വന്നു കുടുങ്ങിയവര്‍

2012, നവംബർ 9

അസ്ഹറിന് നീതി കിട്ടിയോ?

കുറ്റിയും,കമ്പുംപറിച്ചു സ്റ്റമ്പ്‌ ഉണ്ടാക്കിയും  ഓലമടല്‍ കൊണ്ട്ബാറ്റ് പാകപ്പെടുത്തിയും നടന്നിരുന്ന അക്കാലത്ത് മുഹമ്മദ്‌ അസ്ഹറുധീന്‍  ഒരു ഹരം  തന്നെയായിരുന്നു...ഇടവഴികളിലും, ചെറുമൈതാനങ്ങളിലും ഒക്കെ സ്റ്റമ്പ് കുത്തി പിച്ചൊരുക്കുമ്പോള്‍ കളി അറിയുന്നവരും, അറിയാത്തവരും ഒക്കെ ബാറ്റ് പിടിച്ചു അസ്ഹറിനെ പോലെ റിസ്റ്റ് ചലിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു...പക്ഷെ ബാറ്റ് തിരിയും മുമ്പ് പന്ത് കുറ്റിയും  കൊണ്ട്പോയിട്ടുണ്ടാവും..അസ്ഹര്‍ സ്റ്റമ്പിലേക്ക്എറിയുന്ന പോലെ തിരിഞ്ഞു 
നിന്നു പന്തെടുത്ത്പലരും എറിയാനും  തുടങ്ങി. പക്ഷെ പണി പാളി പന്ത് നേരെ 
പോയത് ബൌണ്ടറി യിലേക്കും ,   പേരുദോഷം മുഴുവന്‍ റണ്‍ വിട്ടു കൊടുത്ത ബൌളര്‍മാര്‍ക്കും!! എന്തിനേറെ തോളും  ചെരിച്ചു ഒരു ഭാഗത്തേക്ക്‌ തൂങ്ങിയുള്ള അസ്ഹറിന്റെ ആ നടത്തം പോലും പലരും അനുകരിച്ചിരുന്നു....അനുകരിച്ച്,അനുകരിച്ച്  ചെരിഞ്ഞു പോയ   പലരുടെയും  
തോളുകള്‍ പിന്നീട് നേരെയാക്കാന്‍ പോലുമായിട്ടില്ല..


അസ്ഹര്‍ തന്നെയായിരുന്നു അന്ന് ക്രിക്കറ്റിലെ പലരുടെയും റോള്‍മോഡല്‍..ക്രീസില്‍ നിന്ന നില്‍പ്പില്‍  നൃത്തം ചെയ്യുന്ന പോലെ  പാദങ്ങള്‍ ചലിപ്പിച്ചിരുന്ന അസ്ഹര്‍ പലപ്പോഴും ക്രീസ് വിട്ടു 
താണ്ഡവമാടുകയും ചെയ്തു .  ചുറ്റിത്തിരിഞ്ഞു വരുന്ന സ്പിന്‍ പന്തുകളെ 
നിലംവാരി തേര്‍ഡ്മാന്‍ സ്കൊയറിലേക്ക് സ്വീപ് ചെയ്യുന്ന  സ്പെഷ്യല്‍ ഷോട്ടുകളും, തിരിഞ്ഞു നിന്ന് പന്തെടുത്തു സ്റ്റമ്പില്‍ ഉന്നം തെറ്റാതെ കൊള്ളിച്ചു ബാറ്റ്സ്മാനെ  കബളിപ്പിക്കുന്ന ആ ഫീല്‍ഡിംഗ്  മാജിക്കും ഒക്കെ തൊണ്ണൂറുകളുടെ യുവത വല്ലാതെ അനുകരിച്ചു പോന്നു.. ടീം ഇന്ത്യ ജയത്തിനും, തോല്‍വിക്കും ഇടയില്‍ പരുങ്ങുന്ന നിര്‍ണ്ണായകഘട്ടങ്ങളില്‍ ബുദ്ധിപരമായ തീരുമാനങ്ങളിലൂടെ ടീമിനെ വിജയിപ്പിക്കാറുള്ള  ആ അസാമാന്യനേതൃപാടവം ക്രിക്കറ്റ് എന്ന  വാക്കിനു  അസ്ഹര്‍  എന്ന  പര്യായം പോലും നല്‍കി..


1984 ല്‍  ഇന്ത്യന്‍ കുപ്പായമണിഞ്ഞു പാഡ്‌  കെട്ടിയ അസ്ഹര്‍  അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്തിനു വരാനിരിക്കുന്ന ഇടിമുഴക്കത്തിന്റെ മുന്നറിയിപ്പ് നല്‍കി. പിന്നീടങ്ങോട്ട് തുടര്‍ച്ചയായ മൂന്നു ടെസ്റ്റുകളിലും സെഞ്ചുറി നേടുക വഴി ക്രീസിലെ കൊടുങ്കാറ്റായും  അസ്ഹറിനെ ലോകം ഭയന്നു. ക്രിക്കറ്റ് എന്നാല്‍ ഇംഗ്ലീഷുകാരന്റെ ചൂട് കായാനുള്ള ഉപാധിയെന്നു പലരും 
ആക്ഷേപിച്ചു മാറ്റിനിര്‍ത്തിയ കാലത്താണ് അസ്ഹര്‍  എന്ന പേര് ചൂട് വാര്‍ത്ത പോലെ ജനമനസ്സുകളിലേക്ക് പടര്‍ന്നു കയറുന്നത്. പിന്നെ  പതുക്കെ പതുക്കെ വിമര്‍ശകര്‍ പോലും  ആ ബാറ്റിംഗ് സൗകുമാര്യത ആസ്വദിക്കാന്‍ തുടങ്ങി..സുനില്‍ ഗാവസ്കറിന്റെ  കീഴിലുള്ള ഇന്ത്യന്‍ ടീമിലെ ഏറ്റവും വിശ്വസ്തനായ കളിക്കാരനായി അസ്ഹര്‍  മാറി. ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ഗാവസ്കറും , കപില്‍ ദേവും , സയ്യിദ് കിര്മാനിയുമൊക്കെ അരങ്ങു തകര്‍ക്കുന്ന   ആ സുവര്‍ണ്ണ കാലത്ത് തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അസ്ഹര്‍   സ്ഥിരപ്രതിഷ്ഠ നേടി.
കൃഷ്ണമാചാരി ശ്രീകാന്ത്, മൊഹീന്ദര്‍ അമര്നാഥ്‌  മദന്‍ലാല്‍ തുടങ്ങിയ പരിചയസമ്പന്നരായ ക്രിക്കറ്റ് താരങ്ങളെയും കടത്തി വെട്ടി അസ്ഹര്‍  ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നേതൃ സ്ഥാനം വരെ അസ്ഹറിന്റെ കയ്യില്‍ ഭദ്രമായി..പിന്നീടങ്ങോട്ട് ഒന്നര പതിറ്റാണ്ട് ഈ ഹൈദരാബാദുകാരന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.


ആധുനിക ക്രിക്കറ്റിനു ആക്രമണസ്വഭാവവും, ഏകദിന ക്രിക്കറ്റിനു കൂടുതല്‍ പ്രാധാന്യവും വന്ന കാലത്താണ് അസ്ഹര്‍ ഇന്ത്യന്‍ 
നായകവേഷമണിയുന്നത്.ക്രിക്കറ്റ് ഇന്ത്യയില്‍ കൂടുതല്‍ സ്വീകാര്യത നേടുന്നത് പോലും അസ്ഹറിന്റെ  നായകത്വത്തിലാണ് . ലോക  ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ക്ക് ഉടമയാകാന്‍ കപില്‍ദേവിന് പോലും   വരണ്ടുണങ്ങിയ ഇന്ത്യന്‍ പിച്ചുകളില്‍ പോലും 
അവസരങ്ങള്‍ നല്‍കി അസ്ഹര്‍ കപിലിന് മാന്യമായ വിടവാങ്ങലാണ് നല്‍കിയത്, സച്ചിന്‍ തെണ്ടുല്‍കര്‍ എന്ന മീശ പോലും മുളക്കാത്ത പയ്യനെ ലോക  ക്രിക്ക റ്റിന്റെ ഇതിഹാസമായി വളര്ത്തിയതിലും അസ്ഹറിനു നല്ല പങ്കുണ്ട്. വീ വീ എസ് ലക്ഷ്മണ്‍ , രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, സൗരവ്  ഗാംഗുലി തുടങ്ങിയ വന്‍കിട താരങ്ങളെ വളര്‍ത്തി കൊണ്ട് വരുന്നതിലും അവര്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതിലും അസ്ഹര്‍  കാണിച്ച ശ്രദ്ധ ക്രിക്കറ്റ് ലോകം എന്നും ഓര്‍മ്മിക്കും...അവരാരും തിരിച്ചു ഓര്‍മ്മിച്ചില്ലെങ്കിലും !!

നായകനായുള്ള 174  മത്സരങ്ങളില്‍ 89 വിജയവുമായി അസ്ഹര്‍  തന്നെയാണ് ഇപ്പോഴും നായകന്മാരുടെ നായകന്.1993ല്‍  കല്‍കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ഹീറോ കപ്പു ഫൈനല്‍ മാത്രം മതി 
അസ്ഹറിലെ നായകനെ അടുത്തറിയാന്.. ഇന്ത്യക്ക് വേണ്ടികൂടുതല്‍ കാലം നായകസ്ഥാനം വഹിക്കുകയും, ഏറ്റവും കൂടുതല്‍ 
ഏകദിനട്രോഫികള്‍ നേടിതരുകയും ചെയ്ത 
അസ്ഹറിന്റെ ക്രിക്കറ്റ് ജീവിതം നൂറുടെസ്റ്റുകള്‍കളിച്ച്  , മറ്റൊരു 
റെക്കോര്‍ഡിന്റെ  പടിവാതിലില്‍ നില്‍ക്കുമ്പോഴാണ്സ്വകാര്യ ജീവിതത്തില്‍ ചില 
പടലപ്പിണക്കങ്ങള്‍ ഉടലെടുക്കുന്നത്.ടീവി അവതാരിക കൂടിയായ സംഗീത 
ബിജലാനിയുമായി  അസ്ഹറിനുണ്ടായിരുന്ന  അടുപ്പം ഭാര്യ നൌറീനുമായി  വേര്‍പിരിയാനും കാരണമായി.  കുടുംബജീവിതത്തെ ചുറ്റിപ്പറ്റിയുള്ള   അപസര്‍പ്പകകഥകള്‍ സത്യമായിരുന്നെന്നു സംഗീതയുമായുള്ള വിവാഹത്തോടെ പുറംലോകമറിഞ്ഞു.  മക്കളായ  മുഹമ്മദ്‌ അയാസുധീനെയും, മുഹമ്മദ്‌ അസദിനെയും    
അസ്ഹറിനു വിട്ടു കിട്ടിയെങ്കിലും  ക്രിക്കറ്റ് ജീവിതത്തില്‍ പിന്നീട് കരിനിഴല്‍ പടരുന്നതാണ് ലോകം കണ്ടത്. ക്രീസിനെ മുഴുവന്‍ വിഴുങ്ങിയ കോഴക്കഥകള്‍  ഓരോന്നായി പുറത്തു വരുമ്പോള്‍, അസ്ഹറുധീന്‍  എന്ന  ക്ലാസിക് ക്രിക്കറ്റര്‍ പൊതുസമൂഹത്തിലും, ക്രിക്കറ്റ് ആരാധകര്ക്കിടയിലും വെറുക്കപ്പെട്ടവനുമായി.


ആരോപണങ്ങളില്‍ ഉള്‍പ്പെട്ട  അസ്ഹറിനും, അജയ് ശര്‍മക്കും ബീ സീ സി ഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ടെസ്റ്റ്‌ ക്രിക്കറ്റില്‍ നൂറു 
മത്സരം തികക്കാന്‍ ഒന്ന് മാത്രം ബാക്കിയുള്ളപ്പോള്‍ അസ്ഹറിന് കിട്ടിയ 
ആജീവനാന്ത വിലക്ക് തുല്യതയില്ലാത്തതായി.ഇന്ത്യ കണ്ട ഏറ്റവും നല്ല നായകന് 
അര്‍ഹിക്കുന്ന വിടവാങ്ങല്‍ പോലും നല്‍കാതെ ക്രിക്കറ്റ് ഇന്ത്യ ഈ താരത്തോട് അനാദരവ് കാട്ടി. അസ്ഹറിന്റെ  തണല്‍ പറ്റി  വളര്‍ന്നു  വന്ന താരങ്ങളൊക്കെയും  അസ്ഹറിനെ കയ്യൊഴിഞ്ഞു. ഒത്തുകളികളും, കോഴക്കഥകളും ഓരോന്നായി  പുറത്തു പറഞ്ഞ ഹാന്‍സി ക്രോണ്യ പിന്നീട് 
വിമാനാപകടത്തില്‍ കൊല്ലപ്പെടുകയും  ചെയ്തതോടെ ഈ കോഴക്കേസ് കൂടുതല്‍ വഴിത്തിരിവിലുമായി. ആരോപണ വിധേയരായ പല ഇന്ത്യന്‍ താരങ്ങളും പിന്നീട് വിലക്ക് നീങ്ങി ക്രിക്കറ്റ് ഗാലറികളില്‍ കമന്റെറ്റര്‍ മാരായി രംഗപ്രവേശം ചെയ്തെങ്കിലും അസ്ഹറിന് മേല്‍ ബീ സി സി ഐയോ കോടതിയോ കനിഞ്ഞില്ല.കപിലും, രാജേന്ദ്ര ദുര്ഗാപൂരും അടക്കമുള്ള ചുരുക്കം ചിലര്‍ ഇടപെട്ടെങ്കിലും , അച്ചടക്കം ഭയന്ന് സഹതാരങ്ങള്‍ പോലും കുറ്റകരമായ മൗനം  പാലിച്ചു എന്ന്  വേണം കരുതാന്.  2006 ല്   മുന്‍കാല ഇന്ത്യന്‍ നായകന്മാരെ ആദരിക്കുന്നതിനായി ബീ സി സി ഐ വിലക്ക് നീക്കിയെങ്കിലും ഐ സീ സി അനുവദിച്ചതുമില്ല. പിന്നെ കോടതി മാത്രമായി ശരണം. 


കൂടുതല്‍ ഓവര്‍ ബാക്കിയുള്ള , ജയിക്കാന്‍ കുറച്ചു റണ്‍ മാത്രം ആവശ്യമുള്ള ഒരു മത്സരത്തില്‍   വിജയത്തിന്റെ പടിവാതിലില്‍ വെച്ച് റണ്‍ ഔടാവുന്നതു പോലെയായി   അസ്ഹറിന്റെ ജീവിതം.   ആ മാസ്മരിക ഇന്നിംഗ്സിന്റെ അതെ ചടുലതകള്‍  പ്രകടിപ്പിച്ചു മകന്‍ 
മുഹമ്മദ്‌ അയാസുധീന്‍  ക്രിക്കറ്റ് രംഗത്തേക്ക് വന്നതോടെ വീണ്ടും അസ്ഹര്‍  ശ്രദ്ധാ കേന്ദ്രവുമായി. പക്ഷെ, വിധി അസ്ഹറിനെ  അവിടെയും വേട്ടയാടുകായിരുന്നു.  മുഹമ്മദ്‌ അയാസുധീന്‍  എന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം വാഹനാപകടത്തില്‍ മരണപ്പെട്ടതോടെ 
അസ്ഹര്‍  മാത്രമല്ല, ക്രിക്കറ്റ് ലോകം തന്നെ നടുങ്ങി.


ഇടയ്ക്കു ക്രീസ് മാറി ചവിട്ടിയ അസ്ഹര്‍  കൊണ്ഗ്രെസ്സിനെ  പ്രതിനിധീകരിച്ചു ലോകസഭയില്‍ എത്തിയെങ്കിലും ക്രിക്കറ്റ് ലോകത്തെ 
വിലക്ക് അസ്ഹറിനെ വരിഞ്ഞു മുറുക്കി.2011ല്‍ ഇന്ത്യയില്‍ നടന്ന 
ലോകകപ്പില്‍  പോലും അസ്ഹര്‍  അവഗണിക്കപ്പെട്ടു.അവിടെയും ആരും അസ്ഹറിന് അനുകൂലമായി പ്രതികരിച്ചത് പോലുമില്ല. 
ഇത്രയും അവമതിക്കപ്പെട്ട  ഒരു ക്രിക്കറ്റ് താരത്തെയും ലോകം ഇത് വരെ കണ്ടിട്ടുണ്ടാവില്ല !!

പക്ഷെ ഇന്നിതാ സകല കോഴക്കേസുകളെയും  അതിജയിച്ചു അസ്ഹര്‍  എന്ന  ക്രിക്കറ്റ് ഇതിഹാസം കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നു.  കീഴ്കോടതി വിധിക്കെതിരെ അസ്ഹര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ആന്ധ്രാ ഹൈകോടതി, കേസില്‍ അസ്ഹറിനെതിരെ  തെളിവില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്..

നീതി വൈകിയെത്തിയ ഈ മുഹൂര്‍ത്തത്തിലും അസ്ഹര്‍  പതിന്മടങ്ങ്‌ സന്തോഷത്തിലായിരിക്കാം.പക്ഷെ ആ കൈകുഴയില്‍ നിന്നും 
വീണ്ടും പായേണ്ടിയിരുന്ന  ഒരായിരം ബൌണ്ടറികള്‍ക്ക് വേണ്ടി  കാത്തിരുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് അത് തിരിച്ചു നല്‍കാന്‍ ഒരു കോടതിക്കുമാവില്ലല്ലോ. ജീവിതത്തിനു മേല്‍ കരിനിഴല്‍ പോലെ  വിലക്കിന്റെ ബൌണ്ടറികള്‍ തീര്‍ത്ത 
അധികാരികള്‍ക്ക് ശിക്ഷ നല്‍കാന്‍ ഇവിടെ വകുപ്പൊന്നുമില്ലല്ലോ!!!
വൈകിയെത്തുന്ന   ഈ നീതിയെ തന്നെയല്ലേ അനീതി എന്ന് വിളിക്കുന്നത്‌..



(കേരളത്തിലെത്തിയാല്‍ അസ്ഹറിന് പിന്നാലെ കാമറയുമായും, ഓട്ടോഗ്രാഫുമായും  അലയാറുള്ള പ്രിയ സ്നേഹിതന്‍ ഷാനാസ് കാട്ടാളിക്കും , മുഴുവന്‍ അസ്ഹര്‍  പ്രേമികള്‍ക്കും ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു)













17 അഭിപ്രായങ്ങൾ:

  1. ഒരു ചെറിയ ഇടവേളക്ക് ശേഷം പരപ്പനാടനില്‍ വായിക്കുന്ന ഒരു പോസ്റ്റ്‌ ,വൈകിയാ ണെങ്കിലും നീതി കിട്ടിയല്ലോ ,ഇനിയൊരു അങ്കത്തിനു ബാല്യം ഇല്ലെങ്കിലും ,ചരിത്രത്തിന്റെ താളുകളില്‍ അസഹരിനു ണ്ടായ കളങ്കം മാറികിട്ടുമല്ലോ ,,,ചങ്ങാതിക്ക് മാത്രമല്ല എല്ലാ അസഹര്‍ പ്രേമികള്‍ക്കും കൂടിയാവട്ടെ ഈ പോസ്റ്റ്‌ !!

    മറുപടിഇല്ലാതാക്കൂ
  2. നന്ദി...പറഞ്ഞ പോലെ മാറ്റം വരുത്തിയിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  3. വൈകിയെത്തുന്ന നീതി പലപ്പോഴും നീതി നിഷേധത്തിനെക്കാള്‍ വേദനാജനകം ആണ്. എങ്കിലും ചരിത്രത്തിലെ കറുത്ത പാടുകള്‍ മായ്ച്ചു കളയാന്‍ അതുപകരിക്കും. ഉചിതമായ സമയത്ത് മികച്ച ഒരു ലേഖനം. ഓര്‍മ്മകളില്‍ കുട്ടിക്കാലത്ത് സ്കൂളില്‍ പോകാതെ കളിയും കണ്ടിരുന്നതിനു കിട്ടിയ അടികള്‍ !!

    മറുപടിഇല്ലാതാക്കൂ
  4. ക്രിക്കറ്റിനെ സ്നേഹിച്ചപ്പോൾ ആദ്യം മനസിൽ കേറിയ പ്രതിഭ, പക്ഷെ വിലക്ക് അത് വളരെ സങ്കടകരമായിരുന്നു,അസ്ഹർ പറഞ്ഞപോലെ കാലം കൂറേ ആയെങ്കിലും ഞാൻ തെറ്റുചൈതില്ല എന്ന് തെളിഞ്ഞല്ലൊ .............

    മറുപടിഇല്ലാതാക്കൂ
  5. ഒരു ചെറിയ ഇടവേളക്ക് ശേഷം ആണെങ്കിലും പോസ്റ്റ്‌ കണ്ടത്തില്‍ സന്തോഷം.

    അസ്ഹര്‍ തീര്‍ച്ചയായും ഒരു നല്ല കളിക്കാരന്‍ ആണ്. പക്ഷെ 1992 ലോകക്കപ്പില്‍ എല്ലാം കപില്‍ - അസ്ഹര്‍ വടം വലി ശക്തമായിരുന്നു.അസ്ഹരിന്റെ കോഴ വിവാദം ആ സമയത്ത് കൃത്യമായി ഞാന്‍ ഫോളോ ചെയ്തിരുന്നു. ആ വിഷയത്തില്‍ വിശുദ്ധ പശു ആണ് എന്ന വിശ്വാസം എനിക്കില്ല. ക്രോണിയയുടെ മരണം എല്ലാം ഈ കേസിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

    തെളിവുകള്‍ സ്വാധീനം ഉള്ളവര്‍ പല തവണ മായ്ച്ചു കളയുന്നത് നാം കണ്ടതാണ്. ഒരു പക്ഷെ ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി കൂടി ശിക്ഷിക്കപ്പെടരുത് എന്നത് ഒരു പക്ഷേ അസ്ഹറിനെ തുണച്ചിരിക്കാം. എന്തുകൊണ്ടോ ഈ വിഷയത്തില്‍ അസ്ഹര്‍ കളങ്ക രഹിതനാണ് എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല. അന്നത്തെ വാര്‍ത്തകളും , മത്സര ഫലങ്ങളും എല്ലാം അപ്രകാരം ഉള്ളതായിരുന്നു.

    എന്തായാലും പടച്ചോനും അസ്ഹരിനും സത്യം അറിയാം.

    മറുപടിഇല്ലാതാക്കൂ
  6. നാളുകൾക്കു ശേഷം താങ്കൾക്ക് ഇഷ്ടപ്പെട്ട വിഷയത്തിൽ ഒരു പോസ്റ്റ് എഴുതിയതിൽ സന്തോഷം. സത്യം പറയട്ടെ. ഞാൻ ആദ്യത്തെ ഖണ്ഡിക മാത്രമേ വായിച്ചുള്ളൂ. സ്പോട്സിൽ വലിയ താല്പര്യമില്ലാത്തതുതന്നെ കാരണം. ക്രിക്കറ്റ് സത്യമായും എനിക്കറിയില്ല. പഠിക്കാൻ ശ്രമിച്ചിട്ടു നടന്നില്ല. മറ്റേതെങ്കിലും വിഷയം എഴുതുമ്പോൾ വായിക്കാം. ആശംസകൾ! വല്ലപ്പോഴുമെങ്കിലും ഇതുപോലെ ബ്ലോഗെഴുതൂ. എല്ലാവരും കൂടി എപ്പോഴും ഫെയ്സ് ബുക്കിൽ കിടന്ന് ഉരുണ്ടുമറിഞ്ഞിട്ട് എന്തു കാര്യം? (പിന്നീട് ഈ പോസ്റ്റ് വായിക്കാൻ സമയം കണ്ടെത്താം)

    മറുപടിഇല്ലാതാക്കൂ
  7. അസ്‌ഹറെന്ന ക്രിക്കറ്റ്‌ നായകനെ ഷാജി എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് ഈപോസ്റ്റിൽ നിന്നും വ്യക്തം. കോഴകൾ ഇന്നും ക്രീസുകൾ കയ്യടക്കിക്കൊണ്ടിരിക്കുന്നു വെങ്കിലും അസ്‌ഹറിന്റെ കളിചാരുതി ഇന്നും മനോഹരമായി തന്നെ അരാധകരുടെ മനസ്സിലുണ്ട്‌. ആശംസകൾ ഷാജി.

    മറുപടിഇല്ലാതാക്കൂ
  8. അസ്‌ഹറെന്ന ക്രിക്കറ്റ്‌ നായകനെ ഷാജി എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് ഈപോസ്റ്റിൽ നിന്നും വ്യക്തം. കോഴകൾ ഇന്നും ക്രീസുകൾ കയ്യടക്കിക്കൊണ്ടിരിക്കുന്നു വെങ്കിലും അസ്‌ഹറിന്റെ കളിചാരുതി ഇന്നും മനോഹരമായി തന്നെ അരാധകരുടെ മനസ്സിലുണ്ട്‌. ആശംസകൾ ഷാജി.

    മറുപടിഇല്ലാതാക്കൂ
  9. ക്രിക്കറ്റ്‌ മതമായി കാണുന്ന ഒരു രാജ്യം..
    ക്രിക്കറ്റ്‌ താരങ്ങളോ ദൈവങ്ങളും.....

    അങ്ങനെ ഉള്ള ഇന്ത്യയില്‍....ഒരു കോഴ വാര്‍ത്ത‍ വരുമ്പോള്‍...സ്വാഭാവികമായി സംഭവിക്കവുന്നതൊക്കെ അസ്ഹരിനും വന്നു ഭവിച്ചു.

    ഒരു പാട് വൈകി എങ്കിലും കോടതി വെറുതെ വിട്ടല്ലോ....പക്ഷെ തെളിവില്ല എന്നതാണ് കാരണം...അല്ലാതെ തെറ്റ് ചെയ്തിട്ടില്ല എന്നതല്ല!!!!!!!

    മറുപടിഇല്ലാതാക്കൂ
  10. അസ്‌ഹറിന്റെ കാലഘട്ടത്തിൽ അസറിന്റെ ഫാനായിരുന്നു ഞാനും. സച്ചിനും ഗാംഗുലിയും ദ്രാവിഡുമടങ്ങുന്ന ടീം അസറിന്റെ കാലഘട്ടത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് പച്ച പിടിക്കാൻ തൂടങ്ങിയത്. ഫ്ലിക്ക് ഷോട്ടുകളുടെയും ഹുക്ക് ഹോട്ടുകളുടേയും രാജ കുമാരൻ. പക്ഷെ കോഴ ഇടപാടിൽ തെല്ലും പങ്കില്ല എന്ന് വിശ്വസിക്കുന്നില്ല. എന്തൊക്കെയോ ഉണ്ട്. അസറിന്റെ കൂടെ വെക്കാൻ പറ്റിയ വേറെരൊ നാമം ഹാൻസിയാണ്. പുള്ളി മരിച്ചും പോയി. രണ്ട് പേരും കോഴ ഇടപാടിൽ പൂർണ്ണ വിമുക്തരല്ല എന്നാണെനിക്ക് തോന്നുന്നത്.

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതന്‍2012, നവംബർ 12 12:45 AM

    ക്രിക്കറ്റ് വല്ലാത്തൊരു ലഹരിയായി പടർന്ന് പിടിച്ച സമയത്ത് കപിലും, അസറും തന്നെയായിരുന്നു ഇഷ്ടതാരങ്ങൾ., അസറിന്റെ പല ക്യാച്ചുകളും ഓർമയിൽ നിന്ന് മാഞ്ഞിട്ടില്ല. റിസ്റ്റ് മൂവിംഗ് ഷോട്ടുകളുടെ ഉസ്താദായിരുന്നു അസർ. പക്ഷേ അസറിനോടെന്നല്ല, ക്രിക്കറ്റിനെ തന്നെ വെറുക്കാൻ പ്രേരിപ്പിച്ച ഘടകമാണന്നത്തെ കോഴ വിവാദം. അജയ് ജഡേജയും, മനോജ് പ്രഭാകറും, അസറും ഒക്കെ മുന്നിൽ വന്നു. അന്നു വെറുത്തതാ ക്രിക്കറ്റിനെ. ഈ വൈകിയ വേളയിൽ, അസർ കുറ്റവിമുക്തനാക്കപ്പെട്ടു എന്നു പറയുമ്പോൾ.., എന്തോ എനിക്കത് അത്ര വിശ്വാസം വരുന്നില്ല, കൂട്ടുപ്രതി ഹാൻസി ക്രോണിയയുടെ അഭാവം ഈ കേസിനെ എത്രത്തോളം ബാധിച്ചുവെന്നത് അവർക്ക് അറിയാം. കൂടുതൽ കാര്യങ്ങൾ അറിയുന്നവർ സർവ്വശക്തൻ.

    മറുപടിഇല്ലാതാക്കൂ
  12. ശരിയാണ്.....
    ആസ്ഹര്‍ ഒരു ഹരം തന്നയായ്.
    അസ്ഹരിന്റെ കഴുത്തില്‍ ഉണ്ടായിരുന്ന മാല ഓലകൊണ്ടുണ്ടാക്കി കഴുത്തിലണിഞ്ഞു
    എല്ലാരും കാണത്തക്ക രീതിയില്‍ തൂക്കിയിട്ട് അസ്ഹരിനെ പോലെ ബാറ്റ് ചെയ്തിരുന്ന ഒരു കാലം.....
    ഓര്‍മ്മകള്‍ നൊമ്പരങ്ങളായി മാറുകയാണ്.

    അദ്ധേഹത്തിനെതിരെ ചിലര്‍ നടത്തിയ ഗൂഡനീക്കത്തിന്റെ ഫലമയാണ് കോഴ വിവാദത്തില്‍ അകപ്പെടുന്നത്.
    ഒടുവില്‍ അദ്ദേഹം കുട്ടവിമുക്തനാക്കപ്പെട്ടെങ്കിലും വൈകി കിട്ടുന്ന നീതി നീതി നിഷേധമായെ പരിഗനിക്കാനാക്കൂ......

    മറുപടിഇല്ലാതാക്കൂ
  13. സത്യം ദൈവത്തിനറിയാം എന്നാണു ഞാന്‍ വിശ്വസിക്കുന്നത്.
    ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ ക്രിക്കറ്റ് ഒരു മതമായിരുന്നു. പഠിച്ചിരുന്ന കാലത്ത് കോളേജില്‍ പോകാതെ ക്രിക്കറ്റ് കണ്ടിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. 199 റണ്‍സിന് ശ്രീ ലങ്കയോടുള്ള കളിയില്‍ അസര്‍ പുറത്തായപ്പോള്‍ കരഞ്ഞു പോയിട്ടുണ്ട്. ആ അഹ്സറില്‍ നിന്നും ഇത് കേട്ടതോടെ ക്രിക്കറ്റ് എന്ന കളിയോടു തന്നെ എനിക്ക് വെറുപ്പായി. എന്നാലും ചിലപ്പോള്‍ അറിയാതെ ടി.വി. ക്രീനില്‍ നോക്കി ഇരുന്നു പോകും.

    മറുപടിഇല്ലാതാക്കൂ
  14. മുംബയിലെ ഹാജി അലി എന്ന സ്ഥലത്ത് ഹീരാപന്ന എന്ന ഷോപ്പിംഗ്‌ മാളിൽ ആയിരുന്നു എന്റെ സ്ഥാപനം. അവിടെ ഏറ്റവും അധികവും വലിയതുമായ ഷോപ്പുകൾ ഉള്ള ഒരു ആൾ ഉണ്ടായിരുന്നു പേര് അഷ്‌റഫ്‌ ഭായി. ഇടക്കിടക്ക് അസ്ഹറുദീൻ അവിടെ വരുമായിരുന്നു പ്രത്യേകിച്ച് മുംബയിൽ മത്സരം നടക്കുകയാണെങ്കിൽ. വന്നു കഴിഞ്ഞാൻ അഷ്‌റഫ്‌ ഭായിയും അസ്ഹറുദീനും ഒരു മുറിയിൽ അടച്ചിരുന്ന് സംസാരിക്കുന്നത് ഞങ്ങള്ക്ക് അറിയാം.
    കുറച്ചു നാളുകൾ കഴിഞ്ഞ് ആ ഷോപ്പിങ്ങ് മാളിന്റെ കാർ പാർക്കിങ്ങിൽ അഷ്‌റഫ്‌ ഭായിയെ വെടിവച്ച് കൊന്നു. പിന്നീട് ഞാൻ അഷ്‌റഫ്‌ ഭായി യുടെ അനുജന്റെ കയ്യിൽ നിന്നും യൂസ്‌ഡ് ഒരു ഫോർഡ് ഐക്കണ്‍ കാറ് വാങ്ങി. അതിനു ശേഷം അയാളും ഞാനുമായി നല്ല അടുപ്പമായി ഒരു ദിവസം ഞങ്ങൾ അവിചാരിതമായി അഷ്‌റഫ്‌ ഭായിയുടെ കാര്യം സംസാര വിഷയത്തിൽ വന്നു. അന്നാണ് ദാവൂദിന്റെ ആളുകൾ ആണ് അഷ്‌റഫ്‌ ഭായിയെ കൊന്നതെന്നും അത് ക്രിക്കറ്റ് മാച് ബെറ്റിങ്ങിൽ ദാവൂദിന് കോടികൾ അഷ്‌റഫ്‌ ഭായി കാരണം നഷ്ട്ടമായത്തിന്റെ പേരിലാണെന്നും അൽത്താഫ് പറഞ്ഞപ്പോൾ അസ്ഹറുദീൻ ഇടക്കിടക്ക് വരുന്നതിന്റെ രഹസ്യം പിടികിട്ടി.

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.