വന്നു കുടുങ്ങിയവര്‍

2014, ഒക്‌ടോബർ 13

മദായിൻ സ്വാലിഹിന്റെ ചരിത്ര ഭൂമിയിലൂടെ...


ഒറ്റപ്പെടലിന്റെ വിരഹത്തിൽ നിന്നും, നീണ്ട പെരുന്നാൾ അവധി നൽകുന്ന   ആലസ്യത്തിൽ നിന്നും , മുഖം പൂഴ്ത്തിയുള്ള ഉറക്കങ്ങളിൽ  നിന്നുമൊക്കെ   ഊളിയിടാൻ ദൂരയാത്രകൾ കൊണ്ടാവും. അത്തരത്തിൽ ഒരു ദൂരയാത്രയിലായിരുന്നു   ഈ ബലിപെരുന്നാളിന് ഞങ്ങൾ...  പൗരാണികതയുടെ ഉൾതുടിപ്പുകൾ തൊട്ടറിയാൻ അറഫയുടെ തലേന്ന് തന്നെ തുടങ്ങി ഞങ്ങളുടെ പെരുന്നാൾ യാത്ര. പലപ്പോഴും കാതങ്ങൾ താണ്ടിയുള്ള യാത്രയിൽ മനസ്സ് മരുഭൂമികളോട് ചേർന്നിട്ടുണ്ടാവും. നാടോർമ്മകളിൽ വരണ്ടു നിൽക്കുന്ന മനസ്സുകളിൽ പിന്നെ  ഒട്ടകങ്ങളാണ്  വരി വരിയായി കാഫിലകൾ തീർക്കുക . മരുഭൂമികൾക്കിടയിൽ  മരുപ്പച്ചകൾ ആഘോഷത്തിന് നേരിയ നിറം  പകരും.. അത്തരം ഒരാനന്ദവും നിർവൃതിയും അനുഭവിക്കാനായി എന്നതിനെക്കാളേറെ ചെറുപ്പം മുതൽ കേട്ട് പതിഞ്ഞ ചില ചരിത്ര പ്രദേശങ്ങൾ നേരിട്ടു കാണാനായ ചാരിതാർത്യത്തിലാണ് ഞങ്ങൾ.

മദീന, മദായിൻ സ്വാലിഹ്, തബൂക്, ഹഖ്ൽ തുടങ്ങി സൗദി അറേബ്യയിലെ ചരിതപ്രദേശങ്ങൾ ലക്ഷ്യമാക്കിയായിരുന്നു യാത്ര.  കൂട്ടുകാരായ  ഫസൽ, ഷാഫി, അഷ്‌റഫ്‌ വടക്കുമ്പാട്, സബീൽ, ഷിബിൻ അങ്ങനെ ആറു പേരുമായി ഞങ്ങളുടെ ജീ എം സി യുകോണ്‍ അറഫയുടെ തലേ ദിവസം തന്നെ യാത്ര തുടങ്ങി. വണ്ടിയോടിക്കുന്നവർ ഉറങ്ങാതിരിക്കാനുള്ള പരപ്പനാടൻ മരുന്ന്  കയ്യിൽ കരുതിയതിനാൽ ഞാൻ മുൻസീറ്റിൽ തന്നെയിരുന്നു. സൗദി അറേബ്യയിലെ ഏതൊരു ഹൈവേയിലും  ഒട്ടകത്തെ മാത്രം പേടിച്ചാൽ പോരല്ലോ.. സാഹിർ കാമറകളും പേടിക്കണമല്ലോ. മൊബൈൽ കാമറക്ക് മുന്നിൽ ചിരിച്ചു നിന്ന് ശീലമുള്ള ഷാഫിയും ഷിബിനും സാഹിർ കാമറ ഫ്ലാഷ് അടിച്ചപ്പോളും ഇരുന്നു ചിരിക്കുന്നു.  അങ്ങനെ മദീനയെത്തും മുമ്പ് വഴിയരികിൽ നിർത്തി അത്താഴം കഴിക്കുമ്പോഴാണ് ഷാഫിയുടെ ഡ്രസ്സ്‌ ശ്രദ്ധയിൽ പെട്ടത്. ഫുൾ ഫ്രീക്കായിട്ടാണ് മൂപ്പര് വണ്ടിയിൽ കയറി പ്പറ്റിയത്. അതും മദീനയിലേക്ക് . അവസാനം അഷ്‌റഫ്‌കയുടെ നിരന്തരമായ അഭ്യര്ത്ഥന മാനിച്ചു ആ ട്രൌസർ മാറ്റി അവൻ പാന്റിട്ടു.

ശാന്തമായ മദീന നഗരത്തിലെത്തുമ്പോൾ പാൽ നിലാവിന്റെ പ്രഭ ചൊരിഞ്ഞു നിൽക്കുന്നു   പ്രവാചകന്റെ പള്ളി. ശ്രവണമനോഹരമായ സുബഹിന്റെ ബാങ്കൊലി കേൾക്കും മുമ്പേ തന്നെ വിശ്വാസികൾ അറഫ യുടെ വ്രതശുദ്ധിയോടെ മസ്ജിദുൽ ഹറമിലേക്ക് ഒഴുകുന്നു. അങ്ങകലെ അപ്പോൾ അറഫയുടെ മൈതാനങ്ങളിലേക്ക് വിശ്വാസി സാഗരം ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. സുബഹി നമസ്കാരത്തിനു ശേഷം പുണ്യ റസൂലിന്റെ ഖബർ സ്ഥിതി ചെയ്യുന്ന  റൗള യിൽ    ചെന്ന് സലാം പറഞ്ഞായിരുന്നു പിന്നീടുള്ള യാത്ര.

മദീനയിൽ  നിന്നും  നേരെ മദായിൻ സ്വാലിഹായിരുന്നു അടുത്ത  ലക്ഷ്യം..സൗദിയിൽ വന്നത് മുതൽ മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളിൽ ഒന്നായിരുന്നു മദായിൻ സ്വാലിഹ് ഒന്ന് കാണുക എന്നത്.  ഭൂമിയിൽ എന്നെന്നും ജീവിക്കാമെന്ന് അഹങ്കരിച്ചിരുന്ന ഥമൂദ്‌ ഗോത്രത്തെ അല്ലാഹു നശിപ്പിച്ച മണ്ണിലേക്ക് നീങ്ങുമ്പോൾ എല്ലാവർക്കും ആകാംക്ഷയായിരുന്നു. പാറകളും , മലകളും തുരന്നു വീടുണ്ടാക്കിയ ആ ഗോത്രക്കാർ അതീവശക്തരായിരുന്നു എന്ന് ഖുർആനിൽ വ്യക്തമാക്കുന്നുണ്ട്. മദീനയിൽ നിന്നും 374 കിലോമീറ്റർ അകലെയാണ്  മദായിൻ സ്വാലിഹ്.


മദീന വിട്ടു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ആ ഒറ്റവരിപ്പാതയിൽ പിന്നെ ഞങ്ങൾ മാത്രമായി. കിലോമീറ്ററുകളോളം വിജനമായി കിടക്കുന്ന മരുഭൂമിയിൽ ഒട്ടകങ്ങളും, ഏതാനും ഗ്രാമീണരും മാത്രമുണ്ട് വല്ലപ്പോഴും കൂട്ടിന്. റോഡിനു കുറുകെ വരുന്ന ഒട്ടകങ്ങളെ പോലും തടയുന്നതിനുള്ള കമ്പിവേലികൾ ആ റോഡിനിരുവശവുമില്ല. വരണ്ടു കിടക്കുന്ന മലമടക്കുകൾക്കിടയിലൂടെ ചെത്തി മിനുക്കിയുണ്ടാക്കിയ ആ ഒറ്റവരിപ്പാതയിൽ ഒറ്റക്കുള്ള യാത്ര അപകടകരമാണ്. വണ്ടിയോടിക്കുന്നതാവട്ടെ  ഷാഫിയും, സ്റ്റിയറിംഗ് കയ്യിൽ കിട്ടിയാൽ പിന്നെ ആക്സിലേറ്ററിൽ പാറക്കല്ല് കയറ്റി വെച്ച പോലെയാണ് അവന്റെ ഡ്രൈവിംഗ്. വെള്ളിയാഴ്ചയായതിനാലും പ്രഭാതമായതിനാലുമാവാം തികച്ചും ഒറ്റപ്പെട്ട പോലെ, ഹൃദയമടക്കി പിടിച്ച ഒരു യാത്ര...    ആകാംക്ഷാഭരിതമായ ഈ നിമിഷങ്ങൾ എല്ലാവരുടെയും മനസ്സില് തീക്കനൽ നിറച്ചെന്നു പറയാം.


അൽ ഉലയിൽ  എത്തും മുമ്പേ തന്നെ  പച്ച പിടിച്ചു നിൽക്കുന്ന കൃഷി തോട്ടങ്ങളും, തടാകങ്ങളും സന്ദർശകർക്ക് സ്വാഗതമരുളുന്നു , ജനവാസം അടയാളപ്പെടുത്തി ഏതാനും വീടുകളും, കെട്ടിടങ്ങളും, പള്ളികളും   ഒക്കെ കണ്ടതോടെ എല്ലാവരും ശ്വാസം നേരെ വിട്ടു.  അൽ ഉല പട്ടണത്തിൽ തലയുയർത്തി നിൽക്കുന്ന മനോഹരമായ ആ പള്ളിയിലെ ജുമുഅക്ക് ശേഷം വീണ്ടും യാത്ര തന്നെ.. റോഡിനു രണ്ടു വശങ്ങളിലും ശിൽപങ്ങൾ പോലെ കൊത്തി വെച്ച മലനിരകൾ മദായിൻ സ്വാലിഹിലേക്കുള്ള യാത്രയെ അനുഗമിക്കുന്നു. സൗദിയുടെ  വടക്ക് പടിഞ്ഞാറൻ മരുപ്പച്ച എന്നറിയപ്പെടുന്ന   അൽ ഉല താഴ്വര മുതൽ  മദായിൻ സ്വാലിഹ് വരെയുള്ള 22 കിലോമീറ്റർ  വശ്യമായ  മലനിരകളും ,ശിൽപങ്ങളും ചാരുതയേകുന്നു, പക്ഷെ ദൈവീകശിക്ഷയുടെ ബാക്കിപത്രമെന്ന നിലയിൽ ഭയന്ന് കൊണ്ടല്ലാതെ വിശ്വാസികൾ ഈ പ്രദേശത്തേക്ക് പ്രവേശിച്ചു കൂടായെന്നും  വേഗം സന്ദർശിച്ചു മടങ്ങണം എന്നും തബൂക് യുദ്ധ വേളയിൽ ഇവിടെ എത്തിയ പ്രവാചകൻ അനുചരന്മാർക്ക് നിർദേശം നൽകിയിരുന്നത്രെ.        


യൂനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ സൗദി അറേബ്യയിലെ ഏക സ്ഥലം എന്ന പ്രത്യേകതയെക്കാളേറെ ദൈവീക ശിക്ഷയിറങ്ങിയ ഒരു സമൂഹത്തിന്റെ ശേഷിപ്പുകൾ കണ്ടറിയുക എന്നതാവാം സഞ്ചാരികളെ മദായിൻ സ്വാലിഹിലേക്ക് അടുപ്പിക്കുന്നത്. ആജാനുബാഹുക്കളായ ഥമൂദ്‌ ഗോത്രം  മലതുരന്നു വീടുണ്ടാക്കിയത് തന്നെ ഭൌതീകശിക്ഷകളിൽ നിന്നും രക്ഷപ്പെടാനായിരുന്നുവെന്ന്  ചരിത്രം പറയുന്നു. അല്ലാഹുവിന്റെ ദൂതനായ സ്വാലിഹ് നബിയിൽ വിശ്വസിക്കുന്നതിന് വേണ്ടി   ഈ ജനതയ്ക്ക് ദൃഷ്ടാന്തമായി അല്ലാഹു ഒരു ഒട്ടകത്തെ ഇറക്കിയതായി ഖുർആനിൽ കാണാം. ഈ ഒട്ടകം വെള്ളം കുടിച്ച കിണർ പോലും കാലങ്ങൾക്ക് ശേഷവും സന്ദർശകർക്ക് ദൃഷ്ടാന്തമാവുകയാണ്. പതിനഞ്ചു കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്ന ഈ പാറക്കൂട്ടങ്ങൾ പൗരാണിക നിർമ്മിതിയുടെ പ്രൌഡി വിളിച്ചോതുന്നു. കാലപ്രവാഹത്തിൽ ഭംഗി ചോരാതെ ഈ പ്രദേശം സംരക്ഷിച്ചു നിർത്തുന്നതിൽ സൗദി അറേബ്യൻ ഗവണ്‍മെന്റ് അതീവശ്രദ്ധ ചെലുത്തുന്നുണ്ട്.  ചരിത്ര വിദ്യാർത്ഥികൾക്ക് തിരിച്ചറിയാനും, വഴി അറിയിക്കുന്നതിനുമായി അങ്ങിങ്ങായി മാർഗനിർദേശങ്ങൾ അടങ്ങുന്ന ഫലകങ്ങൾ കാണാം.   ഏകദേശം അയ്യായിരത്തോളം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന  ഒരു സമൂഹത്തിന്റെ ശേഷിപ്പായി പാറ തുരന്നുണ്ടാക്കിയ 132 വീടുകൾ ഇപ്പോഴും.  ദൃഷ്ടാന്തമായി അവശേഷിക്കുന്നു.                              

കല്ല്‌ എന്നർത്ഥം വരുന്ന അൽഹിജ്ർ എന്നാണ് മദായിൻ സ്വാലിഹ് ആദ്യം അറിയപ്പെട്ടിരുന്നത്. ധിക്കാരികളായ സമൂഹം അല്ലാഹുവിന്റെ കൽപ്പനകളെ ധിക്കരിച്ചു തന്നെ ജീവിച്ചു. സ്വാലിഹ് നബിയുടെ ഒട്ടകത്തെ അറുക്കുകയും സ്വാലിഹ് നബിയെ തന്നെ കൊല്ലാൻ പദ്ധതിയിടുകയും ചെയ്തു. ഘോരമായ ശിക്ഷയെ കുറിച്ചുള്ള അല്ലാഹുവിന്റെ മുന്നറിയിപ്പിനെ തുടർന്ന് സ്വാലിഹ് നബിയും അനുയായികളും അവിടെ നിന്നും രക്ഷപ്പെടുകയുണ്ടായി. ശേഷമാണ് ഏഴു ദിവസത്തോളം നീണ്ടു നിന്ന ഭയാനകമായ ശബ്ദവും, ഭൂചലനവും വഴി ആ മണിമേടകൾ  നിലം പൊത്തി. അതോടെ  ഥമൂദ്‌ ഗോത്രം നാമാവശേഷമാവുകയും ചെയ്തു.                                                                              

മധ്യപൗരസ്ത്യ ദേശങ്ങളിലേക്ക് പണ്ട് മുതലേ കച്ചവട സംഘങ്ങൾ യാത്ര ചെയ്തിരുന്ന മദായിൻ സ്വാലിഹ് ജോർദാനിലെ പെട്ര ആസ്ഥാനമായി വസിച്ചിരുന്ന നബ്തിയൻ വർഗക്കാരുടെ രണ്ടാം പട്ടണമായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. വിശിഷ്യാ പെട്ര - മക്ക വ്യാപാരബന്ധത്തിനിടയിലെ ഒരു താവളം എന്ന നിലയിലാണ്  മദായിൻ സ്വാലിഹ് നല്ല ശ്രദ്ധയാകർഷിച്ചത്. പഴയ ഹിജാസ് തീവണ്ടിപാതയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു  മദായിൻ സ്വാലിഹ്. ഗൃഹാതുരത്വവും പേറി തലമുറകൾക്ക് ചൂണ്ടു പലകയായി ആ മീറ്റർഗേജ് ട്രെയിനിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും സഞ്ചാരികളെ ആകർഷിക്കുന്നു.    

പെട്ര ..ജോർദാൻ 
ഭീമാകാരമായ തൂണുകളിൽ  കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികളുമായി ജോർദാനിലെ പെട്രയിൽ ഉയർന്നു നിൽക്കുന്ന മണിമേടകൾ മദായിൻ സ്വാലിഹുമായി ആ ജനതക്കുണ്ടായിരുന്ന ബന്ധത്തെ സാക്ഷ്യപ്പെടുത്തുന്നു. എ ഡി 106 ൽ പെട്ര നഗരം റോമാ സൈന്യം കയ്യടക്കിയതോടെയാണ് മദായിൻ സ്വാലിഹിനും അതിന്റെ പ്രതാപവും തലയെടുപ്പും നഷ്ടമായത്. പക്ഷെ ആധുനികതയുടെ അതിപ്രസരത്തിൽ പഴമ നഷ്ടപ്പെടുത്താതെ പെട്രയിലെ പോലെ തന്നെ മദായിൻ സ്വാലിഹിലും  പൈതൃകാവഷിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നു..ലോകാത്ഭുതങ്ങളിൽ ഒന്നായി പെട്ര സഞ്ചാരികളെ ആകർഷിക്കുമ്പോൾ യൂനെസ്കോയുടെ അംഗീകാരത്തിന്റെ നിറവിൽ മദായിൻ സ്വാലിഹും ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്. പ്രൊഫഷനൽ ഫോടോഗ്രാഫർമാരും, ടൂറിസ്റ്റുകളുമടക്കം  നിരവധി വിദേശികളാണ് അന്നവിടെ കാണാനെത്തിയിരുന്നത്.

മദായിൻ സ്വാലിഹിലെ ആ സായാഹ്നം ഓർമ്മകളിൽ നിറച്ചു വെച്ച് തബൂകും, അഖബ കടലിടുക്കും  ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി.ആ യാത്രയെ കുറിച്ച് അടുത്ത ഭാഗത്തിൽ.
4 അഭിപ്രായങ്ങൾ:

 1. യാത്രാവിവരണം നന്നായിരിക്കുന്നു
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. നല്ല യാത്ര വിവരണം ഇഷ്ടമായി . സൌദിയില്‍ ആയിട്ടും മക്ക മദീന ഒഴികെ ഇതൊന്നും കാണാന്‍ ഇതുവരെയും ഭാഗ്യം കിട്ടിയിട്ടില്ല എന്നതോര്‍ക്കുമ്പോള്‍ സങ്കടവും വരുന്നു . ഇന്ഷ അല്ലാഹ് എല്ലാം ഒന്ന് പോയി കാണണം

  മറുപടിഇല്ലാതാക്കൂ
 3. ഹായിലിൽ നിന്നും അബു ഗസ്സാസ് തീരപ്രദേശ പട്ടണമായ അൽവജ്ജ് പട്ടണത്തെ ലക്ഷ്യം വച്ച് ഒരു യാത്ര നടത്തി നോക്ക്...മരുഭൂമിയുടെ സുന്ദരരൂപം ഒരു ചിത്രകാരന്റെ മനോഹരമായ ക്യാൻവാസ് പോലെ തോന്നിക്കും.. യാത്രയെ സ്നേഹിക്കുന്നവർ ഒന്ന് പോയി നോക്കൂ... തീർത്തും വിജനമായ മരുഭൂപ്രദേശങ്ങൾ വളരെ സുന്ദരമാണ്

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.