വന്നു കുടുങ്ങിയവര്‍

കേരളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കേരളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഓഗസ്റ്റ് 19

സ്കൂളുകൾ പൂട്ടട്ടെ, ബാറുകൾ തുറക്കട്ടെ!!!

വിദ്യാര്‍ഥി ഐക്യം സിന്ദാബാദ് 


പുതുതായി അനുവദിച്ച 700  പ്ലസ്‌ ടൂ ബാച്ചുകളും റദ്ദാക്കി ,  അടച്ചിട്ട 418 ബാറുകളും  തുറന്നു കൊടുക്കണം. ലതാണ് മര്യാദ. കുറെ സ്കൂളുകള്‍ തുറന്നിട്ട്‌ എന്ത് കാര്യം ഉള്ള സ്കൂളുകള്‍ക്ക് മുന്നില്‍ തന്നെ ബാറുകള്‍ സ്ഥാപിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സൗകര്യം ചെയ്‌താല്‍ നന്നാവും. കാരണം പ്ലസ്‌ ടൂവിനു ആഴ്ചയില്‍ ആകെ അഞ്ചു അദ്ധ്യയന ദിവസങ്ങളെ ഉള്ളൂ. ഉള്ള അദ്ധ്യയന ദിനങ്ങളില്‍ തന്നെ വളരെ കുറച്ചു സമയം മാത്രമേ ഇടവേളകളുള്ളൂ. ഈ ഇടവേളകളില്‍ വളരെ ദൂരം പോയി ബാറില്‍ കയറുക പ്രയാസം സൃഷ്ടിക്കും. ആ സ്ഥിതിക്ക് ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ പ്ലസ് ടൂ സ്കൂളുകള്‍ക്ക് മുന്നിലും ഓരോ ബാറുകള്‍ പോരട്ടെ.. ലാഭകരമല്ല എന്ന കാരണത്താല്‍ പൂട്ടാന്‍ പോകുന്ന സ്കൂളുകള്‍ക്ക് മുന്നില്‍ സ്ഥാപിക്കാന്‍ മുന്‍ഗണന നല്‍കിയാല്‍ നന്നാവും 

വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്....

പരപ്പനാടന്‍ മുറ :

മൂത്താപ്പാനെ ഞമ്മക്ക് കാണും ചെയ്യാം , എന്നും അര ലിറ്റര്‍ പാലും കിട്ടും 

       *******************************************************

അതി രൂപതാ 


വിദ്യാഭ്യാസ വകുപ്പ് ഒരു പാര്‍ട്ടി കുടുംബ സ്വത്തായി കൈകാര്യം ചെയ്യുന്നു എന്ന്നമ്മുടെ തൃശൂര്‍ അതിരൂപതക്ക് നല്ല പരാതിയുണ്ട്. കാലങ്ങളായി ഒരു കത്തോലിക്കന്‍ ആ വകുപ്പ് കൈകാര്യം ചെയ്തിട്ട് , ആശ അവര്‍ക്കുമുണ്ടാകും , ഈ പ്ലസ്ടൂ സ്കൂളുകള്‍ക്ക് വേണ്ടി ആരൊക്കെയോ രൂപ താ, രൂപ താ എന്ന്  പറഞ്ഞു തുടങ്ങിയപ്പോള്‍ തോന്നിയതാവാം രൂപതയുടെ ആ പൂതി. ഏതായാലും പരാതി എഴുതി തയ്യാറാക്കി അയച്ചിരിക്കുന്നത് അങ്ങ് ഡല്‍ഹിയിലേക്കാണ്, കത്തോലിക്കര്‍ കാലാ കാലം കോണ്ഗ്രസ്സിനെ പിന്തുണക്കണമെന്നില്ല എന്ന മുന്നറിയിപ്പും കത്തിലുണ്ട്. പള്ളി അരമനകളില്‍ കയറി ഇറങ്ങുന്ന ഹൈകമാണ്ട് ശിങ്കിടികളുടെ കയ്യില്‍ കത്ത്കൊടുത്തിരുന്നെങ്കില്‍ തപാല്‍ ചാര്‍ജെങ്കിലും ലാഭിക്കാമായിരുന്നു . അല്ല പിന്നെ 

ഹയര്‍സെക്കന്‍ഡറി ഡയരക്ടര്‍ തയ്യാറാക്കിയ ലിസ്റ്റ് മറി കടന്നു മന്ത്രിസഭാ ഉപസമിതി തയാറാക്കിയ പ്ലസ്‌ ടൂ സ്കൂള്‍ ലിസ്റ്റില്‍ ഒന്ന് കണ്ണോടിച്ചാല്‍ ഒരു കാര്യം മനസ്സിലാവും ഇടതന്‍ വന്നാലും വലതന്‍ വന്നാലും തൃശൂര്‍ മുതല്‍ അങ്ങോട്ട്‌ അരമനകള്‍ക്ക് എന്നും ബിരിയാണി തളികയില്‍ തന്നെ.  സ്കൂള്‍ കിട്ടി വിശപ്പടങ്ങിയ ബിഷപ്പുമാര്‍ക്ക് ഏമ്പക്കം വന്നപ്പോള്‍ തോന്നിയ ഉള്‍വിളിയാണ്  ഈ പരാതിക്കെട്ട് എന്നത് സത്യം .

പരപ്പനാടന്‍ മുറ : 

വിദ്യാഭ്യാസ വകുപ്പ് എന്നാല്‍ പാലായിലെയോ,തൃശൂരിലെയോ പുണ്യാളന്‍മാര്‍ക്ക്  സ്ത്രീധനം കിട്ടിയതൊന്നുമല്ലല്ലോ .. 




         ***********************************************************


കച്ചവടക്കാര്‍ക്ക് എന്താ കാര്യം   


നമ്മുടെ യുവ എം എല്‍ എ ഹൈബി ഈഡനും പ്രമുഖ വ്യവസായി സണ്ണി ആലപ്പാട്ടും തമ്മില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ അകത്തളത്തില്‍ വെച്ച് നടന്ന ഉഗ്രന്‍ പോര് ചാനലുകളില്‍ കാണാന്‍ ഫാഗ്യം ലഭിച്ചു. ഹൈബി ആളൊരു സംഭവം  തന്നെ, കിണ്ണം കാച്ചിയ ആ ഡയലോഗ് ഇപ്പോഴും മനസ്സിലുണ്ട് ' കച്ചവടക്കാര്‍ക്ക് എന്താ യൂനിവേര്‍സിറ്റിയില്‍ കാര്യം' ഹോ ഞെരമ്പും രോമവും ഒക്കെ തരിച്ചു പോയി!!!!

ഒന്നല്ല ഒരുപാട് തവണ സുരേഷ്ഗോപി സ്റ്റൈലില്‍ സണ്ണി ആലപ്പാട്ടിനെ നോക്കി ഹൈബി ഈ ഡയലോഗ് അടിച്ചതായി കണ്ടു. 

പരപ്പനാടന്‍ മുറ :

  'കച്ചവടക്കാര്‍ക്ക് എന്താ യൂനിവേര്‍സിറ്റിയില്‍ കാര്യം' അവര്‍ക്ക് ഇന്ദ്രപ്രസ്ഥത്തിലും , അനന്തപുരിയിലും  കോണ്ഗ്രസ് ആസ്ഥാനങ്ങളില്‍ സൗകര്യം ചെയ്തിട്ടുണ്ടല്ലോ .


   ***********************************************



പള്ളിക്കുള്ളിലെ അകലം കൂടിക്കൂടി വരുന്നു.


2002 ല്‍ മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ  ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിനു ശേഷം രണ്ടു വിഭാഗങ്ങളും  കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രഭാഷണങ്ങളുമായി നടന്ന ഒരു ഘട്ടമുണ്ടായിരുന്നു . അന്ന് ഒരു സുന്നീ സുഹൃത്ത് പറഞ്ഞത് ' ഇപ്പൊ ഞങ്ങള്‍ക്ക് രണ്ടു കൂട്ടര്‍ക്കും മറുപടി പറയണം ' എന്നായിരുന്നു 
മറ്റൊരു സുഹൃത്ത് ആ പിളര്‍പ്പിനെ വിശേഷിപ്പിച്ചത്‌ സെന്റ്‌ ജോര്‍ജ് കുട രണ്ടായത് പോലെ എന്നായിരുന്നു .സെന്റ്‌ ജോര്‍ജ് പിളര്‍ന്നു  പോപ്പിയും , ജോണ്‍സും ആയതോടെ മറ്റു കുട കമ്പനികളെ കേള്‍ക്കാന്‍ തന്നെയില്ലായിരുന്നല്ലോ . 
എന്നാല്‍ ഇന്ന് മുജാഹിദ് പ്രസ്ഥാനത്തിന്റെ അവസ്ഥ കേരള കോണ്ഗ്രസ്സിനെയാണ് ഓര്‍മ്മിപ്പിക്കുന്നത് . നാട്ടിലെ മുജാഹിദ് പള്ളികളില്‍ ജുമുഅക്ക് പോകുന്നവര്‍ക്ക് കയ്യില്‍ ബാഗോ സഞ്ചിയോ കരുതേണ്ട ഗതികേടുണ്ടായിരുന്നു. അതിനു മാത്രം നോട്ടീസും പ്രസിദ്ധീകരണങ്ങളും, ഇടയ ലേഖനങ്ങളും  പള്ളിപരിസരങ്ങളില്‍ വിതരണത്തിനുണ്ടാവും. ഇപ്പോള്‍ തിരൂരങ്ങാടിയില്‍ നടന്ന വാര്‍ത്ത കേട്ടപ്പോള്‍ ഇനി ബാഗും സഞ്ചിയും പോരാ ഹെല്‍മറ്റും വേണം എന്ന് തോന്നിപ്പോകുന്നു.

പരപ്പനാടന്‍ മുറ :

പള്ളികൾ തമ്മിലുള്ള അകലം കുറഞ്ഞു...പക്ഷെ പള്ളിക്കുള്ളിലെ അകലം കൂടിക്കൂടി വരുന്നു.







2012 ഫെബ്രുവരി 3

നിങ്ങള്‍ യേശുവിനെ കമ്മ്യുണിസ്റ്റാക്കി....

പാര്‍ട്ടി ആപ്പീസിലെ കാറല്‍ മാര്‍ക്സിന്റെ പടത്തിലേക്ക് തന്നെ നോക്കിയിരിക്കുമ്പോള്‍ ഏതു സഖാവിനും പെട്ടന്ന് കൃസ്തു ദേവനെ ഓര്‍മ്മ വന്നു പോകും, ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ , വരുന്നതെല്ലാം അവനെന്നു തോന്നും എന്നാണല്ലോ. എനിക്ക് ശേഷം ഒരാള്‍ വരും അയാളുടെ ചെരുപ്പിന്റെ വാര്‍ അഴിക്കാന്‍ പോലും  ഞാന്‍ യോഗ്യനല്ല എന്ന് യേശു പറഞ്ഞതായി യോഹന്നാന്റെ സുവിശേഷത്തില്‍  കാണാമല്ലോ..അത് കാറല്‍ മാര്‍ക്സിനെ കുറിച്ചാണെന്ന ധാരണയിലാണ് പലരും.. . കാറല്‍ മാര്‍ക്സ്‌, ലെനിന്‍ , സ്റ്റാലിന്‍, ചെഗുവേര തുടങ്ങി കമ്മ്യുണിസ്റ്റ്‌ വിപ്ലവാചാര്യന്മാരുടെ അതെ മുഖച്ചായ തന്നെ യേശുവിനും എന്ന്  അവര്‍ക്ക്  തോന്നുന്നുവെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നീണ്ട താടിയും മെലിഞ്ഞുണങ്ങിയ ശരീരവുമായി യേശുദേവന്‍ കുരിശില്‍ കിടക്കുന്നത് കാണുമ്പോള്‍ മാര്‍ക്സിന്റെയോ, എംഗല്‍സിന്റെയോ, ചെഗുവേരയുടെയോ ഒക്കെ താടിയുള്ള മുഖം യേശുവിന്റെ മുഖത്ത് ആരും ദര്‍ശിച്ചു പോകുക സ്വാഭാവികം മാത്രം. അതിനു പോളിറ്റ്‌ ബ്യുറോയിലോ, സംസ്ഥാന കമ്മിറ്റിയിലോ  അംഗമാകണം എന്നില്ല. പ്രാര്‍ത്ഥിക്കാന് ഓരോരോ കാരണങ്ങള്‍ എന്ന പരസ്യം പോലെ അതല്ലെങ്കില്‍  ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ എന്ന് പറഞ്ഞത് പോലെ... ഇപ്പോള്‍ സ്വപ്നം കാണുന്ന സീസണല്ലേ, കാന്തപുരത്തിന് മുഹമ്മദ്‌ നബി(സ അ)യുടെ മുടി കൊടുക്കണമെന്ന് അബുദാബിയിലുള്ള ഖസ്രാജി സ്വപ്നം കാണുന്നു, സാക്ഷാല്‍ മുഹമ്മദ്‌ നബി (സ അ) യെ തന്നെ ചില അഹ്സനിമാര്‍ സ്വപ്നം കാണുന്നു,  ഇത് പോലെ  ചില കമ്മ്യുണിസ്റ്റ് ദാര്ശനികള്‍ യേശുവിനെ സ്വപ്നത്തില്‍ കാണുന്നു എന്ന് കരുതിയാല്‍ പോരെ...

സംസ്ഥാന സെക്രട്ടരിയെട്ടിലും, പോളിറ്റ് ബ്യുറോയിലും ഇരുന്നു തല പുകഞ്ഞു ചിന്തിക്കുന്നവര്‍ക്കേ ഇങ്ങനെ വിശാലമായി ചിന്തിക്കാനും, സ്വപ്നം കാണാനും  കഴിയുകയുള്ളൂ. പ്രാര്‍ത്ഥിക്കാനും  ഓരോരോ കാരണങ്ങള്‍ എന്ന് പറഞ്ഞു ഈ ചിന്തകളെ ആരും പിറവം ഉപതെരഞ്ഞെടുപ്പുമായി കൂട്ടികെട്ടെണ്ട. അതിനോടൊന്നും പ്രതികരിക്കാന്‍ ഏതായാലും നമ്മുടെ സഖാക്കളില്ല. കാലബോധമില്ലാത്ത  ഇന്നത്തെ കാലാവസ്ഥയില്‍ കമ്യുണിസ്റ്റ്‌കാരും കാലത്തിനനുസരിച്ച് മാറി കൊണ്ടിരിക്കണം. അപ്പോഴേക്കും പാര്‍ട്ടിയിലെ ചില തല നിരച്ച ഉറക്കം തൂങ്ങികള്‍ കര്‍ത്താവിനെ ഒറ്റിക്കൊടുത്ത ജൂദാസിനെ പോലെ രംഗത്ത് വരുന്നത് സ്വാഭാവികം മാത്രം.അവരോടൊക്കെ ഒന്നേ പറയാനുള്ളൂ ലെനിനിസ്റ്റ്‌ തത്വശാസ്ത്രങ്ങള്‍ മുറുകെ പിടിച്ചു കേസും കോടതിയുമായി കഴിഞ്ഞു കൊള്ളുക, അതല്ലെങ്കില്‍ അടങ്ങിയൊതുങ്ങി മൂലയില്‍ കഴിയുക, അവൈലബിള്‍ പി ബി ചേരുമ്പോള്‍ വിളിക്കാം..അത്ര മാത്രം.

പണ്ട് റഷ്യന്‍ വിപ്ലവത്തിന് ശേഷം സെന്റ്‌ പീറ്റേര്‍സ് ബര്‍ഗിന്റെ പേര് തന്നെ മാറ്റി റെഡ്‌ സ്കൊയര്‍ എന്നാക്കി.. കേരളത്തിലും കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി ഏതാണ്ട് ഇങ്ങനെയൊക്കെയായിരുന്നു..പള്ളിക്കാരെയും, പാട്ടക്കാരെയും, പള്ളീലച്ചന്മാരെയും ഒക്കെ കാണുന്നത് തന്നെ വെറുപ്പായിരുന്നു. പരസ്യമായി പാര്‍ട്ടി ഇക്കൂട്ടരെയൊക്കെ തള്ളിപ്പറഞ്ഞിരുന്നെങ്കിലും, രഹസ്യമായി പാര്‍ട്ടി സഖാക്കള്‍ക്കൊക്കെ അരമനകളുമായി നല്ല ബന്ധമായിരുന്നു. സഭാ മേലധ്യക്ഷന്മാരെ നികൃഷ്ട ജീവിയെന്നു വിളിച്ചു ആക്ഷേപിക്കുമ്പോഴും, സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു കൊല വിളിക്കുമ്പോഴും ഈ 'നല്ല' ബന്ധം പാര്‍ട്ടി തുടര്‍ന്ന് പോന്നിരുന്നു. ധ്യാന കേന്ദ്രങ്ങളില്‍ കയറി ഞെരങ്ങി പോലീസും ആ 'ബന്ധം' കൂടുതല്‍ ദൃഡമാക്കിയതായിരുന്നു. എന്നിരുന്നാലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍  ലത്തീന്‍ കത്തോലിക്കര്‍ കൂടുതലുള്ളിടത്തു ഒരു ലത്തീന്കാരനെ, കത്തോലിക്കരുള്ളിടത്തു കത്തോലിക്കനെ,യാക്കോബായയാണെങ്കില്‍ യാകൊബായക്കാരനെ ഒക്കെ  സ്ഥാനാര്തികളാക്കി പാര്‍ട്ടി അതിനു പലതവണ പ്രായശ്ചിത്തം ചെയ്തതാണ്, പല കുഞ്ഞാടുകളെയും അങ്ങ് ഡല്‍ഹിയിലേക്കും, തിരുവനന്തപുരത്തേക്കും വരെ വണ്ടി കയറ്റി വിട്ടതുമാണ്. എന്നിട്ടും ചില കുഞ്ഞാടുകള്‍ സഭയുടെ താല്പര്യങ്ങള്‍ക്ക് ഒപ്പം നിന്ന് പാര്‍ട്ടിയുടെ ചട്ടക്കൂടും തകര്‍ത്ത് കുമ്പസാരക്കൂട്ടിലേക്ക് മാമോദീസ മുക്കാന്‍ പോയി, ശ്ശൊ എത്ര കഷ്ടം..കര്‍ത്താവ്  പൊറുക്കുകേല.. ഹൃദയം എത്ര തുറന്നു കാട്ടിയിട്ടും ചില സഭകള്‍  ചെമ്പരത്തിപ്പൂവാണെന്ന് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു.    കഴിഞ്ഞ ലോകസഭാ/തദ്ദേശ/നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ സഭകള്‍ പാര്‍ട്ടിക്കെതിരെ കൊളോണിയലിസ്റ്റ് ചിന്താസരണിയുമായി റാഡിക്കലായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്നാണു പാര്‍ട്ടിക്ക് മനസ്സിലായ കാര്യം.

കോലഞ്ചേരി എന്നോ, പുഷ്പഗിരിയെന്നോ, കേള്‍ക്കുമ്പോഴേക്കു കൊടിയെടുത്തു നടുറോട്ടില്‍ ഇറങ്ങിയിരുന്ന പാര്‍ട്ടി കുട്ടികളൊക്കെ ഇപ്പോള്‍ എ കെ ജി ഭവനിലെ കൃസ്തു ദേവന്റെ പടത്തിനു മുന്നിലിരുന്നു കുര്‍ബാന നടത്തുകയാണ്. പാര്‍ട്ടിയിലെ അവശകൃസ്ത്യാനികള്‍ക്ക് വേണ്ടി പാര്‍ട്ടി ആപ്പീസില്‍ തന്നെ ഒരു കുമ്പസാരക്കൂടും തുടങ്ങിയാലോന്നു ആലോചിച്ചു തുടങ്ങിയിരിക്കുന്നു.സിന്ധു ജോയിയെ പോലെ, മനോജ്‌ കുരിശിങ്കലിനെ പോലെ ഇനിയോരാളും പാര്‍ട്ടിക്ക് പുറത്തു പോയി കുമ്പസാരം നടത്തരുതല്ലോ.. പറ്റുമെങ്കില്‍ പാര്‍ട്ടി ക്ലാസുകള്‍ക്ക് പകരം സണ്‍‌ഡേ സകൂളുകളും തുടങ്ങാവുന്നതാണ്. പിറവം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനനുസരിച്ചായിരിക്കും കാര്യങ്ങളുടെ കിടപ്പ്. അതിനിടക്കാണ്  നഴ്സുമാരുടെ സമരം വന്നു പെട്ടിരിക്കുന്നത്.

ലയ്ക്‌ ഷോര്‍ ആശുപത്രിക്കും, കോലഞ്ചേരി മെഡിക്കല്‍ കോളേജിനും ഒക്കെ മുന്നില്‍ അവകാശ സമരത്തിനിരിക്കുന്ന നഴ്സുമാരെ ഞങ്ങളോട് ക്ഷമിക്കൂ, കണ്ടതിനും, കേട്ടതിനും ഒക്കെ ഇറങ്ങി പുറപ്പെട്ടു പള്ളീലച്ചന്മാരെ നാല് തെറി പറയാനും, ആശുപത്രിക്കകത്ത് കയറി കയ്യൂക്കു കാട്ടാനും ഞങ്ങള്‍ക്കിപ്പോള്‍ സമയമില്ല. നിങ്ങള്ക്ക് മുന്നില്‍ അപ്പക്കഷ്ണവുമായി കൃസ്തു ദേവനോ, മാര്‍പ്പാപ്പയോ പ്രത്യക്ഷപ്പെടാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം..പ്രാര്‍ത്ഥിക്കാനും ഓരോ കാരണങ്ങളെ.. അതല്ലെങ്കില്‍ ആ പിറവം കഴിയുന്നത് വരെ ഒന്ന് കാത്തിരിക്കൂ, കൊടിയെടുത്തു റോട്ടില്‍ ഇറങ്ങി നാല് ജീപ്പോ, ബസ്സോ, കത്തിച്ചു സമരം ചെയ്തു ഞങ്ങള്  കാണിച്ചു തരും വെയ്റ്റ് ആന്‍ഡ്‌ സീ.

പാര്‍ട്ടി ക്ലാസുകളില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അന്തിച്ചര്ച്ചകളുടെ പ്രസക്ത ഭാഗങ്ങള്‍ :-

'...സൂചിയുടെ ദ്വാരത്തില്‍ കൂടി ഒരൊട്ടകം പ്രവേശിച്ചാലല്ലാതെ ഒരു ധനവാനും സ്വര്‍ഗം പ്രാപിക്കുകയില്ലായെന്നാണ്  യേശു പറഞ്ഞത് ..കൃസ്തീയ സഭാ മേലധ്യക്ഷന്മാര്‍ എത്ര നികൃഷ്ട ജീവികളാണെങ്കിലും കൃസ്തു ദേവന്‍ നല്ല ആദര്‍ശവും, നിഷ്ടയുമോക്കെയുള്ള ഒരു വിമോചകനായിരുന്നു, കൃസ്തു പറഞ്ഞു വെച്ചതും, ജീവിച്ചു കാണിച്ചതുമായ കാര്യങ്ങളാണ്  കമ്മ്യുണിസ്റ്റ്‌ മാനിഫെസ്റ്റോയില്‍ പോലുമുള്ളത്...'.നേതാവ് തുടരുന്നതിനിടയില്‍ ചെത്തു തൊഴിലാളി യൂണിയന്റെ കാര്യപ്രസക്തമായ ഇടപെടല്‍ അതിങ്ങനെ :-
'...കാനായിലെ കല്യാണത്തിന് യേശു മദ്യം വിളമ്പിയെന്നു ബൈബിളില്‍ പറയുന്നു, അത് തന്നെയല്ലേ നമ്മള്‍ കേരളത്തിലും ചെയ്യുന്നുള്ളൂ, പച്ച വെള്ളം പോലും വീഞ്ഞാക്കി മാറ്റിയ യേശു ദേവനിലാണ്  നമുക്ക് മാതൃക..' എല്ലാ ചെത്തു തൊഴിലാളികളും അത് കേട്ട് കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു. നേതാവിന് ഹരം കയറി..അദ്ദേഹം തുടര്‍ന്നു
'...ഇന്നാട്ടില്‍ കല്യാണത്തിനും, സല്കാരത്തിനും, സമ്മേളനങ്ങള്‍ക്കും ഒക്കെ നമ്മുടെ അബ്കാരികള്‍ ഈ  'പച്ചവെള്ളം' സുലഭമാക്കുന്നുമുണ്ടല്ലോ..   കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍  യേശു ദേവനോടു പാര്‍ട്ടിക്ക് നല്ല മതിപ്പാണ്..പക്ഷെ മദ്യമായാലും, വീഞായാലും  കഴിച്ചാല്‍ അത് അകത്തു കിടക്കണം എന്ന് മാത്രം.. അത് നമ്മുടെ പാര്‍ട്ടി സെക്രട്ടറി കോട്ടയം സമ്മേളനത്തില്‍ വെച്ചു പുതിയ സുവിശേഷത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ....' വീണ്ടും കയ്യടി.
അതിനിടക്ക് പോളിറ്റ് ബ്യുറോ അംഗം ഇടപെട്ടു '...മുപ്പതു വെള്ളിക്കാശിനു വേണ്ടി കര്‍ത്താവിനെ ചില ജൂദാസുകള്‍ ഒറ്റിക്കൊടുത്തു, നമ്മുടെ ചില നേതാക്കന്മാരെയും, പാര്‍ട്ടി സമ്മേളനങ്ങളെയും ഒക്കെ പാര്‍ട്ടിയിലെ ചില ജൂദാസുകള്‍ ഒറ്റിക്കൊടുക്കുന്നു..'  അത് കേട്ട പാടെ ഹാളാകെ കരഘോഷംകൊണ്ട് മുഴങ്ങി.
പാര്‍ട്ടിയിലെ മുസ്ലിം നേതാവ് ഇടപെട്ടു പറഞ്ഞു '..പിന്നേയ് ഞമ്മള് ഞ്ഞി ആ സ്വലാത്തിന് ചെന്നാല് ഒല് ഞമ്മളെ കേറ്റൂലാ..ഒലെ ചായ്‌വ് ഇപ്പം പാണക്കാട്ട്ക്കാ അത് മറക്കണ്ടാ..മലപ്പുറം സമ്മേളനത്തിനു വെളിയംകോട് ഉമര്‍ ഖാളി, മമ്പുറം തങ്ങള്‍, സദാം ഹുസൈന്‍  ഇബരെയോക്കെയല്ലേ മാര്‍ക്സിന്റെയും,ലെനിന്റെയും ഒപ്പം ഞമ്മള് സഖാക്കളാക്കി ബോഡില് തൂക്കിയത്, അപ്പം യേശു കൃസ്തൂനിം കെടക്കട്ടെ..യേശു കൃസ്തു എന്നാല്  ഞമ്മള്‍ക്ക്  ഈസാ നബ്യാ..  അവസാന നാളില് ഈസാ നബി എറങ്ങി ബരും എന്ന് ഞമ്മള്  കൂടി  ബിശ്വസിക്കുന്ന സ്ഥിതിക്ക് ഞ്ഞി ഇതാണ് നല്ലത്..ഞമ്മളെ ആള്‍ക്കാരിം പിന്തുണ നേടാന്‍ പറ്റും ' വീണ്ടും നിര്‍ത്താതെയുള്ള കരഘോഷം..

'അവസാന കാലത്ത് യേശു കൃസ്തു പാര്‍ട്ടി പോളിറ്റ് ബ്യുറോയിലേക്കാണ് നേരെ ഇറങ്ങി വരികാന്നു കൂടി പറയാമായിരുന്നു..മുമ്പ് ഖുര്‍ആനിലെ അലിഫ്, ലാം, മീം  എന്നീ സാങ്കേതിക പദങ്ങളെ അലിഫ് എംഗല്‍സും, ലാം ലെനിനും, മീം മാര്‍ക്സുമായി വ്യാഖ്യാനിച്ചവരല്ലേ . ഹാ ഇതിലപ്പുറം പറയും  ...' പാര്‍ട്ടിയിലെ പ്രധാനിയായ  മുസ്ലിം എം എല്‍ എ  മനസ്സില്‍ ഇങ്ങനെ പിറുപിറുക്കുമ്പോള്‍ നന്ദി പ്രസംഗം തുടങ്ങിയിരുന്നു...

വാല്‍കഷ്ണം: പാര്‍ട്ടിയിലുള്ള സര്‍വ്വ കുഞ്ഞാടുകള്‍ക്കും പാര്‍ട്ടിക്കുള്ളില്‍ തന്നെ കുമ്പസാരിക്കാനും, മാമോദീസ മുക്കാനും സൗകര്യമുണ്ടായിരിക്കും, റോമിലേക്ക് പോകുന്ന പാര്‍ട്ടി നേതാക്കളുടെ കയ്യില്‍ മാര്‍പ്പാപ്പക്ക് കൊന്ത സമര്‍പ്പിക്കാനും സൗകര്യമുണ്ടായിരിക്കും, സര്‍വ്വ രാജ്യ കുഞ്ഞാടുകളേ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ സംഘടിക്കുവിന്‍..