വന്നു കുടുങ്ങിയവര്‍

2011, ഓഗസ്റ്റ് 6

വേദനയില്‍ തുറന്ന ആദ്യത്തെ നോമ്പ്

കര്കടകത്തിലെ മഴ തിമിര്‍ത്തു പെയ്യുകയാണ്, കോലായിലെ സിമെന്റ് തറയിലിരുന്നു പുറത്തേക്കു നോക്കുമ്പോള്‍ മഴനൂലുകള്‍ക്കു വല്ലാത്ത ഭംഗി തോന്നി, ഓട്ടിന്‍ പുറത്തു നിന്നും മഴവെള്ളം ഒലിച്ചിറങ്ങുന്ന ശബ്ദം ഒരു സംഗീതം പോലെ  ആസ്വദിച്ചു,  വടക്കേലെ വലിയ കുളത്തിലേക്ക്‌ വെള്ളം കുത്തിയൊലിക്കുന്നത് കണ്ടപ്പോള്‍ ഓടി ചെന്ന് ചാടാന്‍ തോന്നി. വേനലില്‍ ഈ കുളത്തിന് എന്ത് ദൈന്യതയായിരുന്നു, ഉണങ്ങി വരണ്ട കുളത്തിലേക്ക്‌ നോക്കുമ്പോള്‍ വല്ലാത്ത ഒരു ചടപ്പായിരുന്നു, കോരി ചൊരിയുന്ന മഴയില്‍ ചെടികളെ പോലെ കുളത്തിനും  ജീവന്‍ വെച്ചിരിക്കുന്നു..

മഴക്കാലമായാല്‍ പിന്നെ കുളത്തിന് ഓരോഴിവുമില്ല, നേരം പുലര്‍ന്നാല്‍ തുടങ്ങും ആരവം, അന്തിയാവോളം ഇത് തന്നെ, അലക്കലും, കുളിക്കലും ഒക്കെയായി, പലരും വരുന്നു, പോകുന്നു.. , രാവിലെയും വൈകീടുമാണ്  കുട്ടികള്‍ക്ക് കുളിക്കാനുള്ള സമയം.ഊളിയിട്ടും, മുങ്ങാംകുളിയിട്ടും മഴയത് ഈ കുളത്തില്‍ നീരാടാന്‍ എന്ത് രസമായിരുന്നു, എന്ത് ചെയ്യാന്‍  ഉപ്പ വരുന്നതും കാത്തു ഉമ്മ പടിപ്പുരയില്‍ തന്നെ നില്‍പ്പാണ്,. ഉമ്മയുടെ കണ്ണൊന്നു വെട്ടിച്ചു മെല്ലെ പോയാലോ എന്ന് തോന്നി.
അര്ഷാദും, അമ്ജാദും, സിറാജും ഒന്നും ഇന്നിനി കുളിക്കാന്‍  വരില്ല, നാളെ ചിലപ്പോള്‍ നോമ്പ് തുടങ്ങുന്നതിനാല്‍ അവരൊക്കെ എന്നെ പോലെ വീട്ടുതടങ്കലിലാവും. അവരൊക്കെ വന്നിരുന്നെങ്കില്‍
ഉമ്മ സമ്മതിക്കുമായിരുന്നു.  

നേരം ഇരുട്ട് മൂടി തുടങ്ങി, മഴയുടെ ഓളങ്ങള്‍ക്കിടയിലും  യാഹുക്കയുടെ ബാങ്കുവിളി കാതില്‍ ഒരശിരീരി പോലെ മുഴങ്ങി. ഉമ്മ നമസ്കരിക്കാനുള്ള ഒരുക്കത്തിലാണ്,
കയ്യിലുള്ള ഓട്ടുപാത്രം ഉമ്മ ഇറയത്തേക്ക് നീട്ടി. അംഗശുദ്ധി വരുത്തി ഉമ്മ അകത്തേക്ക് പോകുമ്പോള്‍ 
പടിപ്പുരയില്‍ ഉപ്പയുടെ നിഴല്‍,

എടീ സുബൈദാ..മാസം കണ്ട്ക്നു, നാളെ നോമ്പാണ്‌,   ഹിലാല്‍ കമ്മിറ്റിയും,പാണക്കട്ടെ തങ്ങന്മാരും, ഖാളിമാരും ഒക്കെ ഉറപ്പിച്ച്ക്നു. ഇത് പറഞ്ഞു കൊണ്ട് ഉപ്പ 
വീടിന്റെപടി കയറുമ്പോള്‍, കയ്യിലുള്ള മിടായിപ്പോതിയിലായിരുന്നു എന്റെ കണ്ണ്. 
മോനെ നീ നാളെ നോമ്പ് നോല്കൂലെ?..
ഉപ്പയുടെ ചോദ്യം എന്റെ മനസ്സില്‍ ഒരു മിന്നലായി പതിഞ്ഞു . ആ ഉപ്പാ എന്ന് ഉത്തരം പറയും മുമ്പേ വന്നു ഉമ്മയുടെ ചോദ്യം,
ഹാ ഇങ്ങള് ഓനെ നോമ്പ് നോല്പ്പിക്കാന്‍ നടന്നോളി, ഓന്‍ ചെറിയേ കുട്ട്യാ.. 
ഉമ്മ എപ്പോഴും അങ്ങനെയാണ്,  ഞാന്‍ പട്ടിണി കിടക്കുന്നത് തീരെ  ഇഷ്ടമല്ല,  വെല്ല്യാപ്പയുടെ കൈകളില്‍ തൂങ്ങി പിടിച്ചു മുറ്റത്ത്‌ പിച്ച വെക്കുന്ന കാലം മുതല്‍ തുടങ്ങിയതാണ്‌ ഏക ആണ്തരിയെന്ന  ഈ ഇഷ്ട വാത്സല്യം, അത് കൊണ്ട് തന്നെ എന്റെ ചുറ്റുപാടും പത്തു കണ്ണാണ് , പ്രത്യേകിച്ചും ഉമ്മാക്ക്...  

നോമ്പ്  നോല്കും എന്ന് പറഞ്ഞാല്‍ ഉപ്പയുടെ കൂടെ പള്ളിയിലേക്ക് പോകാം, അര്‍ഷധിനെയും , അമ്ജാടിനെയും  ഒക്കെ കാണാം, ആ ഉപ്പാ  ഞാന്‍ നോമ്പ് നോല്കുന്നുണ്ട് എന്ന് പറയുമ്പോള്‍ അടുക്കളയില്‍ ഉമ്മയും താത്തയും  നാളത്തേക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ്  തയ്യാറാക്കുന്ന തിരക്കിലായിരുന്നു. 

നമസ്കാരത്തിന് പള്ളിയിലേക്ക് ഇറങ്ങുന്ന ഉപ്പയുടെ വിളി കേട്ട പാടെ ഞാന്‍ ഓടി ചെന്നു.. ആ കൈകളില്‍ തൂങ്ങി പള്ളിയിലേക്ക് നടന്നു..  കടകളില്‍ ആളുകളുടെ തിരക്കാണ്, റോഡില്‍ വാഹനങ്ങള്‍  അങ്ങോട്ടും ഇങ്ങോട്ടും ചീറി പ്പായുന്നു..രാത്രിയിലെ അങ്ങാടിയുടെ ഭംഗിയും ആസ്വദിച്ച്  ഉപ്പയുടെ കൈകളില്‍ പിടി വിടാതെ റോഡിന്റെ ഓരം പറ്റി നടക്കുമ്പോഴും എന്റെ മനസ്സില്‍ നാളത്തെ നോമ്പിനെ കുറിച്ചുള്ള ചിന്തയായിരുന്നു.. മുംമ്പു രണ്ടു തവണ നോമ്പെടുതപ്പോഴും ഉമ്മ മുറിപ്പിച്ചതാണ്, നാളെയും അങ്ങിനെ വല്ലതും സംഭവിച്ചാല്‍ പിന്നെ അര്‍ഷധിന്റെയും, അമ്ജാധിന്റെയും, സിരാജിന്റെയും ഒക്കെ മുഖത്തേക്ക് എങ്ങിനെ നോക്കും? അവര്‍ എന്നെ അത്താഴ കള്ളാ എന്ന് വിളിച്ചാലോ?  മനസ്സ് പതറി..

സുന്നത് കല്ല്യാണം കഴിഞ്ഞ ആദ്യ വെള്ളിയാഴ്ചയാണ് ആദ്യമായി  പള്ളിയില്‍ കയറിയത്, പിന്നെ എല്ലാ വെള്ളിയാഴ്ചയും ഉപ്പ പള്ളിയിലേക്ക് കൊണ്ട് പോകും. ഇതിപ്പോള്‍ രാത്രി നമസ്കാരത്തിന് ആദ്യമായിട്ടാണ് പള്ളിയില്‍... അംഗശുദ്ധി വരുത്തി അകത്തേക്ക് കയറുമ്പോള്‍ തന്നെ ഫൈസലിനെ കണ്ടു, പിന്നെ അവന്റെ കൂടെയായി, മുമ്പിലെ സ്വഫിലേക്ക് ഉപ്പ മെല്ലെ നടക്കുമ്പോള്‍ ഞാന്‍ ഫൈസലിന്റെ കൂടെ കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തേക്ക് നീങ്ങി...അവിടെ എല്ലാവരുമുണ്ട്‌, സജ്ജാദ്, അമ്ജാദ്, അര്‍ഷാദ്, സിറാജ്, അങ്ങിനെ എല്ലാവരും പള്ളിയില്‍ പിറകിലെ മൂലയില്‍ ഇരുന്നു സൊറ പറയുകയാണ്‌.


തരാവീഹു നമസ്കാരവും കഴിഞ്ഞു, ആളുകള്‍ പള്ളിയുടെ  പുറത്തേക്കു ഇറങ്ങി കൊണ്ടിരുന്നു.. ഞങ്ങള്‍ അപ്പോഴും ആ മൂലയില്‍ ഇരുന്നു സൊറക്കുകയാണ്. ഉപ്പ കലന്തന്‍ ഹജിയുമായി സംസാരത്തിലാണ്.. പെട്ടന്നാണ് ഞങ്ങളുടെ മുമ്പില്‍ ചുവന്ന കണ്ണുകളുമായി കയ്യില്‍ ചൂരലുമായി അവറാന്‍ മൌലവി പ്രത്യക്ഷപ്പെട്ടത്.

ആരാടാ.. ജമാഅത് നമസ്കാരം നടക്കുമ്പോള്‍ സംസാരിച്ചത്? അവറാന്‍ മൌലവിയുടെ ചോദ്യത്തിന് മുമ്പില്‍ ഉത്തരം പറയാനാകാതെ ഞങ്ങളുടെ നാവിറങ്ങി പ്പോയി..ആദ്യം ചൂരലിന്റെ രുചിയറിഞ്ഞത് സജാധാണ്‌, പിന്നെ ഫൈസല്‍, അമ്ജാദ്, അര്‍ഷാദ്, ഏറ്റവും ഒടുവില്‍ എനിക്കും കിട്ടി ഒരെണ്ണം.

ഉപ്പ ഒന്നും അറിഞ്ഞിട്ടില്ല. ആശ്വാസമായി, അറിഞ്ഞാല്‍ പിന്നെ നാളെയെന്നല്ല, ഒരിക്കലും പള്ളിയിലേക്ക് കൊണ്ട് വരില്ല..

വാ മോനെ എന്ന് ഉപ്പ വിളിക്കുമ്പോഴും ആ ചൂരലിന്റെ വേദന കയ്യില്‍ 
നീറുന്നുണ്ടായിരുന്നു.. 

പള്ളിയില്‍ നിന്നിറങ്ങി നടക്കുമ്പോള്‍ ആലിക്കുട്ട്യക്കയുടെ ടൈലര്‍ ഷാപ്പില്‍ കണ്ണൊന്നുടക്കി, പെരുന്നാളിന് ഷര്‍ട്ടും പാന്റും അടിക്കാന്‍ കൊടുക്കുക ഇവിടെയാണ്‌, പുത്തന്‍ വസ്ത്രങ്ങളുടെ മണം മനസ്സില്‍ പെരുന്നാള്‍ പൂത്തിരിയായി മിന്നി... ഉപ്പ വേഗം നടക്കാന്‍ പറഞ്ഞപ്പോഴാണ് അടിച്ചു വെച്ച പുത്തന്‍ വസ്ത്രങ്ങളില്‍ നിന്നും കണ്ണ് പിന്‍വലിഞ്ഞത്...

മാനുക്കയുടെ പലചരക്കുകടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കഴിഞ്ഞു, , ഉപ്പ നടക്കാന്‍ തുടങ്ങി, തൊട്ടു പിറകില്‍ ഞാനും, അതിനിടക്ക് മയമാക്കയുടെ പെട്ടിക്കടയില്‍ കയറി ഉപ്പ രണ്ടു നന്നാരി സര്‍ബത്ത് പറഞ്ഞു..അതും കുടിച്ചു കഴിഞ്ഞു..ഇനി വീട്ടിലേക്കാണ്...

നാളെ നോമ്പ് നോല്കാന്‍ തുണക്കണേ റബ്ബേ .. മനസ്സ് മന്ത്രിച്ചു.. 
വീടിന്റെ പടി കയറുമ്പോള്‍ ഉമ്മയും ഇതാത്തയും കാത്തിരിക്കുകയാണ്.. 
എത്ര നേരമായി എന്റെ മോന്‍ പോയിട്ട്, അടക്കം പറഞ്ഞു കൊണ്ട് ഉമ്മ എന്നെ ചേര്‍ത്ത് പിടിച്ചു..ഇജ്ജ് നാളെ നോമ്പ് നോല്‍ക്ണ്ടല്ലേ? ഇത്താത്തയുടെ ചോദ്യം.  നോല്‍കണെങ്കില്‍ നോറ്റൊട്ടെ ..എന്ന് ഉമ്മ.. എന്റെ ആദ്യത്തെ നോമ്പിനുള്ള പച്ചക്കൊടി ഉയര്‍ന്നതായി എനിക്ക് തോന്നി. 

ഉപ്പയുടെ കൂടെ കഞ്ഞിയും, പത്തിരിയും കഴിച്ചു, ഇനി ഉറങ്ങാന്‍ നേരമായി, ഇത്താത്ത കൊണ്ട് തന്ന ഒരു ഗ്ലാസ്‌ പാല്‍ മേശപ്പുറത് വെച്ച് ഞാന്‍ നോമ്പിനായി മനസ്സില്‍ നിയ്യത്ത് വെച്ചു...അത്താഴത്തിനു എഴുന്നെല്കാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയും. ഇത്താത്തയുടെ ചൂടും പറ്റി കിടക്കുമ്പോള്‍ മനസ്സ് നിറയെ നാളത്തെ നോമ്പായിരുന്നു.. നോമ്പ് മാത്രം....

 എന്റെ മേലില്‍ നിന്നും ഇത്താത്തയുടെ കൈകള്‍ എടുത്തപ്പോള്‍ ഞാനറിഞ്ഞു, ഇത്താത്ത അത്താഴത്തിനു എണീക്കുകയാണ്, 

യ അയ്യുഹല്ലദീന ആമനൂ കുതിബ അലൈകുമു സ്സിയാമു കമാ കുതിബ അലല്ലദീന മിന്‍ ഖബലികും, ല അല്ലകും തതഖൂന്‍.. ഉമ്മ ഖുറാന്‍ ഓതുന്നത്‌ കേള്കുന്നുണ്ട്. എന്നും അത്താഴത്തിനു മുമ്പ്  ഈ ഒത്തു കേട്ടാവും എല്ലാവരും ഉണരുക. 

അത്താഴം കഴിഞ്ഞു, ഉപ്പ പള്ളിയിലേക്ക് പോവുകയാണ്, ഉപ്പ എന്നെ വിളിച്ചു പക്ഷെ.. പുറത്ത് മഞ്ഞു പെയ്യുന് ണ്ട് ങ്ങള് ഓനെ കൊണ്ടോണ്ട..ഉമ്മ  വിലക്കി, ഉമ്മയോടും ഇതാതയോടുമൊപ്പം വീട്ടില്‍ നിന്നും നമസ്കരിച്ചു വീണ്ടും കിടക്കപായയിലേക്ക് മറിഞ്ഞു..കൂടെ ഇതാത്തയും..

 ഇത്താത്ത ചൂലുമായി മുറ്റം അടിച്ചു വാരുന്നതും, ഉമ്മ അടുക്കളയില്‍ പാത്രങ്ങള്‍ അടുക്കി വെക്കുന്നതും കേട്ടാണ് എണീറ്റത്.. നേരെ മുഖം കഴുകി, പല്ല് തേച്ചു മുറ്റത്തേക്കിറങ്ങി.. 

തെക്കേലെ ചക്കരമാവില്‍ ഞാന്‍ കണ്ടു വെച്ച കണ്ണിമാങ്ങകള്‍ അധികവും ഞെട്ടറ്റു വീണിരിക്കുന്നു,  ഉമ്മ വിത്ത്  പാകിയിട്ട പയര്‍മണികള്‍ മഴയില്‍ കുതിര്‍ന്നിരിക്കുന്നു.. പേരക്കാ മരത്തിലുണ്ടായിരുന്ന അടക്കാ കിളികളൊക്കെ കൂട് വിട്ടു പറന്നു പോയിരിക്കുന്നു...തൊട്ടപ്പുറത്ത് പുളിമരച്ചോട്ടില്‍ കാക്കകൂട് തകര്‍ന്നു വീണു കിടക്കുന്നു..
മണ്ണിലും മനസ്സിലും നനവ്‌ തീര്‍ത്ത മഴയിലാണ് സ്വപ്‌നങ്ങള്‍ കുത്തിയൊലിച്ചു പോയിരിക്കുന്നത്.. 
എന്റെ വിഷമം ഉമ്മാക്കും, ഇതാതാക്കും മനസ്സിലായി, അവര്‍ എന്നെ സാന്ത്വനിപ്പിക്കാന്‍ നോക്കി.

പോത്തിറച്ചിയും, പച്ചക്കറികളുമായി ഉപ്പ വന്നിട്ടുണ്ട് . ഉപ്പ കൊണ്ട് വന്ന ഹുസൈന്‍ സലഫിയുടെ പ്രഭാഷണ കസെറ്റ് ഇത്താത്ത ടേപ്പ് രേകോര്ടരിലിട്ടു.. ഹൃദയസ്പര്‍ശിയായ ആ പ്രഭാഷണം കേട്ടപ്പോള്‍ നോമ്പിന്റെ ചൈതന്യം മനസ്സിലാക്കാനായി..സമയം പന്ത്രണ്ടാവാനായി, ഇത്താത്ത കിണറ്റില്‍ നിന്നും വെള്ളം കോരി തന്നു, തണുത്ത വെള്ളം മേലില്‍ ഒഴിച്ചപ്പോള്‍, കുളിര് കോരി..ദാഹം തീര്‍ക്കാന്‍ ഇത്തിരി വെള്ളം അകതാക്കിയാലോ എന്ന് തോന്നി, പക്ഷെ..അര്ഷാദും, അമ്ജാദും, സിരാജുമെല്ലാം മനസ്സിലേക്ക് ഓടിയെത്തി.

കുളിച്ചു  റെഡിയായി.. ഇനി പള്ളിയിലേക്കാണ്..അസര്‍ നമസ്കാരം കഴിയും വരെ പള്ളിയില്‍ തന്നെ...എനിക്ക് ധ്രിതിയായി.. ഉപ്പയുടെ കൈപിടിച്ച് വീണ്ടും പള്ളിയിലേക്ക് പോകുമ്പോള്‍ നോമ്പിന്റെ അനുഭൂതിയായിരുന്നു മനസ്സിന്. ഉച്ചവെയിലില്‍ പള്ളിയിലേക്ക് നടക്കുമ്പോള്‍ ചുണ്ടുകള്‍ വരണ്ടുണങ്ങിയിരുന്നു...


ളുഹര്‍ നമസ്കാരത്തിന്  പള്ളിയില്‍ നിറയെ ആളുകള്‍, ഒറ്റ വക്തിനും പള്ളിയിലേക്ക് കാലെടുത്തു വെക്കാത്തവര്‍ മുതല്‍ മൂക്കറ്റം വരെ കുടിച്ചു പൂസായി നടക്കുന്നവര്‍ വരെയുണ്ട്, റമദാന്‍ ആയാല്‍ ഇങ്ങിനെയാണ്‌, എല്ലാവര്ക്കും വിശ്വാസം തലയ്ക്കു പിടിക്കും, റമദാന്‍ കഴിഞ്ഞാല്‍ അത് പോവുകയും ചെയ്യും.  പിന്നെ പഴയ പോലെയായി..

നമസ്കാരം കഴിഞ്ഞു, കുട്ടികള്‍ ഒക്കെ വേഗം എഴുന്നേറ്റു പള്ളിയുടെ പിറകിലേക്ക് പോയി..സജാദ് ലുഡോ ബോര്‍ഡു കൊണ്ട് വന്ന്ക്കിണ്.. അമ്ജാധാണ് പറഞ്ഞത്.. പിറകിലെ  സോറമൂലയില്‍ ലുഡോ ബോര്‍ഡു നിരത്തുമ്പോള്‍ അകത്തെ പള്ളിയില്‍ അവറാന്‍ മൌലവി നോമ്പിന്റെ ചൈതന്യത്തെ കുറിച്ച് ക്ലസ്സെടുക്കുന്നുണ്ടായിരുന്നു..

ലുഡോ കളിച്ചപ്പോള്‍ സമയം പോയതറിഞ്ഞില്ല, യാഹുക്ക വീണ്ടും ബാങ്ക് കൊടുത്തു, അസര്‍ ബാങ്ക് ആണത്..ഇനി നോമ്പ് തുറക്കാന്‍ മൂന്ന് മണിക്കൂര്‍ മാത്രം. നമസ്കരിക്കാനായി വുളു എടുക്കുമ്പോള്‍ അര്ശാധിന്റെ ചോദ്യം, ഇജ്ജെന്തേ നിസ്കാരം കയ്ഞ്ഞിട്ടും പൊരേല്‍ പോകാഞ്ഞി, അനക്ക് നോമ്പുണ്ടാല്ലേ.. കഴിഞ്ഞ നോമ്പുകാലത്ത്  എന്നെ അതാഴക്കള്ളന്‍ എന്ന് വിളിച്ച അര്ശാധു തന്നെ ഇത് ചോദിച്ചതില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി...എനിക്ക് നോമ്പുന്ടെന്നു എല്ലാവരോടും പറയണമെന്ന് കരുതിയതാണ്, പക്ഷെ.... അവസരം കിട്ടിയില്ല.
അസര്‍ നമസ്കാരത്തിന് ഞങ്ങളെല്ലാവരും ഒരുമിച്ചാണ് നിന്നത്, സലാം വീട്ടിയ പാടെ ഞങ്ങള്‍ ഒരുമിച്ചു തന്നെ എഴുന്നേറ്റു..
ഉപ്പയോട്‌ ചോദിച്ച ശേഷമാണ് കൂട്ടുകാരോടൊപ്പം പുറത്തേക്ക് ഇറങ്ങിയത്‌, പള്ളിയുടെ മുമ്പില്‍ തന്നെ റോഡു പണി നടക്കുന്നുണ്ട്, റോഡു റോളര്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കുറെ നേരം നോക്കി നിന്നു.. കുണ്ടും കുഴിയും നിറഞ്ഞിരുന്ന റോഡു ഇപ്പോള്‍ നല്ല കറുത്ത് മിനുസ്സമുള്ളതായിരിക്കുന്നു. ഇനി സ്കൂള്‍ തുറന്നാല്‍ നടന്നു പോകാന്‍ എളുപ്പമാകുംല്ലേ ..സജാദ് പറഞ്ഞു.

അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങള്‍ നിരപ്പലകള്‍ നീകി വെച്ച്  ഓരോന്നായി അടക്കുകയാണ്, ആളുകള്‍ വേഗം വീടണയാന്‍ തെരക്ക് കൂട്ടുന്നുണ്ട്. റോഡു പണിയായതിനാല്‍ വാഹനങ്ങള്‍ കിട്ടാതെ പലരും നട്ടം തിരിയുകയാണ്, സജ്ജാദും, അമ്ജാദും, അര്ഷാദും ഞാനും കൂടി വീണ്ടും പള്ളിയിലേക്ക് കയറി.. മുഖം കഴുകി,  ഉണങ്ങി വരണ്ട ചുണ്ടുകള്‍ ഒന്ന് നനഞ്ഞു..പിറകിലുണ്ട് അവറാന്‍ മൌലവി..
ഇന്നലെ നിങ്ങള്ക് വേദനിച്ചോ മക്കളെ.. ആ ചോദ്യത്തില്‍ ഞങ്ങള്‍ അലിഞ്ഞു പോയി.. കയ്യിലുള്ള ചുവന്ന കടലാസ് മൌലവി ഞങ്ങള്ക് നേരെ നീട്ടി. മൌലവിയുടെ ബീഡി പൊതിഞ്ഞ കടലാസ്സാണ് അത്, അത് നനച്ചു കയ്യില്‍ ഒട്ടിച്ചാല്‍ കയ്യില്‍ ചുകപ്പു പരക്കും..

യാഹുക്ക വുളു എടുക്കുന്നുണ്ട്, ഇനി അര മണികൂരില്ല നോമ്പ് തുറക്കാന്‍, നേരെ വീട്ടിലേക്കു ഓടി. ഉമ്മയും ഇതാത്തയും കൂടി പലഹാരങ്ങളും വിഭവങ്ങളും ഒരുക്കുന്ന തെരക്കിലാണ്, എന്നെ കണ്ട പാടെ ഉമ്മ അടുത്തേക്ക് ഓടി വന്നു, ന്റെ മുത്ത് ഇന്ന് നോമ്പ് നോറ്റതാണല്ലോ ...ഉമ്മാന്റെ സന്തോഷം അല തല്ലി, ഇത്താത്ത ഓടി വന്നു ഇരു കവിളിലും തുരു തുരാ മുത്തം വെച്ചു.. എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.. നോമ്പ് തുറക്കാനുള്ള പലഹാരങ്ങള്‍ മേശപ്പുറത്തു നിരത്തുന്നുണ്ട്‌, മഗ് രിബ്  ബാങ്ക് കൊടുക്കാന്‍ ഇനി അഞ്ചു മിനുട്ട് മാത്രം.

അങ്ങീലെ വേലി കടന്നു മെല്ലെ പള്ളിയുടെ സൈഡില്‍ എത്തി, അവിടെയാണ് യാഹുക്ക ബാങ്ക് കൊടുക്കുന്ന മുറി, ഇടയ്ക്കിടയ്ക്ക് ക്ലോകിലേക്ക് നോക്കി യാഹുക്ക അങ്ങിനെ ഉലാതുകയാണ്, സമയമായി, യാഹുക്ക മുറിയിലേക്ക് കയറിയതും, ഞാന്‍ വീട്ടിലേക്കു ഓടിയതും ഒപ്പമായിരുന്നു, ആദ്യത്തെ നോമ്പ് പൂര്‍ത്തിയായിരിക്കുന്നു.. സന്തോഷത്തോടെ ഓടുമ്പോള്‍ ഉമ്മയും ഇതാത്തയും അടുക്കളയുടെ പിറകിലെ മുറ്റത്ത്‌ ഇറങ്ങി കാത്തിരിക്കുകയാണ്, ഓടുന്നതിനിടയില്‍ അങ്ങീലെ മുള്ള് വേലിയില്‍ കാല്‍ തടഞ്ഞതും, വീണതും ഒപ്പമായിരുന്നു..കാലില്‍ നിന്നും ചോര വാര്‍ന്നൊഴുകി.. കരഞ്ഞു കൊണ്ട് ഓടി വന്ന ഉമ്മയും ഇതാത്തയും നീടിയ പച്ചവെള്ളത്തില്‍ ഞാന്‍ നോമ്പ് മുറിച്ചു. സംഭവം അറിഞ്ഞു ഉപ്പയും എത്തിയിട്ടുണ്ട്, വീട്ടിന്റെ ഉമ്മറത്ത്‌ ചാരുപടിയില്‍ കിടന്നു കാലിലെ വേദന കടിച്ചമര്‍തുമ്പോള്‍, തീന്മേശയിലെ വിഭവങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...















12 അഭിപ്രായങ്ങൾ:

  1. ആദ്യ നോമ്പനുഭവം രെസത്തോടെയും ആത്മാര്‍ത്ഥമായും അവതരിപ്പിച്ചപ്പോള്‍ നോമ്പിന്‍റെ ചൈതന്യവും പ്രകടമായത് ഏറെ അഭിനന്ദനാര്‍ഹാമായി. വായിക്കുന്ന എല്ലാവരെയും ഒരു നിമിഷത്തേക്കെങ്കിലും കുട്ടിക്കലത്തെക്കും ആദ്യ നോമ്പിലെക്കും എത്തിക്കുമെന്ന് ഉറപ്പു. റമളാന്‍ മുബാറക്ക്‌

    മറുപടിഇല്ലാതാക്കൂ
  2. ഞാനും തിരിച്ച് പോയി ട്ടോ ,
    ആദ്യ നോമ്പിന്റെ മധുരമുള്ള ഓര്‍മ്മയിലേക്ക് .
    മരക്കാര്‍ കാക്കയുടെ താളത്തിലുള്ള ബാങ്ക് വിളി എന്‍റെ കാതില്‍ മുഴങ്ങുന്നു.
    അബു മുസ്ലിയാരുടെ ചൂരലിന്റെ ചൂട് ഇപ്പോഴും ഉണ്ട്. അത് ഇടയ്ക്കു നിസ്കാരതിനിടക്ക് മുങ്ങിയതിന്.
    ഈ കുറിപ്പിലെ ഓരോ വരികള്‍ക്കൊപ്പവും എന്‍റെ മനസ്സും സഞ്ചരിച്ചു .
    ഒത്തിരി നന്ദി. ആ ഓര്‍മ്മകളെ തിരിച്ച് വിളിച്ച മനോഹരമായ പോസ്റ്റിനു.

    മറുപടിഇല്ലാതാക്കൂ
  3. ഫോണ്ട് വായിക്കാന്‍ ഒത്തിരി ബുദ്ധിമുട്ട്

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം. ബാല്യത്തിന്റെ നൈര്‍മ്മല്ല്യം തുടിക്കുന്ന വാക്കുകള്‍. പക്ഷെ, അക്ഷരത്തെറ്റുകള്‍ ഉണ്ട്. അത് തിരുത്തുമല്ലോ.:-)

    മറുപടിഇല്ലാതാക്കൂ
  5. എല്ലാവരും പറയുന്നു, അക്ഷര തെറ്റുണ്ടെന്ന്, , ഗൂഗിള്‍ ട്രന്‍സ്ലിട്ടെരേറ്റില്‍ മംഗ്ലീഷില്‍ ആണ് ഞാന്‍ ടൈപ് ചെയ്യുന്നത്, മലയാളം ടൈപ് ചെയ്യാന്‍ വേറെ എന്തെങ്കിലും ഫോര്‍മുല ഉണ്ടെങ്കില്‍ സഹായിക്കുക എന്റെ ബ്ലോഗ്‌ സുഹൃത്തുക്കളെ...

    മറുപടിഇല്ലാതാക്കൂ
  6. ബ്ലോഗ്‌ വയിച്ചു.......ഇഷ്ട്ടപ്പെട്ടു .....ആദ്യമായിട്ടാണ് ഒരു നാട്ടുകാരന്റെ ബ്ലോഗ്‌ വായിക്കുന്നത് .....താങ്കള്‍ SNMHSS യില്‍ ലാബില്‍ വര്‍ക്ക്‌ ചെയ്തിരുന്നോ? ഞാന്‍ അവിടെ +2 ചെയ്തിരുന്നു 2004 -2006 ബാച്ച് ജാസ്മീന്‍ ടീച്ചറെ ബ്രദര്‍ അല്ലെ? ടീച്ചര്‍ ഇപ്പോള്‍ എവിടെയാണ്? ടീച്ചര്‍ എന്നെ മറന്നു കാണും .....ഒരു റഫീഖ് ചോദിച്ചിരുന്നു എന്ന് പറയണം ........
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. റഫീകെ, ഞാന്‍ എസ് യെന്‍ എമ്മിലെ ലാബ്‌ അസിസ്റ്റന്റ്‌ ആണെന്നത് ശരി തന്നെ, ജാസ്മിന്‍ ടീച്ചറുടെ ബ്രദര്‍ ആണെന്നത് നിനക്ക് ആള്‍ മാറിപ്പോയതാണ്. .അമ്ജാദ് എന്ന മറ്റൊരു ലാബ്‌ അസിസ്റ്റന്റ്‌ ഉണ്ട് അവിടെ അവനാണ് നീ ഉദ്ദേശിച്ച ജാസ്മിന്‍ ടീച്ചറുടെ ബ്രദര്‍... ഏതായാലും ഇവിടെ വന്നു കമന്റടിക്കാന്‍ നിനക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്.. സ്കൂളിലെ പോലെയല്ല...വീണ്ടും വരണം. സുഹൃത്തുക്കള്‍ക്ക് , സഹപാഠികള്‍ക്ക് ഒക്കെ ലിങ്ക് നല്‍കുമല്ലോ...

    മറുപടിഇല്ലാതാക്കൂ
  8. ഹൃദയസ്പര്ശിയായിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  9. പ്രിയ പരപ്പനാടാ ................ഈ വഴി ആദ്യമായാണ്‌ വരവ് ........ഇഷ്ടമായി എഴുത്ത് ........മനസ്സ് പഴയ കാലത്തേക്ക് കണ്ണാടി പിടിച്ചു .........ഇത് പോലെ ഒക്കെ തന്നെ ഇനിയും എഴുതുക .എല്ലാ ഭാവുകങ്ങളും ......
    [എന്റെ ഒരു കുഞ്ഞു ബ്ലോഗ്‌ ഉണ്ട് .സ്വാഗതം ..........]

    മറുപടിഇല്ലാതാക്കൂ
  10. വളരെ ഹ്യദ്യമായി പരപ്പനാടാ....

    മറുപടിഇല്ലാതാക്കൂ
  11. ഇപ്പോഴാണ് വായിച്ചത,,, നന്നായി... വളരെ നന്നായി...

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.