വന്നു കുടുങ്ങിയവര്‍

2011, നവംബർ 10

വണ്ടൂരിലെ ദാരുണമായ ദുരന്തം നമ്മോടു പറയുന്നത്..

വണ്ടൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ദാരുണമായ ദുരന്തം എല്ലാവരുടെയും കരളലിയിപ്പിക്കുന്നതായി .. സ്നേഹബന്ധത്തിന്റെ നൂലിഴകള്‍ തുന്നി ചേര്‍ക്കുന്ന ഒരു ആഘോഷ വേളയിലാണ് വിധി ആ കുടുംബത്തിനു മേല്‍ വൈദ്യുതി കമ്പിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്രുമാതാവിനെ  സഹായിക്കാനും പെരുന്നാള്‍ സന്തോഷം പങ്കിടാനും തറവാട്ടിലേക്ക് വിരുന്നെത്തിയ രണ്ടു മരുമക്കള്‍ അടക്കം മൂന്നു പേരാണ് തല്‍ക്ഷണം മരിച്ചു വീണത്‌. വണ്ടൂര്‍ പാണ്ടിക്കാട് റോഡില്‍ ചെറുകോട് എന്ന ഗ്രാമം ഒന്നടങ്കം ഇപ്പോളും ഈ ദുരന്തത്തിന്റെ വേദനയില്‍ തേങ്ങുകയാണ്...

കുനിക്കാടന്‍ അബുവിന്റെ ഭാര്യ ആമിന മരുമക്കളായ ബജീന, ആരിഫ എന്നിവരാണ് മരണപ്പെട്ടത്..ബലി പെരുന്നളിനോടനുബന്ധിച്ചു കഴിഞ്ഞ രണ്ടു ദിവസങ്ങളിലും മാംസാഹാരം തന്നെ കഴിച്ചതിനാല്‍ ഉച്ചക്ക് മുരിങ്ങ കറി വെക്കാന്‍ വേണ്ടി തീരുമാനിക്കുകയായിരുന്നു ഈ കുടുംബം.. ഉച്ചക്ക് 12 -30 നു വീടിനു പിന്നിലെ മുരിങ്ങ മരത്തില്‍ നിന്നും ഇരുമ്പ് വടി കൊണ്ട്  ഇല ഒടിക്കുമ്പോള്‍ ആരിഫക്കാണ് ആദ്യം ഷോക്കെറ്റതു. ആരിഫക്ക് ഷോക്കെറ്റതാണെന്ന് അറിയാതെ ഭര്‍തൃ മാതാവ് ആമിനയും ഭര്‍ത്ഹൃസഹോദരന്റെ ഭാര്യ ബജീനയും ദുരന്തത്തില്‍ ചെന്ന് ചാടുകയായിരുന്നു. ആരിഫയുടെ നാല് വയസ്സുകാരിയായ മകള്‍ ആരിഫയെ പോയി കെട്ടി പിടിച്ചെങ്കിലും ഷോക്കില്‍ തെറിച്ചു വീണതിനാല്‍ രക്ഷപ്പെടുകയായിരുന്നു.ഈ കുരുന്നു ഇപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുമാണ്.


മകന്റെ ഭാര്യയെ മകളെ പോലെ കാണാന്‍ തയ്യാറായി രക്ഷപ്പെടുത്താന്‍ ശ്രമിച്ച  ആമിനയും , ഉമ്മയേയും, ഭര്‍തൃ സഹോദരന്റെ ഭാര്യയെയും രക്ഷപ്പെടുത്താന്‍ വേണ്ടി ജീവന്‍ ഹോമിച്ച ബജീനയും ഒക്കെ നമ്മുടെ നാട്ടില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങള്‍ക്ക് മുന്നില്‍ മായ്ക്കാനാകാത്ത മുദ്രകളാണ്. വൃദ്ധയായ അമ്മായിയമ്മയോടോപ്പം പെരുന്നാള്‍ കൂടാന്‍ വേണ്ടിയാണ് ഈ രണ്ടു മരുമക്കളും തങ്ങളുടെ സ്വന്തം വീടുകളില്‍ നിന്നും തറവാട്ടിലേക്ക് വിരുന്നെതിയതും, മരണത്തിന്റെ വഴിയെ നടന്നതും...മരണത്തിലും കെട്ടിപ്പുണര്‍ന്നു ഒരുമിച്ചു ചേര്‍ന്ന അവരെയും ഒരു മഹാദുരന്തത്തിൽ നിന്നും ആ നാടിനെ രക്ഷിച്ച മന്സൂർ എന്ന അയൽവാസിയെയും നമുക്ക് മറക്കാതിരിക്കാം. വൈദ്ദ്യുതിക്കംപിയിൽതട്ടി തൂങ്ങി നിന്നിരുന്ന ആ ഇരുംപ് തോട്ടി മരക്കഷ്ണം ഉപയോഗിച്ച് തട്ടിമാറ്റുകയായിരുന്നു മൻസൂർ...നന്മയുടെയും, സ്നേഹത്തിന്റെയും ഒക്കെ നനവുകള്‍ അങ്ങിങ്ങായി അവശേഷിക്കുന്നു എന്ന് ഇതൊക്കെ നമ്മോടു വിളിച്ചു പറയുന്നുണ്ടെങ്കിലും, ദുരന്തം നമുക്ക് മറ്റൊരു പാഠം കൂടിയാണ്.


വീടിന്റെ പിറകിലായി മൂന്നാള്‍ ഉയരത്തിലൂടെയാണ് 11  കെ വി ലൈന്‍ കടന്നു പോകുന്നത്.. ഈ കമ്പിയില്‍ ഇരുമ്പ് തോട്ടി തട്ടിയാണ് ദുരന്തമുണ്ടായത്‌.. നമ്മുടെ വൈദ്യതി വകുപ്പ് മന്ത്രിയുടെ ജില്ലയില്‍ തന്നെ അദ്ധേഹത്തിന്റെ മൂക്കിനു താഴെയാണ് ഇങ്ങനെയൊരു വൈദ്യതി ദുരന്തം ഉണ്ടായതെന്ന് നമുക്ക് മറക്കാന്‍ കഴിയില്ല. അപകടകരമായ നിലയിലുള്ള വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ നാട്ടുകാര്‍ വൈദ്യുതി വകുപ്പിന് പരാതി നല്‍കിയിട്ട് ഒരു മാസത്തിലേറെയായി. നാട്ടുകാര്‍ അതിനുള്ള പണവും കെട്ടി വെച്ചിട്ടുണ്ട്..വൈദ്യുതി വകുപ്പിന്റെ കാര്യം എപ്പൊഴും അങ്ങനെയാണല്ലോ..  

ജോലിയെടുക്കാതെ വൈദ്യുതി ആപ്പീസുകളില്‍ ഇരുന്നു ഉറക്കം തൂങ്ങുന്നവരെയും, മദ്യപിച്ചു  മയങ്ങുന്നവരെയും, മേശക്കടിയിലൂടെ കിമ്പളം വാങ്ങുന്നവരെയും  നമ്മുടെ ചീഫ് വിപ്പ് പി സി ജോര്‍ജ് മുമ്പ് ചെയ്ത പോലെ ആപ്പീസില്‍ കയറി ചെന്ന് രണ്ടെണ്ണം പൊട്ടിക്കണം എന്നെനിക്കു അഭിപ്രായമില്ല, പക്ഷെ അവരെ ഇവിടെ നിന്നും കെട്ട് കേട്ടിച്ചാലെ വൈദ്യുതി രംഗത്ത്‌ ഈ പിന്നോക്ക പ്രദേശങ്ങള്‍ക്ക് രക്ഷയുള്ളൂ എന്നാണ് എന്റെ അഭിപ്രായം.യുനിയനുകളില്‍ കയറിക്കൂടി രാഷ്ട്രീയ പാര്‍ടികളുടെ തണലില്‍ വളരുന്ന ഇവരുടെയൊന്നും രോമം പോലും തൊടാന്‍ ഒരു ആര്യാടനും സാദിക്കുന്നില്ലല്ലോ എന്നാണു എന്റെ സങ്കടവും.

തുരുമ്പിച്ചു നിലം പൊത്താറായ വൈധ്യുതിക്കാലുകളും, തൂങ്ങിയാടുന്ന വൈധ്യുതിക്കമ്പികളും മലപ്പുറം ജില്ലയിലെങ്ങും കാണാനാകും, ഉപഭോക്താക്കളുടെ എണ്ണത്തിന് ആനുപാതികമായി വൈദ്യുതി ഡിവിഷനുകള്‍ സ്ഥാപിച്ചാല്‍ പരാതികള്‍ക്ക് തീര്‍പ്പ് കല്പ്പിക്കാനും, ധ്രുതഗതിയില്‍ നടപടികള്‍ എടുക്കാനും കഴിയും, അതോടെ മേല്‍ പറഞ്ഞ ദുരന്തങ്ങളും ഒഴിവാക്കാനാകും. ലോഡ് ഷെഡിംഗ് എന്ന പേരിലും, പവര്‍ കട്ട് എന്ന പേരിലും നടക്കുന്ന വഴിപാടുകള്‍ക്ക് പുറമേ ജില്ലയിലെങ്ങും അനധികൃത കരണ്ടു കട്ട് സ്ഥിരം പതിവാണ്, വേണ്ടത്ര സബ് സ്റ്റെഷനുകളോ സംവിധാനങ്ങളോ ഒരുക്കി ഇതിനു പരിഹാരം കാണാവുന്നതെയുള്ളൂ.

ജില്ലയുടെ നേതൃ സ്ഥാനം അലങ്കരിക്കുന്ന രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെ നിസ്സംഗത തന്നെയാണ് ഈ ഗുരുതരമായ അലംഭാവത്തിനും കാരണമെന്ന് പറയാം. ഭരണം  കയ്യില്‍ കിട്ടുമ്പോളൊക്കെ വിദ്യാഭ്യാസവും, വ്യവസായവും, പൊതുമരാമത്തും, പഞ്ചായത്തും തന്നെ വാങ്ങി പോരുന്ന പണിയാണല്ലോ മുസ്ലിം ലീഗിന്, ജില്ല ഏറെ പിന്നോക്കം നില്‍ക്കുന്ന ആരോഗ്യ, വൈദ്യുതി , റവന്യു വകുപ്പുകള്‍ ഒന്നും ലീഗിനത്ര പഥ്യമല്ല.. വൈദ്യുതി  കഴിഞ്ഞ തവണയും ഇത്തവണയും ആര്യാടന് തന്നെ.. ആര്യാടന്‍ അത്ര മോശക്കാരന്‍ ആയിട്ടല്ല,  ലീഗിന്റെ ഈ നിസ്സംഗതക്ക് ഒരറുതി ഉണ്ടാവേണ്ടിയിരിക്കുന്നു.


എന്റെ ഒരു സ്നേഹിതനും ഒരനുഭവം പങ്കു വെക്കുകയുണ്ടായി.. വൈദ്യുതി വകുപ്പില്‍ ഒരു പരാതി നല്‍കാന്‍ സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവിന്റെ ശുപാര്‍ശയോടെ ആപ്പീസില്‍ കയറി ചെന്നതായിരുന്നു അവന്‍, പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു ഫലവും കാണാഞ്ഞപ്പോള്‍ വീണ്ടും കയറി ചെന്നു വൈദ്യുതി ആപ്പീസിലേക്ക്, ശുപാര്‍ശ നല്‍കിയ നേതാവിന്റെ പേരും പറഞ്ഞു നോക്കി..പക്ഷെ അങ്ങനെ ആരും ഇവിടെ ഒന്നും പറഞ്ഞിട്ടില്ല എന്നായിരുന്നു ഉദ്യോഗസ്തരുടെ മറുപടി, അവന്‍ താഴെയിറങ്ങി വന്നു ഉദ്യോഗസ്ഥന്റെ  മൊബൈലിലേക്ക് ആ രാഷ്ട്രീയ നേതാവാണ്‌ എന്ന വ്യാജേന  ഒരു ഫോണ്‍ ചെയ്തു, ഭവ്യതയോടെ പെരുമാറിയ ഉദ്യോഗസ്ഥന്‍ ആളെ വിടാന്‍ പറഞ്ഞതോടെ ഫോണ്‍ കട്ട് ചെയ്തു അവന്‍ വീണ്ടും ആപ്പീസിലേക്ക് കയറി ചെന്നു,  പരുഷമായി പെരുമാറിയിരുന്ന അതെ ഉദ്യോഗസ്ഥന്‍ എത്ര പെട്ടന്നാണ് ഇങ്ങനെ മാറിയതെന്ന് അവന്‍ ആശ്ചര്യപ്പെട്ടു പോയി, കാര്യങ്ങള്‍ക്ക് അപ്പോള്‍ തന്നെ പരിഹാരം ഉണ്ടാവുകയും ചെയ്തു. 

എന്റെ വീട് നില്‍ക്കുന്ന ഭാഗത്ത്‌ വല്ല വൈദ്യതി പ്രശ്നങ്ങള്‍ ഉണ്ടായാലോ  കരണ്ടു പോയാലോ ഒക്കെ  ബാപ്പ   വൈദ്യുതി ആപ്പീസിലേക്ക് വിളിച്ചു പറയാറുണ്ട്‌, അര മണിക്കൂറിനും ഒരു മണിക്കൂറിനും ഇടയില്‍ കരണ്ടു വന്നില്ലെങ്കില്‍ ബാപ്പ ഒന്ന് കൂടി വിളിക്കും  'എം എല്‍ എ യുടെ വീട്ടില്‍ നിന്നാണ്  ഇവിടെ കറന്റില്ല' എന്ന് പറയും,  അഞ്ചോ പത്തോ മിനുട്ടിനുള്ളില്‍ ലൈന്മാന്‍ വന്നു ഒക്കെ ശരിയാക്കുകയും ചെയ്യും. ഇപ്പോള്‍ ആ എം എല്‍ എ മന്ത്രിയായി അങ്ങ് തിരുവനന്തപുരതാണ്. അതോടെ എം എല്‍ എ യുടെ പേരില്‍ വിളിക്കാനും പറ്റാതായി, വൈദ്യുതിമുടക്കവും പതിവായി....


രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ സജീവമായ പലര്‍ക്കും ഇങ്ങനെ പല ഉടായിപ്പുകളും കാണിച്ചു കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചെന്നു വരും, സാധാരണക്കാരന്‍ അവര്‍ ഇതൊന്നും അറിയാത്തവരാണ്.. മുകളിലോ താഴെയോ വൈദ്യുതി കമ്പി ഉണ്ടോ എന്ന് പോലും നോക്കാതെ അന്നാന്നത്തെ ഒജീനത്തിനായി മുരിങ്ങയും, പുളിയും, മാങ്ങയും ഒക്കെ പറിക്കുന്ന സാധാരണക്കാരാണ് എന്നും ദുരന്തങ്ങളില്‍ ചെന്നു ചാടുന്നതും..സാധാരണക്കാരുടെ  ജീവനും സ്വത്തിനും സംരക്ഷണം നല്‍കാത്ത രാഷ്ട്രീയം കൊണ്ട് രാഷ്ട്രത്തിന് എന്ത് കാര്യം....

11 അഭിപ്രായങ്ങൾ:

 1. സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാത്ത രാഷ്ട്രീയം കൊണ്ട് രാഷ്ട്രത്തിന് എന്ത് കാര്യം....

  മറുപടിഇല്ലാതാക്കൂ
 2. രാഷ്ട്രീയക്കാർ എന്നും രാഷ്ട്രീയക്കാർ മാത്രമാണ്..
  ഇവിടെ എത്ര വണ്ടൂർ ഇനിയും ആവർത്തിച്ചാലും ഇതൊന്നും ഇവരുടെയൊന്നും മനസിൽ അല്പം പോലും നാട്ടിനോടും നാട്ടുകാരോടും ഒരു ആത്‌മാർത്ഥതയുമുണ്ടാകില്ല.

  ഷാജി നന്നായി പറഞ്ഞു..!!

  മറുപടിഇല്ലാതാക്കൂ
 3. തികച്ചും വേദനാജനകം ....
  അധികൃതരുടെ അനാസ്ഥക്ക് മുന്നില്‍ ഹോമിക്കേണ്ടി വന്ന ജീവിതങ്ങള്‍ ....

  മറുപടിഇല്ലാതാക്കൂ
 4. നഷ്ടപ്പെട്ടവർക്കെ വേദന അറിയൂ. അല്ലാത്തവർക്കെ ഇതൊരു ദുരന്തം എന്ന വാക്കിൽ അവസാനിക്കുന്നു. അധികൃതർ ശമ്പളത്തേക്കാൽ കിമ്പളവും അധികാരസ്വരങ്ങൾക്കും അടിമകളാകുമ്പോൾ അവർക്കിതൊക്കെ ഒരു നഷ്ടമാണോ. ദുഖത്തിൽ പങ്കു ചേരുന്നു.

  മറുപടിഇല്ലാതാക്കൂ
 5. ഒരു നേരമ്പോക്കിനപ്പുറം ബ്ളോഗിംഗ് സാമൂഹ്യ പ്രശ്നങ്ങളിലേയ്ക്ക് കടക്കുന്നത്, ആശാവഹം, ഷാജി!

  മറുപടിഇല്ലാതാക്കൂ
 6. ഇലക്ട്രിസിറ്റി ഓഫീസിലെ മാത്രമല്ല മറ്റെല്ലാ സര്‍ക്കാര്‍ വകുപ്പുകളിലേയും ഉദ്യോഗസ്ഥരും തങ്ങളാല്‍ കഴിയുന്ന എന്തോ സതക്കര്‍മ്മം ചെയ്യുന്നു എന്ന മട്ടിലാണ് സാധാരണക്കാരോട് പെരുമാറുന്നത്..ഈ നാറികള്‍ക്ക് നല്‍കുന്ന ശമ്പളം ഈ സാധാരണക്കാര്‍ കൂടി വിയര്‍പ്പൊഴുക്കുന്ന പണത്തില്‍ നിന്നാണെന്ന്‍ എന്നാണിനി ഇവമ്മാര്‍ക്ക് ബോധ്യം വരുക..സഹികെടുന്ന പൊതുജനം ഇവമ്മാരെയോക്കെ എടുത്തിട്ടലക്കുന്ന കാലം വിദൂരമല്ല..!!

  മറുപടിഇല്ലാതാക്കൂ
 7. ഈ പോസ്ടിട്ടു രണ്ടു ദിവസമായി , ഇന്ന് മുതല്‍ എന്റെ നാടിന്റെ ചുറ്റുഭാഗങ്ങളില്‍ വൈദ്യുതി വകുപ്പ് അധികൃതര്‍ ലൈനിലേക്ക് തൂങ്ങി നില്‍ക്കുന്ന മരക്കംപുകള്‍ വെട്ടി മാറ്റുകയാണ്...വണ്ടൂരില്‍ ഒരു ദുരന്തം ഉണ്ടാവേണ്ടി വന്നു ഇതിനൊക്കെ. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉണരുക, പിന്നെ കണ്ണടക്കുക ..ഇതായിരിക്കുന്നു നമ്മുടെ ഉദ്യോഗസ്ഥന്മാരുടെയും, ഭരണകര്താക്കളുടെയും സ്ഥിതി. സാമൂഹ്യ പ്രശ്നങ്ങളിലേക്ക് കൂടി ബ്ലോഗര്‍മാരുടെ കണ്ണെത്തിയാല്‍ കുറെ കൂടി നന്നായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 8. @ARUNLAL
  @NOUSHAD MANGALATHOPP
  @VENUGOPAL
  @JEFU JAILAF
  @BIJU DAVIS
  @NOUSHAD KOODARANJI
  @SREEKUTTAN
  വന്നു വായിക്കാനും അഭിപ്രായം പറയാനും കാണിച്ച സന്മനസ്സിന് നന്ദി...വീണ്ടും വരുമല്ലോ.

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.