വന്നു കുടുങ്ങിയവര്‍

n.p.muhammad എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
n.p.muhammad എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജനുവരി 24

പരപ്പനങ്ങാടിയിലൂടെ എന്‍ പിയുടെ യാത്ര....(അഞ്ചാം ഭാഗം )

 (പ്രസിദ്ധ സാഹിത്യകാരനായ എന്‍ പി മുഹമ്മദ്‌ തന്റെ ബാല്യകാലം ചെലവഴിച്ച പരപ്പനങ്ങാടിയെ കുറിച്ച് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ അഞ്ചാം ഭാഗം )
 =====================================================================

പരപ്പനങ്ങാടി അങ്ങാടി വലിയ ജുമുഅത്ത് പള്ളി  കടപ്പാട് : ഗൂഗിള്‍
സുഖവും, ദുഖവും ഒന്നിച്ചാണല്ലോ പോകുക. കുഞ്ഞാദു മുസ്ല്യാര്‍ എനിക്ക് ദുഃഖം ദാനം ചെയ്തു, അദ്ദേഹത്തിന്റെ ഭാഷ കീരാമുട്ടിയയിരുന്നു. സംയോഗം ഉണ്ടായാല്‍ നിര്‍ബന്ധസ്നാനം വേണമെന്നത് കുളിയുടെ ശര്‍തായിരുന്നു. കുളിക്കാതിരുന്നാല്‍ വെടിപ്പും മനാരവും ഇല്ല. സംയോഗം എന്താണെന്ന അവ്യക്ത ധാരണകള്‍ ഉണ്ടായിരുന്നു. പക്ഷെ നിബന്ധനയ്ക്ക് കുഞ്ഞാദു  മുസ്ല്യാരുടെ പ്രയോഗം ഇളക്കരായ്മ എന്നായിരുന്നു. ഇതാദ്യം പിടികിട്ടിയില്ല. പിന്നെയും, പിന്നെയും ആവര്‍ത്തിക്കും. ഒരിക്കല്‍ ചോദിച്ചു പോയി..എന്താണ് ഇളക്കരായ്മ, ഉസ്താദ് : 'അവന്റെ ഒരു കുരുത്തക്കേട്‌ '....

ഉത്തരമായി കിട്ടിയത് വാക്കുകള്‍ മാത്രമായിരുന്നില്ല. പള്ളിയില്‍ കാല്‍ കഴുകാന്‍ ഉപയോഗിക്കുന്ന ദോലങ്ങിന്റെ നീണ്ട കണ കൊണ്ടുള്ള കൊട്ടുകളും കിട്ടിയിരുന്നു. കിതാബോതുക പ്രയാസമായി, ദരസില്‍ പോക്ക്  നിന്ന്. മൂത്താപ്പ അറിയില്ല. ദര്സ് കഴിയുവോളം ആനപ്പടിയില്‍ ചുറ്റിയലയും. ആനപ്പടി നിരത്തിനെ മുറിക്കുന്ന റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തു ഗേറ്റാണ് . ലോറികള്‍ ഇല്ലാത്ത കാലമായിരുന്നു, വെങ്കലയിട്ട കാറുകള്‍ എപ്പോഴെങ്കിലും ചെമ്മണ്‍ പാതയില്‍ പൊടി പറത്തി പറന്നദൃശ്യമാകുന്നത് അത്ഭുത കാഴ്ചയാണ്.

ആനപ്പടിയും കടന്നു, കോഴിക്കോട്ടുകാരുടെ പീടിക കടന്നു, ഇരുവശത്തുമുള്ള കൊച്ചുപീടികകള്‍ പിരകിട്ടാല്‍ അന്ച്ചപ്പുരയില്‍ എത്തി. അഞ്ചു പുരകള്‍ അന്നുണ്ടായിരുന്നില്ല, ഗ്യാസ് ലൈറ്റ് കത്തിക്കുന്ന ധാരാളം പീടികകള്‍ , തുണിഷാപ്പുകള്‍ ; നല്ല തിരക്കുള്ള അങ്ങാടിയായിരുന്നു. അവിടെയാണ് സൂപ്പികുട്ടി നഹയുടെ പാണ്ടികശാല. അതിനു മുകളിലാണ് ബോര്‍ഡ് മാപ്പിള സ്കൂള്‍. പരപ്പനങ്ങാടി സ്ഥിര താമസമാക്കിയപ്പോള്‍ ഞാന്‍ അഞ്ചാം ക്ലാസില്‍ ചേര്‍ന്നു. ചേര്‍ന്ന കൊല്ലം തന്നെ സ്കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. വായനശാലയുടെ പിറകില്‍ . വായനശാലയുടെ വാര്‍ഷികം ഈ സ്കൂളിലാണ്. ഞാനവിടെയാണ് പഠിച്ചിരുന്നതെന്നു ഭാരവാഹികള്‍ക്ക് അറിയില്ല, ഞാന്‍ ചുറ്റും നടന്നു. ഒരു മാറ്റവും ഇല്ല പുതുതായി ഒന്നും ചേര്‍ത്തിട്ടില്ല. വിണ്ടു കീറിയ വാതിലുകള്‍ , പൊട്ടും പൊളിയും വീണ തറ, സ്കൂളിന്റെ പിറകിലുള്ള കട്ടവാഴ നിറഞ്ഞ കുളം തൂര്‍ന്നു പോയിരിക്കുന്നു. പഴയ കാലം ഓര്‍ത്തു, കുഞ്ഞഹമ്മദ് മാസ്ടരായിരുന്നു ഹെഡ് മാസ്റര്‍ . അദ്ദേഹം നായാട്ടുകാരനായിരുന്നു.നായയെ കുളിപ്പിക്കളും അദ്ദേഹം തന്നെ, നായ നജ്ജീസാണല്ലോ, പരപ്പനങ്ങാടിക്കാര്‍ക്ക് അത് ഇഷ്ട്ടമുള്ളതല്ല. കുഞ്ഞഹമ്മദ് മാസ്റ്റര്‍ അവര്‍ക്ക് നായകുഞ്ഞഹമ്മദ് ആയിരുന്നു.
 ബോര്‍ഡ് സ്കൂള്‍ ആയിരുന്ന ടൌണ്‍ ജിഎംഎല്‍പിസ്കൂള്‍ (പഴയചിത്രം കടപ്പാട്: പി കെ അബ്ദുല്‍ മുനീര്‍ )
അഞ്ചാം ക്ലാസ് പാസ്സായി, പഠിത്തം തുടരാനാണ് ബാപ്പയുടെ തീരുമാനം, കൂട്ടത്തില്‍ അഞ്ചു പേരുണ്ടായിരുന്നു, മൊയ്ദീന്‍ കുട്ടി , മുഹമ്മദ്‌, കാസ്മി, കുഞ്ഞാലികുട്ടി..മറ്റൊരു മുഹമ്മദും ഉണ്ടായിരുന്നു, നഹ വംശത്തില്‍ പെട്ടവനായിരുന്നു. കയ്യില്‍ ഒരു ചൂരല്‍ വടിയും വീശിയാണ് കുഞ്ഞഹമ്മദ് മാസ്റ്റര്‍ ഞങ്ങളെ മിഷ്യന്‍ സ്കൂളിലേക്ക് നയിച്ചത്, അപ്പോള്‍ തുര്‍ക്കി തൊപ്പിയിട്ട ഒരാള്‍ ചിരിച്ചു വരുന്നു, അയാള്‍ മുഹമ്മദിന്റെ ബാപ്പയായിരുന്നു. മാസ്റ്ററെ അവനെ സ്കൂളില്‍ ചേര്‍ക്കണ്ട, എനിക്ക് വയസ്സായില്ലേ, കൊപ്രക്കളം നോക്കാന്‍ അവനെ വേണം, ഞങ്ങള്‍ വഴി പിരിഞ്ഞു, അവന്‍ ബാപ്പയോടൊപ്പം അന്ച്ചപ്പുരയിലേക്ക്, ഞങ്ങള്‍ തെക്കോട്ട്‌, സ്കൂളിലേക്ക്. മാര്‍ഗങ്ങള്‍ ഭിന്നമായിരുന്നു.

മിഷ്യന്‍ സ്കൂള്‍ പുതിയ അനുഭവമായിരുന്നു അവിടെ ഹിന്ദു കുട്ടികളും ഉണ്ടായിരുന്നു, ബോര്‍ഡ് സ്കൂളില്‍ മാപ്പിള കുട്ടികള്‍ മാത്രമായിരുന്നു. ആറാം ക്ലാസില്‍ എ ഡിവിഷനില്‍ ആണ് ഹെഡ് മാസ്റ്റര്‍ കക്കു എന്നെ ചേര്‍ത്തത്. ആ ക്ലാസ്സില്‍ മുസ്ലിം കുട്ടി ഞാന്‍ മാത്രം. അത്ഭുതമായിരുന്നു സഹപാഠികള്‍ക്ക്, മാപ്പിളകുട്ടികള്‍ കുളിക്കുമോ നിത്യവും? വൃത്തിയായി നടക്കുമോ? അവര്‍ക്ക് സംശയമായിരുന്നു. രാമകൃഷ്ണന്‍ ആയിരുന്നു ക്ലാസ്സില്‍ ഒന്നാമന്‍, രണ്ടാമന്‍ ഞാനും...

പഠിത്തം ഇഷ്ടമായിരുന്നെങ്കിലും പുതുമഴ പെയ്താല്‍ സ്കൂളില്‍ പോകാന്‍ മടിയാണ്. പാതൂക്ക് പറമ്പ് നിറയെ വരമ്പുകള്‍ മാടും, വയലറ്റ് നിറത്തിലുള്ള പയര്‍ നടാന്‍ കമ്പമായിരുന്നു, കുരുത്തോല നാട്ടക്ക് എന്ത് നീളം, മൂന്നാം നാള്‍ പയര് മുട്ടുകുത്തും, മണ്ണില്‍ ആമപ്പൂട്ട് പോലെ നില്‍ക്കും പയര്ചെടി. അനേകം പൂട്ടുകള്‍ കൊളുത്തിയിട്ട മാതിരിയാണ് പിറ്റേന്ന് അമ്പരപ്പോടെ തലയുയര്‍ത്തുന്നു കുഞ്ഞിലകള്‍ രണ്ടെണ്ണം, അന്നേരമാണ് കോടതി വളപ്പില്‍ നിന്നും അമ്പലപ്രാവുകളുടെ കൂട്ടവരവ്. അവ പയര്ചെടികള്‍ കത്രിച്ചു കളയുന്നു. ഒരു സൂത്രപ്പണിയുണ്ട് അതില്ലാതാക്കാന്‍. നേരം വെളുക്കെ തകരപ്പാട്ടകളില്‍ തുരു തുരെ മുട്ടി കൊണ്ടിരിക്കുക, പ്രാവ് ഇറങ്ങുകയില്ല. പ്രാവില്‍ നിന്ന് രക്ഷ നേടിയാല്‍ പയര്‍ വേഗം വളരും. പയറിന്‍ പൂക്കള്‍ക്കെന്തു ഭംഗി. ഇളനീലക്കരയുള്ള വെള്ളപ്പൂക്കളില്‍ തെളിവില്ലാത്ത മഞ്ഞള്‍ വെള്ളം കുടഞ്ഞതാണെന്നെ തോന്നൂ.. അപ്പോള്‍ തേനീച്ചകള്‍ പാറും, പയര്‍ക്കുല ഉണ്ടാകാന്‍ തുടങ്ങുന്നു, മൂക്കാത്ത പയറാണ്  അച്ചിങ്ങ. അച്ചിങ്ങയുടെ ഉപ്പേരി, ഹായ് നാവില്‍ വെള്ളമൂറുന്നു...
ബാസല്‍ മിഷ്യന്‍ സ്കൂള്‍ (ചിത്രം കടപ്പാട്: പി കെ അബ്ദുല്‍ മുനീര്‍ )
പയര്കൃഷിയും കഴിഞ്ഞു  സ്കൂളില്‍ എത്തിയാല്‍ മേരിടീച്ചര്‍ സ്കൂളില്‍ ഹാജരാകാത്തതിന് കാരണം ചോദിക്കുന്നു. കള്ളം നാവിന്‍ തുമ്പത്തു  വരും. അത് കള്ളമാണെന്നും അവര്‍ക്കറിയാം, നറും നെയ്യിന്റെ നിറമാണ് മുഖത്തിനു, അവരുടെ ചുണ്ടുകള്‍ക്കിടയില്‍ തുമ്പ പൂക്കള്‍ വിടരുന്നു, അവരെന്നെ അടിക്കില്ല. ബൈബിള്‍ ക്ലാസ്സില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നവന്‍ ഞാനായിരുന്നു. ആദമിനെ വഴി തെറ്റിക്കാന്‍ വന്ന സാത്താന്‍  അര്‍വ്യുമരത്തില്‍ പിണഞ്ഞു കിടന്നു കീഴോട്ടു നോക്കുമ്പോള്‍ ഹവ്വയെ കാണുന്നു. ഹവ്വ വീണു പോയി, ഹവ്വ വീണപ്പോള്‍ ആദമും വീണു പോയി, ആ കഥ എനിക്ക് ഇഷ്ടമായിരുന്നു. ടീച്ചറില്‍ നിന്നാണ് കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയത്, ഒരു നാള്‍ ടീച്ചര്‍ വന്നില്ല, അവര്‍ ജോലി രാജി വെച്ച്, മറ്റൊരു ആദമിനെ പിഴപ്പിക്കാന്‍  പോയി...

സ്കൂളിന്റെ മുന്‍വശത്ത്‌ റെയില്‍ പാളമാണ്. അതില്‍ ബാലന്‍സ് ഒപ്പിച്ചു നടക്കുവാന്‍ മിടുക്ക് വേണം. പോത്തന്‍ മൊയ്ദീന്‍ കുട്ടിക്ക് കഴിയില്ല, അവനു കാല്‍ തെറ്റും, അപ്പോള്‍ ചിരിക്കും. അവിടെത്തന്നെയാണ് ജലസംഭരണിയും, ആനയുടെ പള്ളയുടെ വലിപ്പമുള്ള ആ കോപ്പയില്‍ നിന്ന് തീവണ്ടി വെള്ളം കുടിക്കുന്നു. അവസാന നാള്‍ ദജ്ജാല്‍ ചിറകുവിരുത്തി ലോകം മുഴുവന്‍ പറക്കുമ്പോള്‍ പരപ്പനങ്ങാടിയിലും വരും, ദജ്ജാല്‍ ദാഹം തീര്‍ക്കുക ആ വലിയ കോപ്പയിലെ വെള്ളം കുടിച്ചാകും...
പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ ഒരു പഴയ ചിത്രം, കടപ്പാട് : ഗൂഗിള്‍
ഞങ്ങള്‍ പ്ലാറ്റ്ഫോമില്‍ എത്തി, വക്കീല്‍ പഞ്ചാപ കേശയ്യര്‍ കസേരയിട്ട് കാറ്റ് കൊണ്ടിരിക്കുന്നു. റെയില്‍വേ ക്ലാര്‍ക്ക് അദ്ദേഹത്തോടൊപ്പം  ഉണ്ടാകും. ടിക്കറ്റ് കൊടുക്കുന്നത് അദ്ദേഹമാണ്. പ്രമാണികള്‍ കൌണ്ടറിലൂടെ  ടിക്കറ്റ് വാങ്ങില്ല. വലിയ പ്രമാണിമാര്‍ ചുവന്ന തലെകെട്ടും കാക്കി കുപ്പായവുമിട്ട പോര്‍ട്ടര്‍  ബാവയുടെ പക്കല്‍ ടിക്കറ്റിനു പണം കൊടുക്കുന്നു. നാടന്മാര്‍ക്ക് ടിക്കറ്റ് വാങ്ങാനുള്ളതാണ് കൌണ്ടര്‍ .

അതിനിടയില്‍ വണ്ടി ബ്ലോകാകും, പിന്നെ തിരക്കാണ്, ആളുകള്‍ സ്റ്റേഷനില്‍ കൂടുന്നു, മീന്കൊട്ടകള്‍ വരുന്നു, ബീരാന്‍ കുട്ടിയാണ് മീന്കൊട്ടകളുടെ തൂക്കമെടുക്കുക, റെയില്‍വേ ക്ലാര്‍ക്കിനു പിടിപ്പതു പണിയാണ്. ബീരാന്‍ കുട്ടിക്കവര്‍ ചില്ലറ കൊടുക്കും...

വണ്ടി വന്നാല്‍ ബഹളം ആളുകള്‍ ഇറങ്ങാനാണധികം, കൊട്ടയും പെട്ടിയും ഉണ്ടാകും, അവര്‍ വടക്കേ അറ്റത്തേക്ക് ജാഥയായി നീങ്ങുന്നു. കുതിരവണ്ടിക്കാരും, ചായക്കച്ചവടക്കാരും തയ്യാര്‍. ആ വണ്ടിക്കാണ്‌ പോര്‍ട്ടര്‍ അസ്സന്കോയക്ക കോഴിക്കോട്ടു നിന്ന് വരിക. പോര്‍ട്ടര്‍ അസ്സന്കൊയക്കയെ കാത്തു നില്‍ക്കും. ഞങ്ങള്‍ക്ക് വറുതി വന്നിരുന്നു. മൂത്താപ്പയുടെ ചായപ്പീടിക പൂട്ടിയിരുന്നു. പറമ്പില്‍ തേങ്ങ കമ്മിയായി, കോടക്കാട്ടുള്ള ഉമ്മയുടെ പറമ്പില്‍ നിന്നുള്ള തേങ്ങ മൂന്നായി ഓഹരി വെക്കേണ്ടിയിരുന്നു. നെടുവയിലൂടെ ചെട്ടിപ്പടി കടന്നു പോകണം. വള്ളികുന്നിലേക്ക് ടിക്കടിനു ഒരണ. പക്ഷെ കാശില്ല, ബാപ്പയായിരുന്നു ഞങ്ങള്‍ക്ക് ആശ്രയം. ബാപ്പയുടെ കച്ചവടവും പൊളിഞ്ഞിരുന്നു. എന്നാലും പലപ്പോഴും എന്തെങ്കിലും അയക്കും. പോര്‍ട്ടര്‍ അസ്സന്കൊയക്കയായിരുന്നു അനധികൃത മണിയോര്‍ഡര്‍ ശിപായി. കുറെ ദിവസത്തേക്ക് ബാപ്പ ഒന്നും കൊടുത്തയച്ചില്ല. ഒരു ദിവസം അസ്സന്കൊയക്കയെ ആറര മണിയുടെ വണ്ടിക്കു കണ്ടില്ല. ഒമ്പതര വണ്ടി വരുന്നത് വരെ കാത്തു. വന്നപ്പോള്‍ കൈ മലര്‍ത്തി, മൂത്തംമായി അപ്പുണ്ണിയുടെ പീടികയില്‍ പോയി കടം വാങ്ങാന്‍ പറഞ്ഞു..                                             

തുടരും...

പിന്‍കുറി : കേരളത്തിലെ മുസ്ലിം സമുദായം വിദ്യഭ്യാസത്തോട്‌ പുറം തിരിഞ്ഞു നിന്ന ഒരു കാലഘട്ടത്തെ എന്‍ പി എത്ര മനോഹരമായി വരച്ചു കാട്ടുന്നു..തുടര്‍ പഠനത്തിനു ചേര്‍ക്കാന്‍ ഹെഡ് മാസ്റ്റര്‍ കൂട്ടി കൊണ്ട് പോകുന്ന  കുട്ടിയെ പിതാവ് വന്നു കച്ചവടത്തിലേക്കു പിടിച്ചു കൊണ്ട് പോകുന്ന കാഴ്ച..എത്ര ദയനീയം. മുസ്ലിം നവോഥാന പ്രസ്ഥാനങ്ങളുടെ അക്ഷീണ പ്രയത്നഫലമായി സമുദായം മുന്നോട്ടു കുതിച്ചു,  ആകാശ് ടാബ് മുന്നില്‍ വെച്ചു പഠിക്കുന്ന ഇന്നത്തെ തലമുറ  മുന്‍കാല സാമൂഹ്യാവസ്ഥ തിരിച്ചറിയാതെ പോകരുത്.

2011 നവംബർ 9

എന്‍ പിയുടെ സ്വന്തം നാട്, എന്റെയും...

പ്രസിദ്ധ സാഹിത്യകാരനായ എന്‍ പി മുഹമ്മദ്‌ തന്റെ ബാല്യകാലം ചെലവഴിച്ച പരപ്പനങ്ങാടിയെ കുറിച്ച് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം എന്റെ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കായി പങ്കു വെക്കുന്നു, ഒരൊറ്റ പോസ്റ്റില്‍ തന്നെ മുഴുവനും തിരുകി കയറ്റി വായനയുടെ രസം കളയുന്നില്ല, ബാക്കി ഭാഗങ്ങള്‍ അടുത്ത പോസ്റ്റുകളില്‍ വായിക്കാം....
----------------------------------------------------------------------------------------------------------------------------------------
ബാല്യം പിന്നിട്ട ഗ്രാമത്തിലേക്ക് തിരിച്ചു പോവുകയും തിരിഞ്ഞു നോക്കുകയുമാണ് പ്രശസ്ത എഴുത്തുകാരനായ എന്‍ പി മുഹമ്മദ്‌. ഇന്ന് ഇല്ലാത്ത മനുഷ്യര്‍, ഇന്ന് കാണാത്ത ഒരു പഴയലോകം, അതാണ്‌ പഴയ പരപ്പനങ്ങാടി.

ഉച്ചമയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നപ്പോള്‍ അപരിചിതമായ ഒരു ദേശത്തിലൂടെ കാര്‍ കടന്നു പോകുകയായിരുന്നു. വായനശാലയുടെ വാര്‍ഷികത്തിന് ക്ഷണിക്കാന്‍ വന്ന യുവസ്നേഹിതനോട് ചോദിച്ചു നാം എവിടെയെത്തി? പുതരിക്കല്‍, മറുപടി വന്നു.

വിശ്വാസമായില്ല നിത്യപരിചിതമായിരുന്ന ഒരു പാതയോ ഇത്? അര നൂറ്റാണ്ടു ഓടിയോളിച്ചത് മനാസ്സു അംഗീകരിക്കുന്നില്ലല്ലോ. പാലത്തിങ്ങല്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് നീളുന്ന പാത പുതരിക്കല്‍ എത്തിയാല്‍ കാരണവന്മാര്‍ അഥവാ ആല്‍മരങ്ങള്‍ ഇരുവശത്തുനിന്നും ഭവ്യതയോടെ സ്വാഗതമരുളുന്നു. കൊല്ലങ്ങളെ അമ്പേ തോല്‍പ്പിച്ചു നിന്ന ആല്‍മരങ്ങള്‍ എന്നും ലഹരിയായിരുന്നു.

താപസന്മാരാണ് അവ. ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ ഇരിക്കുന്നു. വലിയ തടം കണ്ടാല്‍ ചമ്രം പടിഞ്ഞിരുന്നു ഉഗ്രതപസ്സു അനുഷ്ടിക്കുകയാനെന്നു തോന്നും. നീണ്ട വേരുകള്‍, മെരുങ്ങാത്ത താടികള്‍, താടി തൊട്ടാല്‍ ദേഷ്യമില്ല. അവയില്‍ തൂങ്ങി മരതലപ്പിലേക്ക് ഊഞ്ഞാലാടാന്‍ എളുപ്പമായിരുന്നു. ശാഖകള്‍ പിരിയുന്ന സന്ധ്യകളില്‍ മലര്‍ന്നു കിടന്നു താഴേക്കു നോക്കാന്‍ രസമാണ്. ആലിലപ്പഴങ്ങള്‍ പാതയില്‍ ചുവപ്പും പച്ചയും കലര്‍ന്ന പരവതാനി വിരിക്കുന്നു. വൃക്ഷങ്ങള്‍ മുച്ചൂടും നശിച്ചു പോയല്ലോ, പകരം വന്നത് ഇലക്ട്രിക് പോസ്റ്റുകളും, മൂളുന്ന കമ്പികളുമാണ്, നിരത്തും.

നിരത്ത് പുതിയ പേരാണ്, ഞങ്ങള്‍ക്കെന്നും നിരത്ത് ചെത്തെയ് ആയിരുന്നു. ശുദ്ധഭാഷയില്‍ ചെതുവഴി. ചെമ്മണ്ണിന്റെ നിറം പോയി കറുത്ത ടാര്‍ വന്നു. ഊറക്കിട്ട മുതലതോല്‍ പോലുള്ള പാതയുടെ ഇരുവശത്തുമുള്ള പച്ചപ്പാടങ്ങള്‍  ഇല്ലാതാവുകയാണ്. ഉള്ളവ മരണം കാത്തു കിടക്കുന്നു. ഇടയ്ക്കിടെ കൊണ്ഗ്രീട്ടിന്റെ വലിയ തീപ്പെട്ടിക്കൂടുകള്‍.

കിഴക്കോട്ടു പോയിരുന്ന വരംബിലിപ്പോള്‍ താറണിഞ്ഞു.. വീതിയേറി. അന്നൊക്കെ വൈകുന്നേരമായാല്‍ ബഹളമായിരുന്നു. ഹൂയ് ഹൂയ് ഈണത്തില്‍ ഉയര്‍ത്തി, തലച്ചുമടുമായി അവര്‍ ഉള്ളണത്തെക്കും   വെളിമുക്കിലെക്കും പോകും, മീന്കൊട്ടകളില്‍ നിന്നും മീന്‍ നീരുകള്‍ നീളെ വാര്‍ന്നിരുന്നു. മനുഷ്യര്‍ പെട്ടന്ന് ഒരുക്കിയ കൊലപാതകത്തിന്റെ വേദനയില്‍ പുളയുന്ന പാവം മീനുകളുടെ കണ്ണീര്‍ നിലച്ചിട്ടില്ല. മീന്കാരുടെ കാല്‍ വെണ്ണയില്‍   നിന്നോഴുകിയ വിയര്‍പ്പുചാലുകള്‍ ടയര്‍ ചെരുപ്പിലൂടെ ഒലിച്ചിരുന്നു.

ആ മൂലയിലാണ് സ്രാമ്പി. ഒരു കൊച്ചുമുറി, പത്തു പതിനഞ്ചു ആളുകള്‍ക്ക് നിസ്കരിക്കാം, പായകള്‍ തുരുമ്പിച്ചതും, മൂലയില്‍ ഒരു പൊട്ടമണ്ണെണ്ണവിളക്കു മാത്രം. പള്ളിയില്‍ ആള്കൂട്ടമില്ല.ഏകാന്തതയില്‍ നിസ്കരിക്കാന്‍ സുഖമായിരുന്നു, സൈതുമുഹമ്മദ് ആണ് കൂട്ടാളി. എന്നെക്കാള്‍ ഇളയവന്‍, പിന്നെ സൈതു വലിയ ആളായി, കൊണ്ഗ്രെസ്സ് നേതാവായി മരിച്ചു, സ്രാമ്പിയില്‍ നിന്ന് തോളുരുമ്മി നടന്നു, പതുക്കെയാണ് നടത്തം, നഹയുടെ ബംഗ്ലാവ് കഴിഞ്ഞു വേണം വീട്ടിലെത്താന്‍.
കുഞ്ഞിക്കൊയാമുട്ടി നഹ വലിയ ഒരു ബംഗ്ലാവ് പണിതിരുന്നു, നഹക്ക് ചതുരംഗം കളിക്കാനാണ് ബംഗ്ലാവ്. കളിക്കാന്‍ തിരൂര്കാരന്‍ ബാബാസാഹിബും വരും, നഹയുടെ ചെവി ഇലയനങ്ങിയാല്‍ അറിയും, പിന്നെ ചോദ്യങ്ങളായി, എന്നും നഹയുടെ മുന്നില്‍ ഞങ്ങള്‍ പരുങ്ങി നടന്നിരുന്നു. അവര്‍ ജന്മികള്‍, ഞങ്ങള്‍ കുടിയാന്മാര്‍, ഇപ്പോള്‍ ബംഗ്ലാവില്ല, നഹയുമില്ല. മരക്കട്ട കൊണ്ട് ഉണ്ടാക്കിയ ചതുരംഗക്കരുക്കളുമില്ല . സ്റ്റേറ്റ് ബേങ്കിന്റെ പേരും വെച്ച് ഒരു കെട്ടിടം അവിടെ ഗമയോടെ തലയുയാര്‍ത്തി നില്‍ക്കുന്നു.

സൈതു മുഹമ്മദ്‌ മിടുക്കനാണ്. ഇല്ലിക്കോല്‍ വേലിക്കു നടുവിലുള്ള മരപ്പടി ചിപ്പത്തില്‍ കേറി മറിയും എനിക്കത് നിശ്ചയമില്ല. പിന്നെ തനിച്ചാണ് യാത്ര. തറവാടിന്റെ അതിര് കുറിക്കുന്ന മുളന്കൂട്ടത്തിന്റെ മുന്നിലൂടെ പോകണം, പാമ്പുകളുടെ കൂടാണ്. പാമ്പിനെ കാണുമ്പോള്‍ അരപ്പും പേടിയുമാണ്. ഞങ്ങളുടെ പറമ്പില്‍ ധാരാളം നിധികളുണ്ട്‌.അത് കൊണ്ടാണ് പാമ്പുകള്‍ ഇത്രയധികം. മൂത്താപ്പ പാമ്പിന്റെ വാല് പിടിച്ചു വട്ടത്തില്‍ കറക്കി കൊല്ലുമാത്രേ, ഞാന്‍ കണ്ടിട്ടില്ല,പാമ്പിന്‍ കൂടിന്റെ കണ്ണുകള്‍ എത്രയോ തവണ കണ്ടിട്ട് പോലും എനിക്കത് കാണണ്ട.

മൂതാപ്പയെ കാണുക ഒഴിവു കാലങ്ങളില്‍ ആയിരുന്നു. കോഴിക്കോട്ടു നിന്നും പരപ്പനങ്ങാടിയിലേക്ക് ഒഴിവുകാലത്ത് വരും, ക്രോപ്പ് ചെയ്ത തലമുടി മൂതാപ്പാക്ക് കണ്ടുകൂടാ. ഉടനെ വരും ചോദ്യം 'തുപ്രാ നീ ഇപ്പം വന്നു'.തുപ്രന്‍ പരപ്പനങ്ങാടിയിലെ ചെറുമനായിരുന്നു. മൂത്താപ്പയുടെ ആദ്യ പരിപാടി ഒസ്സാന്‍ ഇബ്രയിമ്കയെ വിളിക്കലാണ്, രണ്ടു അടുക്കലപ്പലകകള്‍ കോലായില്‍ നിരത്തുന്നു. ഇബ്രയിമ്ക മഞ്ഞപ്പുള്ളികള്‍ വീണ ഒരു ചെറിയ കണ്ണാടി തരുന്നു. ചെറിയ കിണ്ണത്തിലെ വെള്ളം കൈതുംപുകള്‍ കൊണ്ടെടുത്തു തലയിലുരസുമ്പോള്‍ സുഖമുണ്ട്. പിന്നെ കത്തി നിവര്‍ത്തി കാല്‍ വെണ്ണയില്‍ മുമ്പോട്ടും പിമ്പോട്ടും തിടുക്കത്തില്‍ ചാണക്കിടുമ്പോള്‍ കണ്ണ് ചിമ്മിക്കളയുന്നു. കണ്ണ് തുറക്കുക തലയോട്ടിയില്‍ എരിവു വരുമ്പോളാണ്. എണ്ണയിട്ടു കൊത്തിയ എന്റെ മുടിചീളുകള്‍ കളിമണ്ണ് തഴുകിയ തറയിലേക്കു പടപടെ ചാടി വീഴുന്നു. ശിരസ്സില്‍ വെളുത്ത പാടുകള്‍, ഇബ്രയിമ്ക എണീറ്റാല്‍ കണ്ണ് മിഴിച്ചു കണ്ണാടിയില്‍ നോക്കും.പടച്ചവനെ എന്റെ തല മൊട്ടയടിച്ചു മിനുസമായിരിക്കുന്നു. മേല്‍നോട്ടം മൂത്താപ്പയുടെ വകയാണ്. കുപ്പിനിരത്തിലുള്ള രാശി തലയില്‍ നിന്നും ഒളി വീശിയാല്‍ മൂതാപ്പാക്ക് തൃപ്തിയായി.അപ്പോള്‍ ചെക്കന്റെ മുഖത്ത് ഇതിന്റെ ഒജ്ജതുണ്ട്, പിന്നെ കോടക്കാട്ടു പോകാന്‍ വയ്യ, മുടി നീളും വരെ പരപ്പനങ്ങാടിയില്‍ തങ്ങണം. അല്ലെങ്കില്‍ കോഴിക്കോട്ടെ ലോഗ്യക്കാര്‍ തലയില്‍ കൈവിരല്‍ മടക്കി അന്ചിടും, അന്ചിടല്‍ സഹിച്ചു കൂടാ...പരപ്പനങ്ങാടിയില്‍ മൊട്ടത്തല കുഴപ്പമില്ല, മുസ്ലിമായ മുസ്ലിമിനെല്ലാം മൊട്ടതലയായിരുന്നു. കാഫറിന് മുടി, അവര്‍ നെടുവയില്‍ ആണല്ലോ. മൊട്ടത്തല ഇപ്പോള്‍ ഹിന്ദുവിനും, മുസ്ലിമിനും ഒക്കെ പരപ്പനങ്ങാടിയില്‍ കാണുന്നു.
അടുത്ത് നിന്ന കഥാപാത്രമായിരുന്നു മൂത്താപ്പ, ഭക്ഷണപ്രിയന്‍, എനിക്കും ഒരു കണക്കുണ്ട്, അരി വെവലക്കരുത്, പയറുമണി പോലോണം ചോറ്. ഒരു പതക്ക് കോരിയെടുക്കാന്‍ മൂത്ത അമ്മായിക്ക് അറിയാമായിരുന്നു. എന്ത് വിഭവങ്ങളുണ്ടായാലും ചമ്മന്തി വേണം. ഉപ്പേറിയാല്‍ കലഹം, മുളകേറിയാല്‍ ബഹളം. പുളി കൂടിയാല്‍ മുറ്റത്തേക്ക് തെറിക്കും പിഞ്ഞാണങ്ങള്‍, അരിശം തീരാതെ മൂത്താപ്പ എണീറ്റ്‌ പോകുന്നു, ആദ്യം കണ്ടപ്പോള്‍ പേടിയായിരുന്നു. പിന്നീടിതുമായി പരിചയപ്പെട്ടു. വൈകുന്നേരം മൂത്താപ്പ അഞ്ചപ്പുരയില്‍ നിന്നും പിഞ്ഞാണങ്ങളുമായി വരുന്നു, ഇല്ലെങ്കില്‍ അടുത്ത ദിവസം വിളമ്പാന്‍ പാത്രങ്ങള്‍ ഇല്ലല്ലോ.

മൂത്താപ്പ ഉദരരോഗം വരുന്നത് വരെ ഈ പതിവ് തുടര്‍ന്നിരുന്നു. ഒന്നും തിന്നാന്‍ വയ്യ വയറ്റില്‍ പുണ്ണ്. കഴിച്ചാല്‍ ചര്‍ദി ദിവസങ്ങളോളം. അച്ചിപ്പായ വിരിച്ച പത്തായതിന്മേല്‍ കിടന്നു പിച്ചും പേയും പറയും. അന്നേക്കു ഞാന്‍ വിവാഹിതനായിരുന്നു. അമ്മായി പറയും കുഞ്ഞലവീ മുഹമ്മദിന്റെ മോനെ കണ്ടോ, കണ്ണ് മിഴിക്കും. മൂത്താപ്പ അടുത്താണ് നില്‍പ്പ് തറപ്പിച്ചു നോക്കും. ഒന്നും കാണില്ല. പെട്ടന്ന് കിടന്നിടത്ത് നിന്ന് മൂത്താപ്പ കുത്തനെ എഴുന്നേല്‍ക്കുന്നു, മറിയം ഒരു നേന്ത്രപ്പഴം കനലില്‍ ചുട്ടു നെയ്യില്‍ മുക്കി കൊണ്ട് വാ..ഇളയ അമ്മായി കരയുകയായിരുന്നു, മൂത്താപ്പ പത്തായതിന്മേലേക്ക് മാളിവീഴുന്നു..മരണവും.