വന്നു കുടുങ്ങിയവര്‍

2014, ഓഗസ്റ്റ് 19

സ്കൂളുകൾ പൂട്ടട്ടെ, ബാറുകൾ തുറക്കട്ടെ!!!

വിദ്യാര്‍ഥി ഐക്യം സിന്ദാബാദ് 


പുതുതായി അനുവദിച്ച 700  പ്ലസ്‌ ടൂ ബാച്ചുകളും റദ്ദാക്കി ,  അടച്ചിട്ട 418 ബാറുകളും  തുറന്നു കൊടുക്കണം. ലതാണ് മര്യാദ. കുറെ സ്കൂളുകള്‍ തുറന്നിട്ട്‌ എന്ത് കാര്യം ഉള്ള സ്കൂളുകള്‍ക്ക് മുന്നില്‍ തന്നെ ബാറുകള്‍ സ്ഥാപിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സൗകര്യം ചെയ്‌താല്‍ നന്നാവും. കാരണം പ്ലസ്‌ ടൂവിനു ആഴ്ചയില്‍ ആകെ അഞ്ചു അദ്ധ്യയന ദിവസങ്ങളെ ഉള്ളൂ. ഉള്ള അദ്ധ്യയന ദിനങ്ങളില്‍ തന്നെ വളരെ കുറച്ചു സമയം മാത്രമേ ഇടവേളകളുള്ളൂ. ഈ ഇടവേളകളില്‍ വളരെ ദൂരം പോയി ബാറില്‍ കയറുക പ്രയാസം സൃഷ്ടിക്കും. ആ സ്ഥിതിക്ക് ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ പ്ലസ് ടൂ സ്കൂളുകള്‍ക്ക് മുന്നിലും ഓരോ ബാറുകള്‍ പോരട്ടെ.. ലാഭകരമല്ല എന്ന കാരണത്താല്‍ പൂട്ടാന്‍ പോകുന്ന സ്കൂളുകള്‍ക്ക് മുന്നില്‍ സ്ഥാപിക്കാന്‍ മുന്‍ഗണന നല്‍കിയാല്‍ നന്നാവും 

വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്....

പരപ്പനാടന്‍ മുറ :

മൂത്താപ്പാനെ ഞമ്മക്ക് കാണും ചെയ്യാം , എന്നും അര ലിറ്റര്‍ പാലും കിട്ടും 

       *******************************************************

അതി രൂപതാ 


വിദ്യാഭ്യാസ വകുപ്പ് ഒരു പാര്‍ട്ടി കുടുംബ സ്വത്തായി കൈകാര്യം ചെയ്യുന്നു എന്ന്നമ്മുടെ തൃശൂര്‍ അതിരൂപതക്ക് നല്ല പരാതിയുണ്ട്. കാലങ്ങളായി ഒരു കത്തോലിക്കന്‍ ആ വകുപ്പ് കൈകാര്യം ചെയ്തിട്ട് , ആശ അവര്‍ക്കുമുണ്ടാകും , ഈ പ്ലസ്ടൂ സ്കൂളുകള്‍ക്ക് വേണ്ടി ആരൊക്കെയോ രൂപ താ, രൂപ താ എന്ന്  പറഞ്ഞു തുടങ്ങിയപ്പോള്‍ തോന്നിയതാവാം രൂപതയുടെ ആ പൂതി. ഏതായാലും പരാതി എഴുതി തയ്യാറാക്കി അയച്ചിരിക്കുന്നത് അങ്ങ് ഡല്‍ഹിയിലേക്കാണ്, കത്തോലിക്കര്‍ കാലാ കാലം കോണ്ഗ്രസ്സിനെ പിന്തുണക്കണമെന്നില്ല എന്ന മുന്നറിയിപ്പും കത്തിലുണ്ട്. പള്ളി അരമനകളില്‍ കയറി ഇറങ്ങുന്ന ഹൈകമാണ്ട് ശിങ്കിടികളുടെ കയ്യില്‍ കത്ത്കൊടുത്തിരുന്നെങ്കില്‍ തപാല്‍ ചാര്‍ജെങ്കിലും ലാഭിക്കാമായിരുന്നു . അല്ല പിന്നെ 

ഹയര്‍സെക്കന്‍ഡറി ഡയരക്ടര്‍ തയ്യാറാക്കിയ ലിസ്റ്റ് മറി കടന്നു മന്ത്രിസഭാ ഉപസമിതി തയാറാക്കിയ പ്ലസ്‌ ടൂ സ്കൂള്‍ ലിസ്റ്റില്‍ ഒന്ന് കണ്ണോടിച്ചാല്‍ ഒരു കാര്യം മനസ്സിലാവും ഇടതന്‍ വന്നാലും വലതന്‍ വന്നാലും തൃശൂര്‍ മുതല്‍ അങ്ങോട്ട്‌ അരമനകള്‍ക്ക് എന്നും ബിരിയാണി തളികയില്‍ തന്നെ.  സ്കൂള്‍ കിട്ടി വിശപ്പടങ്ങിയ ബിഷപ്പുമാര്‍ക്ക് ഏമ്പക്കം വന്നപ്പോള്‍ തോന്നിയ ഉള്‍വിളിയാണ്  ഈ പരാതിക്കെട്ട് എന്നത് സത്യം .

പരപ്പനാടന്‍ മുറ : 

വിദ്യാഭ്യാസ വകുപ്പ് എന്നാല്‍ പാലായിലെയോ,തൃശൂരിലെയോ പുണ്യാളന്‍മാര്‍ക്ക്  സ്ത്രീധനം കിട്ടിയതൊന്നുമല്ലല്ലോ .. 
         ***********************************************************


കച്ചവടക്കാര്‍ക്ക് എന്താ കാര്യം   


നമ്മുടെ യുവ എം എല്‍ എ ഹൈബി ഈഡനും പ്രമുഖ വ്യവസായി സണ്ണി ആലപ്പാട്ടും തമ്മില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ അകത്തളത്തില്‍ വെച്ച് നടന്ന ഉഗ്രന്‍ പോര് ചാനലുകളില്‍ കാണാന്‍ ഫാഗ്യം ലഭിച്ചു. ഹൈബി ആളൊരു സംഭവം  തന്നെ, കിണ്ണം കാച്ചിയ ആ ഡയലോഗ് ഇപ്പോഴും മനസ്സിലുണ്ട് ' കച്ചവടക്കാര്‍ക്ക് എന്താ യൂനിവേര്‍സിറ്റിയില്‍ കാര്യം' ഹോ ഞെരമ്പും രോമവും ഒക്കെ തരിച്ചു പോയി!!!!

ഒന്നല്ല ഒരുപാട് തവണ സുരേഷ്ഗോപി സ്റ്റൈലില്‍ സണ്ണി ആലപ്പാട്ടിനെ നോക്കി ഹൈബി ഈ ഡയലോഗ് അടിച്ചതായി കണ്ടു. 

പരപ്പനാടന്‍ മുറ :

  'കച്ചവടക്കാര്‍ക്ക് എന്താ യൂനിവേര്‍സിറ്റിയില്‍ കാര്യം' അവര്‍ക്ക് ഇന്ദ്രപ്രസ്ഥത്തിലും , അനന്തപുരിയിലും  കോണ്ഗ്രസ് ആസ്ഥാനങ്ങളില്‍ സൗകര്യം ചെയ്തിട്ടുണ്ടല്ലോ .


   ***********************************************പള്ളിക്കുള്ളിലെ അകലം കൂടിക്കൂടി വരുന്നു.


2002 ല്‍ മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ  ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിനു ശേഷം രണ്ടു വിഭാഗങ്ങളും  കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രഭാഷണങ്ങളുമായി നടന്ന ഒരു ഘട്ടമുണ്ടായിരുന്നു . അന്ന് ഒരു സുന്നീ സുഹൃത്ത് പറഞ്ഞത് ' ഇപ്പൊ ഞങ്ങള്‍ക്ക് രണ്ടു കൂട്ടര്‍ക്കും മറുപടി പറയണം ' എന്നായിരുന്നു 
മറ്റൊരു സുഹൃത്ത് ആ പിളര്‍പ്പിനെ വിശേഷിപ്പിച്ചത്‌ സെന്റ്‌ ജോര്‍ജ് കുട രണ്ടായത് പോലെ എന്നായിരുന്നു .സെന്റ്‌ ജോര്‍ജ് പിളര്‍ന്നു  പോപ്പിയും , ജോണ്‍സും ആയതോടെ മറ്റു കുട കമ്പനികളെ കേള്‍ക്കാന്‍ തന്നെയില്ലായിരുന്നല്ലോ . 
എന്നാല്‍ ഇന്ന് മുജാഹിദ് പ്രസ്ഥാനത്തിന്റെ അവസ്ഥ കേരള കോണ്ഗ്രസ്സിനെയാണ് ഓര്‍മ്മിപ്പിക്കുന്നത് . നാട്ടിലെ മുജാഹിദ് പള്ളികളില്‍ ജുമുഅക്ക് പോകുന്നവര്‍ക്ക് കയ്യില്‍ ബാഗോ സഞ്ചിയോ കരുതേണ്ട ഗതികേടുണ്ടായിരുന്നു. അതിനു മാത്രം നോട്ടീസും പ്രസിദ്ധീകരണങ്ങളും, ഇടയ ലേഖനങ്ങളും  പള്ളിപരിസരങ്ങളില്‍ വിതരണത്തിനുണ്ടാവും. ഇപ്പോള്‍ തിരൂരങ്ങാടിയില്‍ നടന്ന വാര്‍ത്ത കേട്ടപ്പോള്‍ ഇനി ബാഗും സഞ്ചിയും പോരാ ഹെല്‍മറ്റും വേണം എന്ന് തോന്നിപ്പോകുന്നു.

പരപ്പനാടന്‍ മുറ :

പള്ളികൾ തമ്മിലുള്ള അകലം കുറഞ്ഞു...പക്ഷെ പള്ളിക്കുള്ളിലെ അകലം കൂടിക്കൂടി വരുന്നു.1 അഭിപ്രായം:

  1. എല്ലാം മുറപോലെ അങ്ങനെ നടക്കട്ടെ!
    രസകരമാവുന്നുണ്ട് കാര്യങ്ങള്‍.......
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.