്ഫിയര്‍ തന്നെ അവിടത്തേതും..അവസാനത്തെ കാര്യം നൊമ്പരമുണര്‍ത്തുന്നതാണല്ലോ സുഹൃത്തെ.സ്വന്തം അനുജന്‍ നഷ്ടപ്പെടുക എന്നത് മന്‍സ്സില്‍ സങ്ക്ടം നിറക്കുന്ന കാര്യമാണ്.അതില്‍ നിന്നെല്ലാം മോചിതനായി എന്നു കാരുതാനാഗ്രഹിക്കുന്നു..പ്രാര്‍ത്ഥ്നകളും നന്മ്കളും നേരുന്നു..

    മറുപടിഇല്ലാതാക്കൂ
  26. ആദ്യം ഒക്കെ രസമായി വായിച്ചു അവസാനം വല്ലാതെ വേദനിപ്പിച്ചു സാധാരണ ഗതിയില്‍ നിന്നും പരപ്പനാടന്‍ മെച്ചപെടുന്നു

    മറുപടിഇല്ലാതാക്കൂ
  27. വളരെ ആയാസമായി എഴുതി എങ്കിലും അവസാനം മനസിനെ ആര്ധാമാക്കുണ്ട് ...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  28. മരിക്കാത്ത ഓര്‍മ്മകള്‍....
    അവസാനം നൊമ്പരപ്പെടുത്തല്‍.....
    എനിക്ക് പരിചയമുള്ള സ്ഥലങ്ങളായത് കൊണ്ട് വായനക്ക് താല്പര്യം കൂട്ടി

    മറുപടിഇല്ലാതാക്കൂ
  29. കോളേജ് അനുഭവങ്ങള്‍ ഏകദേശം ഒരു പോലെയായിരിക്കും...നന്നായി പറഞ്ഞു....
    എങ്കിലും അനുജന്റെ കാരണം കണ്ണുകളെ ഈറനണിയിച്ചു.....

    (ബാക്ക് ഗ്രൌണ്ട് വെളുപ്പിച്ചൂടെ...)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബ്ലോഗിന്റെ ബാക്ക് ഗ്രൌണ്ട് ഇപ്പോള്‍ തന്നെ വെളുത്തു തന്നെയാണ്. എന്താണ് സലിം ഭായ് ഉദ്ദേശിച്ചത്?

      ഇല്ലാതാക്കൂ
  30. കലാലയ ദിനങ്ങളിലൂടെ ഞാനും ഒന്ന് ഊളിയിട്ടു.കഷ്ട്ടപ്പാടുകള്‍ ഉണ്ടായിരുന്നു..ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ആ കഷ്ട്ടപ്പാടുകള്‍ നമ്മെ പാകപ്പെടുതിയെടുക്കാനായി ദൈവം തന്നു എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ട്ടം...

    പണ്ടേപ്പോലെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു വളരുന്ന ഒരു തലമുറ ഇന്ന് കുറവാണെന്ന് തോന്നുന്നു..

    മനസ്സിനെ വേദനിപ്പിച്ചു ഈ കുറിപ്പ്...

    മറുപടിഇല്ലാതാക്കൂ
  31. പരപ്പനാടാ ,,,,
    ഞാന്‍ നാട്ടില്‍ ആണ് . ഇരുപതു ദിവസത്തോളമായി കമ്പ്യൂട്ടര്‍ തൊട്ടിട്ട്.
    വായിച്ചു വായിച്ചു എന്റെ കോളേജ് കാലത്തേക്ക് മുങ്ങാംകുഴിയിട്ടു പൊങ്ങിയപ്പോള്‍ അവസാനം നെഞ്ചിലേക്ക് കൊരിയിട്ടത് ഒരു കോട്ട കനലാണ്. ആ അനുജന്റെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ എന്റെയും അശ്രു പൂക്കള്‍....

    മറുപടിഇല്ലാതാക്കൂ
  32. ശിഹാബ്‌ കക്കാട്2012, ഏപ്രിൽ 23 4:06 AM

    കാമ്പസ്‌ ജീവിതം ഓര്‍മ്മപ്പെടുത്തി..പക്ഷെ സ്നേഹനിധിയായ അനുജന്റെ വേര്‍പാട് അവസാനം കണ്ണില്‍ നനവ്‌ പരത്തി

    മറുപടിഇല്ലാതാക്കൂ
  33. കുഞ്ഞുസ്
    അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയില്‍
    ആര്ബി
    ജോസെലൈറ്റ്‌
    മുനീര്‍ തൂതപ്പുഴയോരം
    കൊമ്പന്‍ മൂസ
    My Dreams
    ഇസ്മയില്‍ ചെമ്മാട്
    ഐക്കരപ്പടിയന്‍
    വില്ലെജ്മാന്‍
    വേണുഗോപാല്‍
    ശിഹാബ്‌ കക്കാട്
    വായനക്കും, അഭിപ്രായത്തിനും, പ്രാര്‍ത്ഥനയ്ക്കും നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

    മറുപടിഇല്ലാതാക്കൂ
  34. അജ്ഞാതന്‍2012, ഏപ്രിൽ 23 4:15 AM

    nalla avatharanam, college jeevitham ormmikkaanaayi, pakshe anujante maranam vedanippichu

    മറുപടിഇല്ലാതാക്കൂ
  35. ഷാജിക്കാ,,,നന്നായിട്ടുണ്ട്,,നല്ല അവതരണം,,കുറച്ചു നേരത്തേക്ക് ഞാനും ആ പഴയകാലത്തേക്കു പോയി,,,,വായിക്കുന്ന ആരുടേയും കണ്ണു നിറയിക്കുന്ന ഹ്യദയസ്പര്‍ശിയായ പോസ്റ്റ്,,,, ഇനിയും എഴുതുക,,,ഭാവുകങ്ങള്‍,,,

    മറുപടിഇല്ലാതാക്കൂ
  36. അറ്റന്റന്‍സ് ഷോര്‍ട്ടേജില്‍ കാമ്പസ് ജീവിതം ആലിഉടച്ചവനാണു ഞാന്‍...എന്റെ പയ്യന്നൂര്‍ കോളേജ് ...മനസ്സില്‍...എവിടെയോ..കണ്മുന്നില്‍.......അവസാന വരി വേദനപ്പിച്ചു......

    മറുപടിഇല്ലാതാക്കൂ
  37. കാമ്പസ്‌ അനുഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചെങ്കിലും ഒടുവില്‍ കുഞ്ഞനുജന്റെ വേര്‍പാട് ഒരുപാട് നൊമ്പരപ്പെടുത്തിയല്ലോ ഷാജീ, പിന്നെ സകല ദുഖങ്ങളും ഉള്ളില്‍ ഒതുക്കി നിങ്ങളെ പ്രാപ്തരാക്കിയ ആ പിതാവിനെ കുറിച്ച് നിങ്ങള്‍ മക്കള്‍ക്ക്‌ അഭിമാനിക്കാം.

    അനുജന്റെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  38. റഹീം അരിമ്പ്ര2012, ഏപ്രിൽ 23 2:39 PM

    വളരെ നന്നായി,അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  39. ജഹാംഗീര്‍ ഒറ്റയില്‍2012, ഏപ്രിൽ 23 4:56 PM

    ഓര്‍മ്മകള്‍ തിരിച്ചു തരുന്ന, അതിലേറെ നൊമ്പരങ്ങള്‍ തരുന്ന അനുഭവക്കുറിപ്പ് ..നല്ല ശൈലി

    മറുപടിഇല്ലാതാക്കൂ
  40. ഒറിയന്റൽ സ്കൂൾ മുതൽ പി.എസ്.എം.ഒ വരെ എന്റെ കലാലയജീവിതം ഓർമ്മകളിലൂടെ തെളിഞ്ഞുവന്നു. പനമ്പുഴയും പാടവുമെല്ലാം മേച്ചിലിടങ്ങളായിരുന്നു. ഓർമ്മകളുടെ തീരത്തേക്ക് കൊണ്ടുപോയതിനു നന്ദി. സഹോദരനു നിത്യശാന്തിക്കായ് പ്രാർത്ഥിച്ചുകൊണ്ട്….

    മറുപടിഇല്ലാതാക്കൂ
  41. വായനക്കൊടുവിൽ കണ്ണുകൾ ഈറനായി. ഒഴുക്കോടെ അവതരിപ്പിച്ചു. അനുജനു വേണ്ടി പ്രാർത്ഥിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  42. കലാലയ സ്മരണകളിലൂടെ ഭംഗിയായി പറഞ്ഞു അവസാനം ഒരു നൊമ്പരത്തോടെ പറഞ്ഞു നിര്‍ത്തിയല്ലോ ഷാജി.
    അതുകൊണ്ട് തന്നെ എന്തുഇവിടെ പറയണം എന്ന് അറിയാതെ ഞാന്‍ കുഴങ്ങുന്നു.
    രണ്ടും വേര്‍പ്പാട് തന്നെ. പഠിച്ച വിദ്യാലയത്തിലെ അവസാന ക്ലാസ്സിനു ബെല്‍ മുഴങ്ങുമ്പോള്‍ കണ്ണു നനയും. ആ ഓര്‍മ്മകള്‍ തന്നെയാവും പിന്നെ എന്നും കൂട്ടിന്. നല്ല ഭംഗിയായി ആ ഓര്‍മ്മകളെ വരികളാക്കി ഷാജി.
    പ്രിയപ്പെട്ടവരുടെ വേര്‍പ്പാട്. അതൊരു മുറിവാണ്. അത് മനസ്സില്‍ എപ്പോഴും കാണും. ഉണങ്ങാതെ. സ്നേഹവും നൊമ്പരവും നിറഞ്ഞ വാക്കുകളിലൂടെ ആ വേദന പങ്കുവെച്ചു. എന്‍റെ പ്രാര്‍ത്ഥന.

    മറുപടിഇല്ലാതാക്കൂ
  43. നന്നായി പറഞ്ഞു ഷാജിക്കാ.. ഈ എഴുത്തില്‍ പൊള്ളുന്ന നേരിന്റെ ചൂരുണ്ട്. മറക്കാന്‍ കഴിയാത്ത നോവോര്‍മകള്‍ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തും.അല്ലേ..?
    പോന്നനുജനെ അള്ളാഹു സ്വര്‍ഗം കൊണ്ട് സന്തോഷിപ്പിക്കട്ടെ.. നന്മകള്‍ നേരുന്നു..

    മറുപടിഇല്ലാതാക്കൂ
  44. രസകരമായ അനുഭവങ്ങളുടെ നർമ്മാവതരണം പ്രതീക്ഷിച്ച് വായിക്കുകയായിരുന്നെങ്കിലും; മുഴുമിപ്പിക്കുമ്പോഴേക്കും മനസ്സിലൊരു വിങ്ങൽ ബാക്കിയാക്കി.... മാതൃകാ പിതാവിന്റെ ഉത്തമ മകൻ .... അനുജനെ നാളെ സ്വർഗ്ഗത്തിൽ സന്ധിക്കുവാൻ റബ്ബ് അനുഗ്രഹിക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  45. മനോഹരമായ ഈ രചനക്ക് പ്രത്യേക അഭിനന്ദനങ്ങള്‍...വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു..നന്മകളോടെ

    മറുപടിഇല്ലാതാക്കൂ
  46. വായിക്കാന്‍ വൈകി...
    പി എസ് എം ഒ യുടെ മുറ്റത്ത് പലപ്പോഴും ഞാനും വന്നിട്ടുണ്ട്...
    ഞങ്ങളുടെ കോളേജിലെ പ്രസംഗ മത്സരത്തിനു ക്ഷണിക്കാന്‍..
    വേങ്ങരയില്‍ ടെക്നികല്‍ ഇന്സ്ടിട്യൂട്ടില്‍ അധ്യാപകനായിരിക്കെ
    ചില്ല രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക്....അങ്ങിനെ....
    എന്തായാലും ഓര്‍മ്മകള്‍ പ്രീ ഡിഗ്രിക്കാലതെക്ക് പാഞ്ഞു...
    വേണ്ട..അതോര്‍ക്കാന്‍ ഇപ്പോഴല്ല സമയം...
    എനിക്ക് മുമ്പിലിപ്പോള്‍ മക്കളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍
    കഷ്ടപ്പെട്ട , സ്നേഹ നിധിയായ ഒരു ഉപ്പയുണ്ട്...
    അകാലത്തില്‍ പൊഴിഞ്ഞു പോയ ഒരു അനുജനുണ്ട്...

    ഷാജീ...ഹൃദയം തൊട്ടു താങ്കള്‍ ആ അനുഭവങ്ങള്‍ ഞങ്ങളോട് പറഞ്ഞു...
    നന്ദി...

    മറുപടിഇല്ലാതാക്കൂ
  47. ഒരിക്കല്‍ കൂടി തിരൂരങ്ങാടിയുടെ മുറ്റത്തേക്ക് കൈപിടിച്ച് കൊണ്ട് പോയി..നന്ദി ഷാജി..നന്ദി

    മറുപടിഇല്ലാതാക്കൂ
  48. ജീവിതം തന്നെ..പെട്ടന്നൊരു കണ്ണുനീർത്തുള്ളി...

    പ്രീഡിഗ്രിപ്രായം കഴിഞ്ഞു തുടങ്ങുന്നതോടേയാണ് നാം കണ്ണീരിന്റെ യഥാർത്ഥ ഉപ്പ് തിരിച്ചറിയുക..

    മറുപടിഇല്ലാതാക്കൂ
  49. വരികളുടെ ഒഴുക്കിലൂടെ അവസാനം ചെന്ന് പെട്ടത് കണ്ണീര്‍കയത്തില്‍ ...നൊമ്പരപ്പെടുത്തുന്നു വരികള്‍

    മറുപടിഇല്ലാതാക്കൂ
  50. ഓഫീസിന്റെ തിരക്കില്‍ ഒന്ന് വായിച്ചെങ്കിലും, മനസ്സില്‍ മായാതെ നിന്ന ചിത്രങ്ങള്‍.. ഹൃദയസ്പര്‍ശിയായ എഴുത്ത്...

    മറുപടിഇല്ലാതാക്കൂ
  51. മുസ്തു കുറ്റിപ്പുറം
    പടന്നക്കാരന്‍ ഷബീര്‍
    മനെഫ്‌
    റഹീം അരിമ്പ്ര
    ജഹാംഗീര്‍
    മൈപ്‌
    ജെഫു ജൈലാഫ്‌
    മന്‍സൂര്‍ ചെറുവാടി
    സമീര്‍ തിക്കോടി
    മോന്‍സ്‌
    ഷാജഹാന്‍ നന്മണ്ട
    നൗഷാദ്‌ കൂടരഞ്ഞി
    അഫ്സല്‍
    വിഡ്ഢിമാന്‍
    ആനന്ദ്‌

    ജീവിതത്തിന്റെ പൊള്ളുന്ന ഒരേടാണ് ഇവിടെ പകര്‍ത്തിയത്, വായനയിലൂടെ എന്റെ ദുഖത്തില്‍ പങ്കു ചേര്‍ന്ന എല്ലാവര്ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  52. ജീവിതം തരുന്ന മധുരങ്ങള്‍ ,കണ്ണുനീരുപ്പ് ,നന്നായി എഴുതി .അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  53. നാട്ടിലെ കോളേജ്‌ ജീവിതം ആസ്വദിക്കാന്‍ എനിക്ക് പറ്റിയിട്ടില്ല ...പഠിച്ചത് മുഴുവന്‍ കേരളത്തിനെ പുറത്താണ്. എന്നാലും ക്യാമ്പസ്‌ എല്ലായിടത്തും ഒരുപോലെ തന്നെ ...ഇത് വായിച്ചപ്പോള്‍ എന്റെ കോളേജ്‌ ഓര്‍മ്മകള്‍ മനസ്സിലേക്ക് വന്നു...അവസാനം മനസ്സിനെ നൊമ്പരപ്പെടുത്തി .

    മറുപടിഇല്ലാതാക്കൂ
  54. കോളേജ് ഓർമ്മകൾ വീണ്ടും മനസ്സിലെത്തി....പിന്നെ ആ നൊമ്പരത്തെപ്പറ്റി എന്റാ പറയുക...വിധി വിളയാട്ടം അല്ലേ?

    മറുപടിഇല്ലാതാക്കൂ
  55. അതിമനോഹരമായി എഴുതിയിട്ടുണ്ട്. അവസാനഭാഗമെത്തിയപ്പൊള്‍ അല്‍പ്പം മനസ്സിനെയുലച്ചുകളഞ്ഞു. എന്റെയും കോളെജ് ജീവിതമൊക്കെ സമാനമായ അനുഭവങ്ങളിലൂടെ തന്നെയായിരുന്നു. ചില‍പ്പോഴെങ്കിലും അക്കാലം ഓര്‍ക്കാന്‍ ഞാന്‍ മടിക്കാറുണ്ട്...

    മറുപടിഇല്ലാതാക്കൂ
  56. ആദ്യം രസിപ്പിച്ചു എങ്കിലും അവസാനം വിഷമിപ്പിച്ചു
    നന്മ മാത്രം വരട്ടെ

    മറുപടിഇല്ലാതാക്കൂ
  57. ഷാജി, പാകത വന്ന എഴുത്ത്!

    ബാപ്പയും, ശഫീലിന്റെ ഓര്‍മ്മകളും കണ്ണുകള്‍ ഈറനാക്കി.

    പി.എസ്.എം.ഓ സുഹൃത്തുക്കള്‍ പ്രീഡിഗ്രി കാലം ഓര്‍ത്ത് കാണും.

    എനിയ്ക്ക് പരപ്പനാടന്‍ നര്‍മ്മത്തേക്കാള്‍ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  58. നെറ്റ് കട്ടായോണ്ട് അങ്ങനെ ബ്ലോഗ് വായന ഒക്കെ കുറഞ്ഞതു കൊണ്ട് വൈകി ഭായ്....

    ഇതു വായിച്ചില്ലേല്‍ വല്ലാത്ത നഷ്ടമായേനെ. കണ്ണ് നിറഞ്ഞൂട്ടാ.... കാരണം പല സങ്കടങ്ങളും അറിയിക്കാതെ കഷ്ടപെട്ട് പഠിപ്പിച്ച ഒരച്ഛന്‍‌റ്റെ ഓര്‍മ്മ കൊണ്ടാണു.. അന്ന് എന്തെങ്കിലുമാകാന്‍ കഷ്ട്പ്പെട്ട് പഠിച്ചെങ്കിലും അവരുടെ മനസ്സ് ഒക്കെ മനസ്സിലാക്കാന്‍ കുറേക്കാലം എടുത്തു.
    സ്പെഷ്യല്‍ താങ്ക്സ് ഭായ്...

    മറുപടിഇല്ലാതാക്കൂ
  59. ഇങ്ങനെയാണ് ഓരോ മാതാപിതാക്കളും.ദു:ഖങ്ങള്‍ കുടുംബത്തിലെ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ കഷ്ടപ്പെടുന്നവര്‍. അകാലത്തില്‍ മറഞ്ഞു പോയ കുഞ്ഞനുജന് ആദരാഞ്ജലികള്‍

    മറുപടിഇല്ലാതാക്കൂ
  60. കുറെ മുമ്പേ കണ്ടിരുന്നു ഈ പോസ്റ്റ്‌ ലിങ്ക് .അന്നൊന്നും വായിച്ചില്ല ..ഇപ്പോള്‍ തോന്നുന്നു വായിക്കേണ്ടിയിരുന്നില്ല എന്ന് !!!!മനസ്സില്‍ ഒരു കല്ല്‌ കയറ്റിവേച്ചത് പോലെ !വല്ലാതെ നോവുന്നു സുഹ്രത്തെ! ...പ്രാര്‍ത്ഥനയല്ലാതെ മനശാന്തിക്ക് ഉത്തമ മാര്‍ഗം വേറെ എന്ത് ?പ്രാര്‍ത്ഥനയില്‍ എന്നുമുണ്ടാകും കൂടെ ആ പൊന്നുപ്പയും ,കുഞ്ഞനിയനും പിന്നെ ഈ വല്ലിക്കയും ..

    മറുപടിഇല്ലാതാക്കൂ
  61. താങ്കളെ എനിക്കറിയില്ല. പക്ഷെ ഈ പോസ്റ്റ്‌ അടുത്ത ഒരു സുഹ്രുത്തു മനസ്സ്‌ തുറക്കുന്ന പോലെ തോന്നി. അനുജന്‍ കാത്തിരിപ്പുണ്ട്,സ്വര്‍ഗത്തില്‍! ഇനി അവിടെയെത്താന്‍ പണിയെടുക്കേണ്ടത് നാമാണ്. നാഥന്‍ നമ്മെ ഏവരെയും അതിനു തുണക്കട്ടെ!!

    മറുപടിഇല്ലാതാക്കൂ
  62. നല്ല രസമായി വായിച്ചുകൊണ്ടിരുന്ന പോസ്റ്റ് അവസാനം നൊമ്പരപ്പെടുത്തിക്കളഞ്ഞു. നല്ല വിവരണങ്ങളായിരുന്നു ആ കലാലയ അനുഭവങ്ങളൂടേത്. ഞാൻ ഒരു 'കാട്ടിലെ സ്കൂളിലാ' പഠിച്ചിരുന്നത്. അതിൽ റൂമിൽ നിന്ന് പുറത്തേക്ക് നോക്കിയാൽ ഈ പറഞ്ഞ പ്രകൃതിരമണീയതയൊന്നുമില്ല,തേക്കിങ്കാടുകൾ മാത്രം. അതാണ് മറ്റ് കോളേജിലുള്ളവർ അതിനെ കാട്ടിലെ സ്ക്കൂൾ എന്ന് വിളിച്ചിരുന്നത്. നല്ല വിവരണം ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  63. കോളേജ് ജീവിതം അയവിറക്കി തുടങ്ങുകയായിരുന്നു ഞാന്‍
    അപ്പോളേക്കും ഒരു നോവ്‌ സമ്മാനിച്ച്‌ വരികള്‍ മാറി ....
    ഇപ്പോളും എന്തോ .... ........... ...............
    നല്ല എഴുത്ത് ....എല്ലാവിദ പ്രാര്‍ത്ഥനകളും .....

    മറുപടിഇല്ലാതാക്കൂ
  64. ...........ആ കുഞ്ഞനിയനു അള്ളാഹു സ്വര്‍ഗ്ഗം നല്‍കട്ടെ ,,ഇതിനപ്പുറം ഈ വിരല്‍ കൊണ്ട് ഒന്നും എഴുതാന്‍ കഴിയുന്നില്ല ,,!!

    മറുപടിഇല്ലാതാക്കൂ
  65. കാലങ്ങള്‍ നമ്മളെ ഓരോ അവസ്ഥകളില്‍ എതികുമ്പോള്‍ ആണ് നമ്മള്‍ നമ്മുടെ മാതപിതാകള്‍ ആ അവസ്ഥകളില്‍ എത്രത്തോളം നമുക്ക് വേണ്ടീ സഹിച്ചിരുന്നു എന്ന് മനസിലാകുക. താങ്കളുടെ ഈ കോളേജ് ജീവിതം വായിച്ചപ്പോള്‍ നമ്മളും നമ്മുടെ കളായ ജീവിതത്തിലേക് തിരിച്ചു പോയീ.. അന്ന് എന്റെ കൂടെ പഠിച്ചിരുന്ന ഒരു പ്രിയ സുഹൃതയീ എനിക്ക് തങ്ങളെ ഫീല്‍ ചെയ്തു.. പ്രിയ കൂട്ടുകാരന്റെ കണ്ണുകള്‍ ഈറനണിഞ്ഞ ഓരോ നിമിഷങ്ങളിലും ഈ കൂടുകാരന്റെ കണ്ണുകളും ഈറനണിഞ്ഞു. താങ്കളുടെ ദുഃഖങ്ങള്‍ എന്റെയും ദുഖങ്ങലാകീ മാറുന്നു.

    മറുപടിഇല്ലാതാക്കൂ
  66. എല്ലാ നൊമ്പരവും ഉള്ളിലൊതുക്കി ഉരുകിയെരിഞ്ഞ ...ആ പിതാവിന്റെ മനസ്സിന് എന്ത് പകരമാവും .... പ്രിയ സഹോദരന് അല്ലാഹു പരലോക സൌഖ്യം നല്‍കുമാറാവട്ടെ...........

    മറുപടിഇല്ലാതാക്കൂ
  67. ശരിക്കും ഫീല്‍ ചെയ്തു... പ്രാര്‍ഥനകള്‍ ബാക്കിയാക്കുന്നു.
    ചിലതൊക്കെ പങ്കുവയ്ക്കുമ്പോള്‍ വല്ലാത്ത ആശ്വാസം തോന്നും. ബാപ്പ ചെയ്യാതെ പോയതും താങ്കള്‍ ചെയ്തതും അതാണ്‌!

    മറുപടിഇല്ലാതാക്കൂ
  68. നെഞ്ചിടരിക്കൊണ്ടാണ് വായന അവസാനിപ്പിച്ചത്. അല്ലാഹു ആ പൊന്നനുജന്റെയും നമ്മുടെയും ആഖിറം വെളിച്ചമാക്കിത്തരികയും സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്യട്ടെ. ആമീന്‍.

    മറുപടിഇല്ലാതാക്കൂ
  69. ഈ പോസ്റ്റ്‌ മുമ്പ് വായിച്ചിരുന്നു അന്ന് കമന്റ്‌ ഇടാന്‍ പറ്റിയില്ല . സ്വയം ഉരുകി തീര്ന്നു മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്ന ഉപ്പമാര്‍ , പലപ്പോഴും നമ്മള്‍ പോലും അവരെ അറിയാതെ പോവുന്നു . വളരെ നന്നായി എഴുതിയിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  70. വായിക്കാന്‍ അല്‍പ്പം വൈകി പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് - നേരില്‍ കാണാന്‍ -പ്രീ ഡിഗ്രി കാലം കഴിഞ്ഞു നിങ്ങളുടെ സുഹൃത്ത് ആയ ഷനഹസ് പുതരിക്കല്‍ -ഇപ്പോള്‍ എന്റെ സുഹൃത്ത് ആണ് -നിങ്ങളെ പറ്റി പറയാറുണ്ട്‌ -നിങ്ങള്‍ക്കുള്ളപോലെ ഒരു ഉപ്പ ( പ്രി ഡിഗ്രീ കാലത്ത് ) എനിക്ക് നഷ്ട്ടപെട്ടു എന്നത് നിങ്ങളെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ ഒരു കാരണവും ആണ് -അള്ളാഹു നമ്മുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കുമാരാകട്ടെ ആമീന്‍

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.