വന്നു കുടുങ്ങിയവര്‍

2014, ജൂലൈ 3

മതപരമായ തര്‍ക്കങ്ങളിലെ പോലീസ് പരിഹാരക്രിയ


  
  മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ  പ്രധാന തര്‍ക്കങ്ങളില്‍ ഒന്നായിരുന്നു മൊയ്ദീന്‍ ഷെയ്ഖിനെ വിളിച്ചാല്‍ കേള്‍ക്കുമോ ഇല്ലേ എന്നത്. മൊയ്ദീന്‍ ഷെയ്ഖു എന്നല്ല മണ്മറഞ്ഞു പോയ എല്ലാ മഹാന്മാരും അവരോടു സഹായം തേടിയാല്‍ കേള്‍ക്കും എന്ന പക്ഷക്കാരായിരുന്നു നാട്ടിലെ ഭൂരിപക്ഷം വരുന്ന സുന്നികള്‍ . അല്ലാഹുവല്ലാത്തവരോട് സഹായം തേടാന്‍ പാടില്ല എന്നും, അവര്‍ വിളിക്ക് ഉത്തരം നല്‍കില്ല എന്നുമായിരുന്നു മുജാഹിദുകളുടെ വാദം. . അങ്ങാടികളില്‍ ആളുകള്‍ കൂടുന്നിടത്തൊക്കെ ഈ വിഷയത്തില്‍ തര്‍ക്കങ്ങള്‍ അടിപിടികളിലേക്ക് വരെ നീണ്ടു. രണ്ടു വിഭാഗവും മൈക്ക് കെട്ടി തങ്ങളുടെ വാദങ്ങള്‍ നിരത്തി പൊതു പരിപാടികള്‍ നടത്തുക പതിവായി. 

  നാട്ടില്‍ കുറെ കാലങ്ങളായി പിന്തുടര്‍ന്ന് വരുന്ന ആചാരങ്ങളെ എതിര്‍ക്കുവാന്‍ മുജാഹിദുകള്‍ പലപ്പോഴും ഖുര്‍ആന്‍ വചനങ്ങളും, പ്രവാചക വചനങ്ങളും ഉദ്ധരിച്ചാണ് മറുപടി പറയാറുള്ളത്. ആയിടക്കാണ് ഒരു മുജാഹിദ് പൊതുപരിപാടി എതിര്‍വിഭാഗം കയ്യേറാന്‍ കാരണമായത്‌. അങ്ങനെ പോലീസിനും പണിയായി. രണ്ടു കൂട്ടരും പോലീസില്‍ വെവ്വേറെ  പരാതികള്‍ നല്‍കി.

  രണ്ടു വിഭാഗത്തോടും പോലീസ് കാര്യങ്ങള്‍ ഓരോന്നായി ചോദിച്ചറിഞ്ഞു. മുജാഹിദ് വിഭാഗം നേതാവ് പറഞ്ഞു തങ്ങള്‍ മൊയ്ദീന്‍ ഷെയ്ഖിനെ വിളിച്ചാല്‍ കേള്‍ക്കില്ല എന്ന് പ്രസംഗിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ്‌ അവര്‍ പരിപാടി കയ്യേറിയത് എന്ന്. 

'മൊയ്ദീന്‍ ഷെയ്ഖിനെ വിളിച്ചാല്‍ കേള്‍ക്കും എന്നിരിക്കെ ഇവര്‍ എന്തിനാ അതിനെ എതിര്‍ക്കുന്നത് ? അതാണ്‌  എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം സാര്‍..' എന്ന് സുന്നി നേതാവും.

  എസ് ഐ കൃഷ്ണപിള്ള ആകെ ധര്‍മ്മ സങ്കടത്തിലായി, കുറെ ആലോചിച്ച ശേഷം എസ് ഐ ഇരുന്നിരുന്ന കസേരയില്‍ നിന്നും എഴുന്നേറ്റ് കൊണ്ട് രണ്ടു കൂട്ടരോടുമായി പറഞ്ഞു ...

  മൊയ്ദീന്‍ ഷെയ്ഖ് ഇല്ലാതെ ഈ പ്രശ്നം ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. അദ്ദേഹത്തെ വിളിക്കാന്‍ ഞാന്‍ പി സി യെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. നിങ്ങള്‍ രണ്ടു കൂട്ടരും ഇപ്പോള്‍ സമാധാനപരമായി പിരിഞ്ഞു പോണം,

  എസ് ഐ യുടെ നിര്‍ദേശം കേട്ട് രണ്ടു കൂട്ടരും സ്തബ്ധരായി.  മറ്റുള്ളവര്‍ ഊറി ചിരിച്ചു. 

                        XXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXX 



തര്‍ക്കം രണ്ട്


   ഇഷാ നമസ്കാരം കഴിഞ്ഞയുടനെ പള്ളിയിൽ നിന്ന് പുറത്തിറങ്ങിയ ചില ചെറുപ്പക്കാരോട് മഹല്ല് കാരണവന്മാരുടെ വക ചോദ്യം 'എന്തെ തറാവീഹ് നമസ്കരിക്കുന്നില്ലേ...
' ഹാജ്യാരേ ആദ്യം ങ്ങള് പതിനൊന്നോ, ഇരുപത്തിമൂന്നോ ഏതെങ്കിലും ഒന്ന് ഉറപ്പിക്കി എന്നട്ട് ഞമ്മള് ബരാ..' ചെറുപ്പക്കാരുടെ മറുപടി കാരണവന്മാരുടെ നെഞ്ചത്താണ് തറച്ചത്.

   മഹല്ല് പള്ളിയിലെ ചില പ്രധാനികൾ പുത്തനാശയക്കാർ ആയതോടെയാണ് തറാവീഹ് നമസ്കാരം സംബന്ധിച്ച് തർക്കം ഉടലെടുത്തത്. പള്ളിയിൽ റമദാനിൽ സ്ഥിരമായി ഇരുപത്തിമൂന്ന് റകഅത്താണ് നമസ്കരിക്കുന്നതെന്നും, അത് തന്നെ തുടരണമെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ പ്രവാചകൻ (സ) റമദാനിൽ പതിനൊന്ന് റകഅത്താണ് നമസ്കരിച്ചതെന്ന പ്രവാചകപത്നി ആയിഷ (റ ) യുടെ റിപ്പോര്ട്ട് ആണ് മറു വിഭാഗം ഉദ്ധരിക്കുന്നത്.

   തർക്കം നീണ്ടു. വാദ കോലാഹലങ്ങൾ വീണ്ടും തെരുവിലെക്കായി. ഓരോ വിഭാഗവും മൈക്ക് കെട്ടി തങ്ങളുടെ വാദങ്ങൾ നിരത്താൻ തുടങ്ങി. മൈക്ക് സെറ്റ് ഉടമക്ക് കുശാലായി. അവസാനം വീണ്ടും  പോലീസ് തന്നെ രംഗത്ത്‌ വരേണ്ടി വന്നു..

   നാട്ടിലെ ക്രമസമാധാനം തകരുമോ എന്ന് ഭയന്ന എസ് ഐ കൃഷ്ണൻ പിള്ള തർക്കത്തിൽ ഇടപെടാൻ തന്നെ  തീരുമാനിച്ചു. മഹല്ല് വാസികളെ ഒന്നടങ്കം അദ്ദേഹം ഒരിടത്തേക്ക് വിളിച്ചു കൂട്ടി .  മഹല്ലിലെ ഭൂരിപക്ഷം ഏതു പക്ഷത്താണ് എന്ന് നോക്കാനാണ് എസ് ഐ യുടെ പരിപാടി.

 പതിനൊന്നു നമസ്കരിക്കുന്നവരോട് ഒരു ഭാഗത്തും, ഇരുപത്തിമൂന്ന് നമസ്കരിക്കുന്നവരോട് മറുഭാഗത്തും നില്ക്കാൻ വേണ്ടി പറഞ്ഞു.രണ്ടു കൂട്ടരും വെവ്വേറെയായി മാറി മാറി നില്‍ക്കാന്‍ തുടങ്ങി . രണ്ടു കൂട്ടരും ഏകദേശം തുല്യ നിലയിലാണ്. 

രണ്ടു വിഭാഗങ്ങള്‍ക്ക് പുറമേ മറു വശത്ത്‌ മാറി നിന്നിരുന്ന  കുറെ പേരുണ്ടായിരുന്നു ,മൂന്നാമതൊരു വിഭാഗമോ , അവര്ക്കിനി ഇതെത്രയെണ്ണം വേണമാവോ ന്റെ ...............,!!!! അവരായിരുന്നു ഭൂരിപക്ഷം. അന്വേഷിച്ചപ്പോൾ അവര്‍ തറാവീഹ് നമസ്കരിക്കാത്തവരായിരുന്നത്രേ!!! 

ഭൂരിപക്ഷവും തറാവീഹ് നമസ്കരിക്കാത്തവരാണ് എന്ന് ബോധ്യമായ എസ് ഐ ഉടനെ തന്നെ തന്റെ തീരുമാനവും പറഞ്ഞു. 'ഇനി മുതൽ ഈ മഹല്ലിൽ തറാവീഹ് നമസ്കാരം വേണ്ട...!!!

   എസ് ഐ യുടെ തീരുമാനം കേട്ട് മൂന്നു കൂട്ടരും അന്ധം വിട്ടു പോയി.                                                                                                               

പിന്കുറി: മതകാര്യങ്ങളിൽ പോലീസ് വക  പരിഹാരക്രിയകള്‍  ഇങ്ങനെയൊക്കെയാണ് .

10 അഭിപ്രായങ്ങൾ:

  1. എസ് ഐ യുടെ തീരുമാനമല്ലെ ശരി ?

    മറുപടിഇല്ലാതാക്കൂ
  2. നിങ്ങടെ ഇടയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ നിങ്ങളില്‍ ഒരുത്തന്‍ പോലും വിവേകമുള്ളവന്‍ ഇല്ലയോ? പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മറ്റൊരുത്തന്റെ മുന്‍പില്‍ പോകാന്‍ ലജ്ജയില്ലേ എന്ന് ബൈബിളില്‍ ഒരിടത്ത് ചോദിക്കുന്നുണ്ട്. ആ വാചകങ്ങളാണ് ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്!

    മറുപടിഇല്ലാതാക്കൂ
  3. ബൈബിളിൽ അങ്ങനെ പറഞ്ജോണ്ടാ ണെന്ന് തോന്നുന്നു ഞമ്മടെ മുഴുവൻ സഭകളും ഇന്ന് കോടതി കയറി ഇറങ്ങുന്നത് :)

    മറുപടിഇല്ലാതാക്കൂ
  4. :), പ്രചരിപ്പിക്കാവുന്ന തമാശകളാണ്...ടിന്റുമോന്‍ ജോക്സ് ഒക്കെ പോലെ, കൂടെ പാവം പോലീസ് ന്നും വെക്കാം...

    മറുപടിഇല്ലാതാക്കൂ
  5. പോലീസ് മുറ നന്നായിട്ടുണ്ട്. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  6. നന്നായിട്ടുണ്ട്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.