വന്നു കുടുങ്ങിയവര്‍

2013, ഏപ്രിൽ 19

നിതാകാത്ത് ഒരു ചെറിയ മീനല്ല.



നിതാകാത്ത് എന്ന നിത്യാഘാതം ഭയന്ന് ഇനി നാട്ടില്‍ ചെന്നാല്‍ അവിടെ സൂര്യാഘാതം, സൗദിയുടെ അയല്‍നാടുകളായ ദുബായിലെക്കോ,ബഹ്റൈനിലെക്കോ വല്ല ചാന്‍സുമുണ്ടോ എന്ന് നോക്കിയാല്‍ അപ്പോഴേക്കും  അവിടെ ഭൗമാഘാതം. എങ്ങോട്ട് പോകും റബ്ബേ..ഇതൊരുമാതിരി ഇടി തട്ടിയവന്റെ കാലില്‍ പാമ്പും കടിച്ചു, മോങ്ങാന്‍ നേരം തലയില്‍ തേങ്ങായും വീണു എന്ന് പറഞ്ഞതു പോലെയായി.

ഞമ്മളെ നാട്ടില്‍ മുമ്പ് ഒരു ഹോട്ടല്‍ ഉല്‍ഘാടനത്തിനു  ഉസ്താദിനെ കൊണ്ട് വന്ന  കഥയാണ്‌ ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്. വഹാബികളോട് സലാം പറയരുതെന്നും, അവരെ തുടര്‍ന്ന് നമസ്കരിക്കരുതെന്നും ഉഗ്രവാദം മുഴക്കി നടന്നിരുന്ന ആ ഉസ്താദ് ഉദ്ഘാടനം ചെയ്യാന്‍ വന്ന  ഹോട്ടലാവട്ടെ വഹാബി പള്ളിയുടെ മുന്നിലും, ഉത്ഘാടന പ്രസംഗത്തിനിടെ ഉസ്താദ് ഇടയ്ക്കിടെ ഈ ഹോട്ടലിനെ അല്ലാഹു മുന്നോട്ടു നയിക്കട്ടെ എന്ന് പറഞ്ഞു കൊണ്ടേയിരുന്നു, അപ്പോഴാണ്‌ കൂട്ടത്തില്‍  നിന്നും ഒരാള്‍ എഴുന്നേറ്റു നിന്ന് പറഞ്ഞത് മുന്നില്‍ വഹ്ഹാബി പള്ളിയാണ് എന്ന്, ഉടനെ ഉസ്താദ് തിരുത്തി. എന്നാല്‍ പിന്നോട്ട് നയിക്കട്ടെ എന്നായി. അപ്പോള്‍ വേറൊരാള്‍ എണീറ്റ് പറഞ്ഞു പിന്നില്‍ വഹാബി മദ്രസ്സയാണ് എന്ന്. ഗതികേടിലായ ഉസ്താദ് ഉടനെ തട്ടിവിട്ടു 'എന്നാല്‍ ഇത് ഇവടെ കെടക്കട്ടെ' എന്ന്.. ആ പറഞ്ഞത് പോലെ തന്നെ ആ ഹോട്ടലും അവിടെ കിടന്നു. അതെ പോലെ ഞമ്മളും ഇവിടെ കെടക്കേണ്ടി വരുമോന്നാ ഇപ്പോഴും സൗദി പ്രവാസികളുടെ ഖല്‍ബിലെ തീ...

എന്തായാലും സൌദിയിലെ ഇഖാമയും, നിതാകാത്തും ഒക്കെ ഇപ്പൊ നാട്ടിലെ ചെറിയ കുട്ടിക്ക് പോലും മണി മണിയായി അറിയാം. ഇനി നാട്ടില്‍ ചെന്നാല്‍ ഇഖാമ കാണിച്ചു അവിടെ മിനിസ്ട്രിയിലാണ് ജോലി എന്ന് മക്കളെ പറഞ്ഞു പറ്റിക്കാന്‍ പറ്റൂലാന്നുറപ്പായി.  (ഇഖാമയില്‍ മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയത് ഒഴിച്ചാല്‍ ബാക്കി  മൊത്തം ടോട്ടലും അറബിയാണല്ലോ, അറബിയുണ്ടോ കുട്ടികള്‍ക്കറിയുന്നു.) അവര്‍ ഇകാമയിലെ ഇംഗ്ലീഷും നോക്കി രേവതി പണ്ട് കാമധേനു ലോട്ടറിയുടെ നമ്പര്‍ വായിച്ചു കേള്‍പ്പിച്ചത് പോലെ ഉച്ചത്തില്‍ വായിക്കും, 'മിനിസ്ട്രി ഓഫ് ഇന്റീരിയര്‍' പിന്നെ ആരു ചോദിച്ചാലും  ബാപ്പാക്ക് പണി മിനിസ്ട്രി ഓഫ് ഇന്റീരിയറില്‍ തന്നെ!! ഇതൊക്കെ  കേള്‍ക്കുമ്പോള്‍  തന്നെ എന്തൊരു സുഖമായിരുന്നു. ഇനി  നാട്ടില്‍ ചെല്ലുമ്പോള്‍ ഇഖാമ കാണിച്ചു കൊണ്ട് അവിടെ മിനിസ്ട്രിയിലാണ് ജോലി എന്ന് പറഞ്ഞാല്‍ കുട്ടികള്‍ ഞമ്മളെ   പരിപ്പെടുക്കും നാട്ടുകാര് ചെരുപ്പെടുക്കും. അങ്ങനെ ചുരുക്കിപ്പറഞാല്‍ ഈ ചാനലുകാരു കാരണം   ഞമ്മളെ മിനിസ്ട്രിയിലെ ജോലിയും ഗോവിന്ദ!!!


നാട്ടില്‍ എങ്ങോട്ടെങ്കിലും കണ്ണും പൂട്ടി ഒരേറു എറിഞ്ഞാല്‍ അത് ഏതെങ്കിലും എന്‍ജിനീയറുടെ മേലില്‍ കൊള്ളും എന്നാണു ശശിയണ്ണന്‍ ഫിലോസഫി . എന്നാല്‍ സൗദിയില്‍ അങ്ങനെ ഒരേറു എറിഞ്ഞാല്‍ അത് ഏതെങ്കിലും ഹൗസ് ഡ്രൈവറുടെ മേലിലാവും കൊള്ളുക. ഒരു കാലത്തും വംശനാശം നേരിടാത്ത ഒരേ ഒരു പ്രൊഫഷനായിരുന്നു ഹൗസ്ഡ്രൈവര്‍.ലക്ഷോപലക്ഷം വരുന്ന  ഹൌസ് ഡ്രൈവര്‍മാരില്‍ ഒരാളായി ആറു വര്ഷം ജോലി ചെയ്തിരുന്ന  സ്ഥാപനത്തില്‍  നിന്നും    ഇറങ്ങാന്‍ ഞാനെന്നു ബാഗെടുത്തോ അന്ന് തന്നെ സൗദി ഗവര്‍മെന്റ് ഞമ്മളെ വിളിച്ചു ഒരവാര്‍ഡു തന്നു അതാണ്‌ ഈ നിതാകാത്ത്. നീ സുലൈമാനല്ല ഹനുമാനാണ് എന്ന് പറഞ്ഞില്ലെങ്കിലും ഞമ്മള് ആ അവാര്‍ഡും വാങ്ങി നേരെ നാട്ടിലേക്ക് പറന്നു.

നാട്ടിലെ ചായപ്പീടികയിലിരുന്നു പത്രം വായിക്കുമ്പോള്‍ സ്നേഹിതന്‍ ബഷീര്‍ ഒരു സൂത്രം ചെയ്യാറുണ്ടായിരുന്നു. പത്രത്തിലേക്കും നോക്കി ഉള്ളണം വാഴക്കണ്ടത്തില്‍ ബലാല്‍സംഘം എന്ന്  ഇല്ലാത്ത വാര്‍ത്ത വെറുതെ വായിച്ചു സ്ഥലം വിടും. പിന്നെ ചായക്കടക്കാരന് പണിയായി. അവിടെ ചായ കുടിക്കാന്‍ അപ്പോള്‍ സ്ഥലത്തുള്ളവരൊക്കെ ആ വാര്‍ത്തയും തെരഞ്ഞു അവിടെ തന്നെ ഇരിക്കും,  ചായക്കടയിലെ തെരക്ക് കണ്ടു  ചായ കുടിക്കാനായി  വേറൊരാളും പിന്നെ അങ്ങോട്ട്‌ കേറൂല. അതെ പോലെയായിരുന്നു പഴയ ഓഫീസിലെ അവസ്ഥ. എല്ലാ പ്രോഫഷനും വിസിറ്റ് വിസ  കൊടുക്കുന്നു, അല്ലെങ്കില്‍ ഹൗസ് ഡ്രൈവര്‍ പ്രൊഫഷന്‍ മാറുന്നു  എന്നൊക്കെ ബത്ത അങ്ങാടിയില്‍ കൂട്ടം കൂടി നില്‍ക്കുന്ന ആരെങ്കിലും ലുങ്കി ന്യൂസ് വിട്ടാല്‍ മതി പിറ്റേന്ന് അത് മലയാള പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തും. പിന്നെ ഞമ്മളെ സ്ഥിതി പറയാത്തതാ നല്ലത്. രാത്രി മൂത്രമൊഴിക്കാന്‍ എണീക്കുംപോഴും അവ്വല് സുബ്ഹിക്കും ഒക്കെയാവും ചിലര്‍ക്ക് വിസക്ക് മുട്ട് വരിക, ഉടനെ ഒഫീസിലെക്കോ, ഞമ്മളെ മൊബൈലിലേക്കോ ഒക്കെയാവും ആദ്യ വിളി... അല്ലാ ഇപ്പൊ എല്ലാ പ്രൊഫഷനും വിസിറ്റ് വിസ കൊടുക്കുന്നുണ്ടോ. ചോദ്യം കേള്‍ക്കുമ്പോ തന്നെ പിരി കയറും. ആ കൊടുക്കുന്നുണ്ട് വേഗം  വന്നാല്‍ ഇപ്പോള്‍ തന്നെ ഇഷ്യു ചെയ്തു തരാം എന്ന് പറയാനാണ് നാവു തരിക്കുക, പക്ഷെ എനിക്കെന്തോ അപാരക്ഷമയാ!!! ടെ ടെ !!!!

നാട്ടിലെ ചുകപ്പു കണ്ടു പേടിക്കാത്ത ഞമ്മളുണ്ടോ നിതാകാത്തിന്റെ ബക്കറ്റിലെ ചുകപ്പു കണ്ടു പേടിക്കുന്നു. അങ്ങനെ ചോറ് തിന്ന കയ്യ് കൊണ്ട് കോഴിയെ ആട്ടിയത് പോലെ ഞമ്മള് വീണ്ടും ഇങ്ങോട്ട് തന്നെ വന്നു.  ഇനി ഗല്‍ഫിലെക്കില്ലേ എന്ന് കഫീലിനെയും മനസ്സില്‍ ധ്യാനിച്ച് പ്രതിജ്ഞ യെടുത്ത് പോയ പലരും നാട്ടിലെത്തി രണ്ടന്തി ഉറങ്ങും മുമ്പേ  റബ്ബര്‍ പന്ത് കൊണ്ട് എറിഞ്ഞ പോലെ അതിനേക്കാള്‍ വേഗത്തില്‍  ഗള്‍ഫിലേക്ക് തന്നെ തിരിച്ചു വരുമ്പോള്‍   ഞാനായിട്ട് ബലം പിടിച്ചു മാറി നിന്നിട്ട് വട്ടപ്പാറ വളവൊന്നും നിവരാനും  പോകുന്നില്ല, ഓസോണ്‍ പാളിയിലെ വിള്ളലൊന്നും അടയാനും പോകുന്നില്ല. അല്ല പിന്നെ.


പുതിയ വിസക്ക് വന്നു ജോലി തെരയുന്നതിനിടയിലാണ് ഒരു ചോക്ക്ലയ്റ്റ് ഷോപ്പ് തുടങ്ങാമെന്ന ബുദ്ധി ഉദിച്ചത്. അളിയന്‍ അമീനും, അളിയന്റെ സുഹൃത്ത് ഹാരിസും  ഞാനും കൂടി ചേര്‍ന്ന് അങ്ങനെ ഷോപ്പിന്  തുടക്കം കുറിച്ച  ആ രാത്രികളില്‍ ഞങ്ങള്‍ ആ ചോക്ക്ലയ്റ്റ് സാമ്രാജ്യം സ്വപ്നം കണ്ടു തന്നെ കിടന്നു. ആദ്യ ദിവസങ്ങളിലെ കച്ചവടം കണ്ടു അളിയന്‍ എന്നോട് ചോദിച്ചു,  ഷാജീ ഞമ്മക്ക്  ഈ ബുദ്ധി എന്തെ നേരത്തെ ഉദിക്കാഞ്ഞത് എന്ന്, ഉടനെ അളിയന്റെ സുഹൃത്തിന്റെ മറുപടി, ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ.. പക്ഷെ ഇപ്പൊ ഈ നിതാകാത്ത് എന്ന വ്യാളി വലിയ വായും തുറന്നു നില്‍]ക്കുമ്പോള്‍ ജൂനിയര്‍ മാണ്ട്രെക്കിന്റെ പ്രതിമ കയ്യില്‍ കിട്ടിയ ജഗതിയുടെ അവസ്ഥയിലാണ് ഞങ്ങള്.


നിതാകാത്ത് അതിന്റെ സാമ്പിള്‍ വെടിക്കെട്ട്‌ തുടങ്ങിയതോടെ നാട്ടില്‍ പോകുന്നവര്‍ക്ക് പോലും ചോക്ക്ലയ്റ്റ് വേണ്ടാതായി. കുറ്റിയും പറിച്ചു നാട്ടിലേക്ക്പോ കുന്നവരും, ഇനി വരുമ്പോള്‍ എന്താവും എന്ന് ബേജാറായി റീ എന്ട്രി പോകുന്നവരും ഒക്കെ ചോക്ക്ലയ്റ്റ് കാണുമ്പോള്‍ കഫീലിനെ കണ്ടാലെന്ന പോലെ  കീശയും പൊത്തിപ്പിടിച്ചു ഓടുകയായി പതിവ്. പടച്ചോന്റെ വേണ്ടുക കൊണ്ട് അങ്ങോട്ട്‌ ഒന്നും മുടക്കാതെ ഇങ്ങോട്ടും ഒന്നും എടുക്കാതെയും ഒരു ഷോപ്പ് അങ്ങനെ നടന്നു പോകുന്നു എന്നതൊഴിച്ചാല്‍ അവിടെ കേരള മാര്‍ക്കറ്റിലെ സ്തിഥി ഇപ്പോള്‍ ശാന്തമാണ്.


നിതാകാത്ത് വന്നതിനു ശേഷം നാട്ടിലേക്കു എക്സിറ്റ് പോയ പലരും പുതിയ വിസ എടുത്തു തിരിച്ചു വന്നത് കണ്ടപ്പോള്‍ തെല്ലൊരു സമാധാനം. എന്നെ പോലെ അവനെയും ആക്കണേ എന്ന് പണ്ടാരോ പ്രാര്തിച്ചതായി കേട്ടിട്ടുണ്ട്, അതെ പോലെയൊന്നുമല്ലെങ്കിലും ഒന്നാകെ പിടിച്ചു കൊണ്ട് പോകുമ്പോള്‍ കമ്പനിക്ക് തര്‍ഹീലിലെങ്കിലും ഒരാളുണ്ടല്ലോ എന്ന സമാധാനം. അത്രേയുള്ളൂ.   ഈ നിയമക്കുരുക്കിനിടയിലും  നാട്ടില്‍ നിന്നും ആളുകള്‍ പെട്ടിയുമെടുത്ത് ഇങ്ങോട്ട് വരാതിരിക്കണമെങ്കില്‍ നാട്ടില്‍ സ്വസ്ഥത വേണം. സ്വൈര്യത്തോടെ പുറത്തെക്കിറങ്ങാതെ  വീട്ടില്‍ തന്നെ കിടന്നു ഉറങ്ങാന്‍ പറ്റണം, പക്ഷെ ഭാര്യ എന്ന രണ്ടക്ഷരം കഫീല്‍ എന്ന മൂന്നക്ഷരത്തെക്കാള്‍ പണം തന്നെ ചോദിച്ചു കൊണ്ടിരിക്കുമ്പോള്‍  തുടങ്ങും പുനരാലോചന. ദിവസവും സാധനം വാങ്ങാനോ മറ്റോ  പണം ചോദിച്ചു വിളിച്ചുണര്‍ത്തുന്ന  ഭാര്യയെക്കാള്‍ ഭേദം മാസം ഒരിക്കല്‍ മാത്രം  വിളിച്ചു ശല്യപ്പെടുത്തുന്ന കഫീല്‍ തന്നെയല്ലേ എന്ന് മനസ്സ് പറയാന്‍ തുടങ്ങും.
  

ഗള്‍ഫിലെ പോലെ നാട്ടിലും പുതപ്പിട്ടു മൂടി കിടന്ന പലരും ഭാര്യ ചൂടുള്ള ചട്ടകം ചന്തിക്ക് വെക്കും എന്ന് ഭയന്ന്  രാവിലെ നേരെ  ഓടിയത് ട്രാവല്‍ ഏജന്‍സിയിലെക്കാണ്.അങ്ങനെ ഫ്രീ വിസക്ക് വന്നെത്തിപ്പെട്ട പലരും  നിതാകാത്തിന്റെ അക്കരപ്പച്ചയണിയാന്‍ ഉള്ള നെട്ടോട്ടത്തിലാണ് ഇന്ന്. പറഞ്ഞു കേട്ടാല്‍ തോന്നും ഈ വിസ ആ ട്രാവല്‍ ഏജന്റ് ഒരു പൈസയും വാങ്ങാതെ തന്നത് കൊണ്ടാണ് ഫ്രീ വിസ എന്ന് പറയുന്നത് എന്ന്. അതല്ലല്ലോ. അങ്ങനെയല്ലേ എന്‍ജിനീയറും, അകൌണ്ടന്റും ഒക്കെ ആകാന്‍ വേണ്ടി കുപ്പായം തുന്നി വിമാനം കയറുന്ന പലരും ഇവിടെ വന്നു ആടിന്റെ കണക്കു നോക്കി വിജനപ്രദേശത്തു ഒറ്റപ്പെടുന്നത്. ആ മരുഭൂമിയില്‍ അവര്‍ക്ക് തേടാന്‍ ജിന്നോ മലക്കോ എന്നതല്ല  ആ വിസ നല്കിയവനെ തേടിപ്പിടിച്ചു രണ്ടെണ്ണം പൊട്ടിക്കാന്‍ കൈ തരിക്കുന്നു എന്നതാണ്അവരെ അലട്ടുന്ന പ്രധാന പ്രശ്നം.

നൂറു ശതമാനം ടാക്സ് കൂട്ടി അറവു നടത്തുന്ന സ്വകാര്യ വിസ  ഏജന്റുമാരെ തളക്കാനും, നാലാംക്ലാസ്സും ഗുസ്തിയും പഠിച്ചു ഗള്‍ഫില്‍ വന്നു അക്കൌണ്ടന്റും, എഞ്ചിനീയറുമായി വിലസുന്നവരെ മൂക്ക്കയര്‍ ഇടാനും കഫാലത്തിന്റെ പേരില്‍ പണം പിടുങ്ങുന്നവരെ ഒതുക്കാനും കൂടിയാണ് നിതാകാത്ത്.  വിസ കാലാവധി തീര്‍ന്നിട്ടും പുതുക്കാത്തവര്‍ക്കും, വിസിറ്റ് /ഉംറ വിസകളില്‍ വന്നിട്ട് മടങ്ങാത്തവര്‍ക്കും എതിരെ കൂടിയാണ് നിതാകാത്ത് എന്ന് അറിയുമ്പോള്‍ നിതാകാത്ത് ഒരു ചെറിയ മീനല്ല എന്ന് എല്ലാവര്ക്കും മനസ്സിലാവും. അത് വരെ കാത്തിരിക്കാം.

അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്തി തിരിച്ചയക്കാന്‍ നടത്തുന്ന സൗദി ഗവണ്മെന്റിന്റെ നീക്കത്തെ നാട്ടിലെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനിക്കുക കൂടി ചെയ്തതോടെയാണ് ഈ നിതാകാത്ത് നാട് കേള്‍ക്കാന്‍ തുടങ്ങിയത്, നമ്മുടെ നാട്ടില്‍ വിസിറ്റിനു വന്ന ഏതെങ്കിലും ഒരു അമേരിക്കന്‍ പൌരന്‍ വിസ തീര്‍ന്നിട്ട് തിരിച്ചു പോയില്ലെങ്കില്‍ നമ്മുടെ മാധ്യമവും, തേജസും ഒക്കെ എന്തെല്ലാം എഴുതിപ്പിടിപ്പിക്കും, ജൂത ചാരന്‍ കേരളത്തില്‍ തങ്ങി, അതും ലീഗ് ഭരണത്തില്‍ എന്നൊക്കെ പരമ്പര വരെ തുടങ്ങും. അതൊരു അറബ് വംശജനാനെകില്‍ മനോരമ, മാതൃഭൂമി എന്നിത്യാദി പത്രങ്ങള്‍ അയാളെ അല്‍ഖയ്ദയുമായി വരെ ബന്ധപ്പെടുത്തി വാര്‍ത്തകള്‍  മെനയും , അതല്ലേ പതിവ്. അത്രയൊന്നും സൗദി മാധ്യമങ്ങള്‍ ചെയ്തിട്ടില്ലല്ലോ.

പിന്‍ കുറി :-
അണ്ഡകടാഹം തന്നെ ഇളകിയാലും നമ്മളൊന്നും അറിഞ്ഞില്ലേ എന്ന  തരത്തില്‍ ബ്ലാങ്കറ്റും പുതച്ചു ദിവസങ്ങളോളം കൂര്‍ക്കം  വലിച്ചു ഉറങ്ങുന്നവര്‍ക്കെന്തു നിതാകാത്ത്. കാട്ടുകോഴിക്കു എന്ത് ചങ്കരാന്തി...ഹല്ലാ പിന്നെ.  അല്ലെങ്കിലും ഇങ്ങനെ ദിവസങ്ങളോളം നീട്ടി   ഉറങ്ങാന്‍  പറ്റുന്ന  ഭൂമിലോകത്തെ ഏകസ്ഥലം ഈ ഗള്‍ഫു തന്നെയല്ലേ..കാക്കൂ.


വ്യാഴാഴ്ച രാത്രി ബ്ലാങ്കറ്റിലെക്ക് ഊളിയിട്ട്   ശനിയാഴ്ച രാവിലെ എണീറ്റ്‌ ജുമുഅക്കുപോയി  ഈ ആഴ്ച വെള്ളിയാഴ്ച ഇല്ലേ എന്ന് ചോദിച്ച ഉറക്ക് വിസക്കാര്‍ക്ക് ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു...



46 അഭിപ്രായങ്ങൾ:

  1. ഫൈസല്‍ പിണങ്ങോട്2013, ഏപ്രിൽ 20 7:34 AM

    വ്യാഴാഴ്ച ഉറങ്ങിയിട്ട് ശനിയാഴ്ച എഴുന്നേറ്റു ജുമുഅക്ക് പോയവര്‍ക്ക് വേണ്ടി ഒരു പോസ്റ്റ്‌ സംര്‍പ്പിച്ചതില്‍ തെല്ലു സംശയം ഇല്ലാതില്ല

    മറുപടിഇല്ലാതാക്കൂ
  2. ജിന്നും , മലക്കും , വിജന പ്രദേശവും ഇതിന്റെ ഇടയിലും കയറ്റി അല്ലെ ? ജോര് ജോര്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് അവിടേക്ക് ആപ്റ്റ് ആണെന്ന് തോന്നി. അത്രയുള്ളൂ

      ഇല്ലാതാക്കൂ
  3. ഇനി ഇപ്പൊ എന്താ ചെയ്യാ, ഹിഹിഹി കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  4. നിതാഖാത് എന്ന വലിയ മീനിനെ രസകരമായി അവതരിപ്പിച്ച ലേഖനം

    മറുപടിഇല്ലാതാക്കൂ
  5. വളരെ നല്ല കാലോചിതമായ രസകരമായ പോസ്റ്റ് !! ഇനി സൌദിയില്‍ വരാന്‍ പോകുന്ന അവസ്ഥയും അടുത്ത പോസ്റ്റില്‍ പ്രതീക്ഷിക്കുന്നു !! എന്തിനും ഏതിനും കുറ്റം ഒരു സംഘടനയുടെ മുകളില്‍ ചാര്‍ത്തുന്നവര്‍ക്ക് കൂടിയുള്ള ഒരു പോസ്റ്റാണിത് !!

    മറുപടിഇല്ലാതാക്കൂ
  6. ഷാജു, അജിത്‌, അഷ്‌റഫ്‌ സല്‍വ, സമീര്‍ തിക്കൊടി, ഖാദു, കുണ്ടൂര്‍
    വരവിനും അഭിപ്രായത്തിനും നന്ദി അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  7. ദിവസവും സാധനം വാങ്ങാനോ മറ്റോ പണം ചോദിച്ചു വിളിച്ചുണര്‍ത്തുന്ന ഭാര്യയെക്കാള്‍ ഭേദം മാസം ഒരിക്കല്‍ മാത്രം വിളിച്ചു ശല്യപ്പെടുത്തുന്ന കഫീല്‍ തന്നെയല്ലേ എന്ന് മനസ്സ് പറയാന്‍ തുടങ്ങും.
    **********************
    ഹ ഹ .. അത് കലക്കി

    മറുപടിഇല്ലാതാക്കൂ
  8. "വ്യാഴാഴ്ച രാത്രി ബ്ലാങ്കറ്റിലെക്ക് ഊളിയിട്ട് ശനിയാഴ്ച രാവിലെ എണീറ്റ്‌ ജുമുഅക്കുപോയി ഈ ആഴ്ച വെള്ളിയാഴ്ച ഇല്ലേ എന്ന് ചോദിച്ച ഉറക്ക് വിസക്കാര്‍ക്ക് ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു..."
    -ഇതില്‍ ഇത്തിരി അസൂഷ മണക്കുന്നുണ്ടോ? :)

    മറുപടിഇല്ലാതാക്കൂ
  9. രസകരം എന്നതില ഉപരി സത്യം ... പ്രയോജനകരം ... പോസ്റ്റ്‌ കംമെന്റിലൂടെ ഇവിടെ എത്തി ... ഇഷ്ടായി . :)

    മറുപടിഇല്ലാതാക്കൂ
  10. നിതാകാത്ത് ഒരു ചെറിയ മീനല്ല.
    ഇതു വായിച്ചപ്പോൾ എനിക്കും തോന്നി

    മറുപടിഇല്ലാതാക്കൂ
  11. വട്ടപ്പാറ വളവും ഓസോണ്‍ പാളിയും പിന്നെ ചോറ് തിന്നണ കൈ കൊണ്ട് കോഴിയെ ആട്ടിയ പോലെ ,ഉഷാറായിട്ടുണ്ട്...നിതാകാത്ത് ഒരു വലിയ മീന്‍ തന്നെയാണ്...

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍2013, ഏപ്രിൽ 22 8:36 PM

    നിതാഖാത്ത്‌ ഒരു ചെറിയ മീനല്ല. പക്ഷേ, മാധ്യമങ്ങളും പിന്നെ ചില പ്രവാസികളെല്ലാം കൂടി അതിനെ ഒരു മുഴുത്ത സ്രാവ് പോലെയാക്കി.

    മറുപടിഇല്ലാതാക്കൂ
  13. എനിക്കിഷ്ടായി. മടുപ്പിക്കാതെ കളിയും കാര്യവും നന്നായി അവതരിപ്പിച്ചു :)

    മറുപടിഇല്ലാതാക്കൂ
  14. സൂപ്പര്‍ നന്നായി ട്ടുണ്ട് നിന്നെ ഇപ്പോള്‍ കാണാറില്ല നീ റിയാദില്‍ ഇല്ലെ?



    മറുപടിഇല്ലാതാക്കൂ
  15. ഒരു പരപ്പനാടൻ കവിത പോലെ സുന്ദരം ..

    മറുപടിഇല്ലാതാക്കൂ
  16. പക്ഷെ ഭാര്യ എന്ന രണ്ടക്ഷരം കഫീല്‍ എന്ന മൂന്നക്ഷരത്തെക്കാള്‍ പണം തന്നെ ചോദിച്ചു കൊണ്ടിരിക്കുമ്പോള്‍ തുടങ്ങും പുനരാലോചന. ദിവസവും സാധനം വാങ്ങാനോ മറ്റോ പണം ചോദിച്ചു വിളിച്ചുണര്‍ത്തുന്ന ഭാര്യയെക്കാള്‍ ഭേദം മാസം ഒരിക്കല്‍ മാത്രം വിളിച്ചു ശല്യപ്പെടുത്തുന്ന കഫീല്‍ തന്നെയല്ലേ എന്ന് മനസ്സ് പറയാന്‍ തുടങ്ങും.


    ഇത് പൊളിച്ചു...

    മറുപടിഇല്ലാതാക്കൂ
  17. കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം... നിതാകാത് ഇളവുകള്‍ വരുത്തും എന്നൊക്കെ പറയുന്നു...
    കാത്തിരിക്കാം.... രസകരമായി എഴുതി ട്ടോ.... ആശംസകള്‍......

    മറുപടിഇല്ലാതാക്കൂ
  18. ഇനി മേലാല്‍ തിരിച്ചു വരില്ല എന്ന തീരുമാനിചിടും വീണ്ടും തിരിച്ച്വേരനുണ്ടായ കാര്‍ണ്ണം ......... കെന്ഗേമമ്

    മറുപടിഇല്ലാതാക്കൂ
  19. ഈ രചന വായിക്കുവാന്‍ പറ്റിയില്ല.ഇപ്പോഴാണ് കണ്ടതും.വായിക്കാന്‍
    കഴിഞ്ഞതും.
    വായനാസുഖമുള്ള ശൈലി എനിക്കേറെ ഇഷ്ടപ്പെട്ടു.വിഷയം രസകരമായി
    അവതരിപ്പിക്കാനും കഴിഞ്ഞിരിക്കുന്നു.ഇനിയും കാണാം
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മിനി.പി.സി2013, മേയ് 7 9:04 AM

      നിതാകാത്ത് ചെറ്യ മീനല്ലാ അല്ലെ ! വളരെ രസകരമായി എഴുതിയിരുക്കുന്നു , ആശംസകള്‍ .

      ഇല്ലാതാക്കൂ
  20. അണ്ഡകടാഹം തന്നെ ഇളകിയാലും നമ്മളൊന്നും അറിഞ്ഞില്ലേ എന്ന തരത്തില്‍ ബ്ലാങ്കറ്റും പുതച്ചു ദിവസങ്ങളോളം കൂര്‍ക്കം വലിച്ചു ഉറങ്ങുന്നവര്‍ക്കെന്തു നിതാകാത്ത്. കാട്ടുകോഴിക്കു എന്ത് ചങ്കരാന്തി...ഹല്ലാ പിന്നെ. അല്ലെങ്കിലും ഇങ്ങനെ ദിവസങ്ങളോളം നീട്ടി ഉറങ്ങാന്‍ പറ്റുന്ന ഭൂമിലോകത്തെ ഏകസ്ഥലം ഈ ഗള്‍ഫു തന്നെയല്ലേ..കാക്കൂ.

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.