വന്നു കുടുങ്ങിയവര്‍

2011, ഓഗസ്റ്റ് 22

അയമ്മദിന്റെ ഇല്‍ഹാമും ഇസ്മയില്കയുടെ മറുപടിയും

 ബോംബെയിലെ കട പൂട്ടിയതോടെയാണ് അയമ്മദിന്റെ മനോനില തെറ്റിയത്,  ആരൊക്കെയോ ചേര്‍ന്ന്  നാട്ടിലെത്തിച്ചു അത്ര തന്നെ. കുറച്ചു കാലം വീടുകാരുടെ തടവറയിലായിരുന്നു. ആര്‍കും ദേഹോപദ്രവം ഒന്നും ഏല്‍പ്പിക്കുന്ന പരാക്രമങ്ങള്‍ ഒന്നും കാണിക്കാറില്ല. അങ്ങിനെയാണ് വീട്ടുകാര്‍ പുറത്തേക്കു വിടാന്‍ തുടങ്ങിയത്. നേരം വെളുത്താല്‍ അന്ജപ്പുരയിലേക്ക് ഇറങ്ങും, നേരത്തിനു പള്ളിയില്‍ മുന്നിലെ സ്വഫില്‍ തന്നെ ഉണ്ടാവും, ഇടയ്ക്കു വിഭ്രാന്തി പ്രകടിപ്പിക്കുമെങ്കിലും തികഞ്ഞ ഭക്തനാണ് അയമ്മദ്.

മരകാര്കയും, ചക്കരക്കാരനും, സോഡാ ഇസ്മയില്‍കയും, ഇറച്ചി കൊയട്യാക്കയും, പച്ചക്കറി അവുളകുട്ട്യാക്കയും ഒക്കെയാണ് അന്ജപ്പുരയിലെ പ്രധാന താരങ്ങള്‍, ഇവര്‍ക്ക് അയമ്മദിനെ പെരുത്ത്‌ ഇഷ്ടവുമാണ്, രാവിലെ സുബ്ഹി നമസ്കാരം കഴിഞ്ഞാല്‍ പാരീസ് ഹോട്ടലില്‍ നിന്നും ഇവരെല്ലാവരും ഒരു ചായകുടി പതിവാണ്, അയമ്മദിനു ആരുടെയെങ്കിലും വക ചായ എന്നും ഫ്രീ തന്നെ, അതിനു കാരണവും ഉണ്ട്, ഓരോ ദിവസവും രാവിലെ അയമ്മദ് ഓരോന്നുമായാണ് വരവ്, പലതും ദീനുമായി ബന്ധപ്പെട്ട കാര്യങ്ങളാവും, കേള്‍ക്കുന്നവര്‍ക്ക് അതൊക്കെ നല്ല രസവും. കുറച്ചു ദിവസമായി അയമ്മദ് പറഞ്ഞു കൊണ്ടിരിക്കുന്നതാണ് അതിലേറെ രസം. തനിക്കു ഇല്‍ഹാം (സന്ദേശം) ഇറങ്ങുന്നുണ്ട്. എന്നാണ് അത്. നാലാള്‍ കൂടുന്നിടത്തൊക്കെ ചെന്ന് അയമ്മദ് ഇത് പറയാന്‍ തുടങ്ങി.
 

രാത്രിയില്‍ ആണത്രേ ഇല്‍ഹാം ഇറങ്ങുന്നത്, രാത്രി വീട്ടിന്റെ കോലായില്‍ ആകാശത്തേക്കും നോക്കി അങ്ങിനെ ഇരിക്കും, പലതും മനസ്സില്‍ തോന്നും, അതൊക്കെ കുറിച്ച് വെക്കും, പിന്നെ വലിയ പോസ്ടരിലേക്ക് എഴുതി അന്ജപ്പുരയിലെ ആള്‍ തിരക്കേറിയ ഭാഗത്ത്‌ കൊണ്ട് പോയി തൂക്കിയിടും. ഇതൊക്കെ വായിച്ചു ഊറിചിരിക്കുകയല്ലാതെ നാട്ടുകാര്‍ എന്ത് ചെയ്യും. 

കുറച്ചു ദിവസമായി അയമ്മദ് പുതിയ പോസ്റ്റര്‍ ഒന്നും എഴുതി കണ്ടില്ല, ഇസ്മായില്കയാണ് ചോദിച്ചത്, എന്തെ അയമ്മദെ ഇപ്പം ഇല്‍ഹാം ഒന്നുല്ല്യെ?  എങ്ങനെ ഇല്‍ഹാം ഇറങ്ങാ... പെരന്റെ അപ്പോറത്തു ലീഗാപ്പീസില്‍ രാത്രി കുട്ട്യേളെ കൊല്‍കളിയല്ലേ..ആ ഒച്ച കേട്ടാല്‍ മലായികതീങ്ങള്‍ ഇറങ്ങുല..അയമ്മദ് ഇത് പറഞ്ഞ പാടെ ആള്‍കൂട്ടത്തില്‍ ചിരി പടര്‍ന്നു.

ഈയടുത്തായി അയമ്മദ് എപ്പൊഴും നിസ്കാരമാണ്, നിര്‍ത്താതെ നിസ്കാരം തന്നെ, ചോദിച്ചാല്‍ പറയും ഇല്‍ഹാം ഇറങ്ങീടണെന്ന്.. ളുഹരിനും, അസ്ഹരിനും ഒക്കെ ജമഅതിനു മുമ്പ് വന്നു മുന്നിലെ സ്വഫില്‍ നിന്ന് തുടങ്ങും നിസ്കാരം.. നിര്തണ്ടേ, പത്തും, പതിനഞ്ചും ഒക്കെ റാക്ഹതുകള്‍ ..ജമഅതിനു തടസ്സമാവാന്‍ തുടങ്ങി,  പള്ളി കമ്മിറ്റി പ്രസിടന്റ്റ്  സൈദലവി ഹാജിക്ക് ഇത് പിടിച്ചില്ല, അദ്ദേഹം അയമ്മദിനെ നിസ്കരിക്കുന്നിടത് നിന്നും പിടിച്ചു പിന്നിലേക്ക്‌ മാറ്റി നിര്‍ത്തി, ശേഷം ജമ അത് നിസ്കാരം തുടങ്ങി.

ഒരു വെള്ളിയാഴ്ച, ജുമുഅ നിസ്കാരം കഴിഞ്ഞ പാടെ അയമ്മദ് എഴുന്നേറ്റു നിന്നു. എനിക്ക് എന്റെ നാട്ടുകാരോട് ചില കാര്യങ്ങള്‍ പറയാനുണ്ട്...ഈ ഇരിക്കുന്നവരില്‍ മുസ്ലിംകളും അമുസ്ലിമ്കളും ഉണ്ട്...ഇത് കേട്ട പാടെ  മുന്നിലെ സ്വഫില്‍ നിന്നും ക്ഷുഭിതനായി  സൈദലവി ഹാജി എണീറ്റു.. പക്ഷെ അപ്പോഴേക്കും നാട്ടിലെ ചില കുണ്ടന്മാര്‍ അയമ്മദിനെ ഉടലോടെ പൊക്കിയെടുത്തു പള്ളിക്ക് പുറത്തു കൊണ്ട് പോയി പെരുമാറാന്‍  തുടങ്ങിയിരുന്നു.. 

അടി കിട്ടിയതോടെ അയമ്മദ് ഒതുങ്ങി എന്നാണ് കരുതിയത്, പക്ഷെ നേരെ തിരിച്ചാണ് കാര്യങ്ങളുടെ പോക്ക്, ഇപ്പോള്‍ ഇല്‍ഹാമില്‍ നിന്നൊക്കെ വിട്ടു.. നബിയാണ് എന്നും പറഞ്ഞാണ്  നടത്തം .എന്ത് ചെയ്യും , അന്ജപ്പുരയില്‍ മാത്രമല്ല, നാട് മൊത്തം അയമ്മദിനെ കുറിച്ച് കേട്ടറിഞ്ഞു..
ആലികുട്യാക്കന്റെ ടൈലര്‍ ഷാപ്പില്‍ അന്ന് രാവിലത്തെ രാഷ്ട്രീയ ചര്‍ച്ച നടക്കുകയാണ്, സൈദലവി ഹാജിയും, ഇസ്മായില്‍കയും, കൊയട്യക്കയും, അവുളകുട്ട്യാക്കയും അടക്കം പത്തോളം പേരുണ്ട്. അയമ്മദ് അങ്ങോട്ട്‌ കയറിച്ചെന്നു. ഹാജിയാരെ ഞമ്മള് നബിയാണ്, ഞമ്മളെ അള്ളാ പറഞ്ഞയച്ചതാണ്,  ഇത് കേട്ട പാടെ എല്ലാവരും ചിരി തുടങ്ങി.. കൂട്ടത്തില്‍ രസികനായ  ഇസ്മയില്‍കയാണ്  അതിനു മറുപടി പറഞ്ഞത്.. ഞമ്മള്‍ അന്നെ പറഞ്ഞയചിട്ടില്ല്യാ...അയിനു ഇങ്ങള്‍ ആരാ? അയമ്മദിന്റെ ചോദ്യം... ഇജ്ജു നബിയാനെങ്കില്‍ ഞമ്മള് അള്ളയാണ്...ഇസ്മയില്കയുടെ സരസമായ ആ മറുപടി നാടൊട്ടുക്കും  പരന്നതോടെ പിന്നെ അയമ്മദ് നബിയാണെന്ന് പറഞ്ഞു നടന്നിട്ടില്ല.
 

6 അഭിപ്രായങ്ങൾ:

  1. നാട്ടില്‍ നിന്ന് കേട്ട ഒരുകഥ കുറച്ചു പൊടിപ്പും തൊങ്ങലും ചേര്‍ത്തു അവതരിപ്പിച്ചു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ഇജ്ജു നബിയാനെങ്കില്‍ ഞമ്മള് അള്ളയാണ്....
    .....................
    ഹ ഹ ...പരപ്പനാടന്‍ പുലിയാണ് കേട്ടാ ...

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.